കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് കോട്ടയത്ത് തുടക്കമായി. സി.ജി സുരേന്ദ്രന്‍ – എസ് കൃഷ്ണന്‍ കുട്ടി നഗറില്‍ (മാമ്മന്‍ മാപ്പിള ഹാള്‍) നടക്കുന്ന സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനം സഹകരണ രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ഡോ: എം ജി സുരേഷ് കുമാര്‍ അധ്യക്ഷനായി. സാധാരണക്കാരുടെ വൈദ്യുതി ചാര്‍ജ്ജ് കൂടാനും വൈദ്യുതി കിട്ടാക്കനിയാകാനും കാരണമാകുന്ന കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ തിരുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാനം നേരിടുന്ന വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് ആഭ്യന്തര ഉത്പാദനം കൂട്ടാനുള്ള പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനുള്ള തടസ്സങ്ങള്‍ നീക്കണമെന്നും തടസ്സ രഹിത വൈദ്യുതിക്കുള്ള ഊര്‍ജ്ജ കേരള മിഷന്റെ തുടര്‍ച്ചയുണ്ടാവണമെന്നും കേരളത്തിന്റെ ഊര്‍ജ്ജ പ്രതീക്ഷകളെ നിറവേറ്റുന്നതിന് കെ എസ് ഇ ബി യെ സജ്ജമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം സമ്മേളനത്തില്‍ അവതരിപ്പിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ എവി റസ്സല്‍ സ്വാഗതം പറഞ്ഞു.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ജയന്‍ദാസ് രക്തസാക്ഷി പ്രമേയവും സുദീപ് എം പി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഇലക്ട്രിസിറ്റി എമ്പ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി പ്രശാന്തോ നന്ദി ചൗധരി , കെ എസ് ഇ ബി വര്‍ക്കേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് ഹരിലാല്‍, കെ ജി ഒ എ ജനറല്‍ സെക്രട്ടറി ഡോ. എസ് ആര്‍ മോഹനചന്ദ്രന്‍, എ കെ ഡബ്ല്യു എ ഒ ജനറല്‍ സെക്രട്ടറി ശ്രീ സന്തോഷ് കുമാര്‍ ഇ എസ്, സ്പാറ്റോ പ്രസിഡണ്ട് വി.സി ബിന്ദു എന്നിവര്‍ അഭിവാദ്യങ്ങളര്‍പ്പിച്ച് സംസാരിച്ചു. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് മനോജ് ഇ നന്ദി പറഞ്ഞു.