വെല്ലുവിളികളെ നേരിട്ട് ട്രാൻസ് ഗ്രിഡ് പദ്ധതി

188

സംസ്ഥാനത്തിന്റെ വൈദ്യുതി പ്രസരണ മേഖലയുടെ സമഗ്രമായ വികസനം ലക്ഷ്യമാക്കി കെ.എസ്.ഇ.ബി ലിമിറ്റഡും സംസ്ഥാന സര്‍ക്കാരും സംയുക്തമായി കിഫ്ബിയുടെ സാമ്പത്തിക സഹായത്തോടെ ആവിഷ്കരിച്ച് നടപ്പാക്കുന്ന പ്രസരണശൃംഖലാ വികസന പദ്ധതിയാണ് ട്രാന്‍സ്ഗ്രിഡ് 2.0. ഏറെക്കാലമായി വേണ്ടത്ര വികസനം ഇല്ലാതിരുന്ന പ്രസരണ മേഖലയെ നവീകരിച്ച് സംസ്ഥാനത്തിന്റെ വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിന് പ്രാപ്തമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ പരിസ്ഥിതി പ്രശ്നങ്ങളാല്‍ ഉത്പാദന പദ്ധതികള്‍ തടസ്സപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിനാവശ്യമായ വൈദ്യുതി പുറമെ നിന്നും തടസ്സരഹിതമായി എത്തിക്കുന്നതിനുള്ള ഇറക്കുമതിശേഷി കൈവരിക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു. 18 ആം പവ്വര്‍ സര്‍വ്വേ പ്രകാരം 2023 ഓടു കൂടി സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത 6400MW ആകുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ ആഭ്യന്തര സ്ഥാപിതശേഷി (2200MW) തികച്ചും അപര്യാപ്തമാണെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്.
രണ്ടു ഘട്ടങ്ങളിലായി നടപ്പാക്കുന്ന ഈ പദ്ധതിക്ക് ഏകദേശം 10000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിട്ടുള്ളത്. പദ്ധതി നിര്‍വ്വഹണത്തിനാവശ്യമായ ധനം സമാഹരിക്കുന്നത് പ്രധാനമായും സംസ്ഥാനത്തിന്റെ അടിസ്ഥാനസൗകര്യ വികസന നിധിയായ കിഫ്ബിയില്‍ നിന്ന് വായ്പയായാണ് (8-9% വരെ പലിശനിരക്കില്‍). സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ച 6375 കോടി രൂപയുടെ പ്രവൃത്തികളില്‍ 5200 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് കിഫ്ബി ഇതിനകം തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. പദ്ധതിയുടെ നൂതനത്വം കണക്കിലെടുത്ത് കേന്ദ്രാവിഷ്കൃത പദ്ധതിയായ PSDF ല്‍ നിന്നും രണ്ടു പ്രവൃത്തികള്‍ക്കായി 400 കോടി രൂപ ഗ്രാന്റ് ലഭിച്ചിട്ടുണ്ട് എന്നതും എടുത്ത് പറയേണ്ടതാണ്.
പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ (2017-22) ഒരു 400 കെ.വി സബ്സ്റ്റേഷനും പതിനൊന്ന് 220കെ.വി സബ്സ്റ്റേഷനുകളും 2074 സര്‍ക്യൂട്ട് കി.മീ പ്രസരണ ലൈനുകളും നിര്‍മ്മിക്കും. (കണക്കാക്കിയിട്ടുള്ള ചിലവ് 4745.77കോടി രൂപ)
രണ്ടാം ഘട്ടത്തില്‍ (2019-2024) രണ്ട് 400 കെ.വി സബ്സ്റ്റേഷനും പന്ത്രണ്ട് 220 കെ.വി സബ്സ്റ്റേഷനും 2316 സര്‍ക്യൂട്ട് കി.മീ ലൈനുകളും നിര്‍മ്മിക്കും (കണക്കാക്കിയിട്ടുള്ള ചിലവ് 1629.60കോടി രൂപ). ഒന്നും രണ്ടും ഘട്ടങ്ങളിലായി നിര്‍മ്മിക്കുന്ന സബ്സ്റ്റേഷനുകളുടെയും പ്രസരണ ലൈനുകളുടെയും വിശദാംശങ്ങള്‍ അനുബന്ധമായി ചേര്‍ത്തിരിക്കുന്നു .
നിലവിലുള്ള പ്രസരണ ഇടനാഴികള്‍ പരമാവധി ഉപയോഗപ്പെടുത്തി മള്‍ട്ടി സര്‍ക്യൂട്ട്/മള്‍ട്ടി വോള്‍ട്ടേജ് ലൈനുകള്‍ നിര്‍മ്മിക്കുന്നതിന് പുതുക്കിയ പദ്ധതി ലക്ഷ്യമിടുന്നു. അധികമായി RoW ഏറ്റെടുക്കാതെ നവീന സാങ്കേതികവിദ്യയുടെ സഹായത്തോടെ നിലവിലുള്ള 110 കെ.വി ലൈനുകളെ 220/110 കെ.വി MCMV ലൈനുകളായും, 220 കെ.വി ലൈനുകളെ 400/220 കെ.വി ലൈനുകളായും മാറ്റുന്നതിനും ശേഷി കൂടിയ കണ്ടക്ടറുകള്‍ ഉപയോഗിച്ച് നിലവിലുള്ള ലൈനുകള്‍ നവീകരിക്കുന്നതിനും ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ വിഭാവനം ചെയ്തിരിക്കുന്നു. ഇതുകൂടാതെ സംസ്ഥാനത്തിനകത്ത് സാധ്യത കണ്ടെത്തിയിട്ടുള്ള പുനരുപയോഗ സ്രോതസ്സുകളില്‍ നിന്നും ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി പ്രസരണം ചെയ്യുന്നതിനുള്ള പദ്ധതി നിര്‍ദ്ദേശങ്ങളും (ഗ്രീന്‍ കോറിഡോര്‍) ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മറ്റു ട്രാന്‍സ്മിഷന്‍ ലൈന്‍ നിര്‍മ്മാണ പ്രവൃത്തികളുടെ കരാര്‍ വ്യവസ്ഥകളില്‍ നിന്നും കൂടുതല്‍ കര്‍ശനമായ നിബന്ധനകളാണ് ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പ്രവൃത്തികളുടെ ഗുണമേന്മയും സമയബന്ധിതമായ പൂര്‍ത്തീകരണവും ഉറപ്പുവരുത്തുന്നതിനായി കരാറുകാരുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി.
സാധാരണ പ്രവൃത്തികളില്‍ ഗ്യാരന്റി 12 മുതല്‍ 18 മാസം വരെയാണെങ്കില്‍ ട്രാന്‍സ്ഗ്രിഡ് പദ്ധതികളുടെ ഗ്യാരന്റി 84 മാസമാണ്. ഇക്കാലയളവിലുണ്ടാകാനിടയുള്ള തകരാറുകള്‍ പരിഹരിക്കേണ്ടത് കരാറുകാരന്റെ ഉത്തരവാദിത്വമാണ്.
സാധാരണയായി പദ്ധതി നിര്‍വ്വഹണത്തിനാവശ്യമായ സാധനസാമഗ്രികള്‍ ബോര്‍ഡ് വാങ്ങി നല്‍കുകയും, നിര്‍മ്മാണപ്രവൃത്തികള്‍ക്കു മാത്രമായി മറ്റൊരു കരാര്‍ നല്‍കുകയുമാണ് ചെയ്ത് വന്നിരുന്നത്. സാധനസാമഗ്രികളുടെ വില ആദ്യം നല്‍കുന്നതിനാലും, പദ്ധതി നിര്‍വ്വഹണത്തില്‍ കാലതാമസം നേരിടാന്‍ സാധ്യതയുള്ളതിനാലും ഇത് കെ.എസ്.ഇ.ബി ലിമിറ്റഡിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കാറുണ്ട്. ഇതില്‍ നിന്നും വ്യത്യസ്തമായി ട്രാന്‍സ്ഗ്രിഡ് പദ്ധതിയില്‍ സാധനസാമഗ്രികള്‍ ലഭ്യമാക്കുന്നതും നിര്‍മ്മാണ പ്രവൃത്തികളും ഒറ്റക്കരാറായി “Turnkey” അടിസ്ഥാനത്തിലാണ് നല്‍കുന്നത്. എന്നാല്‍, സാധനസാമഗ്രികളുടെ വില അവയുള്‍പ്പെടുന്ന നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് മാത്രമേ നല്‍കുകയുള്ളൂ. ഈ വ്യവസ്ഥപ്രകാരം സാധനങ്ങള്‍ സപ്ലയ് ചെയ്ത് ശരാശരി ഒരു വര്‍ഷത്തിനുശേഷമേ കരാറുകാരന് പണം നല്‍കേണ്ടതായി വരൂ. ഇത് സ്ഥാപനത്തിന് സാമ്പത്തികമായി നേട്ടവും പദ്ധതികളുടെ വേഗത്തിലുള്ള പൂര്‍ത്തീകരണവും ഉറപ്പാക്കുന്നു.
പദ്ധതി നിര്‍വ്വഹണത്തിനുണ്ടാകുന്ന കാലതാമസത്തിന് കരാറുകാരനില്‍ നിന്ന് പിഴ ഈടാക്കാനും കരാറില്‍ വ്യവസ്ഥയുണ്ട്.
വിവിധ പ്രവൃത്തികളുടെ സാങ്കേതിക പഠനം നടത്തി, വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റ് തയ്യാറാക്കുന്നത് അതാത് സമയങ്ങളില്‍ പ്രാബല്യത്തിലുള്ള DSR നിരക്കുകള്‍ പ്രകാരവും കെ.എസ്.ഇ.ബി ലിമിറ്റഡില്‍ നിലവിലുള്ള നടപടിക്രമങ്ങള്‍ പാലിച്ചും മാത്രമാണ്. പദ്ധതികളുടെ ടെണ്ടര്‍ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ MSTC യുടെ ഇ-ടെണ്ടര്‍ പോര്‍ട്ടല്‍ വഴിയാണ് നടത്തുന്നത്. ഇ-ടെണ്ടറിനുശേഷം ഇ-റിവേഴ്സ് ഓക്ഷന്‍ സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതി നിര്‍വ്വഹണത്തിന് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്യപ്പെടുന്നു എന്ന് ഇതു വഴി ഉറപ്പുവരുത്തപ്പെടുന്നു.

ട്രാന്‍സ്മിഷന്‍ ലൈന്‍ നിര്‍മ്മാണ പ്രവൃത്തികള്‍ റോഡ്, പാലം, കെട്ടിടം മുതലായ നിര്‍മ്മാണ പ്രവൃത്തികളില്‍ നിന്ന് ഏറെ വ്യത്യസ്തവും അനേകം കിലോമീറ്ററുകള്‍ ദൈര്‍ഘ്യത്തില്‍ ചിതറിക്കിടക്കുന്ന നിരവധി ലൊക്കേഷനുകളടങ്ങിയതുമാണ്. എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള വിദൂരസ്ഥലങ്ങളും ജലാശയങ്ങളും പുഴകളും റോഡ്/റെയില്‍ ക്രോസിംഗുകളും ഉള്‍പ്പെടുന്ന ട്രാന്‍സ്മിഷന്‍ ലൈനുകളുടെ നിര്‍മ്മാണ കരാറുകള്‍ സാധാരണയായി അടങ്കല്‍ തുകയേക്കാള്‍ 40% മുതല്‍ 60% വരെ ഉയര്‍ന്ന നിരക്കിലാണ് നല്‍കപ്പെടുന്നത്. എന്നാല്‍ ഒരു സ്ഥലത്തു തന്നെ കേന്ദ്രീകൃതമായ സബ്സ്റ്റേഷന്‍ നിര്‍മ്മാണ പ്രവൃത്തികള്‍ അടങ്കല്‍ തുകയിലും കുറഞ്ഞ നിരക്കിലാണ് നല്‍കാറുള്ളത്. ട്രാന്‍സ്ഗ്രിഡ് പദ്ധതികളുടെ ടെണ്ടറുകളുടെ കാര്യത്തിലും ഇത് ശരിയാണെന്നു കാണാം. ട്രാന്‍സ്ഗ്രിഡിലെ രണ്ടു ലൈന്‍ നിര്‍മ്മാണ പ്രവൃത്തികളുടെ ദര്‍ഘാസ് നടപടികള്‍ക്ക് ചുമതലപ്പെടുത്തിയിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ നവരത്ന കമ്പനികള്‍ ഉയര്‍ന്ന നിരക്കിലുള്ള ടെണ്ടറുകള്‍ക്ക് കാരണമായി ചൂണ്ടിക്കാണിച്ചിട്ടുള്ള വസ്തുതകള്‍ മേല്‍ പറഞ്ഞ കാര്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പദ്ധതി നിര്‍വ്വഹണത്തില്‍ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനും ചിലവ് നിയന്ത്രിക്കുന്നതിനും കെ.എസ്.ഇ.ബി ലിമിറ്റഡില്‍ നിലവിലുള്ള എല്ലാ സംവിധാനങ്ങള്‍ക്കും പുറമേ കിഫ്ബിയുടെ നിരീക്ഷണ സംവിധാനവും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനു പുറമേ, പൊതുമേഖലാസ്ഥാപനമെന്ന നിലയില്‍ കെ.എസ്.ഇ.ബി യുടെ എല്ലാ പ്രവര്‍ത്തനങ്ങളും കംപ്ട്റോളര്‍ ആന്റ് ആഡിറ്റര്‍ ജനറലിന്റെ ഓഡിറ്റിനും വിധേയമാണ്. ഇതിനെല്ലാം പുറമെ കെ.എസ്.ഇ.ബി നടപ്പാക്കുന്ന മൂലധന നിക്ഷേപമടക്കമുള്ള എല്ലാ പദ്ധതികളും സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അംഗീകാരത്തിനു വിധേയവുമാണ്. ബഹുവര്‍ഷ താരിഫ് (MYT)
നിര്‍ണ്ണയത്തിനായി 2019 ല്‍ കെ.എസ്.ഇ.ബി ലിമിറ്റഡ് സമര്‍പ്പിച്ച അപേക്ഷയനുസരിച്ച് ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ വിവിധ പ്രവൃത്തികള്‍ക്ക് റഗുലേറ്ററി കമ്മീഷന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. വിശദമായ പരിശോധനകള്‍ക്കും പൊതുതെളിവെടുപ്പടക്കമുള്ള സുതാര്യമായ നടപടികള്‍ക്കും ശേഷം അന്തിമാനുമതി ലഭ്യമാകുന്നതാണ്.
ട്രാന്‍സ്ഗ്രിഡ് പദ്ധതി പൂര്‍ണ്ണമായും പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാനത്തിന്റെ പ്രസരണ നഷ്ടത്തില്‍ 107MWന്റെ കുറവാണ് കണക്കാക്കിയിട്ടുള്ളത്. ഇതുവഴി പ്രതിവര്‍ഷം 521 ദശലക്ഷം യൂണിറ്റ് വൈദ്യുതി ലാഭിക്കാനാകും. ശരാശരി ഏകദേശം 250 കോടി രൂപയുടെ വരുമാന നേട്ടമാണ് ഇതിലൂടെ സംസ്ഥാനത്തിന് ലഭ്യമാകുക.
സംസ്ഥാന വൈദ്യുതി ബോര്‍ഡ് രൂപീകരിച്ചതിനുശേഷം ഇതുവരെയായി സ്ഥാപിക്കാനായത് ഒരു 400 കെ.വി സബ്സ്റ്റേഷനും ഇരുപത്തിരണ്ട് 220 കെ.വി സബ്സ്റ്റേഷനുമാണ് എന്ന വസ്തുത കൂടി കണക്കിലെടുത്താല്‍ മാത്രമേ ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ വലുപ്പവും പ്രാധാന്യവും പൂര്‍ണ്ണമായും മനസ്സിലാകുകയുള്ളൂ.