ഇന്നലെ വൈകിട്ടാണ് കാസർഗോടിലെ മെഡിക്കൽ കോളേജ് കെട്ടിടം യുദ്ധകാലാടിസ്ഥാനത്തിൽ കോവിഡ് ആശുപത്രിയാക്കി മാറ്റുമെന്ന തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. തുടർന്ന് കണ്ടത് കെ.എസ്.ഇ.ബിയുടെ പ്രവർത്തന മികവിന്റെ ചടുലത. സി.എം.ഡി ശ്രീ.എൻ എസ് പിള്ളയുടെ വാട്സ് ആപ് മെസേജ് നോർത്ത് മലബാർ വിതരണ വിഭാഗം ചീഫ് എഞ്ചിനീയർക്ക് എത്തുമ്പോൾ ജീവനക്കാർ വീടണഞ്ഞ് ഏറെ നേരമായിരുന്നു. എങ്കിലും രാവിലെ നേരത്തെ തന്നെ ജീവനക്കാർ മറ്റ് നടപടിക്രമങ്ങൾ മാറ്റി വെച്ച് പോസ്റ്റും സാമഗ്രികളുമായി കാസർഗോഡ് മെഡിക്കൽ കോളെജ് പരിസരത്ത് പ്രവൃത്തി ആരഭിച്ചു.

ആശുപത്രിയുടെ ലോഡിന് ഉതകുന്ന 160 കെ.വി എ ട്രാൻസ്‌ഫോർമറും സൈറ്റിലെത്താൻ തയ്യാറാക്കിയിരുന്നു. ഒരൊറ്റപ്പകൽ കൊണ്ട് പുതിയ 11 കെ വി ഡബിൾ പോൾ സ്ട്രക്ചർ ഉണ്ടാക്കി, അതിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ചു.

കോവിഡ് സെന്റർ ആക്കുന്നതിനുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം വന്ന് 24 മണിക്കൂറിനകം മെഡിക്കൽ കോളേജ് കെട്ടിടത്തിൽ കെ എസ് ഇ ബിക്ക് വൈദ്യുതിയെത്തിക്കാനായി.

ഉത്തര മലബാർ ചീഫ് എഞ്ചിനീയർ ശ്രീ.ആർ.രാധാകൃഷ്ണൻ നേതൃത്വം നൽകിയ പ്രവർത്തിക്ക് കാസർകോട് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, പെർള ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ എന്നിവർ നേരിട്ടെത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും മേൽനോട്ടം വഹിക്കുകയും ചെയ്തു. വെയിലിനെ തോൽപ്പിച്ച് ഒരു പകലിന്റെ അധ്വാനത്തിന് ശേഷം എത്തി നോക്കിയ ഇരുട്ടിനെ വകഞ്ഞ് മാറ്റിയാണ് ചാർജ്ജ് ചെയ്ത ട്രാൻസ്ഫോർമറിൽ നിന്നും പുതിയ കെട്ടിടത്തിൽ വെളിച്ചമെത്തിയത്. ഈ മാതൃകാ പ്രവര്‍ത്താത്തില്‍ പങ്കാളികളായ ജീവനക്കാര്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും അഭിനന്ദനങ്ങള്‍.

കോവിഡ് പ്രതിരോധത്തിൽ നാടിന്റെ ഭാഗമാകുകയാണ് ഒരു ജനതയുടെ മുന്നിൽ നടക്കുന്ന സർക്കാരിനൊപ്പം കേരളത്തിന്റെ ഊർജ്ജമായ കെ എസ് ഇ ബി. നാടിന്റെ വെളിച്ചമാവേണ്ട പൊതുമേഖലയുടെ പ്രതിഞ്ജാബദ്ധതയ്ക്ക് ഒരിക്കൽ കൂടി അടിവരയിടുന്നു ഈ സ്ഥാപനം