എപ്പോഴാണ് എന്റെ മനസ്സിൽ ഇന്ത്യയുടെ റോഡുകളിൽകൂടി സ്വന്തംവണ്ടിയിൽ ഒരു യാത്ര എന്ന സ്വപ്നം കൂടുകൂട്ടിയത് എന്ന് അറിയില്ല. യാത്രകൾ എന്നും എനിക്ക് ഒരു ലഹരി ആയിരുന്നു. ഓരോ ചെറിയ യാത്രകൾപോലും ഞാൻ ആസ്വദിച്ചിരുന്നു. ഞാൻ എന്റെ സ്വപ്നം ഭർത്താവിനോട് പറഞ്ഞപ്പോൾ അദ്ദേഹത്തിനും വലിയ ഉത്സാഹം ആയി. പിന്നെ ഞങ്ങൾ ഒരുമിച്ച് ആ യാത്ര സ്വപ്നം കാണാൻ തുടങ്ങി. ആദ്യം മോൻ പഠിക്കുന്ന ഡെഹ്റഡൂൺ വരെയും പിന്നീട് കാശ്മീർവരെയും, പിന്നെ ഒരു അത്യാഗ്രഹം പോലെ ‘ലാൻഡ് ഓഫ് പാസ്സസ്’ ആയ ലഡാക്ക് വരെയും ആ സ്വപ്നം വളർന്നു വലുതായി. ആ യാത്ര പൂർത്തിയാക്കുവാൻ ഒരുപാട് വെല്ലുവിളികൾ ഞങ്ങളുടെ മുൻപിൽ ഉണ്ടായിരുന്നു.
ആ വെല്ലുവിളി നേരിട്ടുകൊണ്ട് ജൂലൈ 29ന് രാവിലെ 5.15 ഓടുകൂടി ഞങ്ങളുടെ സ്വപ്നയാത്ര ആരംഭിച്ചു. യാത്രാസമയം കൂടുതൽ വേണ്ടതിനാൽ മനോഹരമായ കൊങ്കൺ മാർഗം ഉപക്ഷിച്ച് എൻഎച്ച് 44 വഴിയായിരുന്നു യാത്ര.
കാശ്മീരിൽ നല്ല മഴയായിരുന്നു. ഞങ്ങൾ ജമ്മുവിൽ താമസിച്ച രാത്രിയും നല്ല ഇടിവെട്ടും മഴയും ആയിരുന്നു. ജമ്മുശ്രീനഗർ പാത മണ്ണിടിച്ചിൽ ഭീഷണി ഉള്ള ഒരു റൂട്ടാണ്. ഞങ്ങളുടെ ഭാഗ്യം എന്നുപറയട്ടെ ഗതാഗതതടസ്സം ഒന്നും ഉണ്ടായില്ല.
ജമ്മുവിൽനിന്ന് രാവിലെ 6 മണിക്ക് ശ്രീനഗറിലേക്ക് പുറപ്പെട്ടു. ദൃശ്യസുന്ദരമായ വ്യൂപോയിന്റുകളിൽ വണ്ടിനിർത്തിഫോട്ടോ എടുത്തും ദാബകളിൽനിന്ന് ഭക്ഷണം കഴിച്ചും ഓരോനിമിഷവും ആസ്വദിച്ചുകൊണ്ടായിരുന്നു ഞങ്ങളുടെ യാത്ര.
കശ്മീരിൽ ഞങ്ങൾ 6 ദിവസം ഉണ്ടായിരുന്നു. നമുക്ക് സന്ദർശിക്കാൻ അനുവാദമുള്ള സ്ഥലങ്ങളിൽ ഒക്കെ ഞങ്ങൾ പോയി. ദാൽ തടകത്തിലൂടെയുള്ള ശിക്കാരസവാരി ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റില്ല. ദാൽ തടകത്തിലെ പ്രശസ്തമായ ഫ്ലോട്ടിങ്ങ് മാർക്കറ്റിലെ കച്ചവടം ശ്രീനഗറിലെ ഷാലിമാർ ഗാർഡൻ, പരിമഹൽ, നിഷാന്ത് ഗാർഡൻ, ബോട്ടാനിക്കൽ ഗാർഡൻ തുടങ്ങിയവ സന്ദർശിച്ചു. ഗുൽമാർഗിലെ 14000 അടി ഉയരത്തിലെ ‘ഘണ്ടോള’ റൈഡ് വ്യത്യസ്തമായ ഒരു അനുഭവമാണ്. ലിഡ്ഡർ നദിതടത്തിലുള്ള വശ്യസുന്ദരിയായ പഹൽഗാം നമ്മളെ വല്ലാതെ ആകർഷിക്കും. ലിഡ്ഡർ നദിയുടെ ഓരം ചേർന്ന് അമർനാഥ് ബേസ് ക്യാമ്പായ ചന്ദൻവാടിയിലേക്ക് യാത്രചെയ്യുമ്പോൾ ദൃശ്യമാകുന്ന മനോഹാരിത നമ്മുടെ മനസ്സിന്റെ ആഴങ്ങളിൽ ഇടംപിടിക്കും. ബേതാബ്വാല്ലീയിലും, ആരൂവാല്ലീയിലും ചിലവഴിക്കുന്ന നിമിഷങ്ങൾനമ്മുടെ ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങളായി മാറും.
ഞങ്ങൾ അടുത്ത ദിവസം ലേയിലേക്ക് പോകാൻ തയ്യാറായി. ഓഗസ്റ്റ് 9ന് രാവിലെ 5 മണിക്ക് ഞങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനമായ കാർഗിലിലേക്ക് പുറപ്പെട്ടു. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും തണുപ്പുള്ള ദ്രാസ് കടന്നിട്ടുവേണം കാർഗിലിൽ എത്താൻ. ദ്രാസ്സിൽ ആണ് കാർഗിൽ വാർ മെമ്മോറിയൽ സ്ഥിതിചെയ്യുന്നത്.
ഒരു ദിവസം കാർഗിലിൽ സ്റ്റേചെയ്തിട്ട് രാവിലെ 6 മണിയോട്കൂടി ലേയിലേക്ക് പുറപ്പെട്ടു.
ലേയിൽ എത്തിച്ചേരുവാൻ രണ്ട് റോഡ് മാർഗങ്ങൾ ആണുള്ളത്. ശ്രീനഗർവഴിയും മണാലിവഴിയും. ആദ്യമായിട്ട് ലേയിൽ വരുന്ന ആളുകൾ ശ്രീനഗർ വഴിയാണ് തെരഞ്ഞെടുക്കുന്നത്. ഈ റൂട്ട് വഴി പതുക്കെ പതുക്കെ ഉയരത്തിൽ എത്തുന്നതുമൂലം AMS (Acute Mountain Sickness) വരാനുള്ള സാധ്യത കുറവാണ്. ശ്രീനഗറിൽനിന്ന് എത്താൻ മൂന്നു മലകൾ കയറി ഇറങ്ങണം. സോജിലപാസ്സ്, ഫാട്ടുലാ, നമക്കിലപാസ്സ് എന്നീ മലനിരകളിൽ 13478 അടി ഉയരമുള്ള ഫാട്ടുലടോപ് ആണ് ഈ റൂട്ടിലെ ഏറ്റവും ഉയരത്തിലുള്ള പോയിന്റ്. കാശ്മീർമുതൽ ഇച്ചു ഒരു സ്വഭാവം സ്വന്തമാക്കിയിരുന്നു. പട്ടാളവണ്ടിയോ പട്ടാളക്കാരെയോ കണ്ടാൽ സല്യൂട്ട്ചെയ്യുമായിരുന്നു. എല്ലാ പട്ടാളക്കാരും തിരിച്ചും സല്യൂട്ട്ചെയ്തിരുന്നു. ലേയിലേക്ക് വരുന്ന വഴിയിൽ ലമായുരു മോണാസ്ട്രിയും മഗ്നറ്റിക്ഹില്ലും സന്ദർശിച്ചു. ഇനി സന്ദർശിക്കേണ്ട സ്ഥലങ്ങൾ ഇതിലും ഉയരത്തിൽ ആണ്. ലേയിൽ പരിസരപ്രദേശത്തുള്ള മോണാസ്ട്രികളും, ഗുരുദ്വാര, ലേഹ്പാലസ്, സംഗം, മാൾറോഡ് തുടങ്ങിയവ ഈ മൂന്നു ദിവസങ്ങളിൽ സന്ദർശിച്ചു. അവിടെ പകൽ നല്ല വെയിൽ ആയിരുന്നു. ലേയിൽനിന്ന് മറ്റുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ inner line permit എടുക്കണം. 14-ാം തിയതി ഞങ്ങളുടെ മാത്രമല്ല എല്ലാ സഞ്ചാരികളുടെയും സ്വപ്ന destination ആയ ‘kardungla’ യിലേക്ക് പോകാൻ തയ്യാറായി. 17982 അടി ഉയരത്തിലുള്ള ‘mighty kardungla’ യിലേക്ക് പോകാൻ ഞങ്ങൾക്ക് ആവേശത്തോടൊപ്പം നല്ല പേടിയും ഉണ്ടായിരുന്നു. അവിടെ നിൽക്കാൻ പറ്റുന്ന മാക്സിമം സമയം 20 മിനിറ്റ് ആണ്. ഓക്സിജൻ കുറവ് വണ്ടികൾക്കും പ്രശ്നമാകാറുണ്ട്.
ചന്ദ്രനിലെ ഉപരിതലത്തിനോട് സാമ്യമുള്ള ‘മൂൺലാൻഡ്’ എന്ന വിളിപ്പേരുള്ള ലഡാക്കിലെ റോഡുകളുടെ കൺസ്ട്രക്ഷനും മെയ്ന്റനൻസും BRO ക്ക് ആണ്. ‘you are on the top of the world’ എന്ന ബോർഡിന്റെ ചുവട്ടിൽ നിൽക്കുമ്പോൾ നമ്മൾക്ക് ഉണ്ടാവുന്ന വികാരം വിവരിക്കാൻ വാക്കുകളില്ല. പിന്നെ ടൂറിസ്റ്റുകൾ വരാൻ തുടങ്ങിയപ്പോൾ ഞങ്ങൾ അവിടെനിന്നും ഞങ്ങളുടെ അടുത്ത ലക്ഷ്യസ്ഥാനമായ നുബ്രവാലീയിലേക്ക് പോയി. ലഡാക്കിൽ പച്ചപ്പുള്ള മനോഹരമായ സ്ഥലമാണിത്. ‘നോർത്ത്പുള്ളു’ എന്ന സ്ഥലത്ത് പട്ടാളക്കാർ നടത്തുന്ന കാന്റീൻ ഉണ്ട്. ആ തണുപ്പത്ത് അവിടെനിന്ന് ചൂടോടെ കിട്ടുന്ന നൂഡിൽസ് നമ്മൾക്ക് ഏറ്റവും രുചിയുള്ള ഭക്ഷണമായി തോന്നും.
ഞങ്ങൾ ദിസ്കിത്ത് എന്നസ്ഥലത്താണ് റൂം ബുക്ക് ചെയ്തിരുന്നത്. അന്ന് ഞങ്ങൾ അവിടത്തെ സാൻഡ്ഡ്യൂൺസും മോണാസ്ട്രിയും ഒക്കെ സന്ദർശിച്ചു. പിറ്റേദിവസം ഇന്ത്യയുടെ അവസാന ഗ്രാമങ്ങൾ ആയ തുർത്തുക്കും താങ്ങും സന്ദർശിക്കാൻ തീരുമാനിച്ചിരുന്നു. തുർതുക്കിലേക്കുള്ള റോഡുകൾ വളരെ മനോഹരവും പലസ്ഥലങ്ങളും തീർത്തും വിജനമായിരുന്നു.
ശരിക്കും എനിക്ക് വളരെ പേടിതോന്നിയ ഒരു യാത്ര ആയിരുന്നു അത്. ഷയോക്ക് നദി കടന്ന് വേണം തുർതുക്കിലേക്ക് എത്താൻ. നമ്മുടെ വാഹനം കടന്നുപോകുമോ എന്ന് തോന്നിക്കുന്ന ഒരു ചെറിയ ഇരുമ്പ് പാലവും അപ്പുറത്ത് റോഡ് ഉണ്ടോഎന്ന് സംശയം തോന്നുമാറ് ഒരുവഴിയും ആണ് ഉണ്ടായിരുന്നത്. ഒരുകൂട്ടം ടാക്സികാറുകൾ വളരെ ലാഘവത്തോടെ ആ ഇരുമ്പ് പാലം കയറി അപ്പുറമുള്ള ഇടുങ്ങിയ റോഡിൽകൂടി കടന്നുപോയി. അപ്പോൾ ഞങ്ങൾക്കും ധൈര്യമായി. ഞങ്ങളും അവരുടെ പിന്നാലെ തുർതുക്ക് ലക്ഷ്യമാക്കി നീങ്ങി. അവിടെനിന്ന് ‘താങ്’ എന്ന ഗ്രാമത്തിലേക്ക് പോയി. ‘you are under enemy’s surveillance’ എന്ന ബോർഡാണ് നമ്മളെ സ്വാഗതം ചെയ്യുക. അവിടെനിന്ന് പാകിസ്ഥാനിലേക്ക് 2.2 KM മാത്രമാണുള്ളത്.
പിറ്റേദിവസം മറ്റൊരു സാഹസികയാത്ര തുടങ്ങുകയായി. നുബ്രവാല്ലീയിൽനിന്ന് വറ്റിവരണ്ട (ആ ഒരു ഭാഗത്തുമാത്രം) ഷായോക്ക് നദി കടന്നുവേണം Pangong lakeൽ എത്താൻ. BRO എഴുതിവച്ചിരിക്കുന്ന വാചകങ്ങൾ ശരിവെക്കുന്നതായിരുന്നുPangong lakeന്റെ വശ്യസൗന്ദര്യം. ‘Difficult roads leads to beautiful destnation’. ലോകത്തിലെതന്നെ ഏറ്റവും ഉയരത്തിലുള്ള ഈ ഉപ്പ് തടാകത്തിന്റെ ഭംഗികണ്ട് നമ്മൾ മയങ്ങിനിന്നുപോകും. തിരിച്ചു ലേയിലോട്ട് പോകുമ്പോൾ വലിയ ഒരു കടമ്പയായ ‘changla pass’ കയറി ഇറങ്ങേണ്ടതുകൊണ്ട് മനസ്സില്ലാമനസ്സോടെ അവിടെനിന്നും തിരിച്ചു.
ഇനി ഞങ്ങളുടെ അടുത്ത ലക്ഷ്യം ലേയിൽനിന്ന് മണാലിവരെ ഉള്ള ഒരു യാത്ര ആണ്. എന്നാലേ ശ്രീനഗർ-ലേ-മണാലി എന്ന സർക്യുട്ട് പൂർത്തി ആകുകയുള്ളൂ. ഞങ്ങളുടെ യാത്ര തുടങ്ങുമ്പോൾ ഹിമാചൽപ്രദേശിൽ നല്ല മഴആയിരുന്നു. പല റോഡുകുളും അടച്ചിട്ടിരിക്കുകയായിരിന്നു. ലേയിൽനിന്ന് മണാലി എത്താനുള്ള റോഡും മണ്ണിടിച്ചിൽ കാരണം ഇടയ്കിടയ്ക്ക് അടഞ്ഞുകിടന്നിരുന്നു. ഞങ്ങൾ ലേയിൽ കാലവസ്ഥ നന്നാവുമെന്ന പ്രതീക്ഷയോടെ രണ്ട് ദിവസം അധികം സ്റ്റേചെയ്തു. മണാലിയിൽനിന്ന് നല്ല വാർത്തകൾ കിട്ടിത്തുടങ്ങി. ടൂറിസം ഡിപ്പാർട്മെന്റുമായി ബന്ധപ്പെട്ടപ്പോൾ ‘നിങ്ങൾധൈര്യമായി പൊയ്ക്കൊള്ളാൻ’ പറഞ്ഞു. അങ്ങനെ ഞങ്ങൾ ആഗസ്റ്റ് 19, ഞങ്ങളുടെ സ്വപ്നയാത്രയുടെ ഏറ്റവും സാഹസികവും ദുഷ്കരവുമായ യാത്രയ്ക്കുവേണ്ടി തിരഞ്ഞെടുത്തു. ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ വഴികളിൽ ഒന്നാണ് ലേ – മണാലി ഹൈവേ.ഏകദേശം 17000 അടി ശരാശരി ഉയരം ഉള്ള 4 മലനിരകളും ‘ഘാട്ടലൂപ്സ്’ എന്ന 21 ഹെയർപിൻ ബെന്റുകൾ ഉള്ള സിംഗിൾലൈൻ ട്രാഫിക് ഉള്ള മലനിരകളും താണ്ടിവേണം മണാലിയിൽ എത്താൻ.
രാവിലെ 5 മണിയോടെ ഞങ്ങൾ യാത്ര തുടങ്ങി. ആദ്യം 17480 അടി ഉയരം ഉള്ള ‘താങ്ലങ്ങല’ കടന്നു.ഈ മലനിരകളിലെ റോഡുകൾ നല്ലതായിരുന്നു. അത് കഴിഞ്ഞു പാങ് എന്ന ഗ്രാമം വരും. പിന്നെ ലാച്ചുലങ്ലാ, നക്കീല പിന്നിട്ട് ഘാട്ടലൂപ്സ് വന്നു. ഈ വഴികളിൽ ഒക്കെ എതിർദിശയിൽ വണ്ടികൾ വന്നാൽ സൈഡ്കൊടുക്കുമ്പോൾ നമ്മൾ വാല്ലീസൈഡ് ആയിരിക്കും. അത്യാവശ്യം ട്രാഫിക് ഉള്ള റൂട്ട് ആണിത്. പിന്നെ സർച്ചു എന്ന സ്ഥലം എത്തുന്നതിനുമുൻപ് കിലോമീറ്ററോളം റോഡ് ഇല്ലായിരുന്നു. മണ്ണിൽ കൂടിയാണ് വണ്ടി ഓടിച്ചത്. പൊടി കാരണം മുൻപിൽ ഉള്ളത് ഒന്നും കാണുന്നുണ്ടായിരുന്നില്ല. കുറേ കഴിഞ്ഞപ്പോൾ സർച്ചു എത്തി. അവിടെ ഹിമാചൽപ്രദേശിലേക്കുള്ള ചെക്ക്പോസ്റ്റ് ഉണ്ട്. അത് കഴിഞ്ഞു ബാരലാച്ചപാസ് കയറണം. മോശം റോഡും ഇടയ്കിടയ്ക്കുള്ള വാട്ടർ ക്രോസ്സിങ്ങും യാത്ര ദുഷ്കരമാക്കി. പല വാട്ടർ ക്രോസ്സിങ്ങുകളിലും വെള്ളത്തിന്റെ ആഴം മനസിലാക്കാൻ വേറൊരു വണ്ടികടന്നുപോകുന്നതുവരെ കാത്തുനിൽക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെ ബാരലാച്ചയും കഴിഞ്ഞ് അടുത്ത സ്വപ്ന ഡെസ്റ്റിനേഷൻ ആയ അടൽടണൽ എത്തി. ലോകത്തിൽ 10000 അടിക്ക് മുകളിലുള്ള ഏറ്റവും നീളം കൂടിയ ടണൽ ആണിത്. അതും കടന്നു രാത്രി 8 മണിയോട് കൂടി മണാലി എത്തി.
ദേവഭൂമിയായ മണാലിയിൽ എത്തി അടുത്ത ദിവസം ഒരു റ്റൂവീലർ വാടകക്ക് എടുത്തു അടൽടണൽവരെ ഞങ്ങൾ പോയി. ദേവദാരൂ മരങ്ങൾക്കിടയിലൂടെ എത്തിനോക്കുന്ന നീലിമയാർന്ന ആകാശവും പച്ചപ്പ്നിറഞ്ഞ മലനിരകളും താഴ്വാരത്തിലൂടെ ഒഴുകുന്ന ബിയാസ് നദിയും കൺകുളിർക്കേ കണ്ടുകൊണ്ടുള്ള യാത്ര ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ റ്റൂ വീലർ റൈഡായിരുന്നു. ഹിമാചൽപ്രദേശിൽ പല റോഡുകളും മണ്ണിടിച്ചിൽ കാരണം അടച്ചതിനാൽ പല സ്ഥലങ്ങളിലും പോകാൻ പറ്റിയില്ല.
മനസ്സ് നിറയെ നല്ല കുറേ ഓർമ്മകളുമായി വീണ്ടും ചണ്ഡിഗഡ് വഴി എൻഎച്ച് 44 ൽകൂടി ഞങ്ങൾ മടക്ക യാത്ര ആരംഭിച്ചു. 27 ആം തിയതി രാത്രി 8 മണിയോട്കൂടി വീട്ടിൽ തിരിച്ചെത്തി.