നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ ഊര്‍ജ്ജ നയത്തെ കുറിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റൈനബിള്‍ ഡവലപ്പ്മെന്റ് & എനര്‍ജി സ്റ്റഡീസ് (In-SDES) ന്റെയും കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫെബ്രുവരി 2 ന് തിരുവനന്തപുരം ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യാ ചേമ്പറില്‍ സംഘടിപ്പിച്ച സെമിനാര്‍ വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. എം എം മണി ഉദ്ഘാടനം ചെയ്തു. പുതിയ നയംമാറ്റം കേരളത്തിലെ വൈദ്യുതി മേഖലയെ എങ്ങനെ ബാധിക്കുമെന്ന് വിശകലനം ചെയ്യുക, ഈ നയത്തിലെ ജനവിരുദ്ധ നിര്‍ദ്ദേശങ്ങള്‍ സമൂഹ മധ്യത്തില്‍ തുറന്ന് കാട്ടി ചര്‍ച്ചയ്ക്ക് തുടക്കമിടുക എന്നിവയായിരുന്നു സെമിനാറിന്റെ പ്രധാന ഉദ്ദേശ ലക്ഷ്യങ്ങള്‍. ഇന്‍സ്ഡെസ് ഡയറക്ടര്‍ കെ അശോകന്‍ അദ്ധ്യക്ഷനായിരുന്ന സെമിനാറില്‍ കെ എസ് ഇ ബി വര്‍ക്കേഴ്സ് അസോസിയേഷന്‍ പ്രസിഡന്റും സി ഐ ടി യു ജനറല്‍ സെക്രട്ടറിയുമായ എളമരം കരീം, സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫസര്‍ ടി ജയരാമന്‍, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ പ്രേമന്‍ ദിനരാജ്, കെ എസ് ഇ ബി ലിമിറ്റഡ് ഡയറക്ടര്‍ എന്‍ വേണുഗോപാല്‍ എന്നിവര്‍ പ്രതികരണങ്ങള്‍ അവതരിപ്പിച്ചു. ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ അഖിലേന്ത്യാ വൈസ്‍പ്രസിഡന്റ് ബി പ്രദീപ് സെമിനാറില്‍ ഉയര്‍ന്നുവന്ന ആശയങ്ങള്‍ ക്രോഡീകരിച്ച് അവതരിപ്പിച്ചു.
കരട് ദേശീയ ഊര്‍ജ്ജ നയം സത്യങ്ങളാലും മിഥ്യകളാലും സമ്മിശ്രമാണെന്ന് സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. വൈദ്യുതി നിയമം 2003 ന്റെ ചുവട് പിടിച്ച് മത്സരാധിഷ്ഠിതവും വിപണി കേന്ദ്രീകൃതവുമായി വൈദ്യുതി മേഖലയെ പരിഷ്കരിക്കാന്‍ നടത്തിയ ഉദ്യമങ്ങള്‍ ആ മേഖലയെ പരിതാപകരമായ അവസ്ഥയിലെത്തിച്ചെന്ന് കരട് നയം സമ്മതിക്കുന്നു. എന്നാല്‍ താങ്ങാവുന്ന നിരക്കില്‍ എല്ലാവര്‍ക്കും ഊര്‍ജ്ജം ലഭ്യമാക്കും എന്ന ലക്ഷ്യം നേടാന്‍ ബദല്‍ മാര്‍ഗങ്ങള്‍ രൂപപ്പെടുത്താതെ വീണ്ടും വിപണി കേന്ദ്രീകൃതമായ പാതയിലൂടെ സഞ്ചരിച്ച് കാര്യക്ഷമത നേടണമെന്ന് കരട് നയം ആവശ്യപ്പെടുന്നത് നിര്‍ഭാഗ്യകരമാണെന്ന് സെമിനാര്‍ അഭിപ്രായപ്പെട്ടു. ഊര്‍ജ്ജ നിരക്ക് വിപണിയുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കുക, എല്ലാ വിഭാഗം ഉപഭോക്താക്കളില്‍ നിന്നും ഒരേ നിരക്ക് ഈടാക്കുക, സബ്സിഡിയുടെ ഭാരം പൂര്‍ണ്ണമായും സംസ്ഥാന ഗവണ്‍മെന്റുകളെ ഏല്‍പ്പിക്കുക, ക്രോസ് സബ്സിഡി എടുത്തുകളയുക എന്നിങ്ങനെയുള്ള ജന വിരുദ്ധ ശുപാര്‍ശകള്‍ നയത്തിലുണ്ട്.
മിതമായ നിരക്കിലുള്ള വൈദ്യുതി നിരക്ക് ഉറപ്പ് വരുത്തണമെങ്കില്‍ പൊതുമേഖലയെ വിശ്വാസത്തിലെടുത്തുള്ള വൈദ്യുതി നയം രൂപപ്പെടുത്തണമെന്ന് സെമിനാറില്‍ ശക്തമായ ആവശ്യമുയര്‍ന്നു. മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കി കേരളത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടത്തി വിജയിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞത് പൊതുമേഖലയുടെ ശക്തി ഉപയോഗിച്ച് കൊണ്ടാണെന്നുള്ളത് സെമിനാര്‍ ചൂണ്ടിക്കാട്ടി. വിപണിക്കും സ്വകാര്യമേഖലയ്ക്കും പകരം സാധാരണ പൗരനെ കേന്ദ്രീകരിച്ചുള്ള ബദല്‍ ഊര്‍ജ്ജ നയം സംസ്ഥാനത്ത് രൂപീകരിച്ച് ജനവിരുദ്ധമായ ദേശീയ ഊര്‍ജ്ജ നയത്തെ പ്രതിരോധിക്കണമെന്ന് സെമിനാര്‍ ആവശ്യപ്പെട്ടു. ബോര്‍ഡിനോടും ജീവനക്കാരോടും പൊതുജനത്തിനോടും നാടിനോടും രാജ്യത്തിനോടും പ്രതിബദ്ധത ഉള്ള ഒരു സംഘടന എന്ന നിലയില്‍ കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷന്‍ അതിനായി ശക്തിയുക്തം ശ്രമിക്കണമെന്ന് സെമിനാറില്‍ ആവശ്യമുയര്‍ന്നു.
സംഘാടക സമിതി ചെയര്‍മാന്‍ എം.രവീന്ദ്രന്‍ നായര്‍ സ്വാഗതം ആശംസിച്ചു. കെ എസ് ഇ ബി. വര്‍ക്കേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ ജയപ്രകാശ്, കേരള ശാസ്ത്ര സാഹിത്യപരിഷത്ത് പരിസ്ഥിതി സമിതി ചെയര്‍മാന്‍ വി ഹരിലാല്‍ എന്നിവര്‍ പ്രതികരണങ്ങള്‍ അറിയിച്ചു. ഇന്‍സ്ഡെസ് രജിസ്ട്രാര്‍ കെ എ ശിവദാസന്‍ കൃതജ്ഞത രേഖപ്പെടുത്തി.
Home Activities In-SDES കരട് ദേശീയ ഊര്‍ജ്ജ നയം – സെമിനാര്‍ – സ്വകാര്യവല്‍ക്കരണം ദോഷകരം മന്ത്രി എം എം...