വനിതാ ദിനം 2020 ആഘോഷപൂർവ്വം കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെ കോഴിക്കോട് ജില്ലാ വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ 07.03.2020 ന് കോഴിക്കോട് വൈദ്യുതഭവനാങ്കണത്തിൽ വച്ച് നടത്തപ്പെട്ടു. വനിതാ സബ് കമ്മറ്റി ചെയർപേഴ്സണും അസോസിയേഷന്റെ ജില്ലാ കമ്മറ്റി അംഗവുമായ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി ലത. കെ.ആർ ന്റെ അധ്യക്ഷതയിലാരംഭിച്ച ചടങ്ങുകൾ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റി അംഗമായ അസിസ്റ്റൻറ് എക്സിക്യുട്ടീവ് എഞ്ചിനീയർ ശ്രീമതി രശ്മി.എസ് സ്വാഗതം പറഞ്ഞാരംഭിച്ചു.

അഡീഷണൽ ഗവൺമെന്റ് പ്ലീഡർ & പബ്ലിക്ക് പ്രോസിക്യൂട്ടറായ അഡ്വ: പി.എം.ആതിര ഉത്ഘാടനം ചെയ്ത് സംസാരിച്ചു. സ്ത്രീകളെ മനുഷ്യനായ്കരുതാൻ ആരംഭിച്ച പ്രക്ഷോഭങ്ങൾ ലോകത്ത് ഫ്രഞ്ച് വിപ്ലവകാലത്തെ ചരിത്രം മുതൽ പരിശോധിച്ചാൽ കാണാമെന്നും ഇന്ന് കാണുന്ന പുരോഗതിയുടെ നെടുംതൂൺ ഭരണഘടനയാണെന്നും എടുത്തു പറഞ്ഞാരംഭിച്ച വാക്കുകൾ ആണുങ്ങളുടെ അത്ര പല്ല് പെണ്ണുങ്ങൾക്കില്ലെന്ന് അരിസ്റ്റോട്ടിലുൾപ്പെടെ കണക്കാക്കിയിരുന്നു എന്നതുൾപ്പെടെ ഓർമ്മിപ്പിച്ചു, ശാസ്ത്ര പുരോഗതിയിലൂടെ MRI സ്കാനും മറ്റും നടത്തി തലച്ചോറിൽ പോലും പെണ്ണൊട്ടുംപുറകിലല്ല എന്ന് കണ്ടെത്തിയിട്ടും തിരിച്ചറിവില്ലാത്തവർ ഇന്നും നിലനിൽക്കുന്നു. രാജ്യം ഇന്നുവരെ കണ്ടിട്ടില്ലാത്ത സമരങ്ങൾ നടക്കുന്ന ഈ സമയത്ത് ആർക്കാണ് സമത്വം എന്താണ് സമത്വം എന്നതിന്റെ ഉത്തരം അതിപ്രധാനമാണെന് ഉത്ഘാടക അടിവരയിട്ടു പറഞ്ഞു. അതിനുള്ള ഉത്തരം പ്രകാശം പരത്തുന്ന വാചകമായി ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 14 ൽ പറയുന്നു. പൗരത്വ രേഖചോദിച്ച് പൗരെന്റ തുല്യതയെക്കുറിച്ചല്ല മനുഷ്യന്റെ തുല്യതെക്കുറിച്ചാണത് പറയുന്നത്. ആർട്ടിക്കിൾ 15ൽ വിവേചനം അവസാനിപ്പിക്കാൻ പറയുന്നു. അഞ്ച് കാര്യങ്ങളിൽ വിവേചനം അരുതെന്നടിവരയിടുന്നു മതത്തിന്റെ, ജാതിയുടെ, സംസാരിക്കുന്ന ഭാഷയുടെ, ലിംഗവ്യത്യാസത്തിന്റെ, ജീവിക്കുന്ന പ്രദേശത്തിന്റെ അടിസ്ഥാത്തിൽ വിവേചന മരുതെന്നിത് ഊന്നി പറയുന്നു തുടങ്ങി വളരെ ആവേശം കൊള്ളിച്ച വിജ്ഞാനപ്രദമായ പ്രസംഗമായിരുന്ന ഉത്ഘാടകയുടേത്.

അസോസിയേഷൻ മുൻ സംസ്ഥാന സെക്രട്ടറിയും വൈദ്യുത വകുപ്പു മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായ ശ്രീ.എം.ജി.സുരേഷ് കുമാർ EEFI യുടെ പേരിൽ ആശംസകളർപ്പിച്ചു. “നിർഭയ എന്തിന് രാത്രി പുറത്ത് പോയി” എന്നു ചോദിക്കുന്ന സ്ത്രീകളുൾപ്പെടുന്ന ഒരു സമൂഹത്തിന്റെ ഭാഗം ഉണ്ടെന്നതാണ് ശരിയായ ഭീകരത എന്നദ്ദേഹം എടുത്തു പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരെ അനുഭാവം പ്രകടിപ്പിക്കുമ്പോഴും പാക്കിസ്ഥാനിൽ അങ്ങനെയല്ലേ എന്ന് സമീകരിച്ച് മുടന്ത് ന്യായം കണ്ടെത്താനുള്ള ശ്രമം പലരുടെയുമുളളിലുണ്ട്, സമത്വമെന്നത് അത്ര എളുപ്പം ദഹിക്കുന്ന ഒന്നല്ല, എന്നാൽ പുറത്തുള്ളതിലേറെ പോരാട്ടം അവനവനകത്തും നടത്തി അത് ദഹിപ്പിച്ചെടുക്കേണ്ടത് അത്യാവശ്യമാണെന്നും അങ്ങനെ ഓരോരുത്തരും സ്വയം ശുദ്ധീകരിക്കണമെന്നും ആഹ്വാനം ചെയ്തു.

കെ.എസ്.ഇ.ബി.ഒഫീസേഴ്സ് അസോസിയേഷന്റെ ജില്ലാ പ്രസിഡന്റ് ശ്രീ കൃഷ്ണൻകുട്ടി ആശംസകളർപ്പിച്ച് തുല്യത തിരിച്ചുപിടിക്കേണ്ടതിന് പൊതുഇടങ്ങളിലെ പ്രതിരോധ മേഖലകൾ ശക്തിപ്പെടുത്തണമെന്നും അതിൽ നമ്മളുമുണ്ടാവണമെന്ന് അഭിപ്രായപ്പെട്ടു. ഇലക്ട്രിസിറ്റി വർക്കേഴ്സ് അസോസിയേഷനു വേണ്ടി ഡിവിഷണൽ ഭാരവാഹി ശ്രീമതി സന്ധ്യ കെ.എ. എന്നിവരും ആശംസകളർപ്പിച്ചു.

തുടർന്ന് വനിതാദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട ചിത്രരചനാ മത്സര വിജയികളുടെ സമ്മാനദാനം മുഖ്യാതിഥിയും ഉത്ഘാടകയുമായ ശ്രീമതി പി.എം.ആതിരയും, ശ്രീ എം.ജി.സുരേഷ് കുമാറും നടത്തി.

“ഇന്ത്യയുടെ മകൾ” എന്ന കാവ്യശില്പം ഒരു സ്ത്രീ മകളായ് പിറന്ന് വളർന്ന് വരുന്നതിനിടയിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ അവതരിപ്പിച്ചത് കാണികൾക്ക് തികച്ചും ആസ്വാദ്യകരവും വനിതാ ദിനത്തിന് ഏറ്റവും അനുയോജ്യവുമായി. അരുത് അരുത് എന്ന് പഠിപ്പിച്ചല്ല പെൺകുട്ടികളെ വളർത്തണ്ടതെന്നും, എനിക്കിഷ്ടമല്ലെന്നാൽ ഇഷ്ട്ടമല്ലെന്നു തന്നെയാണതിനർത്ഥമെന്നും, നിന്റെ അധികാരമാണ് നിൻ ശരീരമെന്നുമുള്ള വാക്കുകളടങ്ങിയ ഗാനം ആവേശഭരിതമാക്കി. ശ്രീമതി. ജിജി.പി, ഉഷ ടി.എസ്, തൃപ്തി ലക്ഷമൺ, സജി, ശ്രീജ എസ് പിള്ള, ഒലീന പറക്കാടൻ, മണി എന്നിവരും ശ്രീ. അഫ്സൽ, റിഥിൻ റാം, വിപിൻ, ഭരത് ശ്യാം എന്നിവരുമാങ്ങിയ അസോസിയേഷൻ മെമ്പർമാരും ശീമതി സജിയുടെ മകളായ കുമാരി അമേയ എന്ന കൊച്ചു മിടുക്കിയും കാവ്യശില്പം ഗംഭീരമാക്കി.

അസോസിയേഷൻ വനിതാ പ്രതിനിധി ശ്രീമതി ഡെയ്സി കവിത അവതരിപ്പിച്ചു, വനിതാ കമ്മറ്റി കൺവീനർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ശ്രീമതി ഉഷ ടി.എസ്. നന്ദി പ്രകടനം നടത്തി പരിപാടികൾ അവസാനിപ്പിച്ചു.