വൈദ്യുതി സേവനങ്ങള്‍ ലോകോത്തരമാക്കുക, പുന:സംഘടന നടപ്പിലാക്കുക

132
   വൈദ്യുതി സേവനങ്ങള്‍ ലോകോത്തരമാക്കുക, കെ.എസ്.ഇ.ബിയുടെ  പ്രവര്‍ത്തന കാര്യക്ഷമത  വര്‍ദ്ധിപ്പിക്കാനുതകുന്ന പുന:സംഘടന നടപ്പിലാക്കുക എന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് സജീവ്കുമാർ അവതരിപ്പിച്ച പ്രമേയത്തെ കാസർഗോഡ് നിന്ന് മധുസൂദനൻ പി വി പിന്തുണച്ചു.
മധുസൂദനൻ പി വി പിന്തുണച്ചു

പ്രമേയം താഴെ കൊടുക്കുന്നു.

വൈദ്യുതി സേവനങ്ങള്‍ ലോകോത്തരമാക്കുക, കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുതകുന്ന പുന:സംഘടന നടപ്പിലാക്കുക

വൈദ്യുതി നിയം 2003ന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡുകളെ വിഭജിച്ച് കമ്പനികളാക്കുന്നതിനുള്ള കടുത്ത സമ്മര്‍ദ്ദമാണ് കേന്ദ്രസര്‍ക്കാര്‍ ചെലുത്തിയത്. എന്നാല്‍ ഈ സമ്മര്‍ദ്ദത്തെ അതിജീവിച്ച് ഒറ്റസ്ഥാപനമായി നിലനില്‍ക്കാന്‍ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞത് സംസ്ഥാനസര്‍ക്കാരിന്റെ ഇച്ഛാശക്തിയും ജീവനക്കാരുടെ ശക്തമായ ചെറുത്തുനില്‍പ്പും കൊണ്ടാണ്. സമ്പൂര്‍ണ്ണവൈദ്യുതീകരണമടക്കം വൈദ്യുതി മേഖലയില്‍ രാജ്യത്തിന് മാതൃകയായ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാനും ഈ കാലഘട്ടത്തില്‍ നമുക്ക് കഴിഞ്ഞു. രാജ്യത്തെ വൈദ്യുതി യൂട്ടിലിറ്റികളില്‍ കാര്യക്ഷമതയുടെ കാര്യത്തില്‍ മെച്ചപ്പെട്ട സ്ഥാപനങ്ങളിലൊന്നായി മാറാന്‍ കെ.എസ്.ഇ.ബിക്ക് കഴിഞ്ഞതും നാം പിന്തുടര്‍ന്ന ബദല്‍ നയങ്ങളുടെ വിജയമാണ്. 2018-19ൽ കേന്ദ്ര ഗവൺമെൻറ് പുറത്തുവിട്ട കണക്കുപ്രകാരം വിതരണ മേഖലയിലെ സാങ്കേതിക വാണിജ്യ നഷ്ടം ദേശീയ ശരാശരി 22.03ശതമാനം ആണന്നിരിക്കെ കേരളത്തിന്റേത് കേവലം 9.1 ശതമാനം മാത്രമാണ്. 2016-17 ലെ സംസ്ഥാനത്തിന്റെ പ്രസരണ വിതരണ നഷ്ടം 13.93ശതമാനം ആയിരുന്നത് 2020-21 ആയപ്പോഴേക്കും 10.26ശതമാനത്തിലേക്ക് കുറക്കാന്‍ നമുക്ക് കഴിഞ്ഞു. ബില്ലിംഗ് കാര്യക്ഷമതയുടെ ദേശീയ ശരാശരി 83.92ശതമാനവും കളക്ഷൻ കാര്യക്ഷമതയുടെ ദേശീയ ശരാശരി 93.4 ശതമാനവും മാത്രമാണ്. എന്നാല്‍ കെ.എസ്.ഇ.ബിയില്‍ ഇവ യഥാക്രമം 100ശതമാനവും 90.9ശതമാനവുമാണ്. ദേശീയതലത്തിൽ വൈദ്യുതി യൂട്ടിലിറ്റികളുടെ വാര്‍ഷിക നഷ്ടം 16-17 ലെ 38,812 കോടി രൂപയിൽ നിന്നും 18-19 ൽ 61,360 കോടി രൂപയിലേക്ക് ഉയർന്നപ്പോൾ ഇതേ കാലഘട്ടത്തില്‍ കെ.എസ്.ഇബിയുടെ നഷ്ടം 1,495 കോടിയിൽ നിന്നും 290 കോടിയിലേക്ക് കുറഞ്ഞതും വൈദ്യുതിയെ പൊതുമേഖലയില്‍ നിര്‍ത്തി സംരക്ഷിക്കുക എന്ന കേരളബദൽ സമീപനത്തിന്റെ നേട്ടമാണ്.

മേല്‍ നേട്ടങ്ങളില്‍ അഭിമാനിക്കുമ്പോഴും സ്ഥാപനത്തിന്റെ പ്രവര്‍ത്തന കാര്യക്ഷമതയില്‍ ഇനിയും ഒട്ടേറെ മുന്നോട്ടുപോകാന്‍ കെ.എസ്.ഇ.ബിക്ക് കഴിയേണ്ടതുണ്ട്. വൈദ്യുതി സേവനങ്ങള്‍ ജനങ്ങളുടെ അഭിലാഷത്തിനൊത്ത് മെച്ചപ്പെടുത്താനും നല്ല ഇടപെടല്‍ ആവശ്യമാണ്. സ്ഥാപനം പ്രവര്‍ത്തിച്ചുവരുന്നത് റഗുലേറ്ററി സംവിധാനത്തിന് കീഴിലാണ് എന്നതിനാല്‍ത്തന്നെ അതിന്റെ ഭാഗമായ നിയന്ത്രണങ്ങള്‍ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാനുള്ള ഫലപ്രദമായ ഇടപെടലുകളും ആവശ്യമാണ്. വൈദ്യുതി ബോര്‍ഡിന്റെ മാനവവിഭവശേഷി വിനിയോഗത്തിന്റെ കാര്യക്ഷമത സംബന്ധിച്ച് വലിയ വിമര്‍ശനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ബോര്‍ഡിന്റെ ശമ്പളച്ചെലവുകള്‍ ഉയര്‍ന്നതാണെന്നും ആവശ്യത്തിലധികം ജീവനക്കാര്‍ സ്ഥാപനത്തില്‍ ജോലിചെയ്യുന്നുണ്ടെന്നുമുള്ള അഭിപ്രായം വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നുവരാറുണ്ട്. ഇത് അംഗീകരിക്കുന്ന നിലയിലുള്ള സമീപനമാണ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനും സ്വീകരിച്ചുപോരുന്നത്. വൈദ്യുതി ബോർഡില്‍ നിലവില്‍ 31706 ജീവനക്കാര്‍ ജോലിചെയ്യുന്നുണ്ടെങ്കിലും 2008-09-ലെ ജീവനക്കാരുടെ എണ്ണമായ 27175ല്‍ ഈ എണ്ണം പരിമിതപ്പെടുത്തിക്കൊണ്ടാണ് റഗുലേറ്ററി കമ്മീഷന്‍ സ്ഥാപനത്തിന്റെ കണക്കുകള്‍ അംഗീകരിച്ചു വരുന്നത്. സ്ഥാപനം വിതരണം ചെയ്യുന്ന ആകെ വൈദ്യുതിയുടെ കണക്ക് വെച്ചുകൊണ്ട് പ്രതിയൂണിറ്റ് ശമ്പളച്ചെലവ് രാജ്യത്ത് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്നത് കെ.എസ്.ഇ.ബിലാണെന്നതും ഇതോടൊപ്പം റഗുലേറ്ററി കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 2018ലെ കണക്കുകള്‍ പ്രകാരം ഒരു യൂണിറ്റ് വൈദ്യുതി വിൽക്കുതിന് ശമ്പളച്ചെലവായി വരുന്ന ദേശീയ ശരാശരി 0.5 രൂപ മാത്രമാണ്. എന്നാല്‍ കേരളത്തില്‍ ഇത് 1.28 രൂപയാണ്. കെ.എസ്.ഇ.ബിയുടെ പ്രവര്‍ത്തനകാര്യക്ഷമതയുടെ പ്രധാനപ്രശ്നങ്ങളിലൊന്നായാണ് ഇക്കാര്യം അവതരിപ്പിക്കപ്പെടുന്നത്.

രാജ്യത്ത് മറ്റേതൊരു സംസ്ഥാനത്തേക്കാളും കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കേരളത്തിലെ വൈദ്യുതിമേഖലയില്‍ നടക്കുന്നതെന്ന് 2018ലേയും 2019ലേയും മഹാപ്രളയങ്ങളിലും മറ്റു പ്രകൃതി ദുരന്തങ്ങളിലും നാം തെളിയിച്ചതാണ്. പ്രകൃതി ദുരന്തങ്ങളില്‍ നഷ്ടപ്പെടുന്ന വൈദ്യുതി ബന്ധങ്ങള്‍ പുന:സ്ഥാപിക്കുന്നതിന് മാസങ്ങള്‍ കഴിഞ്ഞിട്ടും സാധിക്കാത്ത നിരവധി അനുഭവങ്ങള്‍ രാജ്യത്ത് പലയിടത്തും ഉണ്ടായിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ വൈദ്യുതി ശൃംഖലയാകെ പുന:സ്ഥാപിച്ച് കണക്ഷനുകള്‍ തിരിച്ചുനല്‍കാന്‍ കഴിഞ്ഞത് ലോകശ്രദ്ധ നേടുകയുണ്ടായി. മോഡല്‍ സെക്ഷന്‍ പരിഷ്കരണത്തിന്റെ ഭാഗമായി പ്രത്യേക ടീമുകളായി പ്രവര്‍ത്തനരീതി പുന:സംഘടിപ്പിച്ചതടക്കം നിരവധി കാര്യക്ഷമതാവര്‍ദ്ധനാ പദ്ധതികള്‍ സ്ഥാപനത്തില്‍ ഫലപ്രദമായി നടപ്പാക്കാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. ബോര്‍ഡിലെ ജീവനക്കാരുടെ എണ്ണം വില്‍ക്കപ്പെടുന്ന യൂണിറ്റിന്റെ മാത്രം അടിസ്ഥാനത്തില്‍ കണക്കാക്കി കാര്യക്ഷമത നിശ്ചയിക്കുന്ന രീതി കേരളത്തെ സംബന്ധിച്ചെങ്കിലും ശാസ്ത്രീയമായ സമീപനമല്ല. ദുര്‍ഘടമായ മലമടക്കുകളടക്കം സംസ്ഥാനത്തിന്റെ എല്ലാ മുക്കിലും മൂലയിലും എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ച് വിപുലമായ വൈദ്യുതി ശൃംഖലയാണ് കേരളത്തിലുള്ളത്. മാത്രമല്ല ചിതറിക്കിടക്കുന്ന ആവാസ രീതി കേരളത്തിലെ എല്‍.ടി വൈദ്യുതിശൃംഖലയുടെ നീളം വലിയതോതില്‍ കൂടുന്നതിന് കാരണമായിട്ടുമുണ്ട്. എന്നാല്‍ ഇതേ സമയം കേരളത്തിലെ പ്രതിശീര്‍ഷ വൈദ്യുതി ഉപഭോഗവും ഓരോ ഉപഭോക്താവിനും വരുന്ന ശരാശരി വാര്‍ഷിക വൈദ്യുതി വില്‍പ്പനയും മറ്റിന്ത്യന്‍ ദേശീയ ശരാശര്യേക്കാള്‍ വളരെ കുറവാണ്. അതുകൊണ്ടുതന്നെ ആയിരം ഉപഭോക്താക്കള്‍ക്ക് വേണ്ടിവരുന്ന ജീവനക്കാരുടെ എണ്ണമടക്കം വൈദ്യുതി ആസ്തികളുടെ അടിസ്ഥാനത്തില്‍ ജീവനക്കാരുടെ കാര്യക്ഷമത കണക്കാക്കിയാല്‍ കേരളം മറ്റിന്ത്യന്‍ സംസ്ഥാനങ്ങളേക്കാളും മെച്ചപ്പെട്ട കാര്യക്ഷമത കാണിക്കുന്നുണ്ട് എന്ന് കാണാന്‍ കഴിയും.

മേല്‍പ്പറയുന്ന നിരവധി വസ്തുതകള്‍ ചൂണ്ടിക്കാണിക്കുമ്പോഴും വൈദ്യുതി ശൃംഖലയിലും സ്ഥാപനത്തിന്റെ നടത്തിപ്പിലും വന്നിട്ടുള്ള മാറ്റങ്ങള്‍ക്കനുസൃതമായ ജീവനക്കാരുടെ പുനര്‍വിന്യാസത്തില്‍ കാര്യമായ ഇടപെടലൊന്നും കഴിഞ്ഞ പത്തുവര്‍ഷമായി കെ.എസ്.ഇ.ബിയില്‍ നടന്നിട്ടില്ല. മോഡല്‍ സെക്ഷന്‍ പരിഷ്കാരത്തിന് ശേഷം നിരവധി ആധുനികവല്‍ക്കരണ നടപടികള്‍ സ്ഥാപനത്തില്‍ ഉണ്ടായിട്ടുണ്ട്. നഗരപ്രദേശങ്ങളില്‍ അണ്ടര്‍ഗ്രൗണ്ട് കേബിള്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ സ്കാഡ നിയന്ത്രണം നടപ്പാക്കപ്പെട്ടിട്ടുണ്ട്. എ.പി.ഡി.ആര്‍.പി, ആര്‍.എ.പി.ഡി.ആര്‍.പി, ദ്യുതി തുടങ്ങിയ വിവിധ പദ്ധതികളിലൂടെ വിതരണശൃംഖലാനവീകരണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ഇതോടൊപ്പം ഗ്രാമീണമേഖലയില്‍ സമ്പൂര്‍ണ്ണവൈദ്യുതീകരണമടക്കം ശൃംഖലാവ്യാപനവും നടന്നിട്ടുണ്ട്. എന്നാല്‍ ആധുനീകരണത്തിന്റെ ഭാഗമായി ജോലിഭാരം കുറഞ്ഞ പ്രദേശങ്ങളില്‍നിന്ന് ജീവനക്കാരെ ശൃംഖലാവ്യാപനത്തിന്റെ ഭാഗമായി ജോലിഭാരം വര്‍ദ്ധിച്ച പ്രദേശങ്ങളിലേക്ക് ജീവനക്കാരെ പുനര്‍വിന്യസിക്കുന്നതടക്കമുള്ള നടപടികളൊന്നും ഉണ്ടായിട്ടില്ല. കമ്പ്യൂട്ടറൈസേഷനും ഡിജിറ്റൈസേഷനും ബില്ലിംഗിലും കാഷ് കളക്ഷനിലുമൊക്കെ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങള്‍ക്കനുസൃതമായി മാറ്റം ജീവനക്കാരുടെ കാര്യത്തില്‍ അത്തരം മേഖലകളിലും ഉണ്ടായിട്ടില്ല. വൈദ്യുതിത്തടസ്സങ്ങള്‍ പരിഹരിക്കുന്നതിലും മറ്റും വലിയ പുരോഗതി കൈവരിച്ചപ്പോഴും വൈദ്യുതി തടസ്സങ്ങള്‍ ഉണ്ടാകുന്നതിന്റെ ആവൃത്തി വര്‍ദ്ധിച്ചതായുള്ള പരാതി വ്യാപകമായി ഉയര്‍ന്നുവരുന്നുണ്ട്. വൈദ്യുതി ലൈനുകളുടെ പരിപാലനത്തില്‍ നെറ്റ് വര്‍ക്ക് അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പി.എം.യു., സബ് പി.എംയു. സംവിധാനങ്ങള്‍ കാര്യക്ഷമമായി മുന്നോട്ടുപോകുന്നതിലും പലവിധ പരിമിതികള്‍ നില്‍ക്കുന്നുണ്ട്. വൈദ്യുതി ഉദ്പാദന, പ്രസരണ മേഖലകളിലും നവീകരണ ആധുനികവല്‍ക്കരണ നടപടികള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിനനുസൃതമായ മാനവവിഭവശേഷി പുന:ക്രമീകരണം വേണ്ട നിലയില്‍ ഉണ്ടായിട്ടില്ല.


ഈ സാഹചര്യത്തിലാണ് ബോര്‍ഡിന്റെ പ്രവര്‍ത്തന പുന:ക്രമീകരണവും ജീവനക്കാരുടെ പുനര്‍വിന്യാസവും ലക്ഷ്യമിട്ടുകൊണ്ട് ഐ.ഐ.എം. കോഴിക്കോടിനെ ഒരു പഠനത്തിന് വൈദ്യുതിബോര്‍ഡ് ചുമതലപ്പെടുത്തുന്നത്. ഈ പഠനറിപ്പോര്‍ട്ടിന്റെകൂടി അടിസ്ഥാനത്തില്‍ സ്ഥാപനത്തിനുള്ളിലെതന്നെ ഒരു വിഗദ്ധസമിതിയെ കൃത്യമായ നിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്താന്‍ ചുമതലപ്പെടുത്തുകയുണ്ടായി. ഈ സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ വിതരണം, പ്രസരണം, ഉദ്പാദനം, കോര്‍പ്പറേറ്റ് ഓഫീസ് എന്ന നിലയില്‍ തരം തിരിച്ച് പ്രത്യേകം കമ്മിറ്റികളെ ചുമതലപ്പെടുത്തി ഓരോ മേഖലയിലും പുന:സംഘടന നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളാക്കി സംഘടനകളുടെ അഭിപ്രായത്തിന് നല്‍കിയിട്ടുണ്ട്. വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ വിമര്‍ശനങ്ങളുടേയും അപ്പലേറ്റ് ട്രിബ്യൂണല്‍ അടക്കമുള്ള നിയമസംവിധാനങ്ങള്‍ മുഖാന്തിരം ശമ്പളച്ചെലവുകള്‍ പുന:സ്ഥാപിച്ചെടുക്കുന്നതിന് കഴിയാത്ത സാഹചര്യങ്ങളുടേയും അടിസ്ഥാനത്തില്‍ പുന:സംഘടനാ നടപടികള്‍ കാലതാമസമില്ലാതെ നടപ്പാക്കേണ്ട സാഹചര്യം നിലവിലുണ്ട്.

വൈദ്യുതിബോര്‍ഡ് പുന:സംഘടന സംബന്ധിച്ച് സംഘടന മുഴുവന്‍ അംഗങ്ങളുടേയും അഭിപ്രായമാരാഞ്ഞുകൊണ്ട് വിപുലമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയുണ്ടായി. ബോര്‍ഡ് തയ്യാറാക്കി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പ്രായോഗികമായതും അല്ലാത്തതുമായ നിരവധി നിര്‍ദ്ദേശങ്ങളുണ്ട്. റിപ്പോര്‍ട്ടുകള്‍ തമ്മില്‍ ചിലകാര്യങ്ങളില്‍ വൈരുദ്ധ്യം നിലനില്‍ക്കുന്നുമുണ്ട്. പദ്ധതിപ്രവര്‍ത്തനങ്ങള്‍, മറ്റു മൂലധന നിര്‍മ്മിതികള്‍ എന്നിവയില്‍ ജോലിചെയ്യുന്നവരുടെ ചെലവുകള്‍ അത്തരം പ്രവര്‍ത്തനങ്ങളുടെ ചെലവിനത്തില്‍ പെടുത്തുക, സൗര, ഇ-വെഹിക്കിള്‍ തുടങ്ങി ബോര്‍ഡ് ഏറ്റെടുത്തു നടത്തുന്ന പ്രത്യേക ചുമതലകള്‍ അതിനായുള്ള പ്രത്യേക ഉദ്ദേശ സ്ഥാപനങ്ങളായി കണക്കാക്കി അത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവുകള്‍ അതിലേക്ക് പ്രത്യേകം മാറ്റുക തുടങ്ങി പൊതുവായ ശമ്പളച്ചെലവ് കുറക്കാന്‍ കഴിയുന്ന നിരവധി മാറ്റങ്ങള്‍ പ്രായോഗികമായി കൊണ്ടുവരാന്‍ കഴിയുന്നതാണ്. ഇക്കാര്യങ്ങളൊക്കെ പരിഗണിച്ചുകൊണ്ട് ഓരോ മേഖലയിലും പ്രവര്‍ത്തനകാര്യക്ഷമത ഉയര്‍ത്തുന്ന നിലയില്‍ പുന:സംഘടനയും ജീവനക്കാരുടെ പുനര്‍ക്രമീകരണങ്ങളും താമസംവിനാ ഉണ്ടാകേണ്ടതുണ്ട്.

ഈ സാഹചര്യത്തില്‍ ബോര്‍ഡ് പുന:സംഘടനയും ജീവനക്കാരുടെ പുനര്‍ക്രമീകരണവും സംബന്ധിച്ച് തൊഴിലാളി ഓഫീസര്‍ സംഘടനകളുമായി ചര്‍ച്ചകള്‍ നടത്താനും സ്ഥാപനത്തിന്റെ പ്രവര്‍ത്തന കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനുതകുന്ന പുന:സംഘടനാ നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാനും കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെടുന്നു. വൈദ്യുതി സേവനങ്ങള്‍ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള ആത്മാര്‍ത്ഥമായ ഇടപെടലുകള്‍ ഉണ്ടാകണമെന്ന് ബോര്‍ഡിലെ മുഴുവന്‍ ജീവനക്കാരോടും അഭ്യര്‍ത്ഥിക്കുന്നു