തൊഴിലാളികള്‍ പ്രതികരിക്കുന്നു

127

2022 ജൂണ്‍ 21, 23, 25 തീയതികളില്‍ ബ്രിട്ടനില്‍ ദേശീയാടിസ്ഥാനത്തില്‍ നടന്ന റെയില്‍ തൊഴിലാളികളുടെ പണിമുടക്ക് ലോകശ്രദ്ധ നേടുകയുണ്ടായി. നാഷണല്‍ യൂണിയന്‍ ഓഫ് റെയില്‍, മാരിടൈം ആന്റ്‌ ട്രാൻസ്‌പോർട്ട്‌ വർക്കേഴ്‌സ്‌ (ആർഎംടി) ആഹ്വാനം ചെയ്ത പണിമുടക്കിൽ ഡ്രൈവർമാരും സിഗ്നല്‍ തൊഴിലാളികളും സ്റ്റേഷന്‍ സ്റ്റാഫും ട്രെയിന്‍ മെയിന്റനൻസ്‌ സ്റ്റാഫും ഗാർഡുകളും ഉൾപ്പെടെ 50,000 തൊഴിലാളികള്‍ പങ്കാളികളായി. ബ്രിട്ടന്റെ റെയിൽവെ പശ്ചാത്തല സംവിധാനത്തിന്റെയാകെ ഉടമസ്ഥതയുള്ള പൊതുമേഖലാ സ്ഥാപനം നെറ്റ് വർക്ക്‌ റെയില്‍, ലണ്ടന്‍ അണ്ടര്‍ ഗ്രൗണ്ട്, പ്രത്യേകം റെയിൽവെ റൂട്ടുകളില്‍ പാസഞ്ചര്‍ സർവീസ് നടത്തുന്ന പതിമൂന്ന് സ്വകാര്യ ട്രെയിന്‍ ഓപ്പറേറ്റിങ് കമ്പനികള്‍ (ടിഒസികള്‍) എന്നിവയിലാകെ ജൂണ്‍ 21ന്റെ പണിമുടക്ക് ബാധിച്ചു. 1989നുശേഷം ബ്രിട്ടനിലെ റെയിൽ‍വെ നെറ്റ് വർക്കിൽ നടക്കുന്ന ഏറ്റവും വലിയ പണിമുടക്കായി ഇത് മാറി.
പണിമുടക്കിനനുകൂലമായി റെയിൽവെ തൊഴിലാളികളില്‍ 90 ശതമാനത്തോളം പേരും വോട്ടു രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ മൂന്നുവർഷമായി ബ്രിട്ടനിലെ റെയിൽവെ ജീവനക്കാരുടെ വേതനം മരവിപ്പിച്ചിരിക്കുകയാണ്. പ്രതിവർഷം 50 കോടിയിലേറെ പൗണ്ടിന്റെ ലാഭമുണ്ടാക്കുമ്പോഴും തൊഴിലാളികള്‍ അധികമാണെന്ന പേരില്‍ നിർബന്ധിത വെട്ടിച്ചുരുക്കല്‍ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലുമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. റെയിൽവെ ട്രാക്കില്‍ പണിയെടുക്കുന്നവര്‍ മാത്രമല്ല, എഞ്ചിനീയറിങ് സ്റ്റാഫ്, ഓപ്പറേഷണല്‍ സ്റ്റാഫ്, കാറ്ററിങ് സ്റ്റാഫ്, ക്ലീനിങ് സ്റ്റാഫ്, സ്റ്റേഷന്‍ സ്റ്റാഫ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി ആയിരക്കണക്കിന് തൊഴിലുകളാണ് ഇതുമൂലം നഷ്ടപ്പെടാന്‍ സാധ്യതയുള്ളത്. റെയിൽവെയുടെ സുരക്ഷ, വിശ്വസനീയത, പ്രാപ്യത എന്നിവയിലെല്ലാം ഇത് ഗുരുതരമായ അനന്തരഫലങ്ങളുണ്ടാക്കുന്നതാണ് ഈ നടപടി. നിർണായകമായ അറ്റകുറ്റപ്പണികള്‍ പോലും ഭീഷണിയിലാവും. കുതിച്ചുയരുന്ന വിലക്കയറ്റവും തഴ്‌ന്ന ജീവിത നിലവാരവും തൊഴിലാളികളുടെ പ്രതിഷേധത്തിന് വഴി വെച്ചു.
പണിമുടക്കുന്ന തൊഴിലാളികൾക്കെതിരെ വലിയൊരു വിഭാഗം മാധ്യമങ്ങളും സർക്കാരും പതിവുള്ള കടന്നാക്രമണം നടത്തുകയുണ്ടായി. ഇപ്പോഴത്തെ പ്രതിസന്ധിക്ക് റെയിൽവെ സ്വകാര്യവല്ക്കരണം വഹിച്ച പങ്കിനെ നിസ്സാരവല്ക്കരിക്കാനുള്ള ശ്രമവും നടത്തി വരുന്നു. 1993ല്‍ അധികാരത്തിലിരുന്ന കൺസർവേറ്റീവ് ഗവൺമെന്റാണ് റെയിൽവെ സ്വകാര്യവല്ക്കരിച്ചത്. തുടർന്ന്‌ റെയിൽവെ പലതായി വെട്ടിമുറിക്കപ്പെട്ടു. നിക്ഷേപകരെ ആകർഷിക്കാന്‍ സൗകര്യപ്രദമായിരുന്നു ഈ വെട്ടിമുറിക്കല്‍. സ്വകാര്യവത്കരണം സൃഷ്ടിച്ച കാര്യക്ഷമതാരാഹിത്യംമൂലം റെയിൽവെക്ക്‌ പ്രതിവർഷം 29 കോടി പൗണ്ടിലധികം നഷ്ടപ്പെടുന്നതായാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ട്രെയിനുകളുടെ എണ്ണം വർദ്ധിച്ചിട്ടും 1992നും 2000ത്തിനും ഇടയില്‍ തൊഴിലാളികളുടെ എണ്ണം 60,000ത്തിലധികം കുറയുകയാണുണ്ടായത്. ഇതേ തുടർന്ന്‌ റെയിൽവെയില്‍ തിരക്ക്, കാലതാമസം, അപകടങ്ങള്‍ എന്നിവയെല്ലാം വർദ്ധിച്ചു. പടിഞ്ഞാറന്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും ചിലവ് ഏറിയതും അസൗകര്യം നിറഞ്ഞതും ആക്കി പരാജയത്തിന്റെ പടുകുഴിയിലേക്കാണ് റെയിൽ‍വെ സ്വകാര്യവത്കരണത്തിന്റെ യാത്ര. ഇതൊക്കെ തൊഴിലാളികളുടെ മേല്‍ കെട്ടിവയ്ക്കാനാണ് സർക്കാരിന്റെയും മാധ്യമങ്ങളുടേയും ശ്രമം. ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടും പൊതുജനങ്ങളില്‍ 37% പേര്‍ സമരത്തെ പിന്തുണയ്ക്കുന്നതായാണ് ഒരു സർവേ ഫലം കാണിക്കുന്നത്.
കഴിഞ്ഞ ജൂണ്‍ 19ന് കൊളംബിയയില്‍ നടന്ന പ്രസിഡന്റ്് തിരഞ്ഞെടുപ്പ് രാജ്യത്തെ പുതുചരിത്രവും ലാറ്റിന്‍ അമേരിക്കയുടെ രാഷ്ട്രീയ മാറ്റങ്ങൾക്ക്‌ തുടർച്ചയും ആയിരുന്നു. തെക്കേ അമേരിക്കയില്‍ ജനസംഖ്യകൊണ്ട് രണ്ടാമത് നില്ക്കുന്ന കൊളംബിയ അമേരിക്കയ്ക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യവും ആയിരുന്നു. അവിടെ ഇതാദ്യമായി ഇടതുപക്ഷ സ്ഥാനാർത്ഥി ഗുസ്താവൊ പെട്രോ വിജയിച്ചിരിക്കുന്നു. 58% പേര്‍ തെരഞ്ഞെടുപ്പില്‍ പങ്കാളികളായതോടെ ഏറ്റവും അധികം ശതമാനം വോട്ട് പോൾചെയ്ത തിരഞ്ഞെടുപ്പ് ആയിരുന്നു നടന്നത്. 110 ലക്ഷം വോട്ടുമായി വിജയിച്ച സ്ഥാനാർത്ഥി ഏറ്റവുമധികം വോട്ട് നേടി എന്നുമുള്ള പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിനുണ്ട്. വോട്ടെടുപ്പില്‍ യുവാക്കളുടെ പ്രാതിനിധ്യവും ശ്രദ്ധേയമായിരുന്നു. ഇടതുപക്ഷ വിജയത്തിന്റെ മാറ്റുകൂട്ടിയ ഘടകങ്ങളായിരുന്നു ഇതൊക്കെ.
നീണ്ടകാലത്തെ ജനാധിപത്യത്തിന്റെ ചരിത്രമാണ് തെക്കേ അമേരിക്കയിലെ പ്രമുഖരാജ്യങ്ങളില്‍ ഒന്നായ കൊളംബിയക്ക് ഉള്ളത്. ഇതോടൊപ്പം തന്നെ നഗര ഗറില്ലകളുടെ കേന്ദ്രംകൂടിയായിരുന്നു ഏറെക്കാലം കൊളംബിയ. കൊളംബിയയിലെ സർക്കാരുമായി സായുധപ്പോരാട്ടത്തിലായിരുന്നു ഏതാണ്ട് ആറു പതിറ്റാണ്ടോളം കാലം ഗറില്ലാ സംഘങ്ങള്‍. ഇപ്പോള്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഗുസ്താവൊ പെട്രോ നീണ്ടകാലം നഗര ഗറില്ലയായി പ്രവർത്തിച്ച പാരമ്പര്യമുള്ളയാളാണ്. നീണ്ടകാലത്തെ ജനാധിപത്യ പാരമ്പര്യമുണ്ടെന്നു പറയുമ്പോള്‍ തന്നെ ജനാധിപത്യം വലിയ സമ്പന്നര്‍ മാത്രം അനുഭവിച്ചിരുന്ന “വിലകൂടിയ വിഭവമായിരുന്നു” എന്നതുമാണ് ഗറില്ലാ സാന്നിധ്യത്തിന് കാരണം. അധ്വാന വർഗ്ഗത്തിനും സാധാരണക്കാരായ ബഹുഭൂരിപക്ഷം പേർക്കും അടുത്തകാലംവരെ ജനാധിപത്യവാഴ്ചയില്‍ പങ്ക് ഉണ്ടായിരുന്നില്ല.


ദശകങ്ങളായി യുഎസ് സാമ്രാജ്യത്വത്തിന്റെ ഒരു പാവ ഭരണകൂടമായി പ്രവർത്തിച്ചുപോന്നിരുന്ന കൊളംബിയയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇടതുപക്ഷം അധികാരത്തിലെത്തുന്നത്. ഗുസ്താവൊ പെട്രോയുടെ എതിരാളിയായിരുന്ന റൊഡോൾഫൊ ഹെർമെൻഡസ്‌ ഒരു വലിയ ഭൂവുടമയായിരുന്നു. പെട്രോ ഇതിനുമുമ്പ് 2018ല്‍ മത്സരിച്ചപ്പോള്‍ 41 ശതമാനം വോട്ട് മാത്രമാണ് ലഭിച്ചിരുന്നത്. അന്ന് ഐവാന്‍ ഡോക്കുവിനോട് തോറ്റ പെട്രോ ഇത്തവണ രാജ്യത്തെ പാവപ്പെട്ടവരുടെ പിന്തുണ വലിയ തോതില്‍ നേടിയാണ് വിജയിച്ചത്. പാവപ്പെട്ടവരുടെ വോട്ടില്‍ 16 ശതമാനത്തിന്റെ വർദ്ധന ഉണ്ടാക്കാന്‍ കഴിഞ്ഞത് വിജയം അനായാസമാക്കി. അദ്ദേഹത്തിന്റെ സമ്പന്നനായ എതിരാളി റൊഡോൾഫൊ വോട്ട് നേടാന്‍ സകല അടവും പയറ്റിയിരുന്നെങ്കിലും ദീർഘകാലമായി കൊളംബിയയില്‍ നടമാടിയിരുന്ന ദാരിദ്ര്യവും കോവിഡ് കാല ദുരിതങ്ങളും ജനങ്ങളെ ഇടതുക്ഷത്തോട് അടുപ്പിച്ചു. നിരന്തരം സമരത്തിലായിരുന്ന കർഷക ജനസാമാന്യത്തിന്റെയും പിന്തുണ ലഭിച്ചു. പെട്രോ 2010കളുടെ തുടക്കത്തില്‍ കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയിലെ മേയറായിരുന്നു എന്നത് തെരഞ്ഞെടുപ്പില്‍ അനുകൂല ഘടകമായി. “കൊളംബിയക്കായുള്ള ചരിത്ര സഖ്യം” എന്ന പേരിലുള്ള കൂട്ടായ്മ മറ്റിടതുപക്ഷ രാഷ്ട്രീയപാർടികളുടെ പിന്തുണ പെട്രോയ്ക്ക് ഉറപ്പാക്കി. സഹ സ്ഥാനാർത്ഥിയായി വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച ഫ്രാൻസിയ മാർക്വെസ് ആഫ്രോ-കൊളംബിയന്‍ വംശജയാണെന്നതും അവര്‍ മനുഷ്യാവകാശം, പരിസ്ഥിതി മുതലായവയ്ക്കായി നിലകൊണ്ടതും പിന്തുണ കൂട്ടാന്‍ ഇടയാക്കി. ഒരു ആഫ്രൊ-കൊളംബിയന്‍ വംശജ ആദ്യമായി തിരഞ്ഞെടുപ്പില്‍ വിജയിച്ചു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്.
അനീതിക്കും വിവേചനത്തിനും അസമത്വത്തിനും എതിരായ കലാപമായിരുന്നു തന്റെ തിരഞ്ഞെടുപ്പു പ്രവർത്തനമെന്ന് പെട്രോ വിജയം നേടിയശേഷം പ്രസ്താവിച്ചു. കൊളംബിയയിലെ പല തലമുറകള്‍ നടത്തിയ ത്യാഗങ്ങളുടെ ഫലമാണ് അത്. കഴിഞ്ഞ ഏതാനും വർഷങ്ങളില്‍ ജനങ്ങള്‍ കൊടുംരാഷ്ട്രീയ ഭീകരതയെയാണ് നേരിട്ടത്. പതിനായിരക്കണക്കിനാളുകളെ കാണാതായി. നിരവധി പേര്‍ ഭേദ്യം ചെയ്യപ്പെട്ടു, ജയിലില്‍ അടയ്ക്കപ്പെട്ടു. അങ്ങനെയുള്ളവരുടെയൊക്കെ പുനരധിവാസം തന്റെ അജൻഡയിലെ ഒരു പ്രധാന ഇനമാണ് എന്നു പെട്രോ വ്യക്തമാക്കി.
കൊളംബിയയും ഇടതുപക്ഷത്തേക്ക് നീങ്ങിയതോടെ ലാറ്റിന്‍ അമേരിക്കയിലെ പിങ്ക് വേലിയേറ്റം അതിന്റെ രണ്ടാം വരവില്‍ പുതിയൊരു നാഴികക്കല്ല് പിന്നിടുകയാണ്. സാമ്രാജ്യത്വ മോഹികൾക്ക്‌ വലിയ മോഹഭംഗം ഉണ്ടാക്കുന്നതാണ് ലാറ്റിന്‍ ആമേരിക്കന്‍ പ്രദേശത്തെ ഓരോ ജനഹിതവും. ഒക്ടോബറില്‍ നടക്കാന്‍ പോകുന്ന ബ്രസീലിയന്‍ തിരഞ്ഞെടുപ്പിലേക്കാണ് ഇനി കണ്ണുകള്‍.