നാനോ ഹൗസ് ഹോൾഡ് യൂണിറ്റുകൾ

32

ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ ഇന്ത്യയിൽ തന്നെ കേരളം ഒന്നാമതായിരിക്കുന്നു . പല മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി യൂണിയൻ ഗവണ്മെന്റ് തന്നെ പ്രഖ്യാപിച്ച ഈ ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങ് വിലയിരുത്തലിൽ 9 വിഭാഗങ്ങളിൽ കേരളം മുന്നിലെത്തി. 95% ലേറെ മാർക്ക് കരസ്ഥമാക്കിയ ടോപ്പ് പെർഫോർമർ പട്ടികയിൽ ഉൾപ്പെട്ട സംസ്ഥാനങ്ങളിലും ഒന്നാമത് നമ്മുടെ കേരളമാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താരംഭിച്ച വ്യവസായ സൗഹൃദമായ മാറ്റങ്ങൾ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് കൂടുതൽ ഊർജ്ജത്തോടെ പോകുകയാണ്. വ്യവസായ വിപ്ലവ ലോകത്തിലെ നൂതന വ്യവസായങ്ങളുടെ ഹബ്ബാക്കി കേരളത്തെ മാറ്റാനുള്ള ശ്രമങ്ങൾക്കും കരുത്തുപകരേണ്ടത് വൈദ്യുതി മേഖല കൂടിയാണ്.
ഇത്തരത്തിൽ വ്യവസായ സൗഹൃദ കേരളം സാധ്യമാക്കുന്നതിൽ നാനോ ഹൗസ് ഹോൾഡ് യൂണിറ്റുകൾക്കും സവിശേഷ പങ്കുണ്ട്. കേരളത്തിലെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനും ജനങ്ങൾക്ക് സ്വന്തം വീടിനോട് ചേർന്ന് സ്വയം തൊഴിൽ കണ്ടെത്തുന്നതിനും വേണ്ടിയാണ് സർക്കാർ നാനോ ഹൌസ് ഹോൾഡ് യൂണിറ്റ് എന്ന ആശയത്തിലൂടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.നാനോ ഹൌസ് ഹോൾഡ് യൂണിറ്റ് തുടങ്ങുന്നതിനു 10 ലക്ഷം രൂപ വരെ സാമ്പത്തിക സഹായം ലഭിക്കും.സംരംഭം തുടങ്ങി ആദ്യ മൂന്ന് വർഷത്തേക്കാണ് ഈ സഹായം ലഭിക്കുക.
10 ലക്ഷം രൂപക്ക് താഴെ മൂലധനം നിക്ഷേപം ഉള്ള, നിർമാണ, സേവന മേഖലയിൽ പ്രവർത്തിക്കുന്ന, pollution control board white / green കാറ്റഗറിയിൽ പെടുത്തിയിരിക്കുന്ന, 5hp ക്ക് താഴെ കണക്റ്റഡ് ലോഡ് ഉള്ള സംരംഭങ്ങളെ ആണ് നാനോ ഹൌസ് ഹോൾഡ് യൂണിറ്റ് ആയി പരിഗണിക്കുക.ജനറൽ കാറ്റഗറിയിൽ പെട്ട ചില യൂണിറ്റുകൾ അന്യത്ര ചേർക്കുന്നു.
നാനോ ഹൌസ് ഹോൾഡ് യൂണിറ്റ് എന്ന ഈ ആശയം പൂർണമായി നടപ്പിലാക്കണം എങ്കിൽ വൈദ്യുതി മേഖലയിലും അതിനനുസരിച്ചുള്ള മാറ്റങ്ങൾ വരേണ്ടതുണ്ട്, ഈ ആവശ്യങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ടാണ് സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്റി കമ്മീഷൻ സപ്ലൈകോഡ് 2014 ന്റെ 2024 ൽ ഇറങ്ങിയ ഭേദഗതിയിൽ 59(a) ആയി നാനോ ഹൌസ് ഹോൾഡ് യൂണിറ്റ് ഉൾപെടുത്തിയിരിക്കുന്നത്. ഈ ഭേദഗതിയിലൂടെ 5HP/4kw വരെ കണക്റ്റഡ് ലോഡ് ഉള്ള കേരളത്തിലെ വീടിനോട് ചേർന്നുള്ള ചെറുകിട വ്യവസായിക യൂണിറ്റുകൾക്ക് ഗാർഹിക താരിഫിൽ തന്നെ പ്രവർത്തിക്കാൻ ആകും. പുതിയ സംരംഭകർക്ക് വീടിനോട് ചേർന്ന് തന്നെ ഒരു യൂണിറ്റ് തുടങ്ങാൻ സാധിക്കുമ്പോൾ, ചെറിയ മൂലധാനത്തിൽ അദേഹത്തിന്റെ ആശയം പ്രാവർത്തികം ആകാൻ സാധിക്കും. ഇത് KSEBL നും സംരംഭകനും ഒരു പോലെ പ്രയോജനകരമാണ്
2KW കണക്റ്റഡ് ലോഡും 150 യൂണിറ്റ് ദ്വൈമാസ ഉപയോഗം ഉള്ള ഒരു ഗാർഹിക ഉപഭോക്താവ് 3 kw കണക്റ്റഡ് ലോഡും 150 യൂണിറ്റ് ദ്വൈമാസ ഉപയോഗം ഉള്ള ഒരു വ്യവസായിക യൂണിറ്റ് തുടങ്ങിയാൽ അദ്ദേഹത്തിന് ഗാർഹിക, വ്യവസായിക ആവശ്യത്തിന് വരുന്ന ആകെ ദ്വൈമാസ ബിൽ ₹ 1930/- ( ഗാർഹികം – ₹650/-, വ്യാവസായികം – ₹ 1280/- ) ആയിരിക്കും, എന്നാൽ നാനോ ഹൗസ്ഹോൾഡ് യൂണിറ്റ് ആയി തുടങ്ങിയാൽ അദ്ദേഹത്തിന് വരുന്ന ആകെ ബിൽ ₹ 1605/- രൂപ ആയിരിക്കും ( ₹ 325/-കുറവ് ) അതോടൊപ്പം അദ്ദേഹത്തിന് ഒരു പുതിയ കണക്ഷനു വേണ്ടിവരുന്ന പണവും സമയവും ലാഭിക്കാനും സാധിക്കും. (പുതിയ കണക്ഷനുള്ള നിർമാണ പ്രവർത്തികൾക്ക് വേണ്ടിവരുന്ന ചെലവുകൾ സൂക്ഷ്മ/ചെറുകിട സംരംഭകർക്ക് പ്രയാസമുണ്ടാക്കുന്ന അനുഭവങ്ങളുണ്ട്)
ഈ ഉപഭോക്താവിന്റെ സംരംഭം വിജയിക്കുന്നതോടൊപ്പം അദേഹത്തിന്റെ ഗാർഹിക ലോഡ് 3 kw, ഉപയോഗം 150 യൂണിറ്റ് ആയും വ്യവസായിക ലോഡ് 4 kw ആയും ദ്വൈമാസ വ്യവസായിക ഉപയോഗം 200 യൂണിറ്റ് ആയും വർധിക്കുകയും ചെയ്താൽ അദ്ദേഹത്തിന് ഗാർഹിക, വ്യവസായിക ആവശ്യത്തിന് വരുന്ന ആകെ ദ്വൈമാസ ബിൽ ₹2258/- (ഗാർഹികം- ₹650/-, വ്യാവസായികം – ₹ 1608/-) ആയിരിക്കും, എന്നാൽ നാനോ ഹൗസ്ഹോൾഡ് യൂണിറ്റ് ആയി തുടർന്നാൽ അദ്ദേഹത്തിന് വരുന്ന ആകെ ബിൽ ₹ 2208/- രൂപ (₹ 50/-കുറവ്) ആയിരിക്കും.
അദേഹത്തിന്റെ സംരംഭം മെച്ചപ്പെടുകയും വ്യവസായിക ലോഡ് 11 kw ആയും ദ്വൈമാസ വ്യവസായിക ഉപയോഗം 500 യൂണിറ്റ് ആയും വർധിക്കുകയും, ഗാർഹിക ലോഡും 3 kw ആയി തുടരുകയും ദ്വൈമാസ ഗാർഹിക ഉപയോഗം 300 യൂണിറ്റ് ആയി വർധിക്കുകയും ചെയ്താൽ അദ്ദേഹത്തിന് ഗാർഹിക, വ്യവസായിക ആവശ്യത്തിന് വരുന്ന ആകെ ദ്വൈമാസ ബിൽ ₹ 6795/- ( ഗാർഹികം – ₹1605/-, വ്യാവസായികം – ₹ 5190/- ) ആയിരിക്കും, എന്നാൽ നാനോ ഹൗസ്ഹോൾഡ് യൂണിറ്റ് ആയി ഗാർഹിക താരിഫിൽ അനധികൃതമായി തുടർന്നാൽ അദ്ദേഹത്തിന് വരുന്ന ആകെ ബിൽ ₹ 7295/- രൂപ( ₹ 500/-കൂടുതൽ ) ആയിരിക്കും, അതായത് അദ്ദേഹത്തിന് വ്യവസായം വളരുമ്പോൾ നാനോ ഹൗസ്ഹോൾഡ് യൂണിറ്റ് ആയി തുടരുന്നത്തിലേക്കാൾ ലാഭം പുതിയ ഒരു വ്യവസായ യൂണിറ്റ് ആയി പ്രവർത്തിക്കുന്നത് ആയിരിക്കും
നാനോ ഹൗസ് ഹോൾഡ് യൂണിറ്റ് ആയി പ്രവർത്തനം തുടങ്ങുന്ന സംരഭം കൂടുതൽ പ്രവർത്തന ലാഭത്തിലേക്ക് പോകും തോറും വൈദ്യുതി ഉപയോഗം വർധിക്കുകയും ഗാർഹിക താരിഫിൽ നിന്ന് വ്യവസായിക താരിഫിലേക്ക് മാറുന്നത് കൂടുതൽ ലാഭകരം ആകുകയും ചെയ്യും
ഈ യൂണിറ്റുകൾ സംസ്ഥാനത്തിന്റെ പ്രതിശീർഷ വൈദ്യുതി ഉപയോഗം വർദ്ധിപ്പിക്കുകയും, വികസനത്തിന്റെ മറ്റൊരു പാതയൊരുക്കുകയും ചെയ്യും.