കാഞ്ഞങ്ങാട്: “ഇൻക്വിലാബ് സിന്ദാബാദ്, വിദ്യുഛക്തി മേഖലയെ സ്വകാര്യകുത്തക മുതലാളിമാർക്ക് തീറെഴുതുന്ന നയത്തിനെതിരെ….” ഉയരുന്ന കൈകളോടെ ഒരുമയോടെ മുദ്രാവാക്യങ്ങൾ ഉയർത്തി ടൗണിലൂടെ പ്രകടനം നടത്തുന്നവർ. വിവിധ സംഘടനകളിൽ അണി ചേർന്ന ആഫീസർമാരും തൊഴിലാളികളും നാഷണല്‍ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എഞ്ചിനീയേഴ്സ് ( NCCOEEE) യുടെ ആഭിമുഖ്യത്തിൽ, 78000ത്തിലധികം ജീവനക്കാരെ വി.ആർ.എസ്സിലൂടെ പുറത്താക്കിയ BSNL എന്ന മഹാപ്രസ്ഥാനത്തിന്റെ സമ്പത്തായ കാഞ്ഞങ്ങാടുള്ള ടെലിഫോൺ എക്സ്ചേഞ്ചിന് മുന്നിലൂടെ. “കേന്ദ്ര ബഡ്ജറ്റിൻ നിർദ്ദേശത്തിൽ പ്രതിഷേധിക്കുക, പ്രതിഷേധിക്കുക…..ഒന്നിച്ചൊന്നായി പ്രതിഷേധിക്കുക…” ” നന്നായിപോകും കെ.എസ്.ഇ.ബിയെ അദാനിക്കും അംബാനിക്കും അടിയറവെക്കാൻ നോക്കുന്നവരെ….”

അന്ന് ഫെബ്രുവരി 10ന് കാഞ്ഞങ്ങാട് മുഷ്ടികൾ ഉയരുമ്പോൾ ദില്ലി തെരെഞ്ഞെടുപ്പ് ഫലം അറിഞ്ഞിരുന്നില്ല. വിയോജിപ്പുകൾ നിലനിറുത്തിക്കൊണ്ടുതന്നെ, സംഘപരിവാർ ശക്തികളുടെ ചെറുപരാജയങ്ങൾ വരെ ജനാധിപത്യ വിശ്വാസികളെ ആഹ്ലാദിപ്പിക്കും. “വരുന്ന മൂന്ന് വർഷംകൊണ്ട് രാജ്യത്താകെ പ്രീ പെയ്ഡ് മീറ്റർ വെച്ച് സ്വകാര്യകുത്തക കമ്പനികൾക്ക് വൈദ്യുതി മേഖലയിൽ കടന്ന് കയറാൻ….” “പാവപ്പെട്ട ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ വൈദ്യുതി നൽകും – പൊതു മേഖലയിലെ വൈദ്യുതി ബോർഡുകളെ – ചെറുതായി പലതായി വെട്ടി മുറിച്ച്…” പ്രതിഷേധത്തിന്റെ സ്വരം നഗരവീഥികളില്‍ അലയടിച്ച് ബസ് സ്റ്റാന്റ് പരിസരത്തേക്ക് നീങ്ങി.

പ്രതിഷേധങ്ങളുടെ സ്ഥിരം വേദിയായ ബസ്സ്റ്റാൻഡ് പരിസരത്ത് യോഗം ചേരുമ്പോൾ കെ.എസ്.ഇ.ബി.വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിൻറ് സെക്രട്ടറി വി.ജനാർദനൻ ഉദ്ഘാടകനായി. കാഞ്ഞങ്ങാട് ഡിവിഷൻ സെക്രെട്ടറി കെ.ശശിധരൻ സ്വാഗതം ചെയ്തു. കെ.എസ്.ഇ.ബി.ഓഫീസേഴ്സ് അസോസിയേഷൻ കേന്ദ്ര നിർവാഹക സമിതി അംഗം സുദീപ്.എം.പി. അദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രെട്ടറി സന്ദീപ് രാധാകൃഷ്‌ണൻ, വർക്കേഴ്സ് അസോസിയേഷൻ നേതാവ് പി.പി.ബാബു എന്നിവർ സംസാരിച്ചു.
ലേഖകന്‍: ഫിറോസ് അബൂബക്കര്‍
