എ.കെ.സിയെ സ്മരിക്കുമ്പോള്‍

97

കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ പ്രഥമ ട്രഷറര്‍ ആയിരുന്ന ശ്രീ. എ കെ ചന്ദ്രന്‍ നവമ്പര്‍ 28ന് അന്തരിച്ചു. തൊഴിലാളി യൂണിയന്‍ വൃത്തങ്ങളില്‍ എ.കെ.സി എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍ രൂപീകരിക്കുന്ന കാലഘട്ടത്തില്‍ മലബാറില്‍ നിന്ന് വിരലില്‍ എണ്ണാവുന്ന ഓഫീസര്‍മാര്‍ മാത്രമേ സംഘടനയില്‍ ഉണ്ടായിരുന്നുള്ളൂ. കഴിഞ്ഞ 28 വര്‍ഷത്തിനിടയില്‍ ഓഫീസേഴ്സ് അസോസിയേഷന്‍ കെഎസ്ഇബിയിലെ 70 ശതമാനം ഓഫീസര്‍മാരെ പ്രതിനിധീകരിക്കുന്ന സംഘടനയായി മാറിയത് എ.കെ.സിയെ പോലെയുള്ള നേതാക്കളുടെ ത്യാഗത്തിന്റേയും പ്രതിബദ്ധതയുടേയും ഫലമാണ്.
1990 മാര്‍ച്ചില്‍ എറണാകുളത്ത് വച്ച് നടന്ന രൂപീകരണ സമ്മേളനത്തിലാണ് തലശ്ശേരി ഡിവിഷന്‍ ഓഫീസില്‍ ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസര്‍ ആയിരുന്ന എ കെ ചന്ദ്രന്‍ ട്രഷറര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടത്. 1990 ഡിസംബറില്‍ അദ്ദേഹം കെഎസ്ഇബി സര്‍വീസില്‍ നിന്ന് വിരമിച്ചു.
1960 മാര്‍ച്ചില്‍ സി.എല്‍.ആര്‍ ആയി കെഎസ്ഇബി സര്‍വീസില്‍ ചേര്‍ന്ന എ.കെ.സി വൈദ്യുതി ബോര്‍ഡിലെ നിരവധി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. ദീര്‍ഘ കാലം കെഎസ്ഇബി വര്‍ക്കേര്‍സ് അസോസിയേഷന്റെ തലശ്ശേരി ഡിവിഷന്‍ സെക്രട്ടറി / പ്രസിഡന്റ് ആയും കേന്ദ്ര കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. വിരമിച്ചതിന് ശേഷം തലശ്ശേരി മേഖലയിലെ നിരവധി തൊഴിലാളി യൂണിയനുകളുടെ നേതൃത്വം വഹിച്ചു. സിപിഎം തലശ്ശേരി ടൗണ്‍ ലോക്കല്‍ കമ്മിറ്റി അംഗം, സിഐടിയു കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. കഴിഞ്ഞ കുറേ കാലമായി മറവി രോഗ ബാധിതനായി കഴിയുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം സംഘടനയുടെ 25ാം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാന്‍ എറണാകുളത്ത് എത്തിയിരുന്നില്ല. എന്നാല്‍ കണ്ണൂരില്‍ വച്ച് നടന്ന ജില്ലാതല പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു.
സ്വന്തം ആരോഗ്യത്തെ പോലും മറന്ന് തൊഴിലാളി പ്രസ്ഥാനത്തിനു വേണ്ടി മാത്രം ജീവിച്ച ഒരു ധീര സഖാവായിരുന്നു എ.കെ.സി. അദ്ദേഹത്തിന്റെ സ്മരണയ്ക്കു മുമ്പില്‍ ആദരാഞ്ജലികള്‍! അഭിവാദ്യങ്ങള്‍!