കേരളത്തെ ഇരുട്ടിലാക്കരുത്

9

ജനറൽ സെക്രട്ടറിയുടെ പേജ് :ന്യൂസ് മാഗസിന്‍-സപ്തംബര്‍ 2026

കേരളത്തിന്റെ വൈദ്യുതി മേഖലയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി വലിയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത തുടർച്ചയായി ഉയരുന്നതിനൊപ്പം വൈദ്യുതി ഉൽപ്പാദനം, വൈദ്യുതി വാങ്ങൽ, പ്രസരണ-വിതരണ ശൃംഖല, പുനരുപയോഗ ഊർജത്തിന്റെ വളർച്ച, ഉപഭോക്തൃ ഉപഭോഗരീതി എന്നിവയിലും ശ്രദ്ധേയമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത അതിവേഗം ഉയരുന്നതും അതിനനുസരിച്ചുള്ള വൈദ്യുതി ലഭ്യത പരിമിതമായിരിക്കുന്നതും കേരളത്തിന്റെ വൈദ്യുതി സുരക്ഷയ്ക്ക് പ്രധാന വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

കേരളത്തിലെ പരമാവധി വൈദ്യുതി ആവശ്യകത കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗണ്യമായി വർധിച്ചു. 2020-21ൽ 4,284 MW ആയിരുന്ന സംസ്ഥാനത്തിന്റെ പരമാവധി ആവശ്യകത 2023-24ൽ 5,301 MW ആയും 2024-25ൽ 5,797 MW ആയും ഉയർന്നു. 2025-26ൽ ഇത് 5,836 MW ആയി. തുടർന്ന് 2026 ഏപ്രിൽ 27ന് 6,033 MW എന്ന പുതിയ സർവകാല റെക്കോർഡും രേഖപ്പെടുത്തി. അതായത് 2020-21 മുതൽ സംസ്ഥാനത്തിന്റെ പീക്ക് ഡിമാൻഡിൽ ഏകദേശം 41 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്. ഇതിനെ കേവലം വൈദ്യുതി ഉപഭോഗത്തിലെ സാധാരണ വർധനയായി മാത്രം കാണാനാവില്ല. കേരളത്തിലെ വൈദ്യുതി ഉപയോഗത്തിന്റെ സ്വഭാവത്തിൽ തന്നെ ഘടനാപരമായ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്. പീക്ക് ഡിമാൻഡ് ഓരോ വർഷവും വർധിച്ചുവരുന്നത്   ഈ മാറ്റത്തിന്റെ ഗൗരവം വ്യക്തമാക്കുന്നു.

അതേസമയം, വൈദ്യുതി വിൽപ്പനയിൽ ഇതേ തോതിലുള്ള വർധന ഉണ്ടായിട്ടില്ല. 2020-21ൽ 22,151.60 MU ആയിരുന്ന വൈദ്യുതി വിൽപ്പന 2024-25ൽ 28,136 MU ആയി ഉയർന്നെങ്കിലും 2025-26ൽ 27,993.10 MU ആയി കുറഞ്ഞു. മുൻവർഷത്തെ അപേക്ഷിച്ച് 142.90 MU അഥവാ 0.51 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്.

ഇതിന് പ്രധാന കാരണങ്ങളിലൊന്നായി റൂഫ്‌ടോപ്പ് സൗരോർജത്തിന്റെ അതിവേഗ വളർച്ചയും നിലവിലുള്ള നെറ്റ് മീറ്ററിങ് സംവിധാനവും വിലയിരുത്തേണ്ടതുണ്ട്. പകൽ സമയത്ത് ഉപഭോക്താക്കൾ ഉൽപ്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഗ്രിഡിലേക്ക് നൽകുകയും പിന്നീട് ഗ്രിഡിൽനിന്ന് ഉപയോഗിക്കുന്ന വൈദ്യുതിയുമായി അത് ക്രമീകരിക്കുകയും ചെയ്യുന്നതിനാൽ ഈ ഊർജം സാധാരണ ബിൽ ചെയ്യപ്പെടുന്ന വൈദ്യുതി വിൽപ്പനയിൽ പൂർണമായി പ്രതിഫലിക്കുന്നില്ല. അതിനാൽ സംസ്ഥാനത്തിന്റെ യഥാർത്ഥ വൈദ്യുതി ഉപഭോഗം ഉയരുമ്പോഴും KSEBLന്റെ ബിൽ ചെയ്യപ്പെടുന്ന വൈദ്യുതി വിൽപ്പന അതേ അനുപാതത്തിൽ ഉയരണമെന്നില്ല.

ഈ സാഹചര്യം വൈദ്യുതി മേഖലയിലെ സാമ്പത്തിക ആസൂത്രണത്തിലും ഗൗരവമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. ഉയർന്ന പീക്ക് ഡിമാൻഡ് നിറവേറ്റുന്നതിനായി കൂടുതൽ സബ്‌സ്റ്റേഷനുകൾ, ട്രാൻസ്ഫോർമറുകൾ, പ്രസരണ ലൈനുകൾ, വിതരണ ശൃംഖലകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കേണ്ടിവരുന്നു. അതുവഴി മൂലധന നിക്ഷേപവും സ്ഥിരച്ചെലവും വർധിക്കുന്നു. എന്നാൽ അതിന്റെ പ്രധാന വരുമാന സ്രോതസ്സായ ബിൽ ചെയ്യപ്പെടുന്ന വൈദ്യുതി വിൽപ്പന അതേ വേഗത്തിൽ ഉയരുന്നില്ലെങ്കിൽ സ്ഥാപനത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ അത് ബാധിക്കും. അതിനാൽ റൂഫ്‌ടോപ്പ് സൗരോർജത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ശൃംഖലാ വികസനത്തിന്റെയും പരിപാലനത്തിന്റെയും ചെലവ് യുക്തിസഹമായി വീണ്ടെടുക്കാൻ കഴിയുന്ന തരത്തിൽ താരിഫ് ഘടനയും അനുബന്ധ സംവിധാനങ്ങളും കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുണ്ട്.

നിലവിലെ വൈദ്യുതി പ്രതിസന്ധി

സമീപകാലത്ത് കേരളത്തിന്റെ വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ പൊതുസമൂഹത്തിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ കുറേക്കാലമായി ലോഡ് ഷെഡ്ഡിങ് ഉൾപ്പെടെയുള്ള രൂക്ഷമായ വൈദ്യുതി നിയന്ത്രണങ്ങൾ കേരളീയ സമൂഹത്തെ കാര്യമായി ബാധിച്ചിരുന്നില്ല എന്നതിനാൽ വൈദ്യുതി ലഭ്യതയും വൈദ്യുതി സുരക്ഷയും സംബന്ധിച്ച് ഇത്രയും ഗൗരവമായ ചർച്ചകൾ സമീപകാലത്ത് ഉണ്ടായിരുന്നില്ല.

എന്നാൽ നിലവിൽ ഉണ്ടായതും തുടരുന്നതുമായ വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്തിന്റെ  വൈദ്യുതി ആസൂത്രണത്തിലെ വെല്ലുവിളികൾ വീണ്ടും പൊതുചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. എൽ നിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഉണ്ടാകാവുന്ന അധിക വൈദ്യുതി ആവശ്യകത മുൻകൂട്ടി കണക്കിലെടുത്ത് ആവശ്യമായ വൈദ്യുതി ലഭ്യത ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത സംഘടന നേരത്തേതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര വൈദ്യുതി നിലയങ്ങളിൽനിന്ന് സംസ്ഥാനത്തിനുള്ള വൈദ്യുതി ലഭ്യത വർധിപ്പിക്കുക, വൈദ്യുതി ആവശ്യകത താരതമ്യേന കുറഞ്ഞ സംസ്ഥാനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട് അധിക വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുക തുടങ്ങിയ വിവിധ നിർദേശങ്ങളും ബോർഡ് മാനേജ്മെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തരം നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിൽ ബോർഡ് മാനേജ്മെന്റിന്റെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് ആവശ്യമായ ജാഗ്രതയും മുൻകരുതലും ഉണ്ടായിട്ടില്ലെന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്.

നിലവിലെ പ്രതിസന്ധി കേരളത്തിന്റെ ഹ്രസ്വകാല – മധ്യകാല – ദീർഘകാല വൈദ്യുതി ആസൂത്രണത്തിന് പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പാണ്. സംസ്ഥാനത്തിന്റെ പീക്ക് ഡിമാൻഡ് 6,000 MW കടന്ന സാഹചര്യത്തിൽ, ആവശ്യമായ സമയത്ത് പവർ എക്സ്ചേഞ്ചിൽനിന്ന് വൈദ്യുതി വാങ്ങാമെന്ന പ്രതീക്ഷ മാത്രം അടിസ്ഥാനമാക്കി സംസ്ഥാനത്തിന്റെ വൈദ്യുതി സുരക്ഷ ഉറപ്പാക്കാനാവില്ല. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലും ഒരേസമയം വൈദ്യുതി ആവശ്യകത ഉയരുന്ന സാഹചര്യത്തിൽ, പീക്ക് സമയത്ത് ആവശ്യമായ അളവിലും സ്വീകാര്യമായ നിരക്കിലും വൈദ്യുതി വിപണിയിൽ ലഭ്യമാകുമെന്ന് ഉറപ്പാക്കാനാവില്ല.

അതിനാൽ ഹ്രസ്വകാല – മധ്യകാല – ദീർഘകാല വൈദ്യുതി ലഭ്യത, ജലവൈദ്യുതിയുടെ കാര്യക്ഷമമായ വിനിയോഗം, ബാറ്ററി എനർജി സ്റ്റോറേജ് സംവിധാനങ്ങൾ, പമ്പ്ഡ് സ്റ്റോറേജ് പദ്ധതികൾ, കാറ്റിൽനിന്നുള്ള വൈദ്യുതിയുടെ സാധ്യതകൾ,  തുടങ്ങിയവ ഉൾപ്പെടുന്ന സമഗ്രമായ Resource Adequacy പ്ലാനിങ്ങും അത് കൃത്യമായി നടപ്പിലാക്കപ്പെടേണ്ട  അനിവാര്യതയാണ് സമീപകാല വൈദ്യുതി പ്രതിസന്ധിയും നിയന്ത്രണങ്ങളും വ്യക്തമാക്കുന്നത്.

ഹ്രസ്വകാല, മധ്യകാല, ദീർഘകാല ആസൂത്രണം

സംസ്ഥാനത്തിന്റെ ഭാവിയിലെ വൈദ്യുതി ആവശ്യകത ശാസ്ത്രീയമായി പ്രവചിക്കുകയും അതിനെ ഹ്രസ്വകാല, മധ്യകാല, ദീർഘകാല ആവശ്യകതകളായി വേർതിരിച്ച് ഓരോ കാലയളവിനും അനുയോജ്യമായ വൈദ്യുതി സ്രോതസ്സുകൾ മുൻകൂട്ടി ഉറപ്പാക്കുകയും വേണം. വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതോടൊപ്പം അത് ഉപഭോക്താക്കളിലേക്കെത്തിക്കുന്നതിനാവശ്യമായ പ്രസരണ-വിതരണ ശൃംഖലകളും അതേ വേഗത്തിൽ ശക്തിപ്പെടുത്തേണ്ടതുണ്ട്.

നിലവിലെ പ്രതിസന്ധിയെ നേരിടുന്നതിനുള്ള ഹ്രസ്വകാല നടപടികളുടെ ഭാഗമായി, വൈദ്യുതി മിച്ചമുള്ള സംസ്ഥാനങ്ങളിൽനിന്ന് പരമാവധി വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള സാധ്യതകൾ അടിയന്തരമായി പരിശോധിക്കണം. കേന്ദ്ര വൈദ്യുതി നിലയങ്ങളിൽനിന്ന് കേരളത്തിനുള്ള ലഭ്യത വർധിപ്പിക്കുന്നതിനുള്ള ഇടപെടലുകളും ശക്തമാക്കണം. ഇതോടൊപ്പം ഊർജസംരക്ഷണത്തിനും പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുറയ്ക്കുന്നതിനുമായി സംസ്ഥാനതലത്തിൽ വിപുലമായ ഡിമാൻഡ് സൈഡ് മാനേജ്മെന്റ്, എനർജി സേവിങ് പ്രവർത്തനങ്ങൾ നടപ്പാക്കണം.

മധ്യകാല – ദീർഘകാല നടപടികളുടെ ഭാഗമായി, KSEBL ഇതിനകം ഏർപ്പെട്ടിട്ടുള്ള വൈദ്യുതി വാങ്ങൽ കരാറുകളിൽനിന്നുള്ള വൈദ്യുതി നിശ്ചിത സമയത്ത് ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുന്നതിനായി ശക്തമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തണം. കരാറിൽ ഏർപ്പെട്ടിട്ടുള്ള ബാറ്ററി സ്റ്റോറേജ് പദ്ധതികൾ നിർമാണ പുരോഗതി നിരന്തരം വിലയിരുത്തുകയും നിശ്ചിത സമയപരിധിക്കുള്ളിൽ അവ കമ്മീഷൻ ചെയ്യപ്പെടുന്നുവെന്ന് ഉറപ്പാക്കുകയും വേണം. ഇതിനകം തീരുമാനമെടുത്തിട്ടുള്ള വിവിധ സ്റ്റോറേജ് പദ്ധതികളിൽനിന്നും സോളാർ വിത്ത് സ്റ്റോറേജ് പദ്ധതികളിൽനിന്നും NLC യുടെ താലാബിറ, DVC yude ചന്ദ്രപ്പൂർ തെർമൽ പവർ സ്റ്റേഷൻ ഉൾപ്പെടെയുള്ള സ്രോതസ്സുകളിൽനിന്നും പ്രതീക്ഷിക്കുന്ന വൈദ്യുതി നിശ്ചിത സമയത്ത് സംസ്ഥാനത്തിന് ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണം.

അതോടൊപ്പം നിലവിലുള്ളതും കാലാവധി അവസാനിക്കാനിരിക്കുന്നതുമായ മധ്യകാല വൈദ്യുതി വാങ്ങൽ കരാറുകൾ മുൻകൂട്ടി പരിശോധിക്കണം. ദാമോദർ വാലി കോർപ്പറേഷൻ, എൻ.ഡി.പി.സി ബാർ സ്റ്റേഷൻ  ഉൾപ്പെടെയുള്ള നിലവിലെ വൈദ്യുതി സ്രോതസ്സുകളിൽനിന്നും മറ്റ് കേന്ദ്ര നിലയങ്ങളിൽനിന്നുമുള്ള കരാറുകൾ പുതുക്കേണ്ടതുണ്ടോ, പകരം കൂടുതൽ സാമ്പത്തികവും വിശ്വസനീയവുമായ സ്രോതസ്സുകൾ കണ്ടെത്താനാകുമോ തുടങ്ങിയ കാര്യങ്ങളിൽ കരാർ കാലാവധി അവസാനിക്കുന്നതിന് ഏറെ മുമ്പുതന്നെ തീരുമാനമെടുക്കുന്ന സംവിധാനം രൂപപ്പെടുത്തണം.

ദീർഘകാല വൈദ്യുതി സുരക്ഷ

ദീർഘകാലാടിസ്ഥാനത്തിൽ, Resource Adequacy പഠനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന് ആവശ്യമായ അധിക വൈദ്യുതി ശേഷി മുൻകൂട്ടി കണ്ടെത്തി ദീർഘകാല വൈദ്യുതി കരാറുകളിലൂടെയും ആഭ്യന്തര ഉൽപ്പാദന പദ്ധതികളിലൂടെയും സ്റ്റോറേജ് സംവിധാനങ്ങളിലൂടെയും അത് ഉറപ്പാക്കണം. വൈദ്യുതി ആവശ്യകത ഉയർന്നശേഷം മാത്രം പുതിയ സ്രോതസ്സുകൾ തേടുന്ന സമീപനത്തിൽനിന്ന് മാറി, വർഷങ്ങൾ മുൻകൂട്ടി ആവശ്യകത പ്രവചിച്ച് സ്രോതസ്സുകൾ ഉറപ്പാക്കുന്ന ആസൂത്രണ രീതിയിലേക്ക് കേരളം മാറേണ്ടതുണ്ട്.

ആഭ്യന്തരമായി നിർമാണത്തിലിരിക്കുന്ന ജലവൈദ്യുത പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന് പ്രത്യേക പ്രാധാന്യം നൽകണം. സംസ്ഥാനത്ത് കണ്ടെത്തിയിട്ടുള്ള പമ്പ്ഡ് സ്റ്റോറേജ് സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണം. ഇതിനകം തുടക്കം കുറിച്ചിട്ടുള്ള വിവിധ പമ്പ്ഡ് സ്റ്റോറേജ് പദ്ധതികളുടെ പ്രവർത്തനം സമയബന്ധിതമായി മുന്നോട്ടുകൊണ്ടുപോകുന്നതിനൊപ്പം പുതിയ സാധ്യതകളും കണ്ടെത്തണം.

ഇടുക്കി, ശബരിഗിരി തുടങ്ങിയ നിലവിലുള്ള പ്രധാന ജലവൈദ്യുത പദ്ധതികളിൽ എക്സ്റ്റൻഷൻ പദ്ധതികൾക്കുള്ള  സാധ്യതകൾ സാങ്കേതികമായും സാമ്പത്തികമായും വിശദമായി പരിശോധിക്കണം. സൗരോർജ ഉൽപ്പാദനം വർധിച്ചുവരുന്ന സാഹചര്യത്തിൽ പകൽ സമയത്തെ അധിക വൈദ്യുതി സംഭരിച്ച് വൈകുന്നേരത്തെ പീക്ക് സമയത്ത് ഉപയോഗിക്കാൻ കഴിയുന്ന പമ്പ്ഡ് സ്റ്റോറേജ്, ബാറ്ററി സ്റ്റോറേജ് സംവിധാനങ്ങൾ കേരളത്തിന്റെ ഭാവി വൈദ്യുതി സുരക്ഷയിൽ നിർണായക പങ്കുവഹിക്കേണ്ടതാണ്. ഇതോടൊപ്പം കാറ്റിൽനിന്നുള്ള വൈദ്യുതി ഉൾപ്പെടെയുള്ള മറ്റ് പുനരുപയോഗ ഊർജ സ്രോതസ്സുകളുടെ സാധ്യതകളും കൂടുതൽ ഫലപ്രദമായി പ്രയോജനപ്പെടുത്തണം.

പ്രസരണ-വിതരണ ശൃംഖല ശക്തിപ്പെടുത്തൽ

വൈദ്യുതി സ്രോതസ്സുകൾ കണ്ടെത്തുന്നതിന് തുല്യപ്രാധാന്യമുള്ളതാണ് പ്രസരണ-വിതരണ ശൃംഖലകളുടെ ശക്തിപ്പെടുത്തൽ. ആവശ്യമായ വൈദ്യുതി കരാറുകളിലൂടെ ഉറപ്പാക്കിയാലും അത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് തടസ്സമില്ലാതെ എത്തിക്കാൻ കഴിയുന്നില്ലെങ്കിൽ വൈദ്യുതി ലഭ്യത ഉറപ്പാക്കാനാവില്ല.

നിലവിൽ കേരളത്തിന്റെ വിവിധ മേഖലകളിൽ പ്രസരണ ശൃംഖലയിലെ നിയന്ത്രണങ്ങൾ അനുഭവപ്പെടുന്നുണ്ട്. വർധിച്ചുവരുന്ന ലോഡിന് അനുസരിച്ച് ആവശ്യമായ സബ്‌സ്റ്റേഷനുകൾ, പ്രസരണ ലൈനുകൾ, ട്രാൻസ്ഫോർമേഷൻ ശേഷി, വിതരണ ശൃംഖല എന്നിവ വികസിപ്പിക്കുന്നതിനുള്ള പദ്ധതികൾ മുൻഗണനാക്രമത്തിൽ തയ്യാറാക്കി സമയബന്ധിതമായി നടപ്പാക്കണം. പ്രസരണ-വിതരണ പദ്ധതികളിലെ കാലതാമസം ഭാവിയിൽ വൈദ്യുതി ലഭ്യതയെ തന്നെ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കണം.

സമഗ്രമായ സമീപനം അനിവാര്യം

കേരളത്തിന്റെ ഭാവി വൈദ്യുതി സുരക്ഷ ഉറപ്പാക്കാൻ ഏതെങ്കിലും ഒരു സ്രോതസ്സിനെയോ ഒരു സാങ്കേതികവിദ്യയെയോ മാത്രം ആശ്രയിക്കുന്ന സമീപനം മതിയാകില്ല. ഹ്രസ്വകാല വൈദ്യുതി വാങ്ങൽ, മധ്യകാല കരാറുകൾ, ദീർഘകാല വൈദ്യുതി സ്രോതസ്സുകൾ, ആഭ്യന്തര ജലവൈദ്യുത ഉൽപ്പാദനം, കാറ്റാടി വൈദ്യുതി, ബാറ്ററി എനർജി സ്റ്റോറേജ്, പമ്പ്ഡ് സ്റ്റോറേജ്, ഡിമാൻഡ് സൈഡ് മാനേജ്മെന്റ്, ഊർജസംരക്ഷണം, ശക്തമായ പ്രസരണ-വിതരണ ശൃംഖല എന്നിവയെല്ലാം ഏകോപിപ്പിച്ചുള്ള സമഗ്രമായ സമീപനമാണ് ആവശ്യം.

ഓരോ പദ്ധതിക്കും വ്യക്തമായ സമയപരിധിയും ഉത്തരവാദിത്തവും നിശ്ചയിച്ച് അതിന്റെ പുരോഗതി ഉയർന്ന തലത്തിൽ നിരന്തരം വിലയിരുത്തുന്ന സംവിധാനം ഉണ്ടാകണം. ഭാവിയിലെ വൈദ്യുതി ആവശ്യകത മുൻകൂട്ടി കണക്കാക്കി ആവശ്യമായ വൈദ്യുതി സ്രോതസ്സുകളും സ്റ്റോറേജ് സംവിധാനങ്ങളും പ്രസരണ-വിതരണ അടിസ്ഥാനസൗകര്യങ്ങളും സമയബന്ധിതമായി വികസിപ്പിച്ചാൽ മാത്രമേ കേരളത്തിന് വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത വിശ്വസനീയമായും സാമ്പത്തികമായും നിറവേറ്റാൻ കഴിയൂ.

നിലവിലെ വൈദ്യുതി പ്രതിസന്ധിയെ താൽക്കാലികമായ ഒരു പ്രതിസന്ധിയായി മാത്രം കാണരുത്.  സമയബന്ധിതമായ വൈദ്യുതി സ്രോതസ്സുകളുടെ ഉറപ്പാക്കൽ, ആഭ്യന്തര ഉൽപ്പാദന ശേഷിയുടെ വികസനം, സ്റ്റോറേജ് സംവിധാനങ്ങളുടെ വ്യാപനം, ഊർജസംരക്ഷണം, പ്രസരണ-വിതരണ ശൃംഖലയുടെ ശക്തിപ്പെടുത്തൽ എന്നിവ ഒരേസമയം മുന്നോട്ടുകൊണ്ടുപോകുന്ന സമീപനത്തിലൂടെയാണ് കേരളത്തിന്റെ ഭാവി വൈദ്യുതി സുരക്ഷ ഉറപ്പാക്കാൻ കഴിയുക.