നവകേരള നിർമ്മിതിക്കായി കൈകോര്‍ക്കാം ; കേരള ബദൽ സംരക്ഷിക്കാം എന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. കോട്ടയത്ത് നിന്ന് ലേഖാനായര്‍ അവതരിപ്പിച്ച പ്രമേയത്തെ വയനാട് നിന്നും പ്രകാശന്‍ കെ.എം പിന്തുണച്ചു.
പ്രമേയം താഴെ കൊടുക്കുന്നു.
നവകേരള നിർമ്മിതിക്കായി കൈകോര്‍ക്കാം ; കേരള ബദൽ സംരക്ഷിക്കാം
ജനാധിപത്യ റിപ്പബ്ലിക്കെന്ന മനോഹര സങ്കൽപ്പത്തിന്റെ ഉടമകളാരാണെന്ന് ഭരണഘടനയുടെ ആദ്യ പേജിൽ തന്നെ ആലേഖനം ചെയ്തിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ, സാർവ്വത്രികവും സൗജന്യവുമായ വിദ്യാഭ്യാസം, സൗജന്യ ചികിത്സ, ഭക്ഷ്യ സുരക്ഷ തുടങ്ങിയവ ഓരോ പൗരനും ഭരണഘടനയിൽ വിഭാവനം ചെയ്യുന്ന രീതിയിൽ ലഭ്യമാക്കാന്‍ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. ഈ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട്, ജനക്ഷേമവും സാമൂഹ്യനീതിയും ഉറപ്പ് വരുത്തിക്കൊണ്ട് നാടിനെ വികസനത്തിന്റെ പാതയിലൂടെ മുന്നോട്ടു കൊണ്ട് പോവുക എന്ന നയമാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ സ്വീകരിച്ചിട്ടുള്ളത്.
ഭൂപരിഷ്കരണ നിയമം കേരളത്തിലെ സാമൂഹിക വളർച്ചക്ക് ചാലക ശക്തിയായി. ഉയർന്ന സാക്ഷരത, ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലുണ്ടായ വളർച്ച, ദാരിദ്ര്യ നിർമാർജനം, കുറഞ്ഞ ശിശുമരണ നിരക്ക്, മെച്ചപ്പെട്ട സ്ത്രീ പുരുഷ അനുപാതം തുടങ്ങി ഒട്ടേറെ കാര്യങ്ങളിൽ കേരളം മുൻപന്തിയിലാണ് . അധികാരം ജനങ്ങളിലേക്ക് എന്ന ആശയത്തോടുകൂടെയാണ് കേരള ബദൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. അധികാരവികേന്ദ്രീകരണം കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ സാംസ്ക്കാരിക മണ്ഡലങ്ങളിൽ നിരവധി മാറ്റങ്ങൾക്ക് തുടക്കം കുറിച്ചു. 2016ൽ അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ ഹരിതകേരളം, ആര്‍ദ്രം, ലൈഫ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം എന്നീ ബൃഹദ് പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന നവകേരളമിഷന്‍ പദ്ധതിക്ക് രൂപം കൊടുത്തു.
പ്രകൃതിയെ സംരക്ഷിക്കുകയും കൃഷിയിൽ സ്വയംപര്യാപ്തത നേടുകയും ചെയ്യാൻ ഉപകരിക്കുന്ന ബദലാണ് ഹരിതകേരളം മിഷനിലൂടെ നടപ്പാക്കുന്നത്. മാലിന്യ സംസ്ക്കരണം, ജലസമൃദ്ധി, കാർഷികവികസനം എന്നിവ ഇണക്കിക്കൊണ്ടാണ് ഹരിതകേരളം മിഷൻ പ്രവർത്തിക്കുന്നത്. കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി സർക്കാർ നേതൃത്വത്തിൽതന്നെ തരിശുഭൂമിയിൽ കൃഷി ഇറക്കുന്നു. വൻകിട കമ്പനികളല്ല, കൃഷിക്കാരാണ് കൃഷി ചെയ്യേണ്ടത് എന്നും കൃഷിക്കാർക്ക് കൃഷി ലാഭകരമായി ചെയ്യാൻ സാധിക്കുമെന്ന് കാണിച്ചുകൊടുക്കുകയും ചെയ്യുന്നതാണ് ബദൽ.
മികച്ച ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കി ആരോഗ്യരംഗത്ത് സർക്കാർ സേവനങ്ങൾ ജനസൗഹൃദമാക്കുന്നതാണ് ആർദ്രം പദ്ധതി. ആരോഗ്യമേഖലയിൽ സ്വകാര്യ താൽപര്യങ്ങൾക്ക് വേണ്ടി കേന്ദ്ര സർക്കാരുകൾ നിലകൊളളുമ്പോൾ കേരളം പൊതു ആരോഗ്യ മേഖലയെ സ്വകാര്യ മേഖലയെക്കാൾ മികവുറ്റതാക്കുന്നു. നിപ, കോവിഡ് എന്നീ മഹാമാരികളെ പ്രതിരോധിക്കുന്നതിൽ കേരളം കാണിച്ച ജാഗ്രതയും മികവും അന്തർ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയതാണ്. കോവിഡ് ഭീതിയിലായ ജനങ്ങൾക്ക് മികച്ച സൗജന്യ ചികിത്സയും കൗൺസിലിങ്ങും സൗജന്യ വാക്സിനും നൽകി സർക്കാർ ഒപ്പമുണ്ടെന്ന ധൈര്യം പകർന്നുകൊടുത്തു. ആരോഗ്യരംഗത്തെ കേരള മാതൃക വികസത രാജ്യങ്ങളോട് കിടപിടിക്കുന്നതാണ്.
എല്ലാവർക്കും ഭവനം ഉറപ്പാക്കുന്ന ലൈഫ് മിഷൻ പദ്ധതിയാണ് മറ്റൊരു ബദൽ. രാജ്യത്താകെ വികസനത്തിന്റെ പേരില്‍ ആളുകൾക്കു ഭൂമിയും ഭവനവും നഷ്ടപ്പെടുമ്പോൾ എല്ലാവർ ക്കും ഭൂമിയും ഭവനവും ഉറപ്പാക്കുക എന്നതുകൂടിയാണ് യഥാർത്ഥ വികസനം എന്ന കാഴ്ചപ്പാടാണ് കേരള സർക്കാർ മുന്നോട്ടുവെയ്ക്കുന്നത്.
ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭ്യമാക്കുവാൻ ഉതകുന്ന ബദലാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരള സർക്കാർ അവതരിപ്പിക്കുന്നത്. സർക്കാർ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതുൾപ്പെടെയുള്ള സമഗ്ര വിദ്യാഭ്യാസപരിഷ്കാരങ്ങൾ ഇതിലൂടെ നടപ്പാക്കുന്നു. എല്ലാവർക്കും ഇന്റർനെറ്റ് ,ദരിദ്രവിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ്, മുതലായവ സർക്കാർ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ് .
2021-22 വർഷത്തെ ബജറ്റ് കേരളത്തെ ഒരു വിജ്ഞാന സമ്പദ് വ്യവസ്ഥയാക്കി മാറ്റാൻ ലക്ഷ്യമിടുന്നു. അഭ്യസ്ഥവിദ്യർക്ക് നൈപുണ്യ പരിശീലനം നൽകി ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി അവരെ ആഗോള തൊഴിൽ വിപണിയുമായി ബന്ധപ്പെടാനുള്ള പശ്ചാത്തല സൗകര്യമൊരുക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. അതിനായി ഉന്നതവിദ്യാഭ്യാസം രംഗം മികവുറ്റതാക്കണം. വിജ്ഞാന വ്യവസായങ്ങൾ അഭിവൃദ്ധിപ്പെടുത്തണം. ഇതിനായി ഉന്നത വിദ്യാഭ്യസ മേഖലയിൽ കോഴ്സുകളും പഠനസൗകര്യങ്ങളും വർദ്ധിപ്പിച്ച് നവീന മേഖലകളിൽ അറിവ് നേടാനുമുള്ള സാഹചര്യങ്ങൾ ഒരുക്കുക, കേരള ശാസ്ത്ര സാങ്കേതിതിക പാരിസ്ഥിതിക കൗൺസിലിനെയും അനുബന്ധസ്ഥാപനങ്ങളെയും ശാക്തീകരിക്കുക എന്നിവയാണ് സർക്കാർ ലക്ഷമിടുന്നത്.
2018ലും 2019ലും ഉണ്ടായ പ്രളയത്തില്‍ വലിയ നാശനഷ്ടങ്ങൾക്ക് കേരളം സാക്ഷ്യം വഹിച്ചു. ഇത് കാർഷിക മേഖലയെയും വൈദ്യുത മേഖലയെയും സാരമായ രീതിയിൽ ബാധിച്ചു. എങ്കിലും ഈ പ്രതിസന്ധിയിലും പതറാതെ, കേരള സർക്കാരിന്റെ നേതൃത്വത്തിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങളും സുരക്ഷാ നടപടികളും ലോകശ്രദ്ധ നേടി. നവകേരള സൃഷ്ടിയിലൂടെ സമൂഹത്തിലെ എല്ലാവിഭാഗത്തിനും മെച്ചപ്പെട്ട ജീവിത നിലവാരം ഉപ്പാക്കാനുള്ള അവസരമായും സർക്കാർ ഇതിനെ മാറ്റിയെടുത്തു. പുനർ നിർമ്മാണത്തിൽ പാരിസ്ഥിതിക സുരക്ഷ സംവിധാനങ്ങളും ഉന്നതനിലവാര സാങ്കേതിക വിദ്യകളും ഉപയോഗിച്ച് കൊണ്ട് കാലാവസ്ഥാ വ്യതിയാനത്തിന് അനുയോജ്യവും പുരോഗമനപരവുമായ കാഴ്ചപ്പാടാണ് സർക്കാർ മുന്നോട്ട് വച്ചിട്ടുള്ളത്.
തൊഴിലാളികൾക്ക് മാന്യമായ വേതനവും മറ്റു ആനുകൂല്യങ്ങളും നൽകി സംരക്ഷിച്ച് തൊഴിൽമേഖല നിലനിർത്തുക എന്നതാണ് വ്യവസായ മേഖലയിലെ ബദൽ. കേന്ദ്രത്തിൽ അധികാരത്തിൽ ഇരുന്ന യു .പി എ, എൻ.ഡി.എ സർക്കാരുകൾ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ച് അവയെ സ്വകാര്യവൽക്കരിക്കുന്ന നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുമ്പോൾ പൊതുമേഖലയെ ശക്തിപ്പെടുത്തുക എന്ന നയമാണ് കേരള സർക്കാർ സ്വീകരിച്ചിരിക്കുന്നത് . നഷ്ടത്തിലായിരുന്ന വ്യവസായങ്ങളെ ലാഭത്തിലാക്കുകയും കയർ, കശുവണ്ടി, കൈത്തറി തുടങ്ങിയ പാരമ്പരഗത വ്യവസായ മേഖലകളെ സംരക്ഷിച്ച് അഭിവൃദ്ധിപ്പെടുത്താനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നു. രാജ്യത്തെ വൈദ്യുതി ബോർഡുകളെ പിരിച്ച് വിടുക എന്ന നയം കേന്ദ്ര സർക്കാർ സ്വീകരിച്ചപ്പോൾ KSEB യെ പൊതുമേഖലയിൽ ഒറ്റ സ്ഥാപനമാക്കി സംരക്ഷിക്കുകയാണ് കേരളാ സർക്കാർ ചെയ്തത്. അതുകൊണ്ട് സമ്പൂർണ്ണ വൈദ്യുതീകരണം നടപ്പിലാക്കാനും ലോഡ് ഷെഡിംഗും പവർക്കട്ടും ഒഴിവാക്കാനും പ്രളയത്തിൽ താറുമാറായ വൈദ്യുതി ബന്ധം ദിവസങ്ങൾക്കുള്ളിൽ പുനസ്ഥാപിക്കാനും സാധിച്ചു. ശക്തമായ പൊതുമേഖലാ ശ്യംഖല സംസ്ഥാനത്ത് വളർത്തിക്കൊണ്ട് അതിൽ നിന്നും സംസ്ഥാനത്തിന്റെ ഉല്പാദന മേഖലക്കും സമ്പദ്ഘടനക്കും നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്ന കേരള ബദൽ മറ്റു സംസ്ഥാനങ്ങൾക്കും അനുകരണീയമാണ്.
സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനൊപ്പം പുതിയ തലമുറയുടെ ആഗ്രഹത്തിനനുസരിച്ച് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും അഞ്ചു വർഷംകൊണ്ട് ആധുനികവും ഉയർന്ന തൊഴിൽ ശേഷിയുള്ളതുമായ സമ്പദ്ഘടന കേരളത്തിൽ സൃഷ്ടിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 25 വർഷത്തിനുള്ളിൽ കേരളത്തിന്റെ ജീവിതനിലവാരം വികസിത രാജ്യങ്ങളിലേതിന് സമാനമാക്കുന്നതിനുള്ള പദ്ധതികളാണ് ആസൂത്രണംചെയ്തിട്ടുള്ളത്. കേരളത്തെ ഒരു മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുമുള്ള പരിശ്രമങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവുന്നുണ്ട്. കേരള ഇൻഫ്രാസ്റ്റ്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (KIIFB) രൂപീകരിച്ചുകൊണ്ടു അടിസ്ഥാനസൗകര്യവികസനത്തിനും മൂലധനനിക്ഷേപത്തിനുമുള്ള സാഹചര്യങ്ങൾ വർദ്ധിപ്പിച്ചു.
സാമൂഹ്യ സുരക്ഷാ പെൻഷനുകൾ തെരഞ്ഞെടുക്കപ്പെട്ടവർക്കു മാത്രം കേന്ദ്രം നൽകുമ്പോൾ കേരളം സാർവത്രികമായി ക്ഷേമ പെൻഷൻ പദ്ധതികൾ നടപ്പിലാക്കുന്നു. രാജ്യത്താകമാനം സ്ത്രീകളും കുട്ടികളും പീഡിപ്പിക്കപ്പെടുമ്പോൾ കേരളം അവർക്കു വേണ്ടി പ്രത്യേക വകുപ്പും അവർക്കുളള സുരക്ഷാ ക്രമീകരണങ്ങളും ഉണ്ടാക്കുന്നു. രാജ്യത്താകെ ട്രാൻസ്‌ജെന്ററുകളെ സമൂഹത്തിൽ നിന്നകറ്റുമ്പോൾ കേരളം അവരെ സമൂഹത്തിന്റെ മൂഖ്യധാരയിലേക്കു കൊണ്ടുവരുന്നു. കുടിയേറ്റ തൊഴിലാളികള്‍ക്ക് താമസ സൗകര്യവും ഇൻഷൂറൻസ് പരിരക്ഷയും നൽകി സമൂഹത്തിൽ മാന്യമായി ജീവിക്കാനുള്ള അവസരങ്ങൾ ഉണ്ടാക്കുന്നു. ദളിത് ആദിവാസി വിഭാഗങ്ങൾക്കു കേരളം പ്രത്യേക പരിഗണന ഉറപ്പാക്കുന്നു. പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുകയും സഹകരണമേഖലയെ സംരക്ഷിക്കുകയും ചെയ്യുന്നു. കേന്ദ്ര സർക്കാർ തൊഴിൽ നിയമ ഭേദഗതി കൊണ്ടുവന്നു നാല് കോഡുകളാക്കി മാറ്റുകയും അത് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ നിര്ബന്ധിതമാവുകയും ചെയ്ത ഘട്ടത്തിൽ തൊഴിലാളികളുമായി ചർച്ച ചെയ്തു അനുബന്ധ ചട്ടങ്ങൾ രൂപീകരിക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത് .
ജനങ്ങൾ കോവിഡ് മഹാമാരിയിൽ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുമ്പോഴും കേന്ദ്ര സർക്കാർ സ്വകാര്യ മുതലാളിമാർക്കു സൗകര്യമൊരുക്കുന്ന നയങ്ങൾ സ്വീകരിച്ചു കൊണ്ടിരിക്കുകയും വർഗീയ ഫാസിസ്റ്റു അജണ്ടകൾ നടപ്പിലാക്കാൻ ബദ്ധപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കേരള സർക്കാർ ജനക്ഷേമപരമായ കാര്യങ്ങൾ നടപ്പിലാക്കിക്കൊണ്ടു നവകേരളനിർമിതിക്കു നേതൃത്വം നൽകുന്നത്. ഈ സർക്കാരിനെ നിലനിർത്തി കേരള ബദൽ സംരക്ഷിച്ചു, മെച്ചപ്പെടുത്തി കൊണ്ട്പോകേണ്ടത് നമ്മളോരൊരുത്തരുടെയും കടമയാണ്. അതിന് വേണ്ട പ്രവർത്തനങ്ങളിൽ നാമോരുത്തരും ഭാഗമാകണം എന്ന് ഈ സമ്മേളനം ആവശ്യപ്പെടുന്നു.