ചില വനിതാദിന ചിന്തകള്‍

928

വിവേചനങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരെ സധൈര്യം പ്രതികരിച്ചതിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഓരോ വനിതാദിനവും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരേയുള്ള അതിക്രമങ്ങള്‍ ദേശീയതലത്തില്‍ വര്‍ദ്ധിച്ചുവരുന്നു. എല്ലാ പൊതു ഇടങ്ങളിലും തുല്യനീതി ഉറപ്പാക്കുന്നതിനാവശ്യമായ പോരാട്ടങ്ങള്‍ക്കു സമയമായി. സ്ത്രീ ശക്തയാകുമ്പോള്‍ കുടുംബവും അതിലൂടെ സമൂഹവും ശാക്തീകരിക്കപ്പെടുന്നു. സ്ത്രീയുടെ അന്തസ്സുറ്റ ജീവിതം ഉറപ്പുവരുത്തുകയെന്നത് കേവലം സ്ത്രീകളുടെയോ സംഘടനകളുടേയോ ചുമതലയല്ല. പൊതു സമൂഹത്തിന്റെ കൂട്ടായ ഇടപെടലുകളാണ് ശക്തിപ്പെടേണ്ടത്.
പെണ്ണ് മിണ്ടിയാല്‍ വാളെടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. സോഷ്യല്‍ മീഡിയയും ഏറെക്കുറെ സ്ത്രീവിരുദ്ധമായിക്കൊണ്ടിരിക്കുന്നുവെന്ന് സമകാലീന സംഭവങ്ങള്‍ തെളിയിക്കുന്നു. സിനിമാ മേഖലയിലെ സ്ത്രീവിരുദ്ധതയെ കുറിച്ചു പറഞ്ഞതിന് പാര്‍വതിയെന്ന കഴിവുറ്റ അഭിനേത്രി എത്രമാത്രം അപമാനിക്കപ്പെട്ടുവെന്ന് നാം കണ്ടതാണ്. റിമാ കല്ലിംഗലിനും കടുത്ത അവഹേളനമാണ് നേരിടേണ്ടി വന്നത്. പ്രതികരിക്കുന്ന സ്ത്രീകളുടെ നാവടപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മിണ്ടാതിരിക്കുവാനും മറന്നു കളയാനും കേട്ടു ശീലിച്ചവര്‍ നിവൃത്തികേടിന്റെ അങ്ങേയറ്റത്തെത്തുമ്പോള്‍ പ്രതികരിക്കാതെ വയ്യ. സ്ത്രീ സ്വാതന്ത്ര്യത്തെപ്പറ്റി സംസാരിക്കുന്ന പുരുഷനെ രണ്ട് കയ്യും നീട്ടി സ്വീകരിക്കുമ്പോള്‍ അതേ നിലപാടെടുക്കുന്ന സ്ത്രീയെ ആക്ഷേപിക്കുന്നു. സ്ത്രീ ആഗ്രഹിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമാണ്, അവളെ ഉള്‍ക്കൊള്ളാനുള്ള വിശാലമായ മനസ്സാണ്.
ഐക്യരാഷ്ട്രസഭയുടെ തലവന്‍ അന്റോണിയോ ഗട്ടേര്‍സിന്റെ അഭിപ്രായത്തില്‍ സ്ത്രീശാക്തീകരണവും തുല്യതയും മനുഷ്യാവകാശത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയാണ്. World Economic Forum 2017 Gender Gap Report അനുസരിച്ച് തുല്യത ഇനിയും 200 വര്‍ഷം അകലെയാണ്. 2011ലെ സെന്‍സെസ് പ്രകാരം സ്ത്രീ ലിംഗ അനുപാതം കേരളത്തില്‍ 1058/1000 ആണ്. ദേശീയ ശരാശരി 940/1000 ആണ്. നീതി ആയോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം ലിംഗാനുപാതത്തിന്റെ ദേശീയ ശരാശരി 2014ല്‍ 906 ആയിരുന്നത് 2015ല്‍ 900വും 2016ല്‍ 898ഉം ആയി കുറഞ്ഞിട്ടുണ്ട്. ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് പെണ്‍കുഞ്ഞുങ്ങള്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ കൊല്ലപ്പെടുന്നുവെന്നാണ്. ഈ അവസ്ഥയില്‍ ലിംഗസമത്വം നേടുകയെന്നത് എത്ര ശ്രമകരമാണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.
മലയാളി വീട്ടമ്മയ്ക്ക് നാണക്കേടുണ്ടാക്കിയ ഒരു പഠനം കൂടി നാം ശ്രദ്ധിക്കാതെ പോകരുത്. 4ാം കുടുംബ ആരോഗ്യ സര്‍വേയുടെ ഭാഗമായി 15നും 49നും മധ്യേ പ്രായമുള്ള ആളുകളില്‍ ഗാര്‍ഹിക പീഡനത്തെക്കുറിച്ച് പഠനം നടത്തിയിരുന്നു. അത് പ്രകാരം 69% മലയാളി വീട്ടമ്മമാര്‍ക്കും ഗുരുതരമാകാത്ത തരത്തില്‍ ഭര്‍ത്താവിന്റെ പീഡനം ഏല്‍ക്കുന്നതില്‍ എതിര്‍പ്പില്ല എന്നു മാത്രമല്ല അനുകൂലിക്കുകയും ചെയ്യുന്നു. പിന്തുണയ്ക്കുന്ന പുരുഷന്മാരുടെ എണ്ണം 58% ആണ്; ദേശീയ ശരാശരി 52% ഉം. സഞ്ചാര സ്വാതന്ത്ര്യത്തിലും കേരളം പിന്നിലാണ്. തനിച്ചു യാത്ര ചെയ്യുന്ന സ്ത്രീകള്‍ 12% മാത്രമാണ്. സ്വന്തമായി പണം വിനിയോഗിക്കുന്ന സ്ത്രീകള്‍ 40% മാത്രമേയുള്ളുവെന്നും ഈ സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം ഉള്‍ക്കൊണ്ടു വേണം നമ്മള്‍ ലിംഗസമത്വത്തിനായുള്ള സമ്മര്‍ദ്ദവുമായി സധൈര്യം മുന്നേറേണ്ടത്.
Press for progress എന്ന സന്ദേശം തൊഴിലെടുക്കുന്ന സ്ത്രീകളില്‍ വലിയ ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. അവരാണ് മാറ്റത്തിനു വേണ്ടി മുന്നിട്ടിറങ്ങേണ്ടത്. പഠനങ്ങള്‍ കാണിക്കുന്നത് ജോലിസ്ഥലത്ത് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ നല്ലൊരു ശതമാനം സ്ത്രീകള്‍ മടിക്കുന്നതായാണ്. സ്ത്രീകള്‍ ആത്മവിശ്വാസക്കുറവ് അനുഭവിക്കുന്നുണ്ടത്രേ. ജോലികള്‍ മടികൂടാതെ ഏറ്റെടുക്കാനും അവ ഭംഗിയായി നിര്‍വ്വഹിക്കാനും ഉദ്യോഗസ്ഥകള്‍ തയ്യാറാകണം. തൊഴില്‍ രംഗത്ത് ക്രിയാത്മകമായി ഇടപെടണം.
40 വയസ്സു കഴിയുമ്പോഴേക്കും സ്ത്രീകളുടെ ആരോഗ്യം കുത്തനെ ക്ഷയിക്കുന്നതായി കാണുന്നു. കുടുംബത്തിനു വേണ്ടി തന്റെ ജീവിതം കളഞ്ഞുകുളിക്കുന്നു. കുടുംബം ഒരു കൂട്ടായ്മയാണ്. താന്‍ മാത്രം അരഞ്ഞും കത്തിയും തീരുന്നതിനു പകരം എല്ലാവരേയും കൂട്ടിച്ചേര്‍ത്തു ജീവിക്കാനാണ് ശ്രമിക്കേണ്ടത്. തന്റെ സ്വപ്നങ്ങളെ കുടുംബത്തിനുള്ളിലേക്ക് ചുരുക്കാതെ തന്റെ സ്വപ്നങ്ങളിലേക്ക് കുടുംബത്തെ വളര്‍ത്താനാണ് പരിശീലിപ്പിക്കേണ്ടത്. കുടുംബങ്ങള്‍ സ്നേഹവും തുല്യതയും ജനാധിപത്യവും ജ്ഞാനവും വിളയുന്ന ഇടങ്ങളാക്കി മാറ്റിപ്പണിയുക.
പെണ്‍ഭൂണഹത്യ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ നമ്മുടെ പെണ്‍കുട്ടികള്‍ പിറവിയെടുക്കാന്‍ പോലും മല്‍സരിക്കണം. മുന്നേറ്റത്തിനായുള്ള സമ്മര്‍ദ്ദം അവിടെ തുടങ്ങണം. പിന്നെ വിദ്യാഭ്യാസത്തിനായി, അവസരങ്ങള്‍ക്കായി, അംഗീകരിക്കപ്പെടാന്‍, സര്‍വ്വോപരി സ്വന്തം സുരക്ഷയ്ക്കായി പോരാടേണ്ടിയിരിക്കുന്നു.
സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കുക. സമൂഹത്തിന്റെ വിവിധ തട്ടുകളില്‍ നടക്കുന്ന സ്ത്രീ മുന്നേറ്റങ്ങളോട് ചേര്‍ന്ന് നില്‍ക്കുക. ഊര്‍ജ്ജം ഉള്‍ക്കൊള്ളുക.