അനിവാര്യമായ സമരം- ജീവനക്കാർ മുന്നോട്ട്

205

ഇല്ലാത്ത സുരക്ഷാ ഭീഷണികൾ ഉന്നയിച്ച് വൈദ്യുതി ഭവനിൽ സായുധ പോലീസിനെ വിന്യസിക്കാനുള്ള മാനേജ്മെൻ്റ് നീക്കത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരിക്കുകയാണ് വൈദ്യുതി മേഖലയിലെ ഭൂരിപക്ഷം ജിവനക്കാരുടേയും സംഘടനകൾ. അപ്രായോഗികതയും സാമ്പത്തിക ബാധ്യതകളും ജീവനക്കാരുടെയും പൊതുജനങ്ങളുടേയും പ്രയാസങ്ങളും ചൂണ്ടിക്കാട്ടി കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ ഇതിനെതിരെ ശക്തമായ നിലപാട് ഉയർത്തിയിട്ടുണ്ട്. അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കേണ്ട ഒട്ടനവധി വിഷയങ്ങൾ മുന്നിലുള്ളപ്പോഴും തൊഴിലാളികളെ അകറ്റുന്ന സ്ഥാപിത താൽപര്യങ്ങളുടെ ധാർഷ്ട്യ നിലപാടാണ് പുറത്ത് വരുന്നത്. മാനേജ്മെൻറ് നീക്കത്തിനെതിരെ പ്രതിഷേധ സമരങ്ങളുമായി മുന്നോട്ട് പോകാനാണ് സംഘടന ആലോചിട്ടുള്ളത്. അവധി ദിവസമായിട്ടും മൂന്ന് ദിവസം മുന്നേ SISF നെ വിന്യസിപ്പിച്ച് ഭീതി വിതക്കാനുള്ള ശ്രമം വിലപ്പോവില്ല. തോക്കിന് മുന്നിൽ പേടിക്കുന്നതല്ല കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ്റെ പോരാട്ട വീര്യം. പ്രക്ഷോഭങ്ങൾ ഉയരുക തന്നെ ചെയ്യും,
അനിവാര്യമായ സമരം. നാളിത് വരെ ജനപക്ഷ നയങ്ങളിൽ പുരോഗമന സംഘടനകളുടെ പിന്തുണയോടെ നേടിയെടുത്ത നേട്ടങ്ങളിൽ നിക്ഷിപ്ത താൽപര്യങ്ങൾ കരിനിഴൽ പതിപ്പിക്കുന്നതിനെതിരെ യോജിച്ച പോരാട്ടം. നേരിൻ്റെ മുദ്രാവാക്യങ്ങളുയർത്തി വരുന്ന പടയെ ജനകീയ നടപടികളിൽ എന്നും പ്രതിലോമ നിലപാടുകൾ എടുത്ത കാറ്റഗറി വാദക്കാരെ കൂട്ട് പിടിച്ച് കപട തന്ത്രങ്ങൾ മെനഞ്ഞ് കള്ള പ്രചരണങ്ങളുമായി വൈദ്യുതി മേഖലയെ വഴിതെറ്റിക്കുന്ന കമ്പനി നേതൃത്വം പേടിക്കുക തന്നെ ചെയ്യും. ധൂർത്തിനും ദുർവ്യയത്തിനും വേണ്ടി നിങ്ങളൊരുക്കുന്ന തോക്കുകളുടെ കാവലിനെ മറികടന്ന് വൈദ്യുത ബോർഡിനെ നാടിന് വെളിച്ചത്തിനായി സംരക്ഷിച്ച് നിർത്താൻ ജീവനക്കാർ കാഹളവുമായി മുന്നോട്ട്.