മാര്‍ക്സിന്റെ വിപ്ലവ സിദ്ധാന്തം

610

വിപ്ലവം എന്ന വാക്ക് സാമൂഹ്യ പരിവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചത് ഫ്രഞ്ച് വിപ്ലവത്തിനു ശേഷമാണ്. അതിനു മുമ്പ് ഇംഗ്ലണ്ടിലും ഒരു പരിധിവരെ അമേരിക്കയിലും ഇത്തരത്തിലുള്ള പരിവര്‍ത്തനങ്ങളുണ്ടായിരുന്നു. കേവലമായ ഭരണമാറ്റങ്ങളോ സാമൂഹ്യ മാറ്റങ്ങളോ അല്ല വിപ്ലവങ്ങള്‍. ഇവ ചേര്‍ന്ന് ഒരു സമൂഹ രൂപത്തെ തന്നെ മാറ്റിമറിക്കുന്ന പ്രക്രിയയ്ക്കു തുടക്കം കുറിക്കുമ്പോഴാണ് നാം വിപ്ലവങ്ങളെന്നു വിളിക്കുന്നത്.
സമൂഹ രൂപങ്ങളിലെ പരിവര്‍ത്തനങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. ആക്രമണങ്ങളും വിജയങ്ങളും, കുടിയേറ്റം, സാമ്രാജ്യങ്ങള്‍, നാടുവാഴിത്തത്തിന്റെ രൂപീകരണം എന്നിങ്ങനെ പല രൂപങ്ങളും പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇവ വിപ്ലവങ്ങളാകുന്നത് മുന്‍ സമൂഹ രൂപങ്ങള്‍ തകരുകയും പുതിയ സമൂഹരൂപങ്ങള്‍ വളര്‍ന്നുവരികയും ചെയ്യുമ്പോഴാണ്.

വിപ്ലവങ്ങളുടെ നിര്‍ണായക ഘടകങ്ങള്‍
പ്രാചീന കാലം മുതല്‍ ഇന്നുവരെ സമൂഹ രൂപങ്ങളുടെ വളര്‍ച്ചയില്‍ മേല്‍ പറഞ്ഞ ഘടകങ്ങള്‍ക്കെല്ലാം സ്വാധീനമുണ്ടായിരുന്നു. എങ്കിലും ആശയ സംഹിതകളുടെയോ ആയുധശേഖരങ്ങളുടെയോ അടിസ്ഥാനത്തിലല്ലാതെ ഉല്പാദന വാണിജ്യ മേഖലയെ മാത്രം കേന്ദ്രീകരിക്കുന്ന മുതലാളിത്തം അധികാരത്തില്‍ വന്നത് വിപ്ലവങ്ങളുടെ ചരിത്രത്തില്‍ തന്നെ പുതിയ ദശയാണ്. അതുകൊണ്ട് ബൂര്‍ഷ്വാ വിപ്ലവങ്ങള്‍ ജനാധിപത്യ വിപ്ലവങ്ങളാണ്.
പുതിയ സമൂഹരൂപങ്ങള്‍ വളര്‍ന്നുവരുന്നത് പ്രാക്തന സമൂഹരൂപങ്ങളിലെ ആന്തരിക വൈരുദ്ധ്യങ്ങള്‍ കാരണമാണ്. കേവലമായ ആക്രമണങ്ങളോ അടിച്ചമര്‍ത്തലുകളോ അവയോടുള്ള പ്രതിരോധമോ പുതിയ സമൂഹരൂപങ്ങളിലേക്കു നയിക്കുകയില്ല. റോമാസാമ്രാജ്യം തകര്‍ന്ന് ഫ്യൂഡലിസം വളര്‍ന്നുവന്നത് അടിമസമ്പ്രദായം തകരുകയും അധ്വാനരൂപങ്ങളെ നിയന്ത്രിക്കുന്ന പുതിയ ഭൂപ്രഭുവര്‍ഗം വളര്‍ന്നുവരികയും ചെയ്തതുകൊണ്ടാണ്. ഭൂപ്രഭുവര്‍ഗം തകരുകയും അധ്വാനരൂപങ്ങളെ നിയന്ത്രിക്കുന്ന മുതലാളിത്തവര്‍ഗം വളര്‍ന്നുവരികയും ചെയ്തതുകൊണ്ടാണ് മുതലാളിത്തം രൂപപ്പെട്ടത്. ആന്തരിക വൈരുദ്ധ്യങ്ങളുടെ ഭാഗമായി പ്രാക്തനമായ സമൂഹരൂപങ്ങളിലെ ഭൗതികജീവിത പ്രക്രിയയ്ക്ക് പുതിയ രീതികളും രൂപങ്ങളും കണ്ടെത്താന്‍ ഇവര്‍ക്കു കഴിഞ്ഞു.
മുതലാളിത്ത സമൂഹത്തില്‍ ഭൗതിക ജീവിത പ്രക്രിയയ്ക്ക് പുതിയ രീതികളും രൂപങ്ങളും കണ്ടെത്തുന്നത് തൊഴിലാളികളാണ്. ചരിത്രത്തിലാദ്യമായാണ് അധ്വാനിക്കുന്ന ഉല്പാദക വിഭാഗം നേരിട്ട് സമൂഹ രൂപങ്ങളെ നിര്‍ണയിക്കുന്ന ഘടകമാകുന്നത്.
തൊഴിലാളി ഈ പങ്ക് വഹിക്കുന്നതിനുള്ള കാരണങ്ങള്‍ താഴെ പറയുന്നവയാണ്.

വര്‍ഗസമരത്തിന്റെ പ്രസക്തി
ഈ പശ്ചാത്തലത്തിലാണ് വര്‍ഗസമരം എന്ന വാക്കിന്റെ പ്രസക്തി വ്യക്തമാകുന്നത്. വര്‍ഗങ്ങള്‍ നിരവധി ഉണ്ടാകാം. ഒരു സമൂഹ രൂപത്തില്‍ പ്രത്യേക ധര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്ന എല്ലാ വിഭാഗങ്ങളും വര്‍ഗങ്ങളാണ്. അവര്‍ തമ്മില്‍ സംഘര്‍ഷങ്ങളും ഉണ്ടാകും. ഇത്തരം സംഘര്‍ഷങ്ങളല്ല ചരിത്രത്തിന്റെ ചാലകശക്തികളാകുന്നത്. ഏതു സമൂഹവിഭാഗത്തിനാണോ നിലവിലുള്ള ഭരണവര്‍ഗത്തെയും അതിന്റെ ആശയസംഹിതകളെയും നിയമ സംഹിതകളെയും അധീശ തന്ത്രങ്ങളെയും ഫലപ്രദമായി ചെറുത്ത് പുതിയ സമൂഹരൂപം സൃഷ്ടിക്കാന്‍ കഴിയുക അതാണ് വിപ്ലവശക്തിയായി മാറുന്നത് ഇന്നത്തെ സാഹചര്യത്തിലും അതു തൊഴിലാളിവര്‍ഗമാണ്.
വിപ്ലവം ഒരു സംഭവമല്ല, ഒരു പ്രക്രിയയാണ്. ഭരണവര്‍ഗത്തെ അന്തിമമായി തകര്‍ത്ത് അധീശത്വം കയ്യടക്കുക സംഭവമാകാം. പക്ഷെ അതിലേക്കു നയിക്കുന്ന നിരവധി സംഭവങ്ങളും അതിനു ശേഷം നടക്കുന്ന സംഭവങ്ങളുമാണ് വിപ്ലവത്തെ പ്രക്രിയയാക്കുന്നത്. ഫ്യൂഡലിസത്തെ തകര്‍ത്ത് മുതലാളിത്തം ആധിപത്യം സ്ഥാപിക്കുന്ന പ്രക്രിയ 16-ാം നൂറ്റാണ്ടു മുതല്‍ നടക്കുന്നതാണ്. ഇപ്പോഴും മുതലാളിത്തത്തിന് ആഗോളതലത്തില്‍ പ്രാക്തന മുതലാളിത്ത രൂപങ്ങളെയെല്ലാം കീഴടക്കി എന്നു അവകാശപ്പെടാനാകില്ല. മുതലാളിത്തം മുന്നേറി എന്നവകാശപ്പെട്ട നവലിബറല്‍ കാലത്തില്‍ പോലും തുടര്‍ച്ചയായ കുഴപ്പങ്ങളും സാമ്പത്തിക മാന്ദ്യങ്ങളും വഴി പൂര്‍ണമായ ആധിപത്യം സ്ഥാപിക്കാന്‍ കഴിയുന്നില്ല. അതേസമയം മുതലാളിത്തത്തിനെതിരായ പ്രസ്ഥാനങ്ങളും ശക്തിപ്രാപിച്ചുവരുന്നു.

സോഷ്യലിസ്റ്റ് വിപ്ലവങ്ങള്‍
മുതലാളിത്തം സാമ്രാജ്യത്വമായി മാറി ആഗോളാധിപത്യം സ്ഥാപിക്കാന്‍ ആരംഭിച്ച ഘട്ടത്തില്‍ തന്നെയാണ് സോഷ്യലിസ്റ്റ് വിപ്ലവങ്ങള്‍ നടന്നത്. സോഷ്യലിസ്റ്റ് വിപ്ലവമോ വിപ്ലവാനന്തര ഘട്ടങ്ങളോ ഏകതാന സ്വഭാവമുള്ളതാകില്ല. പ്രത്യേക പ്രദേശങ്ങളിലെ സാമൂഹ്യ രാഷ്ട്രീയ പ്രക്രിയകളുടെയും ഭരണവര്‍ഗ തന്ത്രങ്ങളുടെയും സസൂക്ഷ്മമായ പഠനം ആവശ്യമാണ്. തൊഴിലാളികള്‍ നൈസര്‍ഗികമായി തന്നെ വിപ്ലവ വര്‍ഗമാകില്ല. ഭരണവര്‍ഗത്തിനെതിരെ അവരെ അണിനിരത്തുന്ന ബോധപൂര്‍വമായ അടവുകളും തന്ത്രങ്ങളും ആവശ്യമാണ്. പ്രക്ഷോഭ സമരങ്ങളിലൂടെ താന്‍ നിലനില്‍ക്കുന്ന സമൂഹ രൂപത്തെക്കുറിച്ചും അതില്‍ താനടക്കമുള്ള തൊഴിലാളികള്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെക്കുറിച്ചും ബോധമുള്ള തൊഴിലാളികളാണ് ഈ സംഘാടനത്തിന് നേതൃത്വം നല്‍കേണ്ടത്. വര്‍ഗബോധം എന്നത് സ്വന്തം ജീവിതത്തെയും തൊഴിലിനെയും അതിന്റെ സാധ്യതകളെയും കുറിച്ചുള്ള ശാസ്ത്രീയമായ അവബോധമാണ്. അതാണ് വിപ്ലവബോധമായി മാറുന്നത്.
റഷ്യന്‍ വിപ്ലവവും ചൈനീസ് വിപ്ലവവും മറ്റു സോഷ്യലിസ്റ്റ് വിപ്ലവങ്ങളും ഈ വിപ്ലവ പ്രക്രിയയിലെ നാഴികക്കല്ലുകളാണ്. സ്വന്തം സാഹചര്യങ്ങളില്‍ നിന്നുകൊണ്ട് അവര്‍ സോഷ്യലിസ്റ്റ് സമൂഹം പടുത്തുയര്‍ത്താന്‍ ശ്രമിച്ചു. ഈ ശ്രമങ്ങളാണ് സാമ്രാജ്യത്വത്തിന് ഏറ്റവും ശക്തമായ ഭീഷണിയുയര്‍ത്തിയത്. ഏതാനും രാഷ്ട്രങ്ങളില്‍ ഭരണം നേടിയതു കൊണ്ടു മാത്രം വിപ്ലവ പ്രക്രിയ അവസാനിക്കുന്നില്ലെന്നും എല്ലാ സാധ്യതകളും ഉപയോഗിച്ചുകൊണ്ടുള്ള മുന്നേറ്റം അനിവാര്യമാണെന്നുമുള്ള തിരിച്ചറിവിനു പകരം സാമ്രാജ്യത്വവുമായി സന്ധിചെയ്യാന്‍ നടത്തിയ ശ്രമങ്ങളാണ് സോവിയറ്റ് യൂണിയനടക്കമുള്ള രാഷ്ട്രങ്ങളുടെ പതനത്തിലേക്കു നയിച്ചത്. പോളണ്ടിനെപ്പോലുള്ള ചില രാജ്യങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍ ഭരണസംവിധാനത്തിനുള്ളിലുള്ള ശക്തികള്‍ തന്നെയാണ് സോഷ്യലിസ്റ്റ് ഭരണകൂടങ്ങളുടെ അട്ടിമറിക്കും കാരണമായത്. ക്യൂബയെപ്പോലുള്ള ചെറു രാജ്യങ്ങളാണ് ശക്തമായ പ്രതിരോധവുമായി നിലനിന്നത്. ഈയിടെയായി ചൈനയുടെ സാമ്പത്തിക മുന്നേറ്റം സാമ്രാജ്യത്വത്തെ അമ്പരപ്പിക്കുന്നുണ്ട്. വിപ്ലവ പ്രക്രിയയില്‍ ഇതിന്റെ പങ്ക് എന്തായിരിക്കുമെന്ന് ഇനിയും വിലയിരുത്തേണ്ടതാണ്.

തൊഴിലാളിവര്‍ഗ വിപ്ലവങ്ങള്‍ അനിവാര്യം
ഇംഗ്ലണ്ടിലും ജര്‍മ്മനിയിലും സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ സാധ്യതകളെക്കുറിച്ച് മാര്‍ക്സ് പരാമര്‍ശിച്ചുവെന്നത് ശരിയാണ്. അന്തിമഘട്ടത്തില്‍ റഷ്യയിലെ സാധ്യതകളും അദ്ദേഹം ചര്‍ച്ചചെയ്തു. വിപ്ലവത്തെ ഏകതാനമായ ഒരു സംഭവമായി അദ്ദേഹം കണ്ടില്ല. കമ്മ്യൂണിസത്തിലേക്കുള്ള പ്രയാണമാര്‍ഗം വളരെ ദീര്‍ഘമായിരിക്കുമെന്നും അതിന്റെ രീതികളെല്ലാം പ്രവചിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. അദ്ദേഹം ഊന്നിയത് വേറൊരു വസ്തുതയിലാണ്. മുതലാളിത്തം ആഗോളാധിപത്യത്തിനു വേണ്ടി ശ്രമിക്കും. ഈ ശ്രമം തൊഴിലാളിവര്‍ഗത്തെയും സാര്‍വത്രികമാക്കും. മുതലാളിത്തത്തിന്റെ ലാഭക്കൊതി ലോകത്തിലെ സമസ്ത വിഭവങ്ങളിലേക്കും അധ്വാന രൂപങ്ങളിലേക്കുമുള്ള കടന്നുകയറ്റത്തിലേക്കു നയിക്കും. ലോകത്തിലെ സമസ്ത ജനതയുടെ മേലുമുള്ള ആധിപത്യത്തിന്റെ രീതിയിലല്ലാതെ മുതലാളിത്തത്തിന്റെ ആഗോളാധിപത്യം സാധ്യമല്ല. ഇതിന്റെ ഒരു ഫലം മുതലാളിത്ത സമൂഹത്തിന്റെ തന്നെ ആന്തരിക ശിഥിലീകരണമാണ്. ഇന്നത്തെ സാസ്കാരിക ജീര്‍ണതയും പരിസ്ഥിതി നാശവും പുതിയ രോഗങ്ങളും സമൂഹ ജീവിതത്തിന്റെ തകര്‍ച്ചയും ഇതിന്റെ ലക്ഷണങ്ങളാണ്. ഇതിനെ തടയണമെങ്കില്‍ തൊഴിലാളിവര്‍ഗ വിപ്ലവങ്ങള്‍ അനിവാര്യമാണ്. മാനവരാശിയുടെ നിലനില്പ് വിപ്ലവ പ്രക്രിയയെ ആശ്രയിച്ചിരിക്കും. അതാണ് സര്‍വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍! നിങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനാവില്ല. ഒരു ലോകം കീഴടക്കാനുണ്ട് എന്ന ആഹ്വാനമായി മാറുന്നത്.

ഡോ. കെ എന്‍ ഗണേഷ്