ആർ.സി.ഇ.പി പിന്മാറ്റം- കര്‍ഷക കൂട്ടായ്മയുടെ പ്രക്ഷോഭങ്ങളുടെ വിജയം

168

നിർദിഷ്ട മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത(ആർസിഇപി) കരാറിൽ ഇന്ത്യ പങ്കുചേരില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും യോജിച്ച് നടത്തിയ പ്രക്ഷോഭങ്ങളുടെ വിജയം. കൂടുതൽ തുറന്നിടുന്ന സ്വതന്ത്ര വ്യാപാര കരാറിനെതിരെ കർഷകരടക്കം ഉയർത്തിയ ശക്തമായ പ്രക്ഷോഭമാണ് കരാർ അംഗീകരിക്കുന്നതിൽനിന്ന് പിൻവാങ്ങാൻ നിർബന്ധിതമാക്കിയത്.
ഇത് വരെ ഇന്ത്യ സ്വീകരിച്ച കരാര്‍ അനുകൂല നീക്കത്തിനെതിരെ 250 കർഷക സംഘടനകൾ യോജിച്ച് ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മിറ്റിയെന്ന പൊതുവേദി രൂപീകരിച്ചത് ഒരു നിർണ്ണായക സംഭവമായിരുന്നു. ആർസിഇപി കരാർ ചർച്ചയുടെ തുടക്കംക്കുറിച്ച് കോൺഗ്രസിനു പോലും രാഷ്ട്രീയ എതിർപ്പുമായി രംഗപ്രവേശനം ചെയ്യേണ്ടിവന്നു. ഈ പ്രതിഷേധ ആരവം രാജ്യത്ത് ഉയർത്തുന്നതിൽ കേരളം ഒരു പ്രധാന പങ്ക് നിർവ്വഹിക്കുകയുണ്ടായി. ഇടതുപക്ഷ ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പ്രധാനമന്ത്രി, കൃഷി മന്ത്രി, വാണിജ്യ മന്ത്രിമാർക്ക് കത്തുകളും നിവേദനവും നൽകുകയും പരസ്യ എതിർപ്പ് ഉയർത്തുകയും ചെയ്തു. നിയമസഭ യോജിച്ചു പാസ്സാക്കിയ പ്രമേയം ദേശീയ ശ്രദ്ധപിടിച്ചുപറ്റി.

ദക്ഷിണപൂര്‍ വേഷ്യയിലെ കൂട്ടായ്മയായ ആസിയാനില്‍ ഇന്തൊനീഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, സിംഗപ്പൂര്‍, തായ് ലന്റ്, ബ്രൂണയ്, വിയറ്റ്നാം, ലാവോസ്, മ്യാന്‍മര്‍ , കംബോഡിയ എന്നീ രാജ്യങ്ങളാണ് ഉൾപ്പെട്ടിരിക്കുന്നത്. യുഎസ്, ചൈന, ജപ്പാന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി സഹകരിച്ചാണ് പ്രവര്‍ത്തനം. വന്‍ ശക്തികളുടെ താൽപര്യങ്ങൾക്ക് മുൻതൂക്കമുള്ള ആര്‍സിഇപി കരാറില്‍16 രാജ്യങ്ങളുടെ പങ്കാളിത്തമുണ്ടാകും. ഇതിൽ പത്ത് ആസിയാൻ രാജ്യങ്ങളും ഉൾപ്പെടും.
ആര്‍സിഇപി ഉച്ചകോടി ബാങ്കോക്കില്‍ പുരോഗമിക്കുകയാണ്. ഉച്ചകോടിക്ക് മുന്നോടിയായ ബാങ്കോക്കിൽ നടന്ന ആസിയാന്‍ സമ്മേളനത്തില്‍ ആര്‍സിഇപി കരാറിനെ കുറിച്ച് കൂടുതൽ പരാമര്‍ശിക്കാതെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. നിലവിലുള്ള കരാറുകള്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ആവശ്യത്തിലേക്ക് പ്രധാനമന്ത്രിയുടെ പ്രസംഗം ചുരുക്കി. 2020 ഫെബ്രുവരി വരെയാണ് കരാറിന്‍റെ ഭാഗമാകാൻ ഇന്ത്യക്ക് സമയം നൽകിയിരിക്കുന്നത്.

16രാജ്യങ്ങളുടെ ഉത്പന്നങ്ങള്‍ മേഖലയിലുടനീളം ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്നതാണ് കരാര്‍. ഇത് ഇന്ത്യന്‍ ഉത്പന്നങ്ങളുടെ വിലയിടിവിനും കര്‍ഷകരുടെ നിലനില്പ് കൂടുതല്‍ അവതാളത്തിലാവാനും കാരണമാകും എന്നതിനാലാണ് പ്രക്ഷോഭങ്ങള്‍ ഉയര്‍ന്ന് വന്നത്. നോട്ട് നിരോധനവും ജി.എസ്.ടി യും നടുവൊടിച്ച ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് മറ്റൊരു ആഘാതമായേക്കാവുന്ന നീക്കമാണ് തല്‍ക്കാലം വഴിമാറിയിരിക്കുന്നത്