കൽക്കരി സമ്പത്തും കവരുന്നു

102

കോവിഡും കൽക്കരി സ്വകാര്യവൽക്കരണവും തമ്മിൽ എന്തു ബന്ധമാണെന്ന്‌ ചോദിച്ചത്‌ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസാണ്‌. ആത്‌‌മനിർഭർ ഭാരതം കെട്ടിപ്പടുക്കാനുള്ള മോഡി സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായാണ്‌ കൽക്കരി നിക്ഷേപങ്ങൾ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറാൻ തീരുമാനിച്ചത്‌. 41 കൽക്കരി ബ്ലോക്കുകളാണ്‌ ഇ–-ലേലത്തിലൂടെ കൈമാറുന്നത്‌. പ്രധാനമന്ത്രി നേരിട്ടു പങ്കെടുത്താണ്‌ ജൂൺ 18ന്‌ ലേലപ്രക്രിയക്ക്‌ തുടക്കമിട്ടത്‌. സർക്കാർ നിയന്ത്രണങ്ങളിൽ ശ്വാസംമുട്ടി നിൽക്കുന്ന കൽക്കരിമേഖലയെ സ്വതന്ത്രമാക്കിയെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. രാജ്യം കോവിഡ്‌ രോഗപ്പകർച്ചയാൽ പകച്ചുനിൽക്കുമ്പോഴും ജനങ്ങളുടെ മുമ്പിലുള്ള ഒരു വൻപ്രതിസന്ധിയെ അവസരമാക്കി രാജ്യത്തിന്റെ വിഭവസമ്പത്ത്‌ ചോർത്താൻ കോർപറേറ്റുകൾക്ക്‌ സൗകര്യം ചെയ്‌തുകൊടുക്കുകയാണ്‌ മോഡി സർക്കാർ.കോൾ ഇന്ത്യയുടെ വിഷൻ 2030 എന്ന രേഖ പറയുന്നത്‌ കൽക്കരി ആവശ്യത്തിനായി പുതിയ ഖനികൾ തുറക്കേണ്ട ആവശ്യമില്ലെന്നാണ്‌. അടുത്ത പത്തു വർഷത്തെ ആവശ്യത്തിനുള്ള കൽക്കരി ഖനനം കോൾ ഇന്ത്യാ ലിമിറ്റഡ്‌ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഈ രേഖ പറയുന്നു. അപ്പോൾ എന്തിനായാണ്‌ പുതിയ കൽക്കരി ഖനികൾ തുറക്കാൻ സ്വകാര്യമേഖലയ്‌ക്ക്‌‌ അനുവാദം നൽകുന്നത്‌? ടാറ്റയ്‌ക്കും അദാനിക്കും ജിൻഡാലിനും മടിശ്ശീല വീർപ്പിക്കാനായി ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ കൽക്കരിശേഖരം തുറന്നുകൊടുക്കേണ്ട എന്താവശ്യമാണുള്ളത്‌? രാജ്യത്തിന്റെ സമ്പത്ത്‌ കൊള്ളയടിക്കാൻ ഏതാനും വ്യക്തികൾക്ക്‌ അനുവാദം നൽകുന്നത്‌ രാജ്യദ്രോഹമല്ലാതെ മറ്റൊന്നുമല്ല. ഇന്ത്യയിലെ വൈദ്യുതിവിഹിതത്തില്‍ 72% പങ്ക് കോള്‍ അധിഷ്ഠിത നിലയങ്ങളില്‍ നിന്നുള്ളതാണ്. രാജ്യത്തെ വൈദ്യുതി ഉത്പാദനത്തിന് ഊര്‍ജ്ജം പകരേണ്ട കല്‍ക്കരി സ്വകാര്യഭീമന്മാരുടെ ചൊല്‍പ്പടിയിലാവുമ്പോള്‍ ഭാവിയില്‍ വൈദ്യുതി ചാര്‍ജ്ജിലൂടെയും കൊള്ളയടിക്ക് സാഹചര്യം ഒരുക്കുകയാണ്.