പെണ്ണിര

353

മൈമുനയ്ക്ക്
മണ്ണിരയെക്കാണണം

തോട്ടുവക്കിലെ തുരങ്കത്തില്‍
സുറുമയിട്ട കണ്ണുകള്‍ മാറിമാറി നട്ടു
മണ്ണിരയെക്കണ്ടില്ല.

എന്റെ കൈയിലെ ചേമ്പിലപ്പൊതി
തട്ടിപ്പറിച്ചുനോക്കി.
ഒരു മാളവും
മണ്ണിരയ്ക്ക് ഒളിയിടമാവില്ലെന്ന്
മൈമൂന അറിഞ്ഞു.

കണക്കുപെട്ടീന്ന്
ചൂണ്ടയെ വിളിച്ചളവെടുത്ത്
ഒത്തിരി മണ്ണിരക്കുപ്പായം
വെട്ടിത്തയ്ച്ചു നല്‍കി.
അമ്പലക്കുളത്തില്‍ മാത്രമല്ല
അവളുടെ കണ്ണിലുമപ്പോള്‍
ജലം തേങ്ങിക്കിടന്നു.

അന്നു പിണങ്ങിപ്പോയവളെ
കുട്ടികള്‍ ഓലപ്പന്തലിനിട്ട കണ്ണുകളിലൂടെ
കതിര്‍മണ്ഡപത്തില്‍ കണ്ടു.

മൈമുനയെ താലികെട്ടുന്ന
ചൂണ്ട മൈതീനെക്കണ്ടു.

മൈതീനിക്കയുടെ
ഊത്തകേറിയ ശരീരം
മൈമുനയെ സന്തൂക്കിന്നിറക്കി *
മയ്യത്തു നിസ്കാരത്തിനു കിടത്തി

ആറടിമാളം
ഒളിയിടമാണെന്ന്
അവളറിഞ്ഞു കാണുമോ.

നൗഷാദ് പത്തനാപുരം