കെ.എസ്.ഇ.ബി ലിമിറ്റഡിനെ നവീകരിക്കാം, മുന്നേറാം

34

കഴിഞ്ഞ പത്തിരുപത് വർഷങ്ങളിൽ ഒട്ടനവധി മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥാപനമാണ് KSEB. എന്നാൽ ആ മാറ്റങ്ങൾ ലക്ഷ്യമിട്ട എല്ലാ കാര്യങ്ങളും നേടാൻ കഴിഞ്ഞിട്ടില്ല എന്ന പരിമിതിയും നിലനിൽക്കുന്നു. രാജ്യത്താകെ വൈദ്യുതി മേഖല സ്വകാര്യവൽക്കരണത്തിനും വിഭജനത്തിനും അനുകൂലമായ നയങ്ങൾ നിലനിൽക്കുമ്പോഴും പൊതുമേഖലയിൽ ഒറ്റ സ്ഥാപനമായി KSEB ലിമിറ്റഡ് മുന്നോട്ട് പോകുകയാണ്. നേരിട്ടുള്ള മത്സരമുള്ള സാഹചര്യം നിലനിൽക്കുന്നില്ല എന്നത് വസ്തുതയാണെങ്കിലും സ്ഥാപനത്തിനെ മത്സരോന്മുഖമാക്കി മാറ്റുക പരമപ്രധാനമാണ് എന്നാണ് പറയാനുള്ളത്. അതിന് സ്ഥാപനത്തിനകത്തും പുറത്തും ഒട്ടേറെ മാറ്റങ്ങൾക്ക് തുടക്കമിടേണ്ടതായുണ്ട്. സമൂഹമാധ്യമങ്ങൾ ഉപയോഗിച്ച് പൊതുജനങ്ങളുടെ ഇടയിൽ കെഎസ്ഇബിയ്ക്കെതിരെ ആസൂത്രിതമായ പ്രചരണം നാം കണ്ടുവരികയാണ്’. ചില ആളുകളുടെ മനസ്സിലെങ്കിലും സ്വകാര്യവത്ക്കരിച്ചാൽ എല്ലാ പ്രശ്നങ്ങളും തീരുമെന്ന പ്രതീക്ഷ അവശേഷിപ്പിക്കുക എന്നതാണ് ഇത്തരം പ്രചരണങ്ങളുടെ ആത്യന്തിക ലക്ഷ്യം. പ്രചരണങ്ങൾ എന്തുമാവട്ടെ, സ്ഥാപനത്തിൽ മാറ്റങ്ങൾ വരുന്നതിന് സ്വകാര്യവൽക്കരണമാണ് പരിഹാരമെന്ന് വിശ്വസിക്കുന്ന ജീവനക്കാരും ഓഫീസർമാരുമുണ്ട്. എന്നാൽ മാതൃകാപരവും പുരോഗമനോന്മുഖവുമായ പരിപാടികളിലൂടെ കെഎസ്ഇബി ലിമിറ്റഡിനെ പുതിയ തലത്തിലെത്തിക്കുന്നതിന് കർമ്മ നിരതരായ നമ്മുടെ ജീവനക്കാർക്ക് കഴിയും എന്ന് തന്നെയാണ് പ്രതീക്ഷ. ശക്തവും വിശാല കാഴ്ചപ്പാടുമുള്ള നേതൃത്വം നൽകിക്കൊണ്ട് നടപ്പാക്കാൻ കഴിയുന്ന ചില നിർദ്ദേശങ്ങളും ചിന്തകളും പങ്കുവെക്കാനാണ് ഇവിടെ ഉദ്ദേശിക്കുന്നത്.


ഉൽപാദന പദ്ധതികളുടെ നിർവ്വഹണം
വൈദ്യുതി ഉത്പാദന പദ്ധതികൾ പൂർത്തിയാക്കാതെ അനന്തമായി നീണ്ടുപോകുന്നത് സംബന്ധിച്ച് എല്ലാ കോണുകളിൽ നിന്നും വ്യാപകമായ വിമർശനം നാം നേരിടേണ്ടി വന്നിട്ടുണ്ട്. 60 MW പള്ളിവാസൽ എക്സ്റ്റൻഷൻ സ്കീം, 40 MW തോട്ടിയാർ പദ്ധതി, 24 MW ഭൂതത്താൻ കെട്ട് പദ്ധതി, 7.5 MW പഴശ്ശി സാഗർ തുടങ്ങിയ ചില പദ്ധതികൾ പരിശോധിച്ചാൽ വിമർശനങ്ങളിൽ വസ്തുതയുണ്ടെന്ന് മനസ്സിലാകും. 2006-2007 കാലഘട്ടത്തിൽ ആരംഭിച്ച തോട്ടിയാർ പദ്ധതി 2024ലാണ് കമ്മീഷൻ ചെയ്തത്. പള്ളിവാസൽ പദ്ധതിയും കമ്മീഷനിലേക്ക് കടക്കുകയാണ്. ഭൂതത്താൻ കെട്ട് പദ്ധതിയിൽ സിവിൽ നിർമ്മാണ ജോലികൾ ഏതാണ്ട് പൂർത്തിയായെങ്കിലും E& M പ്രവൃത്തികളുടെ പ്രധാന ഉപകരണങ്ങൾ ചൈനയിൽ നിന്നും എത്തിക്കുന്നതിൽ കരാറുകാരന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയും മറ്റും കാരണം ഇതുവരെയും മുന്നോട്ടു പോകാൻ കഴിഞ്ഞിട്ടില്ല. പഴശ്ശി സാഗർ പദ്ധതിയിലെ സിവിൽ ജോലികൾ നിലച്ച അവസ്ഥയിലാണ്, എത്തിയ E&M ഉപകരണങ്ങൾ സ്ഥാപിക്കാൻ കഴിയാതെ പലയിടങ്ങളിൽ സൂക്ഷിച്ചിരിക്കുകയാണ്. 24 MW ചിന്നാർ പദ്ധതി ഫെബ്രുവരി 2025 ൽ കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിട്ടതെങ്കിലും 2025 അവസാനത്തോടെ തീരുമെന്നാണ് പ്രതീക്ഷ. 40 MW മാങ്കുളം പദ്ധതിയുടെ സിവിൽ ജോലികൾ ദ്രുതഗതിയിൽ നടക്കുന്നുണ്ട് E&M പ്രവൃത്തികളുടെ കരാർ ഡിസംബറോടെ നൽകാൻ കഴിയും. 24 MW അപ്പർ ചെങ്കുളം പദ്ധതിയുടെ സിവിൽ ജോലികൾ തുടങ്ങി,E&M പ്രവൃത്തികളുടെ ടെണ്ടർ തയ്യാറായി വരുന്നു. വരും കാലവൈദ്യുതി ആവശ്യകത നിറവേറ്റുന്നതിന് 2030 ഓടെ 10000 MW സ്ഥാപിത ശേഷി ലക്ഷ്യമിട്ട് വിവിധ തലുള്ള ഉത്പാദന പദ്ധതികളാണ് നടപ്പാക്കാനായി ആലോചനകൾ ഉള്ളത്.
പദ്ധതികൾ മെച്ചപ്പെട്ട ഗുണനിലവാരത്തോടെ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനു നിലവിലുള്ള പരമ്പരാഗത രീതികൾക്ക് പകരം പ്രൊഫഷണൽ പ്രൊജക്ട് മാനേജ്മെന്റ് രീതികൾ അവലംബിച്ചേ മതിയാകൂ.
പള്ളിവാസൽ, തോട്ടിയാർ, ഭൂതത്താൻകെട്ട് തുടങ്ങിയ പദ്ധതികൾ അനന്തമായി നീണ്ടു പോകാൻ വിവിധ തലത്തിലുള്ള കാരണങ്ങൾ ഉണ്ടായതായി കാണാൻ കഴിയും. കേവലം കരാറെടുത്ത സ്ഥാപനത്തിന്റെയോ, നിർവഹണ ഉദ്യോഗസ്ഥരുടെയോ, ബോർഡിന്റെയോ ഭാഗത്തുനിന്നുണ്ടായ കാരണങ്ങൾ മാത്രമല്ല. സമഗ്രമായി അവലോകനം ചെയ്താൽ പദ്ധതി നിർവഹണത്തിന്റെ ഇടയിൽ ഉണ്ടാകുന്ന പല വിഷയങ്ങളിലും ഇടപെട്ട് പദ്ധതി പൂർത്തീകരണമെന്ന വിശാലമായ ലക്ഷ്യം കൈവരിക്കുന്നതിൽ റിസ്ക് എടുത്തു കൊണ്ട് തീരുമാനങ്ങൾ എടുക്കുന്നതിലും നടപ്പിലാക്കുന്നതിലും ഉണ്ടായ ബഹുമുഖ കാരണങ്ങൾ കാണാൻ കഴിയും. അതിന്റെ വിശദാംശങ്ങളിലേക്ക് പോകാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ KSEB യിലെ ഏത് പദ്ധതിയുടെയും നിർവഹണത്തിന് പൊതുവായി സ്വീകരിക്കേണ്ട ചില മാറ്റങ്ങളുണ്ട്
പരമാവധി തീരുമാനങ്ങൾ പ്രോജക്ട് മാനേജർ തലത്തിൽ എടുക്കാൻ കഴിയണം. പ്രോജക്ട് മാനേജർ എന്ന നിലയിൽ വിവിധ എഞ്ചിനീയർമാരെ നിശ്ചയിച്ചിട്ടുണ്ടെങ്കിലും നിലവിലെ Delegation Of Powers ഉൾപ്പടെയുള്ള പരിമിതികൾ കാരണവും ഓണർഷിപ്പോടെ തീരുമാനങ്ങൾ എടുക്കാനുള്ള വിമുഖതയും കാരണം എല്ലാം ബോർഡിലേക്ക് അയക്കുന്ന പ്രവണത കാണാൻ കഴിയും. പദ്ധതികൾക്ക് പ്രത്യേകം Delegation Of Powers ഏർപ്പെടുത്തിയും പ്രോജക്ട് മാനേജ്മെന്റിന്റെ വിവിധ ഘട്ടങ്ങൾക്ക് Standard Operating Procedure(SOP) ഏർപ്പെടുത്തിയും ഇതിന് പരിഹാരം കാണാൻ കഴിയും. നിർവ്വഹണ ഉദ്യോഗസ്ഥരുടെ വ്യക്തിഗത കഴിവുകളിലുള്ള ഏറ്റക്കുറച്ചിലുകൾ പദ്ധതിയെ ഒരു കാരണവശാലും ബാധിക്കാത്ത രീതിയിൽ SOP കൊണ്ടുവരേണ്ടതാണ്.
KSEB ലിമിറ്റഡ് 2013 ൽ കമ്പനി ആയി ഘടന മാറിയെങ്കിലും ഭൂരിഭാഗം നിയമങ്ങളും ഇപ്പോഴും പഴയ പടിയാണ്. ഉപഭോക്താക്കൾക്ക് ലഭ്യമാക്കേണ്ട സേവനങ്ങളിലും മറ്റും നിഷ്കർഷിക്കേണ്ട നിലവാരം പാലിക്കേണ്ടതുകൊണ്ട് Ease of Doing Business നടപ്പിലായിട്ടുണ്ട്. ഇത് വിതരണ രംഗത്ത് ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിലും പൊതുവിൽ ഇപ്പോഴും പഴഞ്ചൻ നിയമങ്ങളും നടപടിക്രമങ്ങളുമാണ് നാം പിന്തുടരുന്നത്. ഉദാഹരണത്തിന് ഏകപക്ഷീയമായ ടെണ്ടർ നിബന്ധനകൾ കാരണം ഉന്നത നിലവാരം പിന്തുടരുന്ന കരാർ സ്ഥാപനങ്ങൾക്ക് നമ്മുടെ പ്രവൃത്തികൾ ഏറ്റെടുക്കാൻ താൽപര്യമില്ല. വലിയ പദ്ധതികൾ നിർവഹിക്കുന്ന NHPC/NTPC/പവർ ഗ്രിഡ് പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ പദ്ധതി നിർവഹണത്തിന് സ്വീകരിക്കുന്ന നല്ല മാതൃകകളും നിയമങ്ങളും നടപടികളും സ്വാംശീകരിച്ച് KSEB യിൽ നടപ്പിലാക്കിയാൽ മാത്രമെ സ്ഥാപനം ഇക്കാര്യത്തിൽ മത്സരോന്മുഖമാകുകയുള്ളൂ. അടിയന്തരമായി KSEBയിൽ നിലവിലുള്ള എല്ലാ Business Rules ഉം സമഗ്രമായി പരിഷ്കരിക്കുന്നതിന് ഒരു വർക്കിംഗ് ഗ്രൂപ്പ് രൂപീകരിച്ച് 6 മാസത്തിനകം അവ പ്രാബല്യത്തിൽ കൊണ്ടു വരണം. നിലവിൽ പലതരത്തിലാണ് ഉത്പാദന പദ്ധതികളുടെ പ്രവൃത്തികൾ നിർവഹിച്ചു വരുന്നത്. ചിലതിൽ സിവിൽ, E& M കരാറുകാരുടെ കൺസോർഷ്യമാണ് പദ്ധതിയുടെ കരാർ സ്ഥാപനം. ചില പ്രവൃത്തികൾ സിവിൽ പ്രത്യേകവും E&M പ്രത്യേകവുമായി ടെണ്ടർ വിളിച്ചു നടപ്പാക്കുന്നു. പേരിന് കൺസോർഷ്യം എന്ന രൂപമുണ്ടെങ്കിലും കൺസോർഷ്യം പാർട്ണർമാർ തമ്മിൽ നല്ല ഏകോപനം ഉണ്ടാവാറില്ല. കൺസോർഷ്യം പാർട്ണർമാർ തമ്മിൽ ഏകോപനം ഉണ്ടാവുന്നതിന് ഒരു പ്രോജക്ട് മാനേജരുടെ ഉത്തരവാദിത്തത്തിൽ ആയിരിക്കണം പദ്ധതിയുടെ നിർവ്വഹണം നടക്കേണ്ടത്. ഈ പ്രോജക്ട് മാനേജർ നല്ല അനുഭവസമ്പത്തുള്ള വ്യക്തിയും KSEB യുടെ അംഗീകാരത്തോടെ നിയമിക്കപ്പെടേണ്ടതുമാണ്. എല്ലാ ആശയവിനിമയവും കൺസോർഷ്യത്തിന്റെ പ്രൊജക്ട് മാനേജറുടെ ഓഫീസുമായിട്ടായിരിക്കണം. ഡിസൈൻ സമയബന്ധിതമായി ലഭ്യമാക്കുന്നതിലും E&M നിർമ്മാതാക്കളുമായുള്ള ചർച്ചകൾക്കെല്ലാം ഏകോപിപ്പിക്കുന്നത് പ്രോജക്ട് മാനേജരുടെ ഉത്തരവാദിത്തമായിരിക്കണം.
നിലവിൽ വൈദ്യുതി ഉത്പാദന പദ്ധതികളുടെ സിവിൽ ഡിസൈൻ നിർവഹിക്കുന്നത് സിവിൽ എഞ്ചിനീയർമാരാണ് E&M ഉപകരണങ്ങൾ സ്ഥാപിക്കുന്ന സ്ഥാപനം നൽകുന്ന E&M ഡിസൈൻ അവലോകനം ചെയ്ത് അംഗീകാരം നൽകുന്നത് PED ഓഫീസാണ്. കൺസോർഷ്യമാണ് പ്രവൃത്തി നിർവ്വഹിക്കുന്നതെങ്കിൽ നിലവാരമുള്ള ഒരു ഡിസൈൻ കൺസൽട്ടന്റിനെ കൂടി കൺസോർഷ്യം പാർട്ണർ ആക്കികൊണ്ട് പദ്ധതിയുടെ ഡിസൈൻ തയ്യാറാക്കുന്ന രീതി അവലംബിക്കാവുന്നതാണ്. ഡിസൈനർ തയ്യാറാക്കുന്ന രൂപകല്പനകൾ സിവിൽ ഡിസൈൻ/PED ഓഫീസുകൾക്ക് അവലോകനം ചെയ്ത് അംഗീകാരം നൽകാൻ കഴിയും.


പദ്ധതികൾ നിർവ്വഹിക്കുന്നതിന് ശക്തമായ ഒരു പ്രോജക്ട് ഡിപ്പാർട്ട്മെന്റ് അനിവാര്യമാണ്. പദ്ധതി നിർവ്വഹണവുമായി ബന്ധപ്പെട്ട് ഈയിടെ ഒരു മാറ്റം വരുത്തിയെങ്കിലും ആ സംവിധാനം പര്യാപ്തമല്ല എന്നാണ് കാണാൻ കഴിയുന്നത്. ജനറേഷൻ പ്രോജക്ടുകൾക്ക് മാത്രമായി ഒരു ഡയറക്ടർ (പ്രോജക്ട്സ്)-സിവിൽന്റെ നേതൃത്വത്തിൽ ഒരു വിംഗ് ആണ് അഭികാമ്യം എന്ന് കരുതുന്നു. ഡയറക്ടറിന് കീഴിൽ ചീഫ് എഞ്ചിനീയർ (സിവിൽ) (ജനറേഷൻ പ്രോജക്ട്സ്-സിവിൽ ഡിസൈൻസ്), ചീഫ് എഞ്ചിനീയറുടെ അധികാരത്തോടെയുള്ള ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) – ജനറേഷൻ പ്രോജക്ട്സ് ഇലക്ട്രിക്കൽ ഡിസൈൻ, ചീഫ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) – ജനറേഷൻ പ്രൊജക്ട്സ് പ്ലാനിംഗ്, ഇൻവെസ്റ്റിഗേഷൻ, കൺട്രോൾ), ചീഫ് എഞ്ചിനീയർ – സിവിൽ – ജനറേഷൻ പ്രോജക്ട്സ് ഇംപ്ലിമെന്റേഷൻ സൗത്ത്, ചീഫ് എഞ്ചിനീയർ – സിവിൽ -ജനറേഷൻ പ്രൊജക്ട്സ് ഇംപ്ലിമെന്റേഷൻ നോർത്ത് എന്ന തരത്തിലുള്ള ഒരു ഘടന ആലോചിക്കാവുന്നതാണ്. നിലവിൽ തിരുവനന്തപുരത്തും കോഴിക്കോട്ടുമുള്ള ഡിസൈൻ സെല്ലുകൾ ഒന്നിച്ചാക്കി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്നതാണ് ഉചിതം. ചീഫ് എഞ്ചിനീയർ ഡിസൈൻ ഓഫീസും, PEDയും സ്വകാര്യ രംഗത്ത് ആരംഭിക്കുന്ന ഉത്പാദന പദ്ധതികൾക്ക് കൂടി സാങ്കേതിക ഉപദേശം നൽകുന്ന തരത്തിൽ ഉയരണം.
ചീഫ് എഞ്ചിനീയർ ജനറേഷൻ പ്രോജക്ട്സ് പ്ലാനിംഗ് മോണിറ്ററിംഗ് & കൺട്രോൾ ഭാവിയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതികളുടെ രൂപരേഖ ഇൻവെസ്റ്റിഗേഷൻ, പ്രോജക്ടുകൾക്കുള്ള വിവിധ വകുപ്പുകളുടെയും റെഗുലേറ്ററി കമ്മീഷൻ തുടങ്ങിയ സ്ഥാപനങ്ങളുടെയും മറ്റും അംഗീകാരം ലഭിക്കുന്നതിനുള്ള നടപടികൾ,പദ്ധതികളുടെ ഫണ്ടിംഗ് ഏർപ്പാട് ചെയ്യൽ തുടങ്ങിയ ഉത്തരവാദിത്തങ്ങൾ നിർവഹിക്കണം. CEയുടെ കീഴിൽ DCE – സിവിൽ – Hydro & PSPs, DCE – E RE Sources ( Solar ,Wind &BESS ) എന്നീ ഓഫീസുകളും പ്രവർത്തിക്കണം. ഈ ഓഫീസുകളുടെ ഉത്തരവാദിത്തത്തിൽ ജലവൈദ്യുതി പദ്ധതികളുടെ ഇൻവെസ്റ്റിഗേഷൻ പഠനങ്ങളും സോളാർ/വിൻഡ്/BESS/Nuclear തുടങ്ങിയ വിവിധ സാധ്യതകൾ സംബന്ധിച്ച പഠനങ്ങൾ നടത്തുകയും പ്രാരംഭ റിപ്പോർട്ടുകൾ തയ്യാറാക്കുകയും വേണം. എല്ലാ ജനറേഷൻ പദ്ധതികളുടെയും നടത്തിപ്പ് (ഹൈഡ്രോ/സോളാർ/വിൻഡ്/BESS) അതാത് റീജിയണിലുള്ള CEമാരുടെ കീഴിൽ നടത്താവുന്നതാണ്.ഇതിനായി അതാത് മേഖലകളിലുള്ള പ്രൊജക്ട് മാനേജർമാരെ ചുമതലപ്പെടുത്താൻ കഴിയും.
പ്രൊജക്ട് വിഭാഗത്തിലെ തസ്തികകൾ സിവിൽ/ഇലക്ട്രിക്കൽ വേർതിരിവില്ലാതെയും പദ്ധതികളുടെ ആവശ്യകത നിറവേറ്റുന്ന രീതിയിൽ flexible ആയിക്കൊണ്ടും നിശ്ചയിക്കാൻ കഴിയേണ്ടതാണ്.
നേരത്തെ SOPയെപറ്റി പറഞ്ഞത് പോലെ KSEBക്ക് തനതായി KSEBL Standard Specifications ഓരോ മേഖലയിലെയും നിർമ്മാണ പ്രവർത്തനങ്ങൾക്കും ഉപകരണങ്ങൾക്കും രൂപവൽക്കരിക്കണം. ഇതിനായി EE മാരുടെ നേതൃത്വത്തിൽ വിവിധ ടാസ്ക് ഫോഴ്സുകൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കണം. സംസ്ഥാനതലത്തിൽ ഒരു ചീഫ് എഞ്ചിനീയർക്ക് ഇത് ഏകോപിപ്പിക്കുന്നതിനുള്ള ചുമതല നൽകി സമയബന്ധിതമായി തീർക്കാൻ കഴിയും. ഇങ്ങനെ രൂപം കൊടുക്കുന്ന Standard Specifications ടെണ്ടറുകളുടെ ഭാഗമാക്കുകയും വേണം. നമ്മുടെ System ഏകനിലവാരത്തിലുള്ളതാക്കുന്നതിൽ ഈ പ്രവർത്തനം ഒരു നാഴികക്കല്ലായി മാറും എന്നതിൽ സംശയമില്ല.
ഡാം സേഫ്റ്റിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഒരു O&M പ്രവർത്തനം ആണെന്നതിനാൽ ഡാം സേഫ്റ്റി ചീഫ് എഞ്ചിനീയർ (സിവിൽ) ജനറേഷൻ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന രീതിയിൽ പുന:സംഘടിപ്പിക്കുന്നതാണ് ഉചിതം എന്ന് തോന്നുന്നു. അതേ രീതിയിൽ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ സിവിൽ/ഇലക്ട്രിക്കൽ കാര്യങ്ങളും ഡയറക്ടർ, പ്രൊജക്ട്സിന്റെ കീഴിൽ വരേണ്ടതാണ്. എല്ലാ O&M ജോലികളും നിർവ്വഹിക്കുന്ന ഓഫീസുകൾ അതാത് ഡയരക്ടർമാരുടെ കീഴിൽ വരുന്ന രീതിയിലും വരണം.
(ലേഖനത്തിൽ പ്രതിപാദിക്കുന്നത് വ്യക്തിപരമായ അഭിപ്രായങ്ങളാണ്)