ഇടമൺ കൊച്ചി ലൈൻ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ PGCIL നിർമ്മിച്ചതല്ലേ? അതിൽ സംസ്ഥാന സർക്കാരിന് എന്ത് റോളാണുള്ളത്? കേന്ദ്ര നിക്ഷേപമല്ലേ?
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പി.ജി.സി.ഐ.എൽ, കൂടംകുളം ആണവനിലയത്തിൽ നിന്നുള്ള വൈദ്യുതി ഇവാക്വേറ്റ് ചെയ്യുന്നതിന് (പുറത്തേക്ക് എത്തിക്കുന്നതിന്), വിഭാവനം ചെയ്ത് ഏറ്റെടുത്ത പദ്ധതിയുടെ ഭാഗമാണ് തിരുനെൽവേലി മുതൽ തൃശൂർ മാടക്കത്തറ വരെയുള്ള 400 കെ.വി. ലൈൻ. ആണവ നിലയത്തിൽ നിന്നും കേരളത്തിന് ലഭ്യമാവേണ്ട 266 മെഗാവാട്ട് വിഹിതം കൊണ്ടുവരുകയാണ് ഈ ലൈനിന്റെ ഉദ്ദേശം.
ഇത് ആരംഭിക്കുന്നത് 2005 – ൽ ആണ്. എന്നാൽ അപ്പോൾത്തന്നെ പദ്ധതിക്കെതിരായ എതിർപ്പും ആരംഭിച്ചു. പണിയൊന്നും നടന്നില്ല.
തുടർന്ന് 2006 – ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതിൽ ഇടപെടുകയും പ്രത്യേക നഷ്ടപരിഹാര പാക്കേജുകൾ രൂപപ്പെടുത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ശ്രമിക്കുകയും ചെയ്തു. ഇങ്ങനെ തിരുനെൽവേലി മുതൽ ഇടമൺ വരെയും കൊച്ചി മുതൽ മാടക്കത്തറ വരേയും ലൈൻ നിർമ്മാണം പൂർത്തിയാവുകയും ചെയ്തു. കൊച്ചിയിൽ ഒരു 400 കെ.വി സബ് സ്റ്റേഷനും സ്ഥാപിച്ചു. എന്നാൽ ഇടമൺ- കൊച്ചി ഭാഗത്ത്, കുറച്ചു ടവറുകൾ സ്ഥാപിച്ചെങ്കിലും, വേണ്ടത്ര മുന്നോട്ടു പോകാനായില്ല.
2011-ൽ എൽ.ഡി.ഫ്. സർക്കാർ മാറി. ഇടമൺ- കൊച്ചി പണി നിലയ്ക്കുകയും ചെയ്തു. 2015-ൽ നഷ്ടപരിഹാര പാക്കേജ് പുതുക്കുന്നതടക്കം ചില ഇടപെടലുകൾ യു.ഡി.എഫ്. സർക്കാരിൽ നിന്ന് ഉണ്ടായി. പക്ഷേ പണി പുനരാരംഭിക്കാൻ കഴിഞ്ഞില്ല.
2016-ൽ എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ വന്നു.
മുഖ്യമന്ത്രി ജനപ്രതിനിധികളുടേയും കർഷകരേയുമൊക്കെ വിളിച്ചു ചേർത്ത് പദ്ധതി
പുനരാരംഭിക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിച്ചു. നഷ്ടപരിഹാര പാക്കേജ്
പുതുക്കി.
ഇങ്ങിനെ നഷ്ട പരിഹാരപ്പാക്കേജ് നടപ്പാക്കുന്നതിനാൽ
ഉണ്ടാകുന്ന അധിക ബാധ്യത പവർ ഗ്രിഡ് സ്വന്തമായി വഹിക്കാൻ തയ്യാറാല്ലെന്ന്
അറിയിച്ചതിനെ തുടർന്ന് ടവർ നിൽക്കുന്ന ഭൂമിയുടെ വിലയുടെ 15% സംസ്ഥാനം
വഹിക്കും എന്ന് തീരുമാനിച്ചു. ലൈൻ കടന്നു പോകുന്നതിന്റെ ഭാഗമായി നൽകേണ്ടി
വരുന്ന നഷ്ട പരിഹാരം 25 :15 അനുപാതത്തിൽ കേരളവും പവർ ഗ്രിഡും
വഹിക്കുമെന്നും തീരുമാനിച്ചു. റൂട്ടിൽ വീടുകൾ വന്നാൽ അതിനുള്ള നഷ്ടപരിഹാരം
കെ.എസ്.ഇ.ബി നൽകണം എന്നും തീരുമാനിച്ചു. പദ്ധതി സമയബന്ധിതമായി
നടക്കുന്നതിന് കെ.എസ്.ഇ.ബി യിൽ നിന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ
നേതൃത്വത്തിൽ ഒരു “സ്പെഷ്യൽ ടാസ്ക് ഫോഴ്സിന്റെ” സഹായം ലഭ്യമാക്കി. ജില്ലാ
കളക്ടർമാരും ജനപ്രതിനിധികളും ഇടപെട്ട് തടസ്സങ്ങൾ പരിഹരിക്കുന്നതിന്
സംവിധാനം ഒരുക്കി. ഇങ്ങിനെ സംസ്ഥാന സർക്കാരിന്റെ സാമ്പത്തികവും
രാഷ്ട്രീയവുമായ ഇടപെടൽ ഉറപ്പു വരുത്തിയതിനാലാണ് ഇപ്പോൾ പദ്ധതി
പൂർത്തിയാവുന്നത്.
ഈ പദ്ധതിയുടെ ആകെ ചെലവ് 1300 കോടിയോളം രൂപയാണ്. ഇതിൽ 550 കോടിയോളം നഷ്ടപരിഹാരമാണ്. ഇതിൽ 130 കോടിയോളം കെ.എസ്.ഇ.ബി. യും അത്ര തന്നെ സംസ്ഥാന സർക്കാരുമാണ് മുടക്കുന്നത്. പവർഗ്രിഡ് മറ്റെവിടെയെങ്കിലും ചെയ്യുന്നതു പോലെയുള്ള പദ്ധതിയല്ല ഇടമൺ കൊച്ചി പവർ ഹൈവേ. അത് സംസ്ഥാനത്തിനും കെ.എസ്.ഇ.ബി ക്കും നേരിട്ട് മുതൽ മുടക്കും കൂടിയുള്ള പദ്ധതിയാണ്.
ഇനി മറ്റൊന്നുകൂടി ഉണ്ട്. പി.ജി.സി.ഐ.എൽ ചെലവാക്കുന്ന തുകയുണ്ടല്ലോ, അത് വരും കാലങ്ങളിൽ വാടക ഇനത്തിൽ കെ.എസ്.ഇ.ബി. തന്നെ തിരിച്ച് കൊടുക്കേണ്ടതുമാണ്.സൗജന്യ നിക്ഷേപമല്ല.
അതു കൊണ്ട് ബഹളം വെക്കേണ്ട. ഇപ്പോഴത്തെ സംസ്ഥാന സർക്കാർ തന്നെയാണ് ഈ പദ്ധതിയുടെ അവകാശികൾ.