പെന്‍ഷന്‍ ട്രസ്റ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാക്കുക, എന്‍പി.എസ്. പരിധിയിലെ ജീവനക്കാരെക്കൂടി നിശ്ചിതാനുകൂല്യ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക-പ്രമേയം

163

പെന്‍ഷന്‍ ട്രസ്റ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാക്കുക, എന്‍പി.എസ്. പരിധിയിലെ ജീവനക്കാരെക്കൂടി നിശ്ചിതാനുകൂല്യ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങല്‍ ഉയര്‍ത്തുന്ന പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. എറണാകുളത്ത് നിന്ന് തന്‍സീര്‍ അവതരിപ്പിച്ച പ്രമേയത്തെ തിരുവനന്തപുരത്ത് നിന്ന് രാജശേഖരന്‍ പിന്തുണച്ചു.
പ്രമേയം താഴെ കൊടുക്കുന്നു.

പെന്‍ഷന്‍ ട്രസ്റ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യവും കാര്യക്ഷമവുമാക്കുക, എന്‍പി.എസ്. പരിധിയിലെ ജീവനക്കാരെക്കൂടി നിശ്ചിതാനുകൂല്യ പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തുക.

വൈദ്യുതി നിയമം 2003ന്റെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനിയായി പുന:സംഘടിപ്പിച്ചത് 2013ലാണ്. ഇതിന്റെ ഭാഗമായി ബോര്‍ഡിന്റെ ആസ്തിബാദ്ധ്യതകള്‍ പുതിയ കമ്പനിയിലേക്ക് മാറ്റുന്നതിനോടൊപ്പം ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തുടര്‍ന്നും നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഒരു പെന്‍ഷന്‍ ആന്റ് ഗ്രാറ്റുവിറ്റി മാസ്റ്റര്‍ ട്രസ്റ്റിന് രൂപം കൊടുക്കുകയുണ്ടായി. ബോര്‍ഡ് പുന:സംഘടനയുമായി ബന്ധപ്പെട്ട് വൈദ്യുതി ബോര്‍ഡും സര്‍ക്കാരും സംഘടനകളും ഒപ്പിട്ട ത്രികക്ഷിക്കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ മാസ്റ്റര്‍ ട്രസ്റ്റ് രൂപംകൊണ്ടത്. ബോര്‍ഡ് കമ്പനിയായി മാറിയ 31-10-2013ലെ ആക്ച്യൂറിയല്‍ വാലുവേഷന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ പെന്‍ഷന്‍ ബാദ്ധ്യതയായ 12419 കോടി രൂപ കണ്ടെത്തുന്നതിന് സര്‍ക്കാരും കെ.എസ്.ഇ.ബി. ലിമിറ്റഡും ചേര്‍ന്ന് സര്‍വീസ് ചെയ്യുന്ന രണ്ടു ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുകയും ചെയ്തു.

എല്ലാ വര്‍ഷവും ആക്ച്യൂറിയല്‍ വാലുവേഷന്റെ അടിസ്ഥാനത്തില്‍ ഈ തുക പുനര്‍നിര്‍ണ്ണയിക്കുകയും അധികബാദ്ധ്യത വരുന്നുവെങ്കില്‍ അതിനാവശ്യമായ ക്രമീകരണങ്ങള്‍ സര്‍ക്കാരും കെ.എസ്.ഇ.ബി. ലിമിറ്റഡും ചേര്‍ന്ന് സ്വീകരിക്കുകയും ചെയ്യുമെന്ന് ത്രികക്ഷിക്കരാറില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എല്ലാവര്‍ഷവും ആക്ച്യൂറിയല്‍ വാലുവേഷന്‍ നടത്തുകയെന്ന നടപടി കൃത്യമായി പാലിച്ചുപോകുകയുണ്ടായില്ല. ഇപ്പോള്‍ 2020 മാര്‍ച്ചുവരെയുള്ള വ്യതിയാനങ്ങള്‍ കണക്കിലെടുത്തുകൊണ്ട് ആക്ച്യൂറിയല്‍ വാലുവേഷന്‍ നടന്നിട്ടുണ്ട്. ഇതനുസരിച്ച് ബാദ്ധ്യത 20360 കോടി രൂപയായി വര്‍ദ്ധിച്ചിട്ടുള്ളതായി കാണുന്നു. എന്നാല്‍ ആക്ച്യൂറിയല്‍ ബാദ്ധ്യത 12419 കോടി രൂപയില്‍ നിന്നും 20360 കോടി രൂപയായി വര്‍ദ്ധിച്ചു എന്ന നിലയില്‍ ഇക്കാര്യം കണക്കാക്കുന്നതില്‍ സാങ്കേതികമായി ഒരു പിശകുണ്ട്. ഒമ്പതരശതമാനത്തോളം പലിശയുള്ള ബോണ്ട് ക്രമീകരണമൊരുക്കിക്കൊണ്ട് പലിശനിരക്ക് അതിനനുസരിച്ചു കണ്ടുകൊണ്ടാണ് 2013ലെ ആക്ച്യൂറിയല്‍ വാലുവേഷന്‍ നടത്തിയിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ നടത്തിയിട്ടുള്ള വാലുവേഷന് ആധാരമായ പലിശനിരക്ക് ആറര ശതമാനമാണെന്നാണ് മനസ്സിലാക്കുന്നത്. ഈ രണ്ട് ആക്ച്യൂറിയല്‍ തുകകളും ഒരേ ഏകകത്തിലേക്ക് മാറ്റാതെ വാലുവേഷനില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് കണക്കാക്കുന്നത് ശരിയായിരിക്കില്ല. ഇപ്പോഴത്തെ വാലുവേഷനില്‍ ഇടക്കാലത്തുണ്ടായ ശമ്പള-പെന്‍ഷന്‍ പരിഷ്കരണങ്ങളുടെ ഭാഗമായ മാറ്റങ്ങള്‍ പ്രതിഫലിക്കുമെന്നതിനാല്‍ തുകയില്‍ വര്‍ദ്ധനവുണ്ടാകുമെങ്കിലും ആ വര്‍ദ്ധനവ് ഏറെ വലിയൊരു തുകയാകാന്‍ കഴിയില്ല. ഒരേ ഏകകത്തിലേക്ക് രണ്ട് വാലുവേഷനും മാറ്റുമ്പോള്‍ കൃത്യമായ തുക കണ്ടെത്തപ്പെടും. ഈ തുക കണക്കാക്കി അത് പരിഹരിക്കാന്‍ കഴിയുന്ന ഫണ്ടിംഗ് ക്രമീകരണങ്ങള്‍ നടത്താന്‍ കെ.എസ്.ഇ.ബി ലിമിറ്റഡും സര്‍ക്കാരും ബാദ്ധ്യസ്ഥമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

വൈദ്യുതി ബോര്‍ഡ് അതിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് മൂലധനവായ്പകള്‍ സ്വീകരിക്കുന്നുണ്ട്. വാര്‍ഷിക പെന്‍ഷന്‍ ചെലവുകള്‍ക്ക് ആവശ്യമായ തുകക്ക് ഉപരിയായി പെന്‍ഷന്‍ മാസ്റ്റര്‍ ട്രസ്റ്റിലേക്ക് നിക്ഷേപിക്കേണ്ട തുക പ്രത്യേകം ബോണ്ടാക്കി കെ.എസ്.ഇ.ബി. തന്നെ സൂക്ഷിക്കുന്നത് ബോര്‍ഡിന്റെ വായ്പാത്തുകയില്‍ കുറവുണ്ടാക്കുന്നതിനും ഫലപ്രദമായ ധനകാര്യ മാനേജ്മെന്റിനും സഹായകമാകുമെന്ന നിലപാടാണ് സംഘടന സ്വീകരിച്ചുപോരുന്നത്. എന്നാല്‍ ഇത്തരം നടപടികള്‍ കൃത്യമായ കണക്കുകള്‍ പ്രസിദ്ധീകരിച്ചുകൊണ്ട് സുതാര്യവും നിയാമാനുസൃതമായും നടക്കേണ്ടതുണ്ട്. എന്നാല്‍ തുക നിക്ഷേപിക്കുകയോ, ബോണ്ട് ക്രമീകരണങ്ങള്‍ സ്വീകരിക്കുകയോ കൃത്യമായ കണക്കുകള്‍ പ്രസിദ്ധീകരിക്കുകയോ ചെയ്യാതെ ജീവനക്കാരെ ആശങ്കയിലാഴ്ത്തുന്ന സമീപനമാണ് സ്ഥാപനമേധാവികളില്‍ നിന്ന് ഉണ്ടാകുന്നത്.

2013 ഏപ്രില്‍മാസം മുതല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പുതുതായി വന്നവരെ ഡിഫൈന്‍ഡ് ബെനഫിറ്റ് പെന്‍ഷന്‍ സ്കീമില്‍നിന്ന് മാറ്റുകയും നാഷണല്‍ പെന്‍ഷന്‍ സ്കീം എന്ന കോണ്‍ട്രിബ്യൂട്ടറി പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തുകൊണ്ട് അന്നത്തെ സര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി. അതനുസരിച്ച് കെ.എസ്.ബിയിലും എന്‍.പി.എസ്. നടപ്പാക്കുകയുണ്ടായി. ബോര്‍ഡിലെ മുഴുവന്‍ ജീവനക്കാര്‍ക്കും നിശ്ചിതാനുകൂല്യമുള്ള പെന്‍ഷന്‍ പദ്ധതിയില്‍ തുടരാന്‍ കഴിയണമെന്ന നിലപാടാണ് അന്നുമുതല്‍ കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ സ്വീകരിക്കുന്നത്. ത്രികക്ഷിക്കരാറിന്റെ ഭാഗമായും ഇത്തരമൊരു സമീപനം സംഘടന സ്വീകരിച്ചെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കാര്യത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ തീരുമാനം എന്താണോ അതുതന്നെ കെ.എസ്.ഇ.ബിയിലും നടപ്പാക്കും എന്ന നിലപാടാണ് സര്‍ക്കാരും കെ.എസ്.ഇ.ബിയും സ്വീകരിച്ചത്. 2016ലെ ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ എന്‍.പി.എസ്. പദ്ധതിയില്‍ നിന്നും പിന്‍മാറുന്നതിന്റേയും മുമ്പുണ്ടായിരുന്ന പെന്‍ഷന്‍ സ്കീമിലേക്ക് മുഴുവന്‍ ജീവനക്കാരേയും മാറ്റുന്നതിന്റേയും സാദ്ധ്യതകള്‍ പരിശോധിക്കാന്‍ ഒരു കമ്മീഷനെ ചുമതലപ്പെടുത്തുകയുണ്ടായി. ഈ കമ്മീഷന്‍ ഇക്കാര്യത്തിലെ പ്രായോഗിക വിഷമതകള്‍ ചൂണ്ടിക്കാട്ടി ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ തീരുമാനമൊന്നും എടുത്തിട്ടില്ല. ജീവനക്കാരുടെ സാമൂഹ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന് നിലവിലുള്ള എന്‍.പി.എസ്. അപര്യാപ്തമാണ്. അതുകൊണ്ടുതന്നെ നിശ്ചിതാനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്ന പെന്‍ഷന്‍ പദ്ധതിയിലേക്ക് തിരിച്ചുപോകുന്നതിനുള്ള തീരുമാനം എത്രയും പെട്ടെന്നുണ്ടാകണമെന്നത് സര്‍ക്കാര്‍ ജീവനക്കാരോടൊപ്പം കെ.എസ്.ഇ.ബിയിലെ തൊഴിലാളികളുടേയും ഓഫീസര്‍മാരുടേയും പ്രധാനപ്പെട്ട ആവശ്യമാണ്. ഇതോടൊപ്പം കെ.എസ്.ഇ.ബി. ലിമിറ്റഡില്‍ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്ഥമായി പെന്‍ഷന്‍ മാസ്റ്റര്‍ ട്രസ്റ്റ് നിലനില്‍ക്കുന്നുണ്ട് എന്നത് പരിഗണിച്ച് 2013നുശേഷം സര്‍വീസില്‍ വന്ന ജീവനക്കാരേയും ഈ മാസ്റ്റര്‍ ട്രസ്റ്റിന്റെ ഭാഗമായി പരിഗണിക്കാന്‍ കഴിയുമോ എന്ന പരിശോധനയും നടക്കേണ്ടതുണ്ട്.

ഈ സാഹചര്യത്തില്‍ പെന്‍ഷന്‍ മാസ്റ്റര്‍ ട്രസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട് കെ.എസ്.ഇ.ബി. ലിമിറ്റഡിലെ ജീവനക്കാര്‍ക്കിടയിലുള്ള ആശങ്കകള്‍ അകറ്റുന്നതിന് ട്രസ്റ്റിന്റെ നടത്തിപ്പ് സുതാര്യമാക്കാനും ആക്ച്യൂറിയല്‍ കണക്കുകള്‍ ഏകീകരിച്ചുകൊണ്ട് ആക്ച്യൂറിയല്‍ വ്യത്യാസം തിട്ടപ്പെടുത്താനും അതനുസരിച്ചുള്ള ഫണ്ടിംഗ് ക്രമീകരണങ്ങള്‍ സ്വീകരിക്കാനും കമ്പനി മാനേജ്മെന്റ് തയ്യാറാകണമെന്നും വാര്‍ഷിക പെന്‍ഷന്‍ ചെലവുകള്‍ക്കതീതമായി ട്രസ്റ്റിന് ലഭിക്കേണ്ട തുകകളുടെ കൃത്യമായ കണക്കുകള്‍ തയ്യാറാക്കാനും അതനുസരിച്ചുള്ള തുകയോ ബോണ്ടോ നല്‍കിക്കൊണ്ട് ബാദ്ധ്യത സര്‍വീസ് ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താനും എന്‍.പി.എസ്. പരിധിയിലെ ജീവനക്കാരെക്കൂടി ട്രസ്റ്റിന്റെ ഭാഗമായി മാറ്റി അവര്‍ക്കുകൂടി നിശ്ചിതാനുകൂല്യ പെന്‍ഷന്‍ ലഭ്യമാക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കാനും തയ്യാറാകണമെന്ന് കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്റെ 22–ാം സംസ്ഥാനസമ്മേളനം കെ.എസ്.ഇ.ബി. ലിമിറ്റഡിനോടും സര്‍ക്കാരിനോടും ആവശ്യപ്പെടുന്നു.