ഓടരുതമ്മാവാ ആളറിയാം

224

മറയത്തിരുന്നു കളി മടുത്തിട്ടാകാം ജൂണ്‍ 30ലെ മലയാള മനോരമയില്‍ കെ.എസ്.ഇ.ബി. മുന്‍ സി.എം.ഡി. ബി. അശോക് നേരിട്ട് രംഗത്തെത്തിയിട്ടുണ്ട്. തികച്ചും വ്യക്തിപരം എന്ന ജാമ്യത്തോടെ അദ്ദേഹവും സി.പി. ജോര്‍ജ്ജും ചേര്‍ന്ന് എഴുതിയ ലേഖനത്തില്‍ സംഘടനകളെ കുറ്റം പറയാനാണ് പ്രധാനമായും ശ്രദ്ധിച്ചിട്ടുള്ളത്. എ.ഐ. ക്യാമറ വന്നു, ഡിജിറ്റല്‍ യൂണിവേര്‍സിറ്റി വന്നു, സ്മാര്‍ട്ട് മീറ്റര്‍ മാത്രമെന്തേ വരുന്നില്ല എന്നു പറഞ്ഞുകൊണ്ടാണ് ഈ ലേഖനത്തിന്റെ ആരംഭം. കെ.എസ്.ഇ.ബി.യില്‍ സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിന് സംഘടനകള്‍ അനുവദിക്കാത്തതിന്റെ പേരില്‍ ഭാവിയില്‍ 10,000 കോടി രൂപയുടെ ബാദ്ധ്യത ഉണ്ടാകും എന്നാണ് കരയുന്നത്. ഇപ്പോള്‍ നടന്ന ടെണ്ടറില്‍ മീറ്ററിന് 9400 രൂപ വെച്ച് 12,000 കോടിരൂപയിലേറെ തുകയുടെ ബാധ്യത ജനങ്ങളുടെ തലയില്‍ വരുന്നത് ലേഖകര്‍ കാണുന്നില്ല. ഇതിരിക്കേയാണ് ലേഖകര്‍ തന്നെ പറയുന്നത് ഭാവിയില്‍ 10,000 കോടിരൂപയുടെ ബാധ്യതയേ വരൂ എന്ന്. അതായത് ഇപ്പോഴത്തെ ടെണ്ടര്‍ ഉപേക്ഷിച്ചാല്‍ 2000-2500 കോടി രൂപ ലാഭം വരുമെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. ലേഖനത്തിലെ അടുത്ത ഖണ്ഡികയാണ് അതിലും മെച്ചപ്പെട്ടത്. കേന്ദ്രം നല്‍കുന്ന സബ്സിഡി ആകാശത്തുനിന്ന് പൊട്ടിവീഴുന്നതല്ല എന്നും മലയാളിക്കും അവകാശപ്പെട്ടതാണെന്നുമാണ് പറഞ്ഞു വെക്കുന്നത്. അതുതന്നെയാണ് സംഘടനകളും പറഞ്ഞത്. സംസ്ഥാനത്തിന് അവകാശപ്പെട്ടതാണ് സബ്സിഡി എന്ന്. അതുകൊണ്ട് അതു നല്‍കാന്‍ സ്വകാര്യവല്‍ക്കരണം അടിച്ചേല്‍പ്പിക്കുന്നത് സമ്മതിക്കാനാകില്ലെന്ന്. അശോകനും ജോര്‍ജിനും ഇക്കാര്യത്തില്‍ അഭിപ്രായമില്ല. സംസ്ഥാനത്തിന് അവകാശപ്പെട്ട ധനസഹായം നേടാന്‍ കേന്ദ്രസര്‍ക്കാര്‍ വെക്കുന്ന നിബന്ധനയൊക്കെ അംഗീകരിച്ച് റാന്‍ മൂളി നില്‍ക്കണം എന്നാണ് അവര്‍ ആവശ്യപ്പെടുന്നത്. ഈ “റാന്‍ മൂളല്‍” അശോകന് വളരെ പ്രധാനമാണ്. അങ്ങേര്‍ക്കുമുന്നില്‍ സംഘടനകള്‍ റാന്‍ മൂളിയില്ല എന്നതായിരുന്നല്ലോ അദ്ദേഹത്തിന്റെ കോപാവേശത്തിന് കാരണമായത്. (പശുവും ചത്തു, മോരിലെ പുളിയും പോയി, എന്നിട്ടും… )അടുത്ത കണ്ടുപിടുത്തമാണ് അതിലേറെ ഗംഭീരം. സിഡാക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ചാല്‍ ഏതോ ഒരു കുത്തക കമ്പനിക്ക് കീഴടങ്ങേണ്ടി വരും എന്നാണ് പറഞ്ഞുവെച്ചിരിക്കുന്നത്. സിഡാക്ക് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത് കേന്ദ്ര ധനസഹായത്തോടെ ചെയ്ത ഒരു പ്രോജക്ടിന്റെ ഭാഗമായി കെ.എസ്.ഇ.ബിയെ End User ‍ ആയി നിശ്ചയിച്ചുകൊണ്ടാണ്. അതുകൊണ്ട് ആ സാങ്കേതിക വിദ്യ ചെലവില്ലാതെ കെ.എസ്.ഇ.ബി.ക്ക് കൈമാറാന്‍ അവര്‍ തയ്യാറാണ്. ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ മീറ്റര്‍ നിര്‍മ്മിച്ചെടുക്കാം എന്നതാണ് സംഘടനകള്‍ മുന്നോട്ടുവെച്ച ബദല്‍. ഇതിന് സമയമെടുക്കുന്നുവെങ്കില്‍ ഓപ്പണ്‍ ടെണ്ടറില്‍ മീറ്റര്‍ വാങ്ങാമെന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ ടോട്ടക്സ് മാതൃകയില്‍ വൈദ്യുതി ബോര്‍ഡിന്റെ റവന്യൂ പ്രവര്‍ത്തനങ്ങളെ ആകെ സ്വകാര്യ കമ്പനികള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കാന്‍ സമ്മതിക്കില്ല എന്നതില്‍ സംശയമില്ല. എത്ര വെള്ള പൂശിയാലും അത് അനുവദിക്കാന്‍ സംഘടനകള്‍ക്ക് ആകില്ല. കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യ വല്‍ക്കരണ അജണ്ടക്ക് എതിരായ ശക്തമായ നിലപാടാണ് സംഘടനകള്‍ സ്വീകരിച്ചിരിക്കുന്നത്. അല്ലാതെ സ്മാര്‍ട്ട് മീറ്ററിന് എതിരല്ല. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി സംബന്ധിച്ച് സംഘടനകളുടെ നിര്‍ദ്ദേശങ്ങള്‍ പഠിക്കാന്‍ നിശ്ചയിച്ച വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ടിനെ കുറിച്ച് ആ റിപ്പോര്‍ട്ടില്‍ ഇല്ലാത്ത സംഗതിയാണ് ലേഖനത്തില്‍ അടുത്തതായി ക്വോട്ട് ചെയ്യുന്നത്. കെ.എസ്.ഇ.ബി. ചെലവ് സ്വയം കണ്ടെത്തുന്നതിനെ സമിതി എതിര്‍ത്തു എന്നാണ് അശോകനും ജോര്‍ജ്ജും കൂടി കണ്ടെത്തിയിട്ടുള്ളത്. സമിതി സംഘടനകളുടെ നിര്‍ദ്ദേശം അംഗീകരിക്കുകയാണ് ചെയ്തത്. എന്നാല്‍ അതിന് കേന്ദ്രത്തില്‍ നിന്ന് ഒരു വര്‍ഷത്തെ സാവകാശം വാങ്ങേണ്ടി വരും. ഇനി നിലവിലെ ടെണ്ടര്‍ അനുസരിച്ച് പോയാലും കാലാവധി നീട്ടി വാങ്ങാതെ പദ്ധതി നടപ്പാവില്ല എന്നും സമിതി അവരുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റിപ്പോര്‍ട്ടിലില്ലാത്ത ഒരു കണ്ടെത്താല്‍ സ്വയം കണ്ടെത്തിയ ലേഖകര്‍ക്ക് അതിന് എന്തെങ്കിലും സ്പെഷ്യല്‍ അവാര്‍ഡ് നല്‍കണം. സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കുന്നതിന്റെ ഗുണങ്ങളാണ് അടുത്ത രണ്ടു ഖണ്ഡികകളില്‍ ഉള്ളത്. സ്മാര്‍ട്ട് മീറ്റര്‍ നടപ്പാക്കുന്നതിന് ഗുണങ്ങളില്ല എന്ന് ഒരു സംഘടനയും പറഞ്ഞിട്ടില്ല. പക്ഷേ ആ ഗുണങ്ങളും ചെലവും അതുണ്ടാക്കുന്ന പ്രശ്നങ്ങളുമൊക്കെ കണക്കിലെടുത്ത് നേട്ട കോട്ട വിശ്ലേഷണം നടത്തി വേണമല്ലോ ഒരു പദ്ധതി നടപ്പാക്കാന്‍. സംസ്ഥാനം വൈദ്യുതി മേഖലയില്‍ ഇന്ന് നേരിടുന്ന പ്രധാന പ്രതിസന്ധി ഗുണമേന്‍മയുള്ള വൈദ്യുതി ഇടതടവില്ലാതെ എല്ലാവര്‍ക്കും എല്ലായിടത്തും എത്തിക്കാനാകുന്നില്ല എന്നതാണ്. വൈദ്യുതി ലഭ്യതയില്‍ കുറവുണ്ട്. പലപ്പോഴും ശരിയായ വോള്‍ട്ടേജ് ഉറപ്പുവരുത്താന്‍ കഴിയുന്നില്ല. ഉപഭോഗം വര്‍ദ്ധിക്കുമ്പോള്‍ അത് എങ്ങിനെ മാനേജ് ചെയ്യും എന്നതിലും പ്രതിസന്ധിയുണ്ട്. ഇക്കാര്യങ്ങളൊക്കെയാണ് മുന്‍ഗണനകൊടുത്ത് ചെയ്യേണ്ടത്. അളവുപാത്രം സ്മാര്‍ട്ടാക്കലല്ല ആദ്യ മുന്‍ഗണനയില്‍ വരേണ്ടത്. സ്മാര്‍ട്ട് മീറ്റര്‍ ആകാം. പക്ഷേ അത് ഘട്ടം ഘട്ടമായി പൊതുമേഖലയില്‍ നടപ്പാക്കണം. വൈദ്യുതി ഗുണമേന്‍മയോടെ താങ്ങാവുന്ന നിരക്കില്‍ എല്ലാവര്‍ക്കും കിട്ടാന്‍ പ്രസരണ വിതരണമേഖലയുടെ ശേഷി വര്‍ദ്ധനവ് അടക്കം അടിയന്തിരമായി ചെയ്യേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. അതൊന്നും ശ്രദ്ധിക്കാതെ സ്മാര്‍ട്ട് മീറ്റര്‍ കച്ചവടത്തിന് ഒത്താശ പാടുന്നവരുടെ ഉദ്ദേശം ആര്‍ക്കാണ് മനസ്സിലാകാത്തത്. ഓടരുതമ്മാവാ ആളറിയാം എന്നേ പറയാനുള്ളൂ.

-ഡോ.എം.ജി.സുരേഷ് കുമാർപ്രസിഡൻ്റ്, KSEB ഓഫീസേർസ് അസോസിയേഷൻ