ഗജ ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതിബന്ധം തകരാറിലായ തമിഴ്നാടിന് കെഎസ്ഇബി ജീവനക്കാരുടെ കൈത്താങ്ങ്. തകർന്ന വൈദ്യുതി ലൈനുകളും ട്രാൻസ്ഫോർമറുകളും പുനർനിർമ്മിച്ച് വൈദ്യുതിബന്ധം പൂർവസ്ഥിതിയിൽ ആക്കുന്നതിനുള്ള പ്രവർത്തികൾ നിർവഹിക്കാൻ കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് വൈദ്യുതി ജീവനക്കാർ സ്വമേധയാ മുന്നോട്ടുവന്നു. നിലമ്പൂർ, പാലക്കാട്, ഷൊർണ്ണൂർ, കാട്ടാക്കട ഇലക്ട്രിക്കൽ സർക്കിളുകളിൽ നിന്നുള്ള ജീവനക്കാർ തമിഴ്നാട്ടിലെ ദുരിതബാധിത പ്രദേശങ്ങളിൽ പുനർ നിർമ്മാണ പ്രവർത്തികൾ നടത്തി വരികയാണ്.
തമിഴ് നാട്ടിലെ കടലോര ജില്ലകളായ നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ട എന്നിവിടങ്ങളിലെ വൈദ്യുതിബന്ധം വീശിയടിച്ച ചുഴലിക്കാറ്റിനെത്തുടർന്ന് പൂർണമായും താറുമാറാക്കപ്പെട്ടു. ഏകദേശം നാൽപതിനായിരം വൈദ്യുതി പോസ്റ്റുകൾ നിലംപൊത്തി എന്നാണ് പ്രാഥമിക കണക്കുകൾ സൂചിപ്പിച്ചത്. തകർന്ന വൈദ്യുതിബന്ധം പുനസ്ഥാപിക്കുന്നതിന് സഹായിക്കണമെന്ന് TANGEDCO സിഎംഡി ശ്രീ വിക്രം കപൂർ ഐഎഎസ് കെഎസ്ഇബി സിഎംഡി ശ്രീ എൻ എസ് പിള്ളയോട് അഭ്യർഥിച്ചിരുന്നു.
വൈദ്യുതി ലൈനിൽ പണിയെടുക്കുമ്പോൾ പാലിക്കേണ്ട എല്ലാ വിധ സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയാണ് കെഎസ്ഇബി സംഘം വൈദ്യുതി തകരാറുകൾ പരിഹരിച്ചു കൊണ്ടിരിക്കുന്നത്. സ്ഥലം സന്ദർശിച്ച രാമയ്യം എം എൽ എ ശ്രീ രാമുവും ജില്ലാ കളക്ടറും നൂറ് ശതമാനവും സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിച്ച് ജോലി ചെയ്യുന്ന ജീവനക്കാരെ അഭിനന്ദിച്ചു.