തെരുവിളക്കുകൾ എൽ.ഇ.ഡി പ്രഭയിലേക്ക്

809

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള പരമ്പരാഗത തെരുവിളക്കുകളെ ഒഴിവാക്കി പകരം വളരെ കുറഞ്ഞ വൈദ്യുതി ചെലവും പരിപാലന ചെലവുമുള്ള എൽ.ഇ.ഡി ബൾബുകൾ സ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാർ.ആവിഷ്ക്കരിച്ച പദ്ധതിയാണ് നിലാവ്. സംസ്ഥാനത്തെ ഏകദേശം പത്ത് ലക്ഷത്തോളം തെരുവ് വിളക്കുകളാണ് ദക്ഷ്യതയേറിയ എൽ.ഇ.ഡി ബൾബുകളിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുള്ളത്. ഇതു വഴി ഊർജ്ജ നഷ്ടം ലഘൂകരിക്കുക, പാരിസ്ഥിതിക ആഘാതം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
കിഫ്ബി ധനസഹായോത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ നിർവ്വഹണ ചുമതല കെ എസ് ഇ ബി യെയാണ് ഏൽപ്പിച്ചിട്ടുള്ളത്. വെബ് അധിഷ്ഠിത മോണിറ്ററിംഗ് & കൺട്രോളിംഗ് സംവിധാനവും തെരുവു വിളക്കുകൾക്കായ് തയ്യാറാക്കുന്നുണ്ട്. എൽ.ഇ.ഡി ബൾബുകൾ, ലൈറ്റ് ഫിറ്റിംഗുകൾ എന്നിവ കെ.എസ്.ഇ.ബിക്ക് വാങ്ങി നൽകേണ്ട ചുമതല കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇ.ഇ.എസ്.എല്ലിനാണ്. 7 വർഷമാണ് വാറൻ്റി നൽകുന്നത്. വാറൻ്റി പിരീഡിൽ തെരുവിളക്ക് തകരാർ വന്നാൽ അത് സൗജന്യമായി മാറ്റി സ്ഥാപിക്കും.
വരുന്ന 7 വർഷം, തെരുവ് വിളക്ക് സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി കുറയുന്ന വൈദ്യുതി ചെലവിൻ്റെയും പരിപാലന ചെലവിൻ്റെയും 75% തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കിഫ്ബിക്കുള്ള റീ പെയ്മൻ്റിനായ് ഉപയോഗിക്കാനാവും എന്നാണ് കണക്കാക്കുന്നത്. ഇതിന് ആനുപാതികമായ തുക ഗവൺമെൻ്റ് ഒരോ വർഷവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്ലാൻ ഫണ്ടിൽ നിന്ന് പിടിച്ച് കിഫ്ബിക്ക് കൈമാറും.
10 ലക്ഷം തെരുവു വിളക്കുകൾ എൽ.ഇ.ഡിയിലേക്ക് മാറിയാൽ വൈദ്യുതി ഉപഭോഗത്തിൽ ശരാശരി ഒരു ബൾബിൽ 50 വാട്ടിൻ്റെ കുറവ് എന്ന നിരക്കിൽ 50 മെഗാവാട്ടിൻ്റെ കുറവ് പീക്ക് ലോഡിൽ കൊണ്ടുവരാനാവും. 50 മെഗാവാട്ടിൻ്റെ കുറവ് വരുത്താൻ ഏകദേശം 100 മെഗാവാട്ടിൻ്റെ ഉത്പാദനശേഷി കൈവരിക്കേണ്ടതുണ്ട് എന്നതും ഇതുമായി ചേർത്തുവായിക്കേണ്ടതാണ്. ചുരുക്കത്തിൽ നിലാവ് പദ്ധതിയുടെ ഭാഗമായും സംസ്ഥാത്തെ പീക്ക് ലോഡിൽ ഗണ്യമായ കുറവ് വരുത്താനും അതുവഴി സംസ്ഥാനത്തിൻ്റെ വൈദ്യുതി വാങ്ങൽ ചെലവ് കുറക്കാനും നമുക്ക് സാധിക്കും.
പഞ്ചായത്തുകൾക്ക് അധിക സാമ്പത്തിക ബാധ്യതയില്ലാതെ തന്നെ തെരുവു വിളക്കുകൾ പ്രകൃതി സൗഹൃദ ഫിൽമെൻ്റ് രഹിത എൽ.ഇ.ഡി ബൾബുകളിലേക്ക് മാറുന്നു എന്നത് ഈ പദ്ധതിയുടെ ഏറ്റവും വലിയ നേട്ടമാണ്. രണ്ട് ഘട്ടങ്ങളിലായ് പൂർത്തിയാക്കാൻ തീരുമാനിച്ചിട്ടുള്ള പദ്ധതിയുടെ ആദ്യഘട്ടം മാർച്ച് 2021 ന് അകവും രണ്ടാം ഘട്ടം ജൂൺ 2021 ന് അകവും പൂർത്തിയാക്കും. പദ്ധതി പൂർത്തിയാകുന്നതോട് കൂടി ലോകത്തിനാകെ കേരളം ഒരു മികച്ച മാതൃകയായ് മാറും.