ആയിരം മെഗാവാട്ട് സൗരോർജ്ജം സംസ്ഥാനത്തെ വൈദ്യുതി ശൃംഖലയുടെ ഭാഗമാക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന പദ്ധതിയാണ് സൗര. ഇതിൽ 500 മെഗാവാട്ട് പുരപ്പുറങ്ങളിൽ നിന്നും, ശേഷിക്കുന്ന 500 മെഗാവാട്ട് സോളാർ പാർക്ക്, സ്വകാര്യ സംരംഭകർ, ഫ്ലോട്ടിംഗ് സോളാർ എന്നിങ്ങനെ കൈവരിക്കാനുമുള്ള പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. ഇതിൽ പുരപ്പുറ സോളാർ പാനലുകൾ വഴിയുള്ള വൈദ്യുതോത്പാദനത്തിൽ ഉപഭോക്താക്കളുടെ പുരപ്പുറങ്ങളിലാണ് നിലയങ്ങൾ സ്ഥാപിക്കുന്നത്. വൈദ്യുതി ഉപഭോഗം, താരീഫ് കാറ്റഗറി, എന്നിവ അനുസരിച്ച് വ്യത്യസ്ത വിഭാഗങ്ങളിലുള്ള ഉപഭോക്താക്കൾക്ക് ഗുണകരമാവുന്ന വിധം വ്യത്യസ്ത മോഡലുകൾ കെ.എസ്.ഇ.ബി മുന്നോട്ട് വെച്ചിട്ടുണ്ട്.
സൗര സബ്സിഡി പ്രോഗ്രാം – ഗാർഹിക ഉപഭോക്താക്കൾക്കാണ് ഈ പ്രോഗ്രാമിൽ പങ്കെടുക്കാനാവുക. ഈ പദ്ധതിയുടെ ഭാഗമായി 1 മുതൽ 3 കിലോവാട്ട് ശേഷി വരെയുള്ള നിലയങ്ങൾക്ക് 40 % സബ്സിഡിയും, 4 മുതൽ 10 കിലോവാട്ട് ശേഷിയുള്ള നിലയങ്ങൾക്ക് ആദ്യ 3 കിലോവാട്ടിന് 40% തുടർന്ന് 20 % സബ്സിഡി എന്ന രീതിയിലാണ് കേന്ദ്ര സർക്കാർ സബ്സിഡി നൽകുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വിഭിന്നമ്മായി സബ്സിഡി ലഭ്യമാകാൻ വേണ്ട മുതൽമുടക്കാൻ സാമ്പത്തിക സൗകര്യമില്ലാത്ത ഉപഭോക്താക്കളെക്കൂടി ഈ പദ്ധതിയുടെ ഭാഗമാക്കാൻ മൂന്ന് തനതായ മോഡലുകളും കെ.എസ്.ഇ.ബി ഒരുക്കിയിട്ടുണ്ട്. ഇതിൽ ആകെ മുതൽ മുടക്കിൻ്റെ 12%, 20%, 25% എന്നിങ്ങനെ മുടക്കാവുന്ന മൂന്ന് മോഡലുകളാണ് കെ.എസ്.ഇ.ബി സംസ്ഥാന സർക്കാർ അനുമതിയോടെ മുന്നോട്ട് വച്ചിരിക്കുന്നത്. ഇങ്ങനെ ഭാഗഭാക്കാവുന്നവർക്ക് മുതൽ മുടക്കിൻ്റെ തോതനുസരിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 25 % മുതൽ 50 % വരെ വിഹിതം ലഭിക്കും. സബ്സിഡി പ്രോഗ്രാമിലെ 4 വ്യത്യസ്ത മോഡലുകളും അവയുടെ മുതൽ മുടക്കും ലഭ്യമാവുന്ന വൈദ്യുതിയുടെ വിഹിതവും, പട്ടിക 1 ൽ കാണിച്ചിരിക്കുന്നു.
സൗര ഫേസ് 1 പ്രോഗ്രാം – എല്ലാത്തരം ഉപഭോക്താകൾക്കും പങ്കാളികളാകാനാവുന്ന പദ്ധതിയാണിത്. ഇതിൽ 3 മോഡലുകളാണ് നിലവിലുള്ളത്. യാതൊരുവിധ മുതൽ മുടക്കും ഉപഭോക്താവിന് ഇല്ലാത്ത മോഡൽ 1,2 എന്നിവയും, ഉപഭോക്താവിൻ്റെ പൂർണ്ണ മുതൽ മുടക്ക് വേണ്ടി വരുന്ന മോഡൽ 3 യുമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. ഇതിൽ മോഡൽ 1 തെരഞ്ഞെടുക്കുന്ന ഉപഭോക്താവിന് പുരപ്പുറം വിട്ടുകൊടുക്കുന്നതിൻ്റെ ഭാഗമായി നിലയം ആകെ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 10 ശതമാനവും, മോഡൽ 2 തെരഞ്ഞെടുക്കുന്നവർക്ക് നിശ്ചിത താരീഫിൽ വരുന്ന 25 വർഷത്തേക്ക് ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂർണ്ണമായും ലഭ്യമാവും.മോഡൽ 3 യിൽ മുതൽ മുടക്ക് പൂർണ്ണമായി ഉപഭോക്താവ് വഹിക്കുന്നതിനാൽ തന്നെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂർണ്ണമായി ഉപഭോക്താവിന് ലഭിക്കും.
കിഫ്ബി ധനസഹായത്തോടെ സർക്കാർ കെട്ടിടങ്ങളുടെ പുരപ്പുറത്ത് സൗരോർജ്ജ നിലയങ്ങൾ സ്ഥാപിക്കുന്നതിന് 250 കോടി രൂപ ഇത്തവണത്തെ ബജറ്റിൽ വകയിരിത്തിയിട്ടുണ്ട്. ഇത് സ്ഥാപിക്കുന്നത് വഴി സർക്കാർ കെട്ടിടങ്ങളുടെ വൈദ്യുതി ചാർജ്ജിലും ഗണ്യമായ കുറവ് വരും.