ഏപ്രിൽ 5 ന് രാത്രി 9 മണി മുതൽ 9 മിനുട്ട് നേരത്തേക്ക് വൈദ്യുതി വിളക്കുകൾ അണയ്കാനുള്ള നിർദ്ദേശം പുന:പരിശോധിക്കുക – KSEBOA

313

2020 ഏപ്രിൽ 5 ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വൈദ്യുതി വിളക്കുകൾ അണയ്ക്കുവാനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനം വൈദ്യുതി മേഖലയെ ഗുരുതരമായി ബാധിച്ചേക്കാം.

വ്യവസായിക – വാണിജ്യ ആവശ്യങ്ങൾക്കുള്ള വൈദ്യുതി ഉപഭോഗം വളരെ കുറഞ്ഞു നിൽക്കുന്ന ഈ അവസരത്തിൽ ഗാർഹിക വൈദ്യുതി ഉപഭോഗത്തിൽ ഉണ്ടാക്കുന്ന വ്യതിയാനം പ്രസരണ ശൃംഖലയുടെ സ്ഥിരതയെ ബാധിക്കാനും അതു വഴി വൈദ്യുതി വിതരണം ദീർഘസമയത്തേയ്ക്ക് തടസപ്പെടാൻ ഇടയാക്കാനും സാധ്യതയുണ്ട്. ഈ സ്ഥിതി വിശേഷം ഒഴിവാക്കുന്നതിന് പല സംസ്ഥാനങ്ങളും ഞായറാഴ്ച വൈകുന്നേരം മുതൽ ലോഡ് ഷെഡ്ഡിങ്ങ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത്തരം വൈദ്യുതി തടസ്സങ്ങൾ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തടസ്സമായി മാറും.

പ്രധാനമന്ത്രിയുടെ ഈ നിർദ്ദേശ പ്രകാരം രാജ്യത്ത് ഏകദേശം 12,000 മെഗാവാട്ടിന്റെ ഇടിവും 1.2 Hz ഫ്രീക്വൻസി വ്യത്യാസവും ഉണ്ടാകാനിടയുണ്ട്. രാജ്യത്താകമാനം ഒരേ വൈദ്യുതി ഗ്രിഡ് ആയതിനാൽ എല്ലാ സംസ്ഥാനങ്ങളിലും ഇത് ശക്തമായി പ്രതിഫലിക്കും. ഇതിനെ മറികടക്കാനോ ഈ പ്രവൃത്തി മൂലം തകരാറാകാനിടയുള്ള വൈദ്യുതി ശൃംഖല പുനഃസ്ഥാപിക്കാനോ വൈദ്യുതി മേഖലയിലെ ജീവനക്കാരുടെ കൂട്ടായ പരിശ്രമം വേണ്ടി വരും.

കൊറോണ വ്യാപനം തടയുന്നതിനായി വൈദ്യുതി ജീവനക്കാർ അവശ്യം വേണ്ട  ചെറിയ ടീമുകളായി വിവിധ മേഖലകളിൽ എത്തി വൈദ്യുതി ഉത്പാദന, പ്രസരണ, വിതരണം തടസമില്ലാതെ നടത്തുന്നതിനാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ശ്രമിക്കുന്നത്‌.  എന്നാൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തോടെ ഞായറാഴ്ച രാത്രി 9 മണിയോടെ  പ്രസരണ ശൃംഖലയുടെ സ്ഥിരത ഉറപ്പാക്കുന്നതിനായി വൈദ്യുതി മേഖലയിലെ ജീവനക്കാർ വിപുലമായ തയ്യാറെടുപ്പ് നടത്താൻ നിർബന്ധിതരായി.  കേരളത്തിൽ പ്രധാന ഉത്പാദന, പ്രസരണ നിലയങ്ങളിൽ ഞായറാഴ്ച വൈകുന്നേരം മുതൽ രാത്രി വരെ മെയിന്റനൻസ് ടീമുകൾ അടക്കം ക്യാമ്പ് ചെയ്തു കൊണ്ട് വൈദ്യുതി ഗ്രിഡ് നിലനിർത്താനാണ് ശ്രമിക്കുന്നത്. കോവിഡ്-19മായി ബന്ധപ്പെട്ട് നടത്തിയ മാനവവിഭവ ശേഷി ആസൂത്രണത്തെ ഈ നടപടികൾ ദോഷകരമായി ബാധിച്ചു.

കോവിഡിനെതിരെ രാജ്യം ഒറ്റക്കെട്ടായി അണിനിരക്കുകയാണെന്ന സന്ദേശത്തിന്റെ ആവിഷ്കാരമെന്ന നിലയിൽ പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് മെഴുകുതിരിയും മൊബൈൽ ടോർച്ചുമൊക്കെ തെളിക്കുന്നതിൽ അപാകമില്ല. എന്നാൽ, സാങ്കേതിക വിദഗ്ദ്ധരുമായി കൂടിയാലോചന നടത്താതെ അനവസരത്തിൽ വൈദ്യൂതി മേഖലയെ സമ്മർദ്ദത്തിലാക്കിയ തീരുമാനത്തിൽ നിന്ന് പ്രധാനമന്ത്രി പിൻമാറണമെന്ന് അഭ്യർത്ഥിക്കുന്നു.
KSEBOA Press Release