കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബര്‍ മാസത്തില്‍ ഗോവയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചിരുന്നു. പതിമൂന്നു അംഗംങ്ങളും അവരുടെ കുടുംബാംഗങ്ങളും വിനോദയാത്രാ സംഘത്തിൽ ഉണ്ടായിരുന്നു. കുറച്ച് കാലമായി ആലോചനയിലുണ്ടായിരുന്ന ഒരു കാര്യമാണ് ഇതോടു കൂടി സാക്ഷാത്കരിക്കപ്പെട്ടത്. നിത്യ ജീവിതത്തിന്റെ തിരക്കിൽ നിന്ന് ഒഴിഞ്ഞ് രണ്ടു ദിവസം ആഘോഷത്തിന്റെ ദിവസങ്ങളിലേക്ക് മാറിയത് അനിവാര്യമായിരുന്നെന്ന് വിനോദയാത്ര അവസാനിച്ചശേഷം എല്ലാവര്‍ക്കും ബോധ്യപ്പെട്ടു.
ഒരു പാക്കേജ് ടൂർ പ്രോഗ്രാമിൽ ചേര്‍ക്കാന്‍ കഴിയുന്ന എല്ലാ പരിപാടികളും ഉൾപ്പെടുത്തിയാണ് വിങ്‌സ് ഇന്റർനാഷണൽ എന്ന ടൂർ കമ്പനി ഗോവ യാത്ര ക്രമീകരിച്ചത്. നിശ്ച്ചയിച്ചതു പോലെ, ഡിസംബർ 8 നു രാവിലെ പത്തു മണിയോടുകൂടി കോട്ടയത്തുനിന്നും ബസ് മാർഗം നെടുമ്പാശ്ശേരിയിലേക്കു ഞങ്ങൾ യാത്ര തിരിച്ചു. ബസ് യാത്രയുടെ വിരസത അനുഭവപ്പെടാത്ത വിധം കുടുംബാംഗങ്ങള്‍ കലാപരിപാടികൾ അവതരിപ്പിച്ചു കൊണ്ടിരുന്നു. നെടുമശ്ശേരിയിൽ നിന്നും ഉച്ചക്ക് ശേഷം ഏകദേശം 3.30 മണിയോടെ ഇൻഡിഗോ എയർലൈൻസില്‍ ബാംഗ്ലൂരിലേക്ക് യാത്ര തിരിച്ചു. ബാംഗ്ലൂർ ഇന്റർനാഷണൽ എയർപോർട്ടിൽ 4 മണിയോടെ എത്തിച്ചേർന്ന ഞങ്ങൾ രാത്രി 9 മണി വരെ കണക്ഷൻ ഫ്ലൈറ്റിന് വേണ്ടി അവിടെ തങ്ങി.
കണക്ഷന്‍ ഫ്ലൈറ്റില്‍ കയറി രാത്രി 10 മണിയോടെ ഞങ്ങൾ ഗോവയുടെ മണ്ണിൽ ഇറങ്ങി. സംഘാംഗങ്ങളിൽ ഭൂരിഭാഗവും ആദ്യമായാണ് ഗോവയിൽ എത്തുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നും പുറത്ത് വന്നപ്പോൾ ബുക്ക് ചെയ്ത ഹോട്ടലിലേക്ക് ഞങ്ങളെ കൊണ്ടുപോകുവാൻ ബസ് എത്തിയിരുന്നു. ഏകദേശം 11 മണിയോടുകൂടി താമസ സ്ഥലത്തു എത്തിച്ചേർന്നു.
ഒരു ദിവസത്തെ യാത്രയുടെ ക്ഷീണം മുഴുവൻ തീർത്ത ഞങ്ങൾ പിറ്റേ ദിവസം രാവിലെ 10 മണിക്ക് ബസിൽ വിവിധ സ്ഥലങ്ങള്‍ കാണുന്നതിനായി പുറപ്പെട്ടു. ആദ്യം പോയത് പോർട്ടുഗീസുകാർ 1612 ൽ പണി കഴിപ്പിച്ച അഗൗഡ ഫോര്‍ട്രെസ് എന്ന കോട്ടയിലേക്കാണ്. പോർട്ടുഗീസ് ഭാഷയിൽ ‘വാട്ടറിങ് പ്ലേസ്’ എന്ന് ഇതിന് അര്‍ത്ഥം വരും. ഈ ഭീമൻ കോട്ടയുടെ ഉള്‍ഭാഗം വെള്ളം സംഭരിക്കുന്നതിനാണ് ഉപയോഗിക്കുന്നത്. 1,08,01,514 ലിറ്റർ ആണ് ഇതിന്റെ സംഭരണശേഷി. ഈ വിവരം അറിഞ്ഞപ്പോള്‍ പോര്‍ട്ടുഗീസുകാരുടെ എഞ്ചിനീയറിംഗ് മികവിനെ ശിരസ്സാ നമിച്ചു പോയി.
അതിനുശേഷം നേരെപോയതു അഞ്ജുനാ ബീച്ചിലേക്കാണ്. ശാന്തമായ തിരകൾ മനസ്സിനും ശാന്തി കൊണ്ടു വന്നു. സംഘങ്ങൾ അറിയാവുന്ന ഇംഗ്ലീഷി ൽ ബീച്ചിലെ കച്ചവടക്കാരോട് വിലപേശിയത് എല്ലാവരിലും ചിരി പടര്‍ത്തി. അഞ്ജുനാ ബീച്ചിൽനിന്നും ഉച്ചയോടെ മടങ്ങി. ഭക്ഷണത്തിന് ശേഷം കലാന്‍ഗുട്ടേ ബീച്ചിലേക്കാണ് ഞങ്ങൾ പോയത്. ഗോവയിലെ തന്നെ ഏറ്റവും പ്രശസ്തമായ ബീച്ചാണ് ഇത്. വാട്ടർ സ്പോർട്സ്, വാട്ടർ സ്കൂട്ടർ, പാരച്ചൂട്ട് എന്നിവയും ഇവിടെ ഉണ്ടായിരുന്നു.
ബീച്ചില്‍ നിന്നും തിരികെ താമസ സ്ഥലത്ത് വന്ന് ഭക്ഷണം കഴിച്ച ശേഷം ‘സാറ്റര്‍ഡേ നൈറ്റ്സ്’ എന്ന ഷോപ്പിംഗ് സ്ഥലത്തേക്ക് പോയി. ഷോപ്പിങ്ങിന്റെയും എല്ലാതരം വിനോദങ്ങളുടെയും കേന്ദ്രമാണ് ഇവിടം. ഷോപ്പിങ്ങിനുശേഷം ചെറുസംഘങ്ങളായി ഞങ്ങൾ താമസ സ്ഥലത്തേക്ക് മടങ്ങി.
പിറ്റേ ദിവസം രാവിലെ ഞങ്ങൾ ഡോള്‍ഫിനുകളെ കാണുവാന്‍ പോയി. കടലിലേക്ക് വലിയ ബോട്ടിൽ ആയിരുന്നു യാത്ര. പ്രായം മറന്ന് എല്ലാവരും പാട്ടിന്റെ അകമ്പടിയോടെ നൃത്തം ചെയ്തായിരുന്നു യാത്ര. നിരവധി ഡോള്‍ഫിനുകളെ കണ്ടു. കൂടാതെ കുറെയധികം സിനിമ ഷൂട്ടിംഗ് ലൊക്കേഷനുകളും.
തുടര്‍ന്ന് 300 വര്‍ഷം പഴക്കമുള്ള സെന്റ് ഫ്രാൻസിസിന്റെ പേരിലുള്ള ബോൺ ജീസസ് ചര്‍ച്ച് കാണുവാൻ പോയി. സെന്റ് ഫ്രാൻസിസിന്റെ മൃതദേഹം ഇപ്പോഴും കേടു കൂടാതെ അവിടെ സൂക്ഷിച്ചിരിക്കുന്നു.
അവിടെനിന്നും ഞങ്ങൾ പോയത് ക്രൂയിസ് ഷിപ്പിലേക്കാണ്. അത് ആഘോഷത്തിന്റെ മറ്റൊരു ലോകത്താണ് ഞങ്ങളെ എത്തിച്ചത്. പാട്ടും നൃത്തവുമായി കുട്ടികളടക്കം എല്ലാവരും വളരെയധികം സന്തോഷിച്ചു.
രാത്രിയോടെ ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചു. രാത്രി വൈകിയെത്തിയ തീവണ്ടിയിൽ ഗോവയോടും ആഘോഷങ്ങളോടും വിടപറഞ്ഞ് ഞങ്ങൾ കയറി. അടുത്ത ദിവസം, ഡിസംബര്‍ 11 ന് വൈകുന്നേരം 4 മണിക്ക് എറണാകുളത്തു എത്തി. യാത്രയുടെ അവസാനം എല്ലാവരും ഒരു കുടുംബം പോലെ ആയിക്കഴിഞ്ഞിരുന്നു. പിരിഞ്ഞ് പോകാന്‍ മടി. അടുത്ത യാത്ര എങ്ങെനെയായിരിക്കും എന്ന ആലോചനയിലായിരുന്നു കുട്ടികളുള്‍പ്പെടെ എല്ലാവരും. അപ്പോള്‍ വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ കോട്ടയത്ത് എത്തി വഴിപിരിഞ്ഞു.