പുസ്തകയാത്ര

296

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുസ്തകപ്പുര ഒരുക്കുന്നു. ജില്ലയിലെ സംഘടനാംഗങ്ങളില്‍ നിന്നാണ് പുസ്തകപ്പുരയ്ക്ക് ആവശ്യമായ പുസ്തകങ്ങള്‍ ശേഖരിക്കുന്നത്.
പുസ്തകപ്പുരയിലേയ്ക്ക് അക്ഷരങ്ങളെ ക്ഷണിച്ചു കൊണ്ടു വരാൻ ആറ്റിങ്ങൽ ഡിവിഷൻ മേഖലയിലേക്കാണ് ആദ്യം യാത്ര പോയത്. പുതുമയുള്ള ആർദ്രമായ അനുഭവങ്ങൾ അവിടെ കാത്തിരുപ്പുണ്ടായിരുന്നു.

തിരുവനന്തപുരം ഡിവിഷന്‍ മേഖലയില്‍ നടന്ന പരിപാടിയില്‍ അസിസ്റ്റന്റ് സെക്രട്ടറി പി അനില്‍കുമാറില്‍ നിന്നും ജില്ലാ പ്രസിഡന്റ് റ്റി വി ആശ പുസ്തകം ഏറ്റുവാങ്ങുന്നു

വായനാശാലാ പ്രവർത്തനങ്ങളുമായി ബന്ധമുള്ള, നാട്ടിലെ പൊതു രംഗത്തും സജീവമായ, ഡിവിഷൻ കൺവീനറും നഗരൂർ ഇലക്ട്രിക്കല്‍ സെക്ഷൻ സീനിയർ സൂപ്രണ്ടുമായ ഷാജഹാന്റേയും സംഘത്തിന്റെയും സംഘാടക മികവ് പുസ്തകങ്ങൾക്കായുള്ള ആ യാത്രയെ അവിസ്മരണീയമാക്കി.
ജില്ലയിലെ മുഴുവൻ സംഘടനാഗങ്ങളെയും അവരുടെ **ഓഫീസിൽ ചെന്നു കാണുക എന്ന അത്ര ചെറുതല്ലാത്ത ഒരു മനോഹര ലക്ഷ്യം കൂടി ഈ പരിപാടിക്ക് പിന്നിലുണ്ടായിരുന്നു. വിവര സാങ്കേതിക വിദ്യയുടെ കുതിപ്പിനനുസരിച്ച് മനുഷ്യര്‍ തമ്മിലുള്ള നേരിട്ടിടപെടലുകളും പരസ്പരമുള്ള ചെറുപുഞ്ചിരികളും സ്നേഹ വർത്തമാനങ്ങളും അന്യം നിന്നു പോകാൻ തുടങ്ങുന്ന ഈ വർത്തമാനകാലത്ത്, അടുത്തുചെന്നു നിന്ന് പരസ്പരം നോക്കിച്ചിരിച്ചു കൊണ്ട്, നിറഞ്ഞ മനസ്സോടെ, സ്വന്തം കയ്യൊപ്പിട്ട പുസ്തകം കയ്യിൽ വച്ചു തന്ന നിമിഷം – അതി ധന്യം !!
വായന മരിച്ചു കൊണ്ടിരിക്കുന്നു എന്നൊക്കെ പറയുന്നത് വെറും അതിശയോക്തി മാത്രമാണ്. വായനയ്ക്ക്, ഇപ്പോഴും സിരകളിൽ ലഹരി പടർത്താൻ കഴിവുണ്ടെന്നതിന്, പുസ്തകങ്ങളുമായി കാത്തു നിന്നവരുടെ നിറഞ്ഞ, വിടർന്ന മുഖങ്ങൾ സാക്ഷ്യം പറഞ്ഞു. പലരും പല വിധത്തിലായിരുന്നു പസ്തകങ്ങള്‍ തെരഞ്ഞെടുത്തത്. ചിലർ തങ്ങളേറെ ഇഷ്ടപ്പെട്ട പുസ്തകങ്ങൾ തന്നെ വാങ്ങി തന്നു. ഒരാളുടെ അച്ഛൻ അദ്ദേഹത്തിന്റെ സ്വകാര്യ ശേഖരത്തിൽ നിന്നും നമുക്കായി പുസ്തകങ്ങൾ കൊടുത്ത വിട്ടു. മറ്റൊരാൾ വീട്ടിലെ ശേഖരത്തിൽ നിന്നും പുസ്തകമെടുക്കാൻ ശ്രമിച്ച് പരാജയപ്പെട്ട കാരണം പറഞ്ഞു ചിരിച്ചു – മകൻ നല്ല വായന കാരനാണ്, ഒരു പുസ്തകവും അവൻ എടുക്കാൻ സമ്മതിക്കില്ലത്രേ! തല മുതിർന്ന നേതാവ് മാർക്സിനേയും എംഗൽസിനേയും കൈമാറി വായനയുടെ ഗൗരവം ഓർമ്മിപ്പിച്ചു. കുഞ്ഞുണ്ണിക്കവിതകളും യാത്രാ വിവരണവും കിട്ടി. വിശ്വസാഹിത്യത്തിലെ മുത്തുകളും പവിഴങ്ങളും , വിവർത്തനമായും അല്ലാതെയും ഒരിത്തിരി ഗർവോടെ ഞങ്ങളെ നോക്കി. ഗൗരിയമ്മയുടെ ആത്മകഥ തന്നയാളുടെ കണ്ണുകൾ പറഞ്ഞു – ഇതാണ് ഉശിരുള്ള സ്ത്രീ, കണ്ടു പഠിക്കൂ. മധ്യ വയസ്സുവരെ സ്വന്തമായി ജീവിക്കാൻ മറന്നു പോകുന്ന ഉദ്യോഗസ്ഥ – വീട്ടമ്മ എന്ന വിചിത്ര ജീവിഗണത്തിൽപ്പെടുന്ന ഒരാളെഴുതി – ഞാനിന്നു മുതൽ വീണ്ടും വായിക്കാൻ തുടങ്ങുന്നു….
അത് തന്മയീഭാവം അനുഭവപ്പെട്ട ഒരു നിമിഷം. പലപ്പോഴും ഒന്നിൽ കൂടുതൽ പുസ്തകങ്ങൾ ലഭിച്ചു. വർക്കേഴ്സ് അസോസിയേഷനിലെ പ്രിയ സഖാക്കളിൽ നിന്ന് നിറഞ്ഞ അഭിമാനത്തോടെയാണ് ഞങ്ങൾ പുസ്തകങ്ങൾ ഏറ്റു വാങ്ങിയത്.
പറഞ്ഞതിനും വേണ്ടി ചെയ്തു എന്നൊരു ഭാവം ഒരിടത്തും കണ്ടില്ല. സംഘടനയിലെ ആളുകൾ അങ്ങോട്ടു ചെന്നു കാണുന്നതിന്റെ സന്തോഷവും അർത്ഥവത്തായ ഒരു യജ്ഞത്തിൽ പങ്കാളികളാകാൻ കഴിഞ്ഞതിന്റെ സംതൃപ്തിയുമാണ് ഞങ്ങളെ കാത്തിരുന്നത്. അംഗസംഖ്യയുടെ ഇരട്ടിയിലധികം പുസ്തകങ്ങൾ ലഭിച്ചു.
നമ്മൾ ചില പഴയ ശീലങ്ങളിലേയ്ക്ക് തിരിച്ചു പോകേണ്ടിയിരിക്കുന്നു – സംഘടനയിലെ അംഗങ്ങളെ ജോലി സ്ഥലത്തും, കഴിയുമെങ്കിൽ അവരുടെ വീടുകളിലും പോയി ഇടയ്ക്കിടെ കാണണം. പണ്ടുണ്ടായിരുന്ന പോലെ സ്നേഹവും അടുപ്പവും ഉണ്ടാക്കിയെടുക്കണം. യന്ത്രങ്ങളുടെ ലോകത്ത്, യന്ത്രങ്ങളാകാതെ ജീവിക്കാൻ, ഇടക്കിടെയുള്ള കണ്ടുമുട്ടലുകളും കുശലാന്വേഷണവും ഒക്കെ ഉണ്ടായേ മതിയാകൂ.
ഈ യജ്ഞം പൂർത്തിയാകുമ്പോൾ സംഘടനയുടെ ആസ്ഥാന മന്ദിരത്തിലുള്ള തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ മുറിയിൽ, അഞ്ഞൂറിലധികം അംഗങ്ങളുടെ കയ്യൊപ്പോടു കൂടിയ പുസ്തകപ്പുര ഒരുങ്ങും – അടുത്ത തലമുറയ്ക്ക് ഒരു സമ്മാനം – ഒരു നിത്യ സ്മരണ.