ജനറൽ സെക്രട്ടറിയുടെ പേജ് -ന്യൂസ് മാഗസിൻ
വൈദ്യുതി വിതരണരംഗത്ത് രാജ്യമാകെ നടപ്പാക്കിവരുന്ന നവീകരണ പദ്ധതികളിൽ പ്രധാനപ്പെട്ട ഒന്നാണ് സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കൽ. ആർ.ഡി.എസ്.എസ് പദ്ധതിയുടെ ഭാഗമായി സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിന് കേന്ദ്രസർക്കാർ സബ്സിഡിയും നിലവിലുണ്ട്. എന്നാൽ മീറ്റർ വ്യാപനം പൂർണ്ണമായും പുറംകരാർ നൽകുന്ന ടോട്ടക്സ് രീതിയിൽ സ്മാർട്ട് മീറ്റർ നടപ്പ്പാക്കണമെന്നതാണ് ആർ.ഡി.എസ്.എസ്. നിബന്ധനകൾ പറയുന്നത്. വൈദ്യുതി ബോർഡിന്റെ റവന്യൂവിഭാഗത്തെ സ്വകാര്യമേഖലക്ക് കൈമാറുന്നതും ഉപഭോക്താക്കൾക്ക് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുന്നതും വൈദ്യുതി വിതരണമേഖലയിൽ സ്വകാര്യവൽക്കരണം നടപ്പാക്കുന്നതിനായി കൊണ്ടുവരുന്ന ബഹുലൈസൻസിംഗ് സമ്പ്രദായത്തെ സഹായിക്കുന്നതുമാണെന്നതിനാൽ തൊഴിലാളിസംഘടനകളും ബഹുജനങ്ങളും ടോട്ടക്സ് രീതിയിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭങ്ങളിലാണ്. ദേശീയതലത്തിൽ നാഷണൽ കോഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേർസ് (NCCOEEE) എന്ന പേരിൽ വൈദ്യുതിമേഖലയിലെ തൊഴിലാളി ഓഫീസർ സംഘടനകളുടെ ദേശീയ ഫെഡറേഷനുകൾ ടോട്ടക്സ് രീതിയിലുള്ള സ്മാർട്ട് മീറ്റർ വ്യാപനത്തെ എതിർത്തുവരുകയാണ്. സി.ഐ.ടി.യു. ഐ.എൻ.ടി.യു.സി, എ.ഐ.ടി.യു.സി, എച്ച്.എം.എസ്. തുടങ്ങി രാജ്യത്തെ പ്രധാന തൊഴിലാളിസംഘടനകളുമായി ബന്ധപ്പെട്ട വൈദ്യുതിമേഖലയിലെ സംഘടനകളെല്ലാം എൻ.സി.സി.ഒ.ഇ.ഇ. കൂട്ടായ്മയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ കോഓർഡിനേഷന് നേതൃത്വം നൽകുന്ന ദേശീയ ഫെഡറേഷനാണ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (EEFI).
സംസ്ഥാനത്തിന്റെ പൊതുവികസനത്തെ ബാധിക്കുന്നതും രാജ്യത്തിനുതന്നെ മാതൃകയായിത്തീർന്ന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നതുമായ ഗുരുതരമായ ഒരു സാഹചര്യം സ്മാർട്ട് മീറ്റർ വ്യാപനവുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി.യിൽ രൂപപ്പെട്ടുവരുന്നുണ്ട്. ഇക്കാര്യത്തിൽ അടിയന്തിര പരിശോധനയും ശക്തമായ ഇടപെടലും പരിഹാരവും ആവശ്യമാണ്.
നേരത്തെ ചൂണ്ടിക്കാട്ടിയതുപോലെ ആർ.ഡി.എസ്.എസ് പദ്ധതിയുടെ ഭാഗമായി ടോട്ടക്സ് രീതിയിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കുക എന്ന നിർദ്ദേശം കേരളത്തിലും നടപ്പാക്കാൻ ശ്രമമുണ്ടായി. 2022-ൽ 37 ലക്ഷം മീറ്ററുകൾ ഇതിന്റെ ഭാഗമായി ടെണ്ടർ ചെയ്യുകയും ചെയ്തു. ഈ സന്ദർഭത്തിൽ ഇ.ഇ.എഫ്.ഐ.യുടെ നേതൃത്വത്തിൽ ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുകയും ടോട്ടക്സ് മാതൃകക്ക് ബദലായി മീറ്ററുകൾ കാപ്പക്സ് അടിസ്ഥാനത്തിൽ വാങ്ങി കെ.എസ്.ഇ.ബി. തന്നെ നേരിട്ട് സ്ഥാപിക്കണമെന്ന ബദൽ നിർദ്ദേശം മുന്നോട്ടുവെക്കുകയും ചെയ്തു. പിന്നീട് ഇക്കാര്യങ്ങൾ പരിശോധിച്ച സംസ്ഥാനസർക്കാരും ടോട്ടക്സ് രീതിയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കേണ്ടതില്ലയെന്നും ബദൽ മാതൃക സ്വീകരിക്കണമെന്നും തീരുമാനിച്ചു. പദ്ധതി ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് തീരുമാനിച്ചത്.
ഒന്നാം ഘട്ടത്തിൽ 2.91 ലക്ഷം സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനാണ് തീരുമാനിച്ചത്. ഇതിൽ 1.88 ലക്ഷം ലോ ടെൻഷൻ സർക്കാർ ഉപഭോക്താക്കളുടെ മീറ്ററുകൾ മാറ്റി സ്മാർട്ടാക്കാനും ബാക്കിയുള്ളത് ഫീഡർ, ട്രാൻസ്ഫോർമർ, ബോർഡർ, എച്ച്.ടി ഉപഭോക്താക്കൾ എന്നീ വിഭാഗങ്ങളിൽ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനുമായിരുന്നു. ഇതിന്റെ ഭാഗമായി ടെണ്ടർ നടപടി പൂർത്തിയാക്കിയതിനുശേഷം മുഴുവൻ രണ്ടുമാസത്തിനകം ലോ ടെൻഷൻ സർക്കാർ ഉപഭോക്താക്കളുടേയും മീറ്ററുകൾ സ്മാർട്ട് മീറ്ററാക്കി മാറ്റി. 1.74 ലക്ഷം വരുന്ന സർക്കാരിന്റെ ബജറ്റ് പിന്തുണയുള്ള സർക്കാർ ഉപഭോക്താക്കളെ 2026 മാർച്ച് ഒന്നുമുതൽ പ്രീപെയ്ഡ് ബില്ലിങ്ങിലേക്ക് മാറ്റാനും സാധിച്ചു. സംസ്ഥാനസർക്കാരിന്റെ അധിക കടമെടുപ്പിന് സർക്കാർ ഓഫീസുകളിൽ പ്രീ പെയ്ഡ് സ്മാർട്ട് മീറ്റർ സ്ഥാപിക്കുക എന്ന നിബന്ധന പാലിക്കേണ്ടതുണ്ടായിരുന്നു. ഇത് വിജയകരമായി പാലിക്കാൻ കഴിഞ്ഞതിനാൽ സംസ്ഥാന സർക്കാരിന് കഴിഞ്ഞ വർഷം 5800 കോടി രൂപയുടെ അധിക കടമെടുപ്പിന് ഉള്ള അനുമതിയും ലഭിച്ചു.
ഒന്നാംഘട്ട സ്മാർട്ട് മീറ്റർ വ്യാപനത്തിൽ ട്രാൻസ്ഫോർമറുകളിലെ മീറ്ററുകൾ സ്ഥാപിക്കുന്നതിൽ ചില പ്രായോഗിക പരിമിതികളുണ്ട്. ഈ പ്രവർത്തനത്തിന്റെ ഭാഗമായി കേബിളുകൾ മാറുകയും ബോക്സ് സ്ഥാപിക്കുകയും ചെയ്യാൻ മൂന്നു മണിക്കൂറോളം ട്രാൻസ്ഫോർമറുകൾ ഓഫ് ചെയ്യേണ്ടിവരും. പലപ്രദേശങ്ങളിലും ഇത് പ്രായോഗിക ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല, സംസ്ഥാനത്ത് നിലനിൽക്കുന്ന വൈദ്യുതി പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തിൽ പകൽ മൂന്നുമണിക്കൂറോളം ട്രാൻസ്ഫോർമറുകൾ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കാനായി ഓഫാക്കിയിടുന്നത് തെറ്റിദ്ധാരന സൃഷ്ടിക്കാനും പൊതുവെ അവമതിപ്പിനും കാരണമാകും. ഇക്കാര്യം ജനങ്ങളെക്കൂടി ബോധ്യപ്പെടുത്തി സാവകാശം ചെയ്യാനാണ് ശ്രമിച്ചുവരുന്നത്. ഡിസംബർ മാസത്തോടെ ഇതും പൂർത്തിയാക്കാൻ കഴിയും. ഇത്തരം പരിമിതികൾക്കിടയിലും നിശ്ചയിച്ച ലക്ഷ്യം കൃത്യമായി പൂർത്തിയാക്കാൻ കെ.എസ്.ഇ.ബി.ക്ക് കഴിയുന്നുണ്ട്.

നേരത്തെ ടോട്ടക്സ് അടിസ്ഥാനത്തിൽ 37 ലക്ഷം സ്മാർട്ട് മീറ്റർ പദ്ധതി ടെണ്ടർ ചെയ്തതിനേക്കാൾ വളരെ കുറഞ്ഞ നിരക്കായിരുന്നു ബദൽ മാതൃക (കാപ്പക്സ്) പ്രകാരം വെറും 2.91 ലക്ഷം മീറ്ററുകൾ ടെണ്ടർ ചെയ്തപ്പോൾ ലഭിച്ചത്. ഈ സാമ്പത്തിക നേട്ടത്തിന്റെ കൂടെ തന്നെ ഉപഭോക്താക്കളുടെ മീറ്ററുകൾ ലക്ഷ്യത്തിന് മുന്നേ തന്നെ പൂർത്തീകരിച്ചതോടെ രണ്ടാം ഘട്ട സ്മാർട്ട് മീറ്റർ പദ്ധതിയും (50 ലക്ഷം സ്മാർട്ട് മീറ്റർ) ബദൽ മാതൃക പ്രകാരം ടെണ്ടർ ചെയ്യാൻ കെ.എസ്.ഇ.ബി.എൽ ഡയറക്ടർ ബോർഡ് ഭരണാനുമതി നൽകി. പ്രതിമാസം 150 യൂണിറ്റിനു മുകളിൽ ഉപഭോഗം ഉള്ളവരും, സോളാർ പ്രൊസ്യൂമർമാരും അടക്കമുള്ള കെ.എസ്.ഇ.ബിയുടെ പ്രധാന ഉപഭോക്താക്കൾക്ക് മുഴുവൻ (80% വരുമാനം ലഭിക്കുന്ന ഉപഭോക്താക്കൾ) രണ്ടാം ഘട്ടം തീരുന്നതോടെ സ്മാർട്ട് മീറ്റർ ലഭിക്കും.
നേരത്തെ ഇതിന് സംസ്ഥാന മന്ത്രിസഭയും അംഗീകാരം നൽകി. 2813.59 കോടി രൂപ അടങ്കൽ തുക നിശ്ചയിച്ച രണ്ടാം ഘട്ട പദ്ധതി ടെണ്ടർ ചെയ്തപ്പോൾ ഇന്ത്യയിലെ പ്രമുഖ മീറ്റർ നിർമ്മാതാക്കൾ അടക്കം പതിനൊന്ന് ബിഡ്ഡർമാർ പങ്കെടുത്തിരുന്നു. ഇതിൽ ക്വാളിഫൈ ചെയ്യപ്പെട്ട 10 ബിഡർമാരുടെ ടെണ്ടർ തുറന്നപ്പോൾ ഒന്നാം ഘട്ട സ്മാർട്ട് മീറ്റർ പദ്ധതിയുടെ കരാറുകാരായ ഗ്രിഡ്ക്രെസ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റവും കുറഞ്ഞ ബിഡ് തുകയായ 1651.75 കോടി രൂപ (ജി.എസ്.ടി അടക്കം) ക്വോട്ട് ചെയ്തു. ഇത് അടങ്കൽ തുകയേക്കാൾ 41.29% കുറവായിരുന്നു. ഒന്നാം ഘട്ട ടെണ്ടറിൽ ലഭിച്ച നിരക്കിനേക്കാൾ 30 മുതൽ 35% വരെ കുറവായിരുന്നു. രാജ്യത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഈ ടെണ്ടറിൽ ലഭിച്ചത്. കേരളത്തിലെ ജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ സ്മാർട്ട് മീറ്റർ നടപ്പാക്കാനുള്ള അവസരമാണ് ഇതുവഴി ലഭിച്ചിട്ടുള്ളത്.
26-09-2026ന് കൊച്ചിയിൽ വച്ച് നടന്ന ദക്ഷിണ മേഖലാ ഊർജ്ജ സെക്രട്ടറിമാരുടെ യോഗത്തിൽ കേന്ദ്ര ഊർജ്ജ മന്ത്രലയത്തിന്റെ സെക്രട്ടറി കേരളത്തിന്റെ കാപക്സ് മാതൃക പ്രകാരമുള്ള ടെണ്ടറിൽ ലഭിച്ച തുക രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞതാണെന്നും അതിനാൽ, ഈ പദ്ധതിക്കും RDSS പ്രകാരമുള്ള 15% ഗ്രാന്റ് നൽകാൻ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിരുന്നു. ഗ്രാന്റ് ഇനത്തിൽ 311 കോടി രൂപ കൂടി ലഭിച്ചാൽ വളരെ ചെറിയ ചെലവിൽ കേരളത്തിൽ സ്മാർട്ട് മീറ്റർ നടപ്പിലാക്കാൻ പറ്റുന്ന സാഹചര്യം ഉണ്ടായി. ഇതോടു കൂടി ടോട്ടക്സ് ടെണ്ടർ നിരക്കുകൾ കാപക്സിനേക്കാൾ സിംഗിൾ ഫേസ് മീറ്ററിന് 87.6%വും 3-ഫേസിന് 68%വും എൽ.ടി-സി.ടി മീറ്ററിന് 154.7%വും അധികമായിരുന്നു. ടോട്ടക്സിലെ സിംഗിൾ ഫേസ് മീറ്ററിന്റെ പ്രതിമാസ നിരക്ക് 79.59 രൂപ ആയിരുന്നെങ്കിൽ ഇപ്പോൾ അത് വെറും 42.43 രൂപയായി കുറഞ്ഞു. ത്രീ ഫേസിന്റേത് 104.09 രൂപയിൽ നിന്ന് 61.95 രൂപയിലേക്ക് കുറഞ്ഞു. എൽ.ടി-സി.ടി മീറ്ററിന് 283 രൂപയിൽ നിന്ന് 111.10 രൂപയിലേക്ക് കുറഞ്ഞു.
ഈ പദ്ധതിയുടെ വർക്ക് ഓർഡർ നൽകി മീറ്റർ സ്ഥാപിച്ചു തുടങ്ങിയാൽ മാത്രമേ ശൃംഖലാ നവീകരണ പ്രവൃത്തിക്കുള്ള 60% ഗ്രാന്റിൽ ഇനി കെ.എസ്.ഇ.ബിക്ക് ലഭിക്കാനുള്ള 1200 കോടി രൂപ നൽകൂ എന്ന് ഊർജ്ജ മന്ത്രാലയം അറിയിച്ചു കഴിഞ്ഞു. ഗ്രാന്റ് ലഭിക്കാത്തതിനാൽ സ്വന്തം ഫണ്ടിൽ നിന്ന് RDSS പ്രവൃത്തിയുടെ കരാറുകാർക്ക് പണം നൽകുകയാണ് കെ.എസ്.ഇ.ബി.എൽ. ഒന്നാം ഘട്ടം സ്മാർട്ട് മീറ്റർ പദ്ധതി സമയബന്ധിതമായി നടപ്പാക്കിയത് കഴിഞ്ഞ വർഷത്തെ അധിക കടമെടുപ്പ് പരിധി അംഗീകരിക്കപ്പെടുന്നതിന് സഹായിച്ചത് നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നുവല്ലോ. ഇത്തവണ സ്മാർട്ട് മീറ്റർ പദ്ധതിയുടെ പുരോഗതിയാണ് പരിശോധിക്കപ്പെടുക. അതുകൊണ്ടുതന്നെ സംസ്ഥാനസർക്കാരിന് അധിക കടമെടുപ്പ് പരിധി ലഭ്യമാകുന്നതിനും അതുവഴി 2026-27 വർഷത്തിൽ ഏകദേശം 7500കോടിയോളം രൂപ കടമെടുക്കാൻ അവകാശം കിട്ടുന്നതിനും ഇപ്പോൾ ടെണ്ടർ നടപടികൾ പൂർത്തിയാക്കിയ സ്മാർട്ട് മീറ്റർ പദ്ധതി നിർണായകമായി മാറും. എന്നാണ് പ്രതീക്ഷിക്കുന്നത്.
സപ്തംബർ മാസത്തിൽ തന്നെ സ്മാർട്ട് മീറ്റർ പദ്ധതിക്ക് വർക്ക് ഓർഡർ നൽകിയിരുന്ന്വെങ്കിൽ 2027 ജനുവരി – ഫെബ്രുവരി മാസത്തോടെ സ്മാർട്ട് മീറ്ററുകൾ സ്ഥാപിച്ചുതുടങ്ങാൻ കഴിയുമായിരുന്നു. സ്മാർട്ട് മീറ്റർ പദ്ധതിയുടെ സാഹചര്യത്തിൽ പുതുതായി നെറ്റ് മീറ്റർ വാങ്ങുന്നില്ല എന്ന ബോർഡ് തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ സോളാർ ഉപഭോക്താക്കൾക്ക് നെറ്റ് മീറ്റർ ലഭ്യമല്ലാത്ത സാഹചര്യമുണ്ട്. ഇത് ജനങ്ങൾക്കിടയിൽ വലിയ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാൻ വൈകുന്നത് കേരളത്തിലെ സോളാർ പ്രൊസ്യൂമർമാർക്ക് മീറ്റർ ലഭ്യമാവാത്ത ഗുരുതരമായ സ്ഥിതിയും സൃഷ്ടിക്കും. ഈ സാഹചര്യത്തിൽ എത്രയും പെട്ടെന്ന് സ്മാർട്ട് മീറ്റർ പദ്ധതിക്ക് വർക്ക് ഓർഡർ നൽകേണ്ടത് അനിവാര്യമാണ്. 2027 ജനുവരി മുതൽ സോളാർ ഉപഭോക്താക്കൾക്ക് മീറ്ററുകൾ ലഭ്യമാക്കാൻ കെ.എസ്.ഇ.ബിക്ക് മുന്നിൽ ഒരു വഴിയും ഇല്ല. എന്നിട്ടുപോലും രണ്ടാം ഘട്ട സ്മാർട്ട് മീറ്റർ ടെണ്ടറിന്റെ വർക്ക് ഓർഡർ നൽകുന്നത് വൈകിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.
കെ.എസ്.ഇ.ബി ലിമിറ്റഡ് ഡയറക്ടർ ബോർഡ് ഭരണാനുമതി നൽകിയ പദ്ധതിയുടെ ടെണ്ടർ തുറന്നാൽ ലഭിച്ച ഏറ്റവും കുറഞ്ഞ ബിഡ് അടങ്കൽ തുകയേക്കാൾ കുറവാണെങ്കിൽ ബന്ധപ്പെട്ട ഡയറക്ടർ അനുമതി നൽകിയാൽ ടെണ്ടറിങ്ങ് അതോറിറ്റി ആയ ചീഫ് എഞ്ചിനീയർക്ക് വർക്ക് അവാർഡ് ചെയ്യാൻ സാധിക്കും. എന്നാൽ, സാമ്പത്തിക ബിഡ് തുറന്ന് ഒരു മാസം കഴിഞ്ഞിട്ട് പോലും ഇക്കാര്യത്തിൽ തീരുമാനം അനിശ്ചിതമായി നീളുകയാണ്.
29-09-2026ന്റെ ഡയറക്ടർ ബോർഡ് യോഗം വർക്ക് അവാർഡ് നൽകുന്ന കാര്യം സർക്കാർ അനുമതിക്ക് വേണ്ടി സമർപ്പിക്കും എന്നാണ് തീരുമാനിച്ചത്. സർക്കാർ അനുമതിയോടെ ടെണ്ടർ ചെയ്ത്, അടങ്കലിലിനേക്കാൾ കുറഞ്ഞ നിരക്കിൽ ക്വോട്ട് ചെയ്യപ്പെട്ട പദ്ധതിക്ക് വീണ്ടും സർക്കാർ അനുമതി ആവശ്യമില്ല. ഇനി അങ്ങിനെ വേണമെന്നുണ്ടെങ്കിൽത്തന്നെ തീരുമാനമെടുത്തു വെച്ചുതാമസിപ്പിക്കാതെ ഇക്കാര്യ്ം സർക്കാരിലേക്ക് വിട്ട് ഉടൻ തീരുമാനമെടുക്കേണ്ടതുണ്ട്. എന്നാൽ അതല്ല ഉണ്ടാകുന്നത്. ബോർഡ് യോഗത്തിലെ രണ്ടാമത്തെ തീരുമാനം മീറ്റർ സ്ഥാപിക്കുന്ന പ്രവൃത്തി പുറംകരാർ നൽകും എന്നതാണ്. എന്നാൽ ഇതിനും പ്രത്യേക തീരുമാനം ആവശ്യമില്ല. രണ്ടാം ഘട്ട സ്മാർട്ട് മീറ്റർ പദ്ധതിയിൽ മീറ്റർ മാറുന്നത് കരാറുകാരെ ഉപയോഗപ്പെടുത്തി തന്നെയാണ് ചെയ്യുക എന്ന കാര്യം നേരത്തെ തന്നെ തീരുമാനിച്ചതും അതിന്റെ അടിസ്ഥാനത്തിൽ ഭരണാനുമതിയിൽ ഉൾപ്പെടുത്തിയതുമാണ്. ഇക്കാര്യങ്ങളിൽ നിന്ന് ഗ്രാന്റ് ഇനത്തിലും അധിക കടമെടുപ്പ് വിഷയത്തിലും കോടികളുടെ നഷ്ടം കെ.എസ്.ഇ.ബിക്കും സംസ്ഥാനത്തിനും വരുന്ന സാഹചര്യം ഉണ്ടായിട്ടും വളരെ ഉത്തരവാദിത്തരഹിതമായാണ് കെ.എസ്.ഇ.ബി മാനേജ്മെന്റ് ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്ന കാര്യം വ്യക്തമാണ്.
ഒന്നാം ഘട്ട പദ്ധതിയിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ വൈകിയതിന്റെ കാരണം പരിശോധിക്കാൻ വേണ്ടി ഒരു EOI വിളിക്കാനുള്ള ശ്രമം കെ.എസ്.ഇ.ബി നടത്തുന്നത്. ഇക്കാര്യത്തിൽ എന്തെങ്കിലും അവ്യക്തത നിലവിലില്ല. ഉപഭോക്തൃ മീറ്ററുകൾ ഒന്നാം ഘട്ടത്തിൽ ലക്ഷ്യത്തിന് മുമ്പ് തന്നെ സ്ഥാപിച്ചിരുന്നു. ട്രാൻസ്ഫോർമർ മീറ്ററുകൾ മാത്രമാണ് വൈകുന്നത്. അതിന്റെ കാരണം കൃത്യമായി മുകളിൽ വിശദീകരിച്ചിട്ടുമുണ്ട്. രണ്ടാം ഘട്ടത്തിൽ ഉപഭോക്തൃ മീറ്ററുകൾ മാത്രമാണ് ഉള്ളത് എന്നതിനാൽ, ട്രാൻസ്ഫോർമർ മീറ്റർ സ്ഥാപിക്കാനുണ്ടായ കാലതാമസം പഠിക്കുന്നതുകൊണ്ട് രണ്ടാംഘട്ടപ്രവർത്തനത്തിൽ എന്തെങ്കിലും ഗുണമുണ്ടാകുകയുമില്ല.

ആഗോള സാഹചര്യത്തിൽ സെമി കണ്ടക്ടർ ചിപ്പുകളുടെ വില ഉയർന്നതിനാൽ മീറ്റർ വില കൂടുന്ന സാഹചര്യമുണ്ട്. ഈ ടെണ്ടർ ഏതെങ്കിലും വിധത്തിൽ ഒഴിവാക്കി പുതൊയൊരു ടെണ്ടർ വിളിച്ചാൽ മീറ്റർ വില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിരക്കുകൾ കൂടാൻ മാത്രമാണ് സാധ്യത. മാത്രമല്ല ഇത്തരം വൻകിട ടെണ്ടറുകൾ പൂർത്തീകരിക്കാൻ വീണ്ടും 9 മാസത്തോളം വേണ്ടി വരുന്നത് പദ്ധതി അനാവശ്യമായി വൈകിപ്പിക്കുന്നതിനും കാരണമാകും. അങ്ങിനെ കെ.എസ്.ഇ.ബിയുടെ സ്മാർട്ട് മീറ്റർ പദ്ധതി പൂർണ്ണമായി അട്ടിമറിക്കപ്പെടും. അതുകൊണ്ടുതന്നെ ടെണ്ടർ കാലാവധി അവസാനിക്കുന്നതിനുമുമ്പ് വർക്ക് ഓർഡർ നൽകാൻ നടപടി സ്വീകരിക്കേണ്ടതുണ്ട്. അതിന് മുമ്പ് വർക്ക് ഓർഡർ നൽകാൻ പറ്റിയില്ലെങ്കിൽ ശതകോടികളുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്കും സംസ്ഥാനത്തിനും ഉണ്ടാവുക.അതിന് മുമ്പ് വർക്ക് ഓർഡർ നൽകാൻ പറ്റിയില്ലെങ്കിൽ ശത കോടികളുടെ നഷ്ടമാണ് കെ.എസ്.ഇ.ബിക്കും സംസ്ഥന സർക്കാരിനും ജനങ്ങൾക്കും ഉണ്ടാവുക.
അദാനി അടക്കമുള്ള വൻകിട കുത്തകകൾക്ക് ഈ പദ്ധതിയിൽ താൽപര്യമുണ്ട്. എന്നാൽ, സംസ്ഥാനത്തെ ജനങ്ങളെ കൊള്ളയടിക്കുന്ന തരത്തിൽ വളരെ ഉയർന്ന നിരക്കാണ് അദാനി എനർജി സൊലൂഷൻസ് ഈ ടെണ്ടറിൽ ക്വോട്ട് ചെയ്തത് (ജി.എസ്.ടി അടക്കം 4210 കോടി രൂപ). 2026 നവംബർ പതിനൊന്നിന് ഈ ടെണ്ടറിലെ ബിഡ് കാലാവധി അവസാനിക്കുകയാണ്. ഈ സാഹചര്യത്തിൽ വർക്ക് ഓർഡർ നൽകാൻ വലിയ കാലതാമസമുണ്ടായാൽ നിലവിൽ ടെണ്ടറിൽ മുന്നിൽവന്നിട്ടുള്ള കമ്പനി അക്കാരണം ചൂണ്ടിക്കാണിച്ച് പദ്ധതിയിൽനിന്നും പിൻമാറാൻ സാധ്യതയുണ്ട്. ഈ അവസരം ഉപയോഗിച്ച് കാപ്പക്സ് മാതൃക അട്ടിമറിക്കാനുള്ള ശ്രമമാണോ നടക്കുന്നതെന്നും സംശയിക്കേണ്ടതുണ്ട്. കുറഞ്ഞ നിരക്കിൽ ഉള്ള ടെണ്ടർ അട്ടിമറിച്ച് കോർപ്പറേറ്റുകളെ സഹായിക്കാനുള്ള ശ്രമമാണോ ഇതിന്റെ പിന്നിലെന്ന് വ്യപകമായ സംശയം ഉയർന്നിട്ടുണ്ട്. ഇതിന്റെ പിന്നിൽ വലിയ ഗൂഡാലോചനകൾ ഉണ്ടാകാമെന്ന് ഞങ്ങൾ സംശയിക്കുന്നു. പിന്നണിയിൽ വൻകിട കോർപ്പറേറ്റുകളുടെ ഇടപെടലുകൾ സംശയിക്കാവുന്ന സാഹചര്യവുമുണ്ട്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയായി സ്മാർട്ട് മീറ്റർ പദ്ധതി മാറാതിരിക്കാൻ വേണ്ടി സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണം.
ശത കോടികളുടെ ആർ.ഡി.എസ്.എസ്. ഗ്രാന്റും സംസ്ഥാനത്തിന് അധിക കടമെടുപ്പ് ലഭിക്കാനുള്ള സാധ്യതയും ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ സ്മാർട്ട് മീറ്റർ സേവനവുമൊക്കെ ലഭ്യമാകുന്ന രാജ്യമാകെ ശ്രദ്ധിക്കുന്ന ഒരു മാതൃകാപദ്ധതി കെ.എസ്.ഇ.ബി. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയിൽ ഇല്ലാതാകുന്ന സാഹചര്യം സൃഷ്ടിക്കാതിരിക്കാൻ ടെണ്ടർ കാലാവധി അവസാനിക്കുന്ന 2026 നവംബർ പതിനൊന്നിന് മുമ്പ് മുമ്പ് രണ്ടാം ഘട്ട സ്മാർട്ട് മീറ്റർ പദ്ധതിയുടെ വർക്ക് ഓർഡർ നൽകാനുമുള്ള കർശന നിർദ്ദേശം ബോർഡിന് നൽകേണ്ടതുണ്ട്. ഇക്കാര്യത്തിൽ സർക്കാരിൻ്റെ അടിയന്തിര തീരുമാനം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.























