മെച്ചപ്പെട്ട തൊഴിലവകാശങ്ങൾക്കും വോട്ടവകാശത്തിനുമായി വർഷങ്ങൾക്ക് മുമ്പ് ന്യൂയോർക്കിലെ തുന്നൽ തൊഴിലാളികളായ വനിതകൾ നടത്തിയ ചരിത്രം കണ്ട ഏറ്റവും വലിയ പ്രക്ഷോഭത്തെ ഓർമ്മിപ്പിക്കുന്ന ദിനം.
ആരുടെയും അടിമകളല്ല വനിതകളെന്നും മാന്യമായ തൊഴിലിനും കൃത്യമായ തൊഴിൽ സമയത്തിനും ന്യായമായ കൂലിക്കും, പ്രസവാവധിയടക്കമുള്ള ആനുകൂല്യങ്ങൾക്കും, വോട്ടവകാശത്തിനും സ്ത്രീകൾക്കും അവകാശമുണ്ടെന്ന് പ്രഖ്യാപിച്ച് ജീവൻ പോലും ത്യജിക്കാൻ തയ്യാറായി പ്രക്ഷോഭം നടത്തിയതിൻ്റെ സ്മരണ പുതുക്കുന്ന ദിവസം.
കാലങ്ങളായി തുടർന്നു വരുന്ന പുരുഷമേധാവിത്വ സമ്പ്രദായങ്ങളെ ഉടച്ച് വാർക്കാനും സ്ത്രീകളെ വെറും ഉപഭോഗവസ്തുക്കളായിക്കാണുന്ന നവ ഉദാരവത്കരണ ആശയങ്ങളെ പ്രതിരോധിക്കാനും നാം ഏവരും സ്വപ്നം കാണുന്ന സമത്വസുന്ദര സാഹചര്യങ്ങൾ സഫലമാക്കാനും ഓരോരുത്തരുടെയും ബോധപൂർവ്വമായ ഇടപെടലുകൾ അത്യാവശ്യമായി വന്നിരിക്കുകയാണ്.
വനിത തൊഴിലാളികൾക്ക് എന്നും ആവേശം പകരുന്ന ഈ ചരിത്ര പേരാട്ടങ്ങളെ ഓർത്തുകൊണ്ട് അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി കെ.എസ്.ഇ.ബി ഓഫിസേഴ്സ് അസോസിയേഷൻ, കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ വൈദ്യുതി ജീവനക്കാരുടെ വനിതാ ദിനാഘോഷം 7.3. 2020 ശനിയാഴ്ച കണ്ണൂർ വൈദ്യുതി ഭവനിൽ നടന്നു. കെ.ജി.ഒ എ വൈസ് പ്രസിഡന്റ് ഡോ. കെ.വി വൽസല ഉദ്ഘാടനം ചെയ്തു. സാമൂഹ്യ പ്രവർത്തക കെ.പി പി പ്രീത മുഖ്യ പ്രഭാഷണം നടത്തി. കെ എസ് ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം ഷമ്മി .ടി അധ്യക്ഷത വഹിച്ചു. വർക്കേഴ്സ് അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗം അജിത സി സ്വാഗതം പറഞ്ഞു. ഉത്തര മലബാർ വിതരണ വിഭാഗം ചീഫ് എഞ്ചിനീയർ ആർ.രാധാകൃഷ്ണൻ വനിതാ ദിന സന്ദേശം നൽകി. ഡപ്യൂട്ടി ചീഫ് എഞ്ചിനീയർ പ്രേംകുമാർ പി.കെ, ശ്രീലാകുമാരി എ.എൻ, പ്രീജ.പി തുടങ്ങിയവർ സംസാരിച്ചു. സീ ന.കെ നന്ദി പറഞ്ഞു
തുടർന്ന് കാവ്യശില്പം – ഇന്ത്യയുടെ മകൾ – കെ.എസ് ഇ.ബി ഓഫിസേഴ്സ് അസോസിയേഷന്റെ സ്വന്തം കലാകാരികൾ എന്താണ് വനിതാദിന സന്ദേശം എന്നത് പകർന്ന് നൽകി ഉജ്വലമാക്കി. ഗാനമേളയുമായി എത്തിയത് കൾച്ചറൽ സബ് കമ്മിറ്റിയുടെ സ്കോപ്പ് ക്ലബിന്റെ ഗായകർ. ധന്യമായ കലാസന്ധ്യ – ഈ വർഷത്തെ വനിതാദിനാഘോഷത്തെ കണ്ണൂരിലെ വൈദ്യുതി ജീവനക്കാരുടെ കൂട്ടായ്മ നെഞ്ചേറ്റിയത്