വനിതാ പഠന ക്യാമ്പ് – വെല്ലുവിളി നേരിടാന്‍ തയ്യാറാകണം

262
ഇന്‍സ്ഡെസില്‍ നടന്ന വനിത പഠന ക്യാമ്പ് കെ ഇ എന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്‍സ്ഡെസില്‍ നടന്ന വനിത പഠന ക്യാമ്പ് കെ ഇ എന്‍ ഉദ്ഘാടനം ചെയ്യുന്നുസംസ്ഥാന വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തില്‍ 2017 ഒക്ടോബര്‍ 28, 29 തീയതികളില്‍ ഷൊര്‍ണ്ണൂര്‍ ഇന്‍സിഡസില്‍ നടന്ന വനിതാ ക്യാമ്പ് പുരോഗമന കലാസാഹിത്യസംഘം സെക്രട്ടറി കെ ഇ എന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ ചെയര്‍പേഴ്സണ്‍ എ എന്‍ ശ്രീലാകുമാരിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ക്യാമ്പ് വേറിട്ടൊരു അനുഭവമായിരുന്നു. ക്യാമ്പില്‍ പങ്കെടുക്കാനെത്തിയവരെ കണ്‍വീനര്‍ ജാസ്മിന്‍ബാനു സ്വാഗതം ചെയ്തു.
വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍ ആയി ‘യുനെസ്കോ’ അംഗീകരിച്ച 4 ലക്ഷ്യങ്ങള്‍ ആയ (i) Learn to live (ii) Learn to know (iii) Learn to do (iv) Learn to be എന്നിവയെ പരാമര്‍ശിച്ചുകൊണ്ടാണ് കെ ഇ എന്‍ ഉദ്ഘാടന പ്രസംഗം നടത്തിയത്.
ഓരോ വാക്കിലും ശ്രീനാരായണ ഗുരുവിന്റെയും മഹാത്മാ ഗാന്ധിയുടേയും വചനങ്ങള്‍ കൊണ്ട് സമ്പുഷ്ടമാക്കിയതായിരുന്നു ‘ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തെ ആസ്പദമാക്കി മാഷ് നടത്തിയ ക്ലാസ്. ഇന്ന് സമൂഹത്തില്‍ ഉയര്‍ന്ന് വരുന്ന ഫാസിസത്തിനെതിരെ ചെറുത്തുനില്‍ക്കേണ്ട ആവശ്യകതയെ പറ്റി അദ്ദേഹം ഇരുത്തിച്ചിന്തിപ്പിക്കുക തന്നെ ചെയ്തു.
സി ഡി എസിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ജെ ദേവികയുടെ ക്ലാസ് ആയിരുന്നു പിന്നീട് നടന്നത്. ‘സാമൂഹിക സംഘടനയും സ്ത്രീകളും’ എന്നുള്ളതായിരുന്നു വിഷയം. സംഘടനാ പ്രവര്‍ത്തനം കുടുംബത്തിന്റെ extension അല്ലെന്നും അതിനപ്പുറമായ അര്‍പ്പണമാണെന്നും ഓര്‍മ്മിപ്പിച്ചു. സംഘടന എന്നുള്ളത് തികച്ചും തുല്യമായവരുടെ കൂട്ടുകൂടല്‍ ആണെന്ന് പറഞ്ഞ ഡോ. ദേവിക പണ്ട് കാലങ്ങളില്‍ ആലപ്പുഴയിലും മറ്റും നടന്ന കശുവണ്ടി, കയര്‍ തൊഴിലാളി സമരങ്ങളില്‍ ആവേശത്തോടെ പങ്കെടുത്ത സ്ത്രീകളെപ്പറ്റി ഓര്‍മ്മിപ്പിച്ചു.

സദസ്സ്


പത്തൊമ്പതാം നൂറ്റാണ്ടിലെ സ്ത്രീസംഘടനകള്‍ എങ്ങിനെ സ്ത്രീക്ക് ഉത്തമ കുടുംബിനി ആകാം എന്ന് മാത്രമാണ് ഉയര്‍ത്തിക്കാണിച്ചിരുന്നത്. കേരള രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന സ്ത്രീകള്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്.
തുടര്‍ന്ന് ‘സംഘടനാചരിത്രം’ എന്ന വിഷയത്തില്‍ ശ്രീലാകുമാരിയും, ‘സംഘടന നേരിടുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ ജാസ്മിന്‍ബാനുവും ക്ലാസ്സുകള്‍ നയിച്ചു.
പിന്നീട് ഡോ. ദേവിക പറഞ്ഞതുപോലെ തുല്യരായവരുടെ കൂടിച്ചേരലായിരുന്നു. ആട്ടവും പാട്ടും കൊണ്ട് കൂട്ടുകൂടിയ ഓരോരുത്തരുടേയും മനസിലേക്ക് നമ്മള്‍ ഒന്നാണെന്നും യാതൊരുവിധ വേര്‍തിരിവും നമ്മള്‍ക്കിടയില്‍ ഇല്ല എന്ന നന്‍മ നിറഞ്ഞ ചിന്ത ഉടലെടുത്തു.
ക്യാമ്പംഗങ്ങള്‍ക്ക് താമസിക്കാന്‍ ഇന്‍സിഡസിലും ടൗണിന്റെ ഉള്ളില്‍ തന്നെയുള്ള എസ് എന്‍ ഹെറിറ്റേജ് റിസോര്‍ട്ടിലും സൗകര്യം ഒരുക്കിയിരുന്നു.
ക്യാമ്പിന്റെ രണ്ടാംദിവസം മുന്‍ പ്രസിഡന്റ് ബി പ്രദീപ്, വൈദ്യുതിരംഗത്തെ മാറ്റങ്ങള്‍, ആഭ്യന്തരോത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം കുറഞ്ഞ നിരക്കില്‍ വൈദ്യുതി എത്തിക്കാനുള്ള ഇടപെടലുകള്‍, ട്രാന്‍സ്ഗ്രിഡ്, വിതരണ ശൃംഖല ശക്തിപ്പെടുത്തല്‍ എന്നിവയെക്കുറിച്ച് വിശദമായി സംസാരിച്ചു. സോളാര്‍ ജനറേഷന്‍, ഓപ്പണ്‍ അക്സസ് എന്നിവ കുറിച്ചുള്ള ആശങ്ക, സാധനസാമഗ്രികള്‍ സമയബന്ധിതമായി ലഭ്യമാക്കാത്തത്, പുതിയ സാങ്കേതികവിദ്യകള്‍ എന്നിവയെപ്പറ്റിയൊക്കെ അംഗങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു.
നവംബര്‍ 9, 10, 11 ന് നടക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വര്‍ക്കിങ്ങ്പ്രസിഡന്റ് ജെ മധുലാല്‍ വിശദീകരിച്ചു. 12 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള മഹാധര്‍ണയില്‍ പങ്കെടുക്കുന്ന ക്യാമ്പംഗങ്ങള്‍ക്ക് സ്വീകരണം നല്‍കി.
സംഘടന ഏറ്റെടുക്കേണ്ട പ്രധാന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജനറല്‍സെക്രട്ടറി പി വി ലതീഷ് സംസാരിച്ചു. 100 ശതമാനം ഓഫീസര്‍മാരും ഉള്‍പ്പെടുന്ന സംഘടനയായി മാറേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. എല്ലാവരേയും ബനവലന്റ് ഫണ്ട് അംഗങ്ങളാക്കുക, ന്യൂസ് മാഗസിന് പുതിയ വരിക്കാരെ കണ്ടെത്തുക, പഠന ഗവേഷണ കേന്ദ്രത്തിന്റെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനം എന്നിവയാണ് ഇനിയുള്ള പ്രധാന പ്രവര്‍ത്തനങ്ങള്‍ എന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു.
മുന്‍ ജനറല്‍സെക്രട്ടറി എം ജി സുരേഷ് കുമാര്‍ ‘കേരളം മുന്നോട്ടു വയ്ക്കുന്ന ബദല്‍’ എന്ന വിഷയം അവതരിപ്പിച്ചു. ഹരിതകേരളം, ആര്‍ദ്രം, ലൈഫ് തുടങ്ങിയ പദ്ധതികളെക്കുറിച്ചും വൈദ്യുതി മേഖലയില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന പ്രധാന പദ്ധതികളെക്കുറിച്ചും അതിന് സംഘടന വഹിക്കേണ്ട പങ്ക് സംബന്ധിച്ചും പ്രതിപാദിച്ചു. സോണല്‍ സെക്രട്ടറി കെ രഞ്ജനാദേവി ക്യാമ്പിന് അഭിവാദ്യം അര്‍പ്പിച്ചു. ജ്യോതി (തിരുവനന്തപുരം), സുധ (എറണാകുളം), രമ്യ (കണ്ണൂര്‍) എന്നിവര്‍ ക്യാമ്പ് അലോകനം ചെയ്തു. ക്യാമ്പ് ഡയറക്ടര്‍ സജിമോള്‍ (പാലക്കാട്) നന്ദിപറഞ്ഞു. ഉച്ചക്ക് 2 മണിക്ക് ക്യാമ്പ് അവസാനിച്ചു.
മികച്ച പങ്കാളിത്തം കൊണ്ടും (65 പേര്‍) സമ്പുഷ്ടമായ ചര്‍ച്ചകള്‍ കൊണ്ടും ക്യാമ്പ് സജീവമായിരുന്നു. വേറിട്ടൊരു സംഘടനാ മികവിന്റെ സാക്ഷ്യമായിരുന്നു ഈ വനിതാക്യാമ്പ്. ക്യാമ്പ് കഴിഞ്ഞ് ഇന്‍സിഡസിന്റെ പടിയിറങ്ങുമ്പോള്‍ ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളും പുതിയ വെല്ലുവിളികളെ നേരിടാന്‍ ഏറ്റെടുക്കേണ്ട ഉത്തരവാദിത്തങ്ങളും ഓരോരുത്തരുടേയും മനസ്സില്‍ നിറഞ്ഞുനിന്നിരുന്നു.