വൈദ്യുതി നിയമ ഭേദഗതി നടപ്പാക്കിയാൽ വൈദ്യുതി നിരക്ക് കൂടും – മുഖ്യമന്ത്രി

337

കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട വൈദ്യുതി നിയമ ഭേദഗതി നടപ്പാക്കിയാൽ സാധാരണക്കാരന്റെ വൈദ്യുതിനിരക്കു ക്രമാതീതമായി കൂടുകയും പാവപ്പെട്ടവർക്കു വൈദ്യുതി നിഷേധിക്കപ്പെടുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനം ഓൺലൈനായി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൈദ്യുതിയുടെ വിതരണ മേഖലയിൽ കോർപ്പറേറ്റുകൾക്ക് കടന്നു വരുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ട് വന്നതാണ് ഇപ്പോഴത്തെ നിയമ ഭേദഗതി.
ഏതു സേവനദാതാവിനെ വേണമെന്ന് ഉപഭോക്താവിനു തീരുമാനിക്കാമെന്നതു ബില്ലിലെ പ്രധാന നിർദേശങ്ങളിലൊന്നായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, ഏതു പ്രദേശത്ത് ആർക്ക് വൈദ്യുതി നൽകണമെന്നു വിതരണക്കാർ തീരുമാനിക്കുന്നതോടെ പാവപ്പെട്ടവർക്ക് വൈദ്യുതി കിട്ടാതെ വന്നേക്കാം. നിലവിലുള്ള ക്രോസ് സബ്സിഡി ഇല്ലാതായാൽ ഗാർഹിക, കാർഷിക വൈദ്യുതി നിരക്ക് കുത്തനെ ഉയരും. എല്ലാവർക്കും വൈദ്യുതി ഉറപ്പുനൽകുന്ന സാർവത്രിക വൈദ്യുതീകരണം എന്ന സർക്കാർ സംവിധാനം ഇല്ലാതാകും. രാജ്യത്തെ വൈദ്യുതി വിതരണം സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര നീക്കമുണ്ടായപ്പോൾതന്നെ അതു കേരളത്തെ ബാധിക്കില്ലെന്ന നിലപാടാണു സർക്കാരും വൈദ്യുതി ബോർഡും സ്വീകരിച്ചിരുന്നത്. നിയമ ഭേദഗതി ബിൽ സംസ്ഥാനത്തിന്റെ അധികാരത്തിൽ കടന്നു കയറുന്നതും സംസ്ഥാനത്തിന്റെ ഉടമസ്ഥതയിലുള്ള വിതരണ സംവിധാനം എങ്ങനെ സ്വകാര്യവൽക്കരിക്കണമെന്ന് നിർദേശിക്കുന്നതുമാണ്.
ഇതിനെതിരെ കേരള നിയമസഭയിൽ പ്രമേയം ഐകകണ്ഠേന പാസാക്കുകയുണ്ടായി. അടുത്ത 5 വർഷം കൊണ്ട് കേരളത്തെ വികസിത രാജ്യങ്ങൾക്ക് ഒപ്പമെത്തിക്കാനുളള തീവ്ര ശ്രമത്തിലാണ് സംസ്ഥാന സർക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിന് വൈദ്യുതി മേഖലയുടെ പിന്തുണ അത്യാവശ്യമാണ്. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളാണ് വൈദ്യുതി മേഖലയിൽ കേന്ദ്ര ഗവൺമെന്റ് സൃഷ്ടിക്കുന്നത്.
എല്ലാ സേവന മേഖലയിൽ നിന്നും കേന്ദ്ര ഗവൺമെന്റ് പിൻമാറി, പൊതു മേഖലയെ ഒന്നാകെ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. രാജ്യത്ത് നിലനിൽക്കുന്ന ഫെഡറൽ സംവിധാനത്തെ തകർത്ത് സംസ്ഥാനങ്ങളുടെ അധികാരങ്ങൾക്ക് മേലുള്ള കടന്ന് കയറ്റമാണ് കേന്ദ്ര ഗവൺമെന്റ് നടത്തിക്കൊണ്ടിരിക്കുന്നത് .
ഇടതടവില്ലാതെ വൈദ്യുതി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ കെ.എസ്.ഇ.ബി സ്വീകരിച്ച ദ്യുതി അടക്കമുള്ള പദ്ധതികൾ പ്രശംസനീയമാണ്. രാജ്യത്ത് പ്രസരണ നഷ്ടം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളം ആണെന്നത് അഭിമാനകരമായ കാര്യമാണ്. സേവനങ്ങൾ ഉപഭോക്താവിന്റെ വീട്ടുപടിക്കൽ എത്തിക്കുന്നതിനായി കെ എസ് ഇ ബി ആരംഭിച്ച പദ്ധതി നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകണം.
സംസ്ഥാന പ്രസിഡണ്ട് ജെ സത്യരാജൻ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ദക്ഷിണ മേഖല സെക്രട്ടറി ജി ശ്രീകുമാർ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി പി വി ലതീഷ് റിപ്പോർട്ടും ട്രഷറർ എസ് ഷാജഹാൻ കണക്കും അവതരിപ്പിച്ചു.