പ്രതിഷേധ സത്യാഗ്രഹം വിജയിപ്പിച്ച ഓഫീസര്‍മാര്‍ക്ക് അഭിവാദ്യം

192

കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്റെ സംസ്ഥാന ഭാരവാഹിയും തിരുവനന്തപുരം എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ശ്രീമതി ജാസ്മിന്‍ ബാനുവിനെ അകാരണമായി സസ്പെന്റു ചെയ്യുകയും സ്ത്രീത്വത്തെ അവഹേളിക്കുന്ന നിലയില്‍ നിലപാട് സ്വീകരിക്കുകയും ചെയ്ത കെ.എസ്.ഇ.ബി. മാനേജ്മെന്റിന്റെ നടപടിക്കെതിരെ ലെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഇന്ന് 05-03-2022ന് പ്രതിഷേധ സത്യാഗ്രഹം നടന്നു. സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നത് ഡൈസ്‌നോണ്‍ ആയിരിക്കുമെന്നും അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ബോര്‍ഡ് സി.എം.ഡി. മുഴക്കിയ ഭീഷണിയെ അവഗണിച്ചുകൊണ്ട് അഞ്ചൂറോളം ഓഫീസര്‍മാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. ഇരുന്നോറോളം വനിതകള്‍ ഇതില്‍ പങ്കാളികളായി. കെ.എസ്.ഇ.ബി. വര്‍ക്കേര്‍സ് അസോസിയേഷന്‍, കേരള ഇലക്ട്രിസിറ്റി വര്‍ക്കേര്‍സ് ഫെഡറേഷന്‍, അസോസിയേഷന്‍ ഓഫ് കേരള വാട്ടര്‍ അതോറിറ്റി ഓഫീസേര്‍സ് എന്നീ സംഘടനകള്‍ പ്രക്ഷോഭത്തിന് അഭിവാദ്യമര്‍പ്പിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീമതി പുഷ്പലത സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ: എം.ജി. സുരേഷ് കുമാര്‍ അധ്യക്ഷനായ പരിപാടിക്ക് ജനറല്‍ സെക്രട്ടറി ബി. ഹരികുമാര്‍ സ്വാഗതവും ട്രഷറര്‍ എച്ച്. മധു നന്ദിയും രേഖപ്പെടുത്തി. അംബിക, ഷാജികുമാര്‍, ജോയി എ. ജോണ്‍സ്, ഇന്ദിര, ജാസ്മിന്‍ ബാനു, രഞ്ജനാദേവി, ബിന്ദുലക്ഷ്മി എന്നിവര്‍ സംസാരിച്ചു. പ്രക്ഷോഭത്തില്‍ അണിനിരന്ന മുഴുവന്‍ ഓഫീസര്‍മാരേയും പ്രക്ഷോഭത്തിന് പിന്തുണ നല്‍കിയ ജീവനക്കാരേയും ഓഫീസേര്‍സ് അസോസിയേഷന്‍ അഭിവാദ്യം ചെയ്യുന്നു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ബഹു വൈദ്യുതി മന്ത്രി തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല എന്ന് മാധ്യമങ്ങളില്‍ പ്രതികരിച്ചതായി മനസ്സിലാക്കുന്നു. 31-03-2022ന് രാവിലെ പത്തുമണിക്ക് പ്രത്യേകം അപ്പോയിന്റ്മെന്റ് വാങ്ങി സംഘടനയുടെ പ്രസിഡന്റും ജനറല്‍ സെക്രട്ടറി വൈദ്യുതി മന്ത്രിയുടെ ഓഫീസില്‍ വെച്ച് അദ്ദേഹത്തെ കാണുകയും സംഘടനയുടെ നിവേദനം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ശ്രീമതി ജാസ്മിന്‍ ബാനുവിനെ സസ്പെന്റ് ചെയ്തതുമായി ബന്ധപ്പെട്ട് സി.റ്റി.സി.യുടെ പകര്‍പ്പ്, ഡപ്യൂട്ടി ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട്, ചീഫ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് എന്നിവയെല്ലാം ബഹു വൈദ്യുതി മന്ത്രിക്ക് നല്‍കുകയും സസ്പെന്‍ഷന്‍ നടപടിയിലെ അസ്വാഭാവികതയും നീതിരാഹിത്യവും അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ തനിക്ക് പരാതിയൊന്നും കിട്ടിയില്ല എന്ന ബഹു. വൈദ്യുതി മന്ത്രിയുടെ പ്രസ്താവന എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല. ശ്രീമതി ജാസ്മിന്‍ ബാനുവിനെ സസ്പെന്റ് ചെയ്യുകയും ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് സംഘടന ആഹ്വാനം ചെയ്ത സത്യാഗ്രഹം നിരോധിക്കുകയും സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നത് ഡൈസ്‌നോണ്‍ ആയി പ്രഖ്യാപിച്ചതുമടക്കം തികച്ചും പ്രതികാരപരമായ നടപടിയാണ് ബോര്‍ഡ് മാനേജ്‌മെന്റില്‍ നിന്നും ഉണ്ടാകുന്നത്. ഈ സ്ഥിതി തിരുത്താന്‍ ബോര്‍ഡ് മാനേജ്‌മെന്റ് തയ്യാറാകണം. ഇന്ന് നടന്നത് സൂചനാ പ്രക്ഷോഭം മാത്രമാണ്. കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് സംഘടനയെ തള്ളിവിടുന്ന സമീപനം സ്വീകരിക്കാതിരിക്കാന്‍ ബോര്‍ഡ് മാനേജ്മെന്റ് തയ്യാറാകണം.

ഡോ. എം. ജി. സുരേഷ് കുമാര്‍ , പ്രസിഡന്റ്

ബി. ഹരികുമാര്‍ , ജനറല്‍ സെക്രട്ടറി