പൗരത്വ ഭേദഗതി ബിൽ- കേരളം ഒറ്റക്കെട്ടായി എതിർക്കുന്നു

172

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ കാറ്റില്‍ പറത്തുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. കേന്ദ്രം ഭരിക്കുന്നവരുടെ വര്‍ഗ്ഗീയധ്രുവീകരണ ലക്ഷ്യങ്ങള്‍ക്ക് ചൂട്ട് കത്തിച്ച് കൊണ്ട് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ മതവര്‍ഗ്ഗീയതയുടെ വിഷം വമിപ്പിക്കാന്‍ ചിലര്‍ ശ്രമിക്കുന്ന സമയം. ഇതിനിടയിലാണ് മതേതരത്വത്തിന്റേയും സാഹോദര്യത്തിന്റേയും ഉദാത്ത മാതൃകയായി കൊണ്ട് കേരളത്തില്‍ വേറിട്ടതും ശക്തവുമായ ഒരു സമരമാര്‍ഗ്ഗം ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് ഏറ്റെടുത്തത്. കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ സമരപ്രഖ്യാപനത്തോടെ സാഹചര്യം മുതലാക്കാനിറങ്ങിയ ഛിദ്ര വര്‍ഗ്ഗീയ ശക്തികള്‍ക്കാണ് പ്രഹരമേറ്റത്. കേരള ജനത ഒന്നടങ്കം നെഞ്ചിലേറ്റിയ രാജ്യമൊട്ടുക്കും മാതൃകയായ പ്രതിഷേധ സമരമായി ഡിസംബര്‍ 16ലെ സമരം മാറി. ഈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശ്രദ്ധേയമായ പ്രകടനം നടത്താന്‍ ചുരുങ്ങിയ സമയത്തെ സംഘാടനം കൊണ്ട് തന്നെ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനായി.


സംസ്ഥാനത്തെ ഭരണ പ്രതിപക്ഷ പാർട്ടികൾ തിരുവനന്തപുരത്ത് നടത്തിയ സംയുക്ത സത്യാഗ്രഹം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. പൗരത്വ ഭേദഗതി ബിൽ കേരളം ഒറ്റകെട്ടായി എതിർക്കുന്നുവെന്നും രാജ്യത്തെ ഒരു പ്രത്യേക മാർഗത്തിലേക്ക് തിരിക്കാനുള്ള ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി അഭിപ്രായപെട്ടു. ഇത് ഒരിക്കലും നടക്കില്ലെന്നും സംസ്ഥാന ഭരണ പ്രതിപക്ഷ സംയുക്ത പ്രതിഷേധം ഇതാണ് സൂചിപ്പിക്കുന്നതെന്നും, രാജ്യത്തുടനീളം ഗുരുതരമായ ഈ പ്രതിസന്ധി ചിലർ ബോധപൂർവം സൃഷ്ടിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വ ഭേദഗതിക്കെതിരെയുള്ള ഈ സത്യാഗ്രഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ അംഗങ്ങള്‍ പാളയം രക്ത സാക്ഷി മണ്ഡപത്തിന് സമീപം ഒത്തുകൂടുകയും ഐക്യ ദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ജില്ലയിൽ നിന്നുള്ള ഇരുനൂറോളം ഓഫിസർമാർ പങ്കെടുത്ത പ്രകടനത്തെ സംസ്ഥാന പ്രസിഡന്റ്‌ ജെ സത്യരാജൻ, ജില്ലാ സെക്രട്ടറി ശ്രീജിത്ത്‌ കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ജാസ്‌മിൻ ബാനു എന്നിവർ അഭിസംബോധന ചെയ്തു.

ഈ ബില്ല് മുസ്ലിം ജന വിഭാഗങ്ങൾക്കെതിരെയുള്ള തികഞ്ഞ വിഭാഗീയതയാണെന്ന് ജില്ലാ സെക്രട്ടറി അഭിപ്രായപെട്ടു. ഇന്ത്യയിൽ രണ്ടുതരം ജന സമൂഹത്തെ സൃഷ്ടിക്കാനേ ഈ ബില്ല് ഉപകരിക്കൂ എന്ന് സംസ്ഥാന പ്രസിഡന്റ് കൂട്ടിച്ചേർത്തു. ഇന്ത്യൻ ഭരണഘടനയുടെ അന്തസത്തയെ ചോദ്യം ചെയ്യുന്ന ഒന്നാണ് ഈ ബില്ല്. ഇന്ത്യയുടെ മതേതര സങ്കല്പത്തിനേറ്റ മുറിവാണ് ഈ ബില്ലെന്നു ജാസ്മിൻ ബാനു അഭിപ്രായപെട്ടു.
പൗരത്വ ഭേദഗതി ബില്ലിനെതിരെ രാജ്യമെമ്പാടും, ലോകവ്യാപമാകമായും എതിർപ്പ് ഉയര്‍ന്നിട്ടുണ്ട്. ഈ ബില്ല് അടിസ്ഥാനപരമായി തന്നെ വിവേചനമാണെന്ന് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കമ്മീഷൻ അഭിപ്രായം പുറത്ത് വന്നിട്ടുണ്ട്.
ബില്ലിനെതിരായ പ്രതിഷേധത്തെ തുടർന്ന് ജപ്പാൻ പ്രധാന മന്ത്രി തന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി.
ഡൽഹിയിൽ ഈ ബില്ലിനെതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികൾക്ക് നേരെയുള്ള പോലീസ് അതിക്രമവും പ്രധാന മന്ത്രിയുടെ പ്രസ്താവനയും കേന്ദ്ര സര്‍ക്കാരിന്റെ അസഹിഷ്ണുതാ നിലപാടുകള്‍ക്ക് മറ്റ് തെളിവുകള്‍ ആവശ്യമില്ലാത്തതാക്കി. ഈ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഉർദു എഴുത്തുകാരി ഷിറിൻ ദാൽവി തന്റെ സംസ്ഥാന സാഹിത്യ അക്കാദമി പുരസ്‌കാരം തിരികെ നൽകിയതും ദേശീയ പുരസ്‌കാര ചടങ്ങ് ജേതാവ് സക്കറിയ മുഹമ്മദ്‌ ബഹിഷ്കരിക്കരണ നിലപാടും പോലെ ഭരണത്തിന്റെ ഭീഷണിക്ക് വഴങ്ങാതെ ഒട്ടേറെ പേര്‍ മുന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നു. മതേതരത്വ നിലപാടുകളില്‍ നിന്ന് കൊണ്ട് ഭരണഘടനാ സംരക്ഷണത്തിനായി ഇടത് കഷികള്‍ നടത്തുന്ന പ്രതിരോധം വര്‍ഗ്ഗീയതയ്ക്ക് മേല്‍ വിജയം നേടുന്നത് വരെ പിന്തുണയുമായി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനും മുന്നിലുണ്ടാവും.