മാസ്റ്റര്‍ ട്രസ്റ്റ്

507

വൈദ്യുതി നിയമം 2003 നിലവില്‍ വന്നതോടുകൂടി വൈദ്യുതി ബോര്‍ഡുകളുടെ പുനഃസംഘടന അനിവാര്യമായി മാറി. 2008 സെപ്റ്റംബര്‍ 25-ലെ സര്‍ക്കാര്‍ ഉത്തരവിലൂടെ കേരള വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനവും, ആസ്തി-ബാധ്യതകളും സര്‍ക്കാര്‍ ഏറ്റെടുക്കുകയും 2013 ഒക്ടോബര്‍ 31-ലെ സര്‍ക്കാര്‍ ഉത്തരവിലൂടെ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളും, ആസ്തി-ബാധ്യതകളും പൂര്‍ണ്ണമായും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയില്‍ നിക്ഷേപിച്ചുകൊണ്ട് പുനഃസംഘടിപ്പിക്കുകയുമാണ് ചെയ്തത്. ഇന്ത്യയില്‍ ഏകദേശം എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതി ബോര്‍ഡുകളെ വിഭജിച്ചുകൊണ്ടും ചില സംസ്ഥാനങ്ങളില്‍ സ്വകാര്യവല്‍ക്കരണം നടപ്പിലാക്കിയുമാണ് പുനഃസംഘടിപ്പിച്ചതെങ്കില്‍ കേരളത്തില്‍ വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയില്‍ ഒറ്റ സ്ഥാപനമായി നിലനിര്‍ത്തിയാണ് പുനഃസംഘടിപ്പിച്ചിട്ടുള്ളത്. പുനഃസംഘടനയുടെ ഭാഗമായി ഓഫീസര്‍ – തൊഴിലാളി സംഘടനകളും വൈദ്യുതി ബോര്‍ഡും ഗവണ്മെന്റും തമ്മില്‍ ത്രികക്ഷി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. വൈദ്യുതി നിയമത്തിനു ബദല്‍ എന്ന നിലയില്‍ കേരളത്തില്‍ നടപ്പിലാക്കിയിട്ടുള്ള പുനഃസംഘടന മറ്റു സംസ്ഥാനങ്ങളിലും നടപ്പാക്കണം എന്ന ആവശ്യം ദേശീയ തലത്തില്‍ സംഘടനകള്‍ ശക്തമായി ആവശ്യപ്പെട്ടുവരുകയാണ്. ഏറ്റവും അവസാനമായി 2018 ജനുവരി 11-ന് തിരുവനന്തപുരത്ത് ചേര്‍ന്ന ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ എന്‍.സി.സി.ഒ.ഇ.ഇ മേഖലാ സമ്മേളനത്തിലും ഈ ആവശ്യം സംഘടനകള്‍ ഉന്നയിക്കുകയും കേരള മോഡല്‍ പുനഃസംഘടനയെ മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.

മാസ്റ്റര്‍ ട്രസ്റ്റ് എന്ന ആശയം
കേരള വൈദ്യുതി ബോര്‍ഡിന്റെ പുനഃസംഘടനയുടെ മറ്റൊരു പ്രത്യേകത പുനഃസംഘടിപ്പിക്കുന്ന സമയത്ത് വൈദ്യുതി ബോര്‍ഡില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടസമില്ലാതെ നല്‍കുന്നതിനായി മുന്നോട്ടുവച്ച ‘മാസ്റ്റര്‍ ട്രസ്റ്റ്’ എന്ന ആശയമാണ്. വൈദ്യുതി ബോര്‍ഡിന്റെ പുനഃസംഘടനയുടെ ഭാഗമായി രൂപംകൊണ്ട പുതിയ കമ്പനിക്ക് പെന്‍ഷന്‍ ആനുകൂല്യങ്ങളുടെ ചിലവ് നിര്‍വ്വഹിക്കാന്‍ കഴിയില്ല എന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാസ്റ്റര്‍ ട്രസ്റ്റ് എന്ന ആശയം രൂപം കൊണ്ടത്. ബോര്‍ഡ് പുനഃസംഘടിപ്പിക്കുന്ന അവസരത്തില്‍ ഉള്ള പെന്‍ഷന്‍ ബാധ്യതയും ആക്ച്യൂറിയല്‍ വാല്യൂവേഷന്‍ വഴി ഭാവിയില്‍ വരാവുന്ന ബാധ്യതയും കണക്കാക്കി മാസ്റ്റര്‍ ട്രസ്റ്റിന് പെന്‍ഷന്‍ നല്‍കുന്നതിനു വേണ്ട തുക കണ്ടെത്തി അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനാണ് പുനഃസംഘടനയുമായി ബന്ധപ്പെട്ട ഉത്തരവുകളിലും, ത്രികക്ഷി കരാറിലും വ്യവസ്ഥ ചെയ്തിട്ടുള്ളത്. മാസ്റ്റര്‍ ട്രസ്റ്റിന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനു വേണ്ട മുഴുവന്‍ തുകയും ഒരുമിച്ചു കണ്ടെത്തുക ബുദ്ധിമുട്ടാണ് എന്നതിനാല്‍ തുടക്കത്തില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള തുക മാത്രം മാസ്റ്റര്‍ ട്രസ്റ്റില്‍ എത്തുന്ന രീതിയിലും ക്രമേണ ഈ തുക വര്‍ധിപ്പിച്ച് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കിയതിനു ശേഷം മാസ്റ്റര്‍ ട്രസ്റ്റില്‍ അധികം വരുന്ന തുക നിക്ഷേപിച്ചുകൊണ്ട് (വൈദ്യുതി ബോര്‍ഡിന് ആവശ്യമാണെങ്കില്‍ വൈദ്യുതി ബോര്‍ഡില്‍ തന്നെ) അതില്‍ നിന്നുള്ള വരുമാനം കൂടി ഉപയോഗപ്പെടുത്തി പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി മാസ്റ്റര്‍ ട്രസ്റ്റിനെ പ്രാപ്തമാക്കുക എന്ന നിലയിലാണ് വിഭാവനം ചെയ്തിട്ടുള്ളത്.
2013 ഒക്ടോബര്‍ 31-ന് വൈദ്യുതി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളും, ആസ്തി-ബാധ്യതകളും പുനര്‍ നിക്ഷേപിച്ചുകൊണ്ട് പുതിയ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍ 01. 04. 2013 വരെ നിലവിലുണ്ടായിരുന്ന ജീവനക്കാര്‍ക്കും അന്ന് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നവര്‍ക്കും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനാണ് മാസ്റ്റര്‍ ട്രസ്റ്റിന് രൂപം കൊടുത്തിട്ടുള്ളത്. അതായത് ഇപ്പോള്‍ വൈദ്യുതി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന പെന്‍ഷന്‍കാര്‍ക്കും ഇപ്പോള്‍ വൈദ്യുതി ബോര്‍ഡില്‍ ജോലിചെയ്യുന്ന ജീവനക്കാരില്‍ ഏകദേശം 80 ശതമാനം പേര്‍ക്കും മാസ്റ്റര്‍ ട്രസ്റ്റില്‍ നിന്നാണ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുക. 2013 ഏപ്രില്‍ 1-നു ശേഷം വൈദ്യുതി ബോര്‍ഡില്‍ ജോലിയില്‍ പ്രവേശിച്ച ജീവനക്കാര്‍ ഏകദേശം 20 ശതമാനത്തില്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി പ്രകാരമാണ് (New Pension Scheme) പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നത്. അതുകൊണ്ട് തന്നെ മാസ്റ്റര്‍ ട്രസ്റ്റ് നല്‍കേണ്ട വാര്‍ഷിക പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ഏറ്റവും കൂടുതല്‍ എത്തുന്നത് വരുന്ന 8-10 വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും. തുടര്‍ന്ന് ഇത് ക്രമേണ കുറഞ്ഞ് ആയുര്‍ദൈര്‍ഘ്യത്തിന്റെ അടിസ്ഥാനത്തില്‍ അവസാനിക്കും. മാസ്റ്റര്‍ട്രസ്റ്റിലേയ്ക്കു വരേണ്ട തുകയും ഇതേ രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്.

പുനഃസംഘടനയും മാസ്റ്റര്‍ ട്രസ്റ്റിനുവേണ്ട തുകയും
പുനഃസംഘടനയുടെ ആദ്യഘട്ടത്തില്‍ നിലവിലുള്ളതും ഭാവിയില്‍ വരുന്നതുമായ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി മാസ്റ്റര്‍ ട്രസ്റ്റിന് ആവശ്യമായി വരുന്ന തുക 4520 കോടി രൂപയാണെന്ന് കണ്ടെത്തിയിരുന്നു. 31.3.2009 ല്‍ നിലവിലുണ്ടായിരുന്ന ശമ്പളത്തിന്റെയും പെന്‍ഷന്റെയും അടിസ്ഥാനത്തിലാണ് ഈ തുക കണ്ടെത്തിയിരുന്നത്. ഇതില്‍ 1600 കോടി രൂപ കേരള സര്‍ക്കാരും 2920 കോടി രൂപ വൈദ്യുതി ബോര്‍ഡും 10-20 വര്‍ഷങ്ങള്‍ കൊണ്ട് മാസ്റ്റര്‍ ട്രസ്റ്റിന് കൈമാറുക എന്ന നിലയി ല്‍ കണ്ടിരുന്നു. കേരള സര്‍ക്കാര്‍ നല്‍കേണ്ട 1600 കോടി രൂപയും 900 കോടി പലിശയും അടക്കം ഏകദേശം 2500 കോടി രൂപ ഇലക്ട്രിസിറ്റി ഡ്യൂട്ടി ഇനത്തില്‍ നല്‍കാനുള്ള തുകയില്‍ നിന്നും പ്രതിവര്‍ഷം 250 കോടി എന്ന കണക്കില്‍ 10 വര്‍ഷം കൊണ്ടു നല്‍കുന്നതിനും വൈദ്യുതിബോര്‍ഡ് നല്‍കാനുള്ള 2920 കോടി രൂപയും പലിശയും 20 വര്‍ഷം കൊണ്ട് നല്‍കാന്‍ കഴിയുന്ന രീതിയില്‍ കടപ്പത്രം വഴി നല്‍കുന്നതിനുമാണ് ധാരണയായിരുന്നത്.
എന്നാല്‍ വൈദ്യുതി ബോര്‍ഡ് 2013 ഒക്ടോബര്‍ 31-ന് ഒറ്റ സ്ഥാപനമായി പുനഃസംഘടിപ്പിച്ചപ്പോള്‍ കണ്ടെത്തിയ കണക്കുകള്‍ പ്രകാരം മാസ്റ്റര്‍ ട്രസ്റ്റിന് വേണ്ട തുക 7584 കോടി രൂപയായി മാറി. 30.9.2011ല്‍ നിലവിലുണ്ടായിരുന്ന ശമ്പളത്തിന്റെയും പെന്‍ഷന്റെയും അടിസ്ഥാനത്തിലാണ് ഈ തുക കണക്കാക്കിയിട്ടുള്ളത്. ഇതില്‍ സര്‍ക്കാര്‍ നല്‍കുന്ന തുകയായ 3186 കോടി രൂപ 10 വര്‍ഷം കൊണ്ട് ഇലക്ട്രിസിറ്റി ഡ്യൂട്ടി വരുമാനത്തില്‍ നിന്നും കെ.എസ്.ഇ.ബി ക്ക് നല്‍കുന്നതിനും മറ്റൊരു 524 കോടി രൂപ ബഡ്ജറ്റ് വിഹിതമായി പ്രതിവര്‍ഷം 52.4 കോടി രൂപ കണക്കില്‍ 10 വര്‍ഷം കൊണ്ട് നല്‍കുന്നതിനും 2013 ഒക്ടോബര്‍ 31-ലെ പുനഃസംഘടനയുമായി ബന്ധപ്പെട്ട ഉത്തരവിലും തുടര്‍ന്നുവന്ന ത്രികക്ഷി കരാറിലും വ്യവസ്ഥ ചെയ്യുന്നു.

സാങ്കേതിക തടസ്സങ്ങള്‍
30.9.2011-ലെ കണക്കുകള്‍ പ്രകാരം മാസ്റ്റര്‍ ട്രസ്റ്റില്‍ വന്നുചേരേണ്ട 7584 കോടി രൂപയില്‍ സര്‍ക്കാറിന്റെ ബഡ്ജറ്റ് വിഹിതമായ 524 കോടി രൂപ ഒഴിച്ചുള്ള 7060 കോടി രൂപ നല്‍കുന്നതിനായി കെ.എസ്.ഇ.ബി രണ്ടു കടപ്പത്രങ്ങള്‍ പുറപ്പെടുവിക്കുന്നതിനാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. 20 വര്‍ഷം കൊണ്ട് നല്‍കാന്‍ കഴിയുന്ന 5021 കോടി രൂപയുടെ കടപ്പത്രവും 10 വര്‍ഷം കൊണ്ട് നല്‍കാന്‍ കഴിയുന്ന 2039 കോടി രൂപയുടെ കടപ്പത്രവും.
2013 ഒക്ടോബര്‍ 31ാം തീയതിയിലെ ഉത്തരവിലൂടെ വൈദ്യുതി ബോര്‍ഡിന്റെ പുനഃസംഘടന നടപ്പിലാവുകയും 2014 ആഗസ്റ്റ് 1ാം തീയതി സംഘടനകളും, കെ.എസ്.ഇ.ബി.യും സര്‍ക്കാരും തമ്മില്‍ ത്രികക്ഷി കരാറില്‍ ഏര്‍പ്പെടുകയും ചെയ്തെങ്കിലും അതുപ്രകാരമുള്ള മാസ്റ്റര്‍ ട്രസ്റ്റിന്റെ രൂപീകരണവും പ്രവര്‍ത്തനവും മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ചില സാങ്കേതിക തടസങ്ങള്‍ ഉയര്‍ന്നുവന്നു. 1882ലെ ഇന്ത്യന്‍ ട്രസ്റ്റ് ആക്ട് പ്രകാരമാണ് മാസ്റ്റര്‍ ട്രസ്റ്റിന് രൂപം കൊടുത്തിട്ടുള്ളത്. ഇപ്രകാരം രൂപം കൊടുത്തിട്ടുള്ള മാസ്റ്റര്‍ ട്രസ്റ്റില്‍ വന്നുചേരുന്ന തുകയില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കിയശേഷം അധികം വരുന്ന തുകയുടെ നിക്ഷേപത്തിലൂടെ കിട്ടുന്ന വരുമാനത്തിന് നികുതി നല്കണം എന്ന നിലപാട് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്മെന്റ് സ്വീകരിച്ചു. ഭീമമായ തുക ഈ രീതിയില്‍ നികുതി നല്‍കേണ്ടിവരും എന്നതിനാല്‍ കെ.എസ്.ഇ.ബി ഇന്‍കംടാക്സ് ഒഴിവാക്കുന്നതിനുള്ള ശ്രമം നടത്തുകയും 29.8.2016ല്‍ അനുകൂല ഉത്തരവ് നേടിയെടുക്കുകയും ചെയ്തു. ഈ കാലയളവില്‍ മാസ്റ്റര്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനം സാങ്കേതികമായി പൂര്‍ണ്ണതോതില്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല.

തുകയില്‍ വീണ്ടും വര്‍ദ്ധനവ്
ഇതിനകം വൈദ്യുതിബോര്‍ഡിന്റെ പുനഃസംഘടന നടപ്പിലായ ദിവസം വരെയുള്ള (31.10.2013 വരെയുള്ള) ശമ്പളത്തിന്റെയും പെന്‍ഷന്റെയും അടിസ്ഥാനത്തില്‍ മാസ്റ്റര്‍ട്രസ്റ്റില്‍ എത്തിച്ചേരേണ്ട തുകയുടെ കണക്കുകള്‍ ആക്ച്യുറിയല്‍ വാല്യൂവേഷനിലൂടെ കണ്ടെത്തി. ഇത് വൈദ്യുതി ബോര്‍ഡ് പുനഃസംഘടനയുടെ സമയത്ത് കണക്കാക്കിയിരുന്ന (30.9.2011 വരെയുള്ള) 7584 കോടി രൂപയില്‍ നിന്നും 12419 കോടി രൂപയായി മാറി. 2015 ജനുവരി 28ന് പുറത്തിറക്കിയ സര്‍ക്കാര്‍ ഉത്തരവു പ്രകാരം ഇതില്‍ 5861 കോടി രൂപ 10 വര്‍ഷം കൊണ്ട് സര്‍ക്കാര്‍ നല്‍കുന്ന രീതിയില്‍ (പ്രതിവര്‍ഷം ഇലക്ട്രിസിറ്റി ഡ്യൂട്ടി ഇനത്തില്‍ വരുന്ന 590.88 കോടി രൂപയില്‍ നിന്നും 586.10 കോടി നിലനിര്‍ത്തിക്കൊണ്ട്) ഉള്‍പ്പെടുത്തിയിട്ടുണ്ട്. മറ്റൊരു 524 കോടി രൂപ 10 വര്‍ഷം കൊണ്ട് ബഡ്ജറ്റ് വിഹിതമായി നല്‍കുന്നത് നിലനിര്‍ത്തിയിട്ടുമുണ്ട്. 31.10.2013 ലെ ശമ്പളത്തിന്റെയും പെന്‍ഷന്റെയും അടിസ്ഥാനത്തില്‍ ആക്ച്യുറിയല്‍ വാല്യുയേഷനിലൂടെ കണക്കാക്കിയിട്ടുള്ള 12419 കോടി രൂപ മാസ്റ്റ്‍ ട്രസ്റ്റിന് എത്തിച്ചേരുന്നതിനായി രണ്ടു കടപ്പത്രങ്ങള്‍ കെ.എസ്.ഇ.ബി പുറപ്പെടുവിക്കുന്നതിനാണ് തീരുമാനിച്ചത്. 20 വര്‍ഷം കൊണ്ട് നല്‍കാവുന്ന 8144 കോടി രൂപയും കടപ്പത്രവും 10 വര്‍ഷം കൊണ്ട് നല്‍കാവുന്ന 3751 കോടി രൂപയുടെ കടപ്പത്രവും.
മാസ്റ്റര്‍ ട്രസ്റ്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 2015 ഫെബ്രുവ രി 12-നാണ്. അന്നു മുതല്‍ ട്രസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചു എന്നാണ് കണക്കാക്കുന്നത്. ആദ്യ ട്രസ്റ്റ് യോഗം 2015 ഏപ്രില്‍ 16ാം തീയതി നടക്കുകയും ചെയ്തു. 2016 ജനവരി ഒന്നു മുതല്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള തുക കെ.എസ്.ഇ.ബി മാസ്റ്റര്‍ ട്രസ്റ്റിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും മാസ്റ്റര്‍ ട്രസ്റ്റ് ഈ തുക പെന്‍ഷന്‍ നല്‍കുന്ന എ.ആര്‍.യു കളില്‍ തുടങ്ങിയിട്ടുള്ള പ്രത്യേക അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുക്കുകയും ചെയ്യുന്നു. ഈ സംവിധാനം വഴിയാണ് പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കി വരുന്നത്. 31.10. 2013ലെ ശമ്പളത്തിന്റെയും പെന്‍ഷന്റെയും അടിസ്ഥാനത്തില്‍ ആക്ച്യുറിയല്‍ വാല്യുവേഷന്‍ നടത്തി കണക്കാക്കിയിട്ടുള്ള 12419 കോടി രൂപ മാസ്റ്റര്‍ ട്രസ്റ്റില്‍ എത്തിച്ചേരുന്നതിനായി കെ.എസ്.ഇ.ബി കടപ്പത്രങ്ങള്‍ 2017 ഏപ്രില്‍ ഒന്നിന് പുറപ്പെടുവിച്ചുണ്ട്.
വൈദ്യുതി ബോര്‍ഡ് പുനഃസംഘടിപ്പിച്ച തീയതി മുതല്‍ (31.10.2013) കെ.എസ്.ഇ.ബി മാസ്റ്റര്‍ ട്രസ്റ്റിന് വേണ്ടി കടപ്പത്രങ്ങള്‍ പുറപ്പെടുവിച്ച തീയതി (1.4.2017) വരെയുള്ള അധിക പെന്‍ഷന്‍ ബാധ്യതയുടെ കണക്കുകള്‍ ആക്ച്യൂറിയല്‍ വാല്യുവേഷനിലൂടെ ഇപ്പോള്‍ കണ്ടെത്തിയിട്ടുണ്ട്. 1.4.2017ലെ ശമ്പളത്തിന്റെയും പെന്‍ഷന്റെയും അടിസ്ഥാനത്തില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള ബാധ്യത 16148 കോടി രൂപയാണ്. കെ.എസ്.ഇ.ബി ഇതിനകം കടപ്പത്രങ്ങള്‍ വഴി മാസ്റ്റര്‍ട്രസ്റ്റിന് നല്‍കുന്ന 11895 കോടി രൂപയും സര്‍ക്കാറിന്റെ ബജറ്റ് വിഹിതമായി വരുന്ന 524 കോടി രൂപയും ഒഴിവാക്കിയാല്‍ അധികമായി കണ്ടെത്തേണ്ട തുക 3729 കോടി രൂപയാണ്. ഇതില്‍ മുന്‍കാലങ്ങളില്‍ ചെയ്തതുപോലെ സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കേണ്ട വിഹിതം അടിയന്തിരമായി നേടിയെടുക്കുന്നതിനും ബാക്കി വരുന്ന തുക കെ.എസ്.ഇ.ബി നല്‍കുന്നതിനും തീരുമാനം ഉണ്ടാകണം. അധികമായി കണ്ടെത്തേണ്ട 3729 കോടി രൂപ മാസ്റ്റര്‍ ട്രസ്റ്റില്‍ എത്തിച്ചേരുന്നതിനായി കടപ്പത്രത്തിന്റെ മാര്‍ഗ്ഗം തന്നെ സ്വീകരിക്കാവുന്നതാണ്.

സംശയാതീതമാകണം പ്രവര്‍ത്തനം
വൈദ്യുതി ബോര്‍ഡ് പുനഃസംഘടനയുടെ ഭാഗമായി ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ തടസ്സമില്ലാതെ നല്‍കുന്നതിനായി ഉയര്‍ത്തിക്കാട്ടിയ സംവിധാനമാണ് ‘മാസ്റ്റര്‍ ട്രസ്റ്റ്’. കേരളത്തിലെ വൈദ്യുതി ബോര്‍ഡ് പുനഃസംഘടന ദേശീയ തലത്തില്‍ തന്നെ ബദല്‍ എന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടുന്ന ഈ അവസരത്തില്‍ മാസ്റ്റര്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തന വിജയം സംശയാതീതമാകണം. കെ.എസ്.ഇ.ബി. കടപ്പത്രങ്ങള്‍ പുറപ്പെടുവിച്ച 1.4.2017 മുതല്‍ പ്രതിമാസം മാസ്റ്റര്‍ട്രസ്റ്റില്‍ എത്തിച്ചേരേണ്ട തുകയുടെ കൃത്യമായ കണക്കുകള്‍ ഉണ്ടാകണം. അതില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന തുക ഒഴികെയുള്ള തുകയുടെയും അതിനു ലഭിക്കേണ്ട പലിശയുടെയും കൃത്യമായ കണക്കുകള്‍ ഉണ്ടാകണം. 1.4.2017 വരെയുള്ള കണക്കുകള്‍ പ്രകാരം കണ്ടെത്തിയിട്ടുള്ള അധിക ബാധ്യതയായ 3729 കോടി രൂപ മാസ്റ്റര്‍ ട്രസ്റ്റില്‍ എത്തിച്ചേരുന്നതിനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് അടിയന്തിരമായി കൈക്കൊള്ളണം. 1.4.2017 മുതല്‍ എല്ലാ വര്‍ഷവും ആക്ച്യൂറിയല്‍ വാല്യൂവേഷന്‍ നടത്തുന്നതിനും അധികമായി കണ്ടെത്തുന്ന തുക മാസ്റ്റര്‍ട്രസ്റ്റില്‍ എത്തിച്ചേരുന്നതിനുമുള്ള സംവിധാനവും കെ.എസ്.ഇ.ബി ഉണ്ടാക്കണം.

പ്രവര്‍ത്തന വിജയം മാതൃക
കടപ്പത്രങ്ങള്‍ വഴി മാസ്റ്റര്‍ ട്രസ്റ്റില്‍ എത്തിച്ചേരേണ്ട തുകയില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ മാസംതോറും നല്‍കുന്നതിനുള്ള തുക മാത്രമാണ് കെ.എസ്.ഇ.ബി ഇപ്പോള്‍ നല്‍കുന്നത്. ബാക്കിവരുന്ന തുകയുടെയും അതിന്റെ പലിശയുടെയും കൃത്യമായ കണക്കുകള്‍ എല്ലാവര്‍ഷവും പ്രസിദ്ധീകരിക്കുവാന്‍ കഴിഞ്ഞാല്‍ മാസ്റ്റര്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തനത്തില്‍ ജീവനക്കാര്‍ക്കിടയില്‍ ഉയര്‍ന്നുവന്നിട്ടുള്ള ആശങ്കകള്‍ പൂര്‍ണ്ണമായും പരിഹരിക്കുവാന്‍ കഴിയും. ഇനി വരാന്‍പോകുന്ന വര്‍ഷങ്ങള്‍ വിരമിക്കുന്ന ജീവനക്കാരുടെ എണ്ണം കൂടുതലായതിനാല്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനുള്ള ബാധ്യതയും വര്‍ധിച്ചുവരും. കൃത്യമായ കണക്കുകളുടെയും ശക്തമായ ഇടപെടലിന്റെയും അടിസ്ഥാനത്തില്‍ മാസ്റ്റര്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തന വിജയം ഉറപ്പുവരുത്തണം. പെന്‍ഷന്‍ ആനുകുല്യങ്ങള്‍ നല്‍കുന്നതില്‍ സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും പ്രതിസന്ധികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ മാസ്റ്റര്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തന വിജയം ഒരു മാതൃകയായി ദേശീയ തലത്തില്‍ തന്നെ ഉയര്‍ത്തിക്കാണിക്കുവാന്‍ നമുക്ക് കഴിയണം.