ദീര്‍ഘ കാല കരാറുകള്‍ റദ്ദാക്കിയ റഗുലേറ്ററികമ്മീഷന്റെ ഉത്തരവ് സ്ഥാപനത്തിന്റേയും ഉപഭോക്താക്കളുടേയും താത്പര്യം സംരക്ഷിക്കുന്നതല്ല

229

2014 മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി പ്രസിദ്ധീകരിച്ച രണ്ട് ദര്‍ഘാസ്സ് പരസ്യങ്ങളിലെ നടപടിക്രമങ്ങളിലൂടെ വിവിധ വൈദ്യുത ഉത്പാദകരുമായി വൈദ്യുതി ബോര്‍ഡ് കരാറിലേര്‍പ്പെടുകയും, 2017 മുതല്‍ കേരളത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നതുമായ 765 MW വൈദ്യുതിയില്‍, 465 MW വൈദ്യുതിക്കുള്ള കരാറുകള്‍, വൈദ്യുതി ബോര്‍ഡിന്റെ ടെന്‍ഡര്‍ നടപടി ക്രമങ്ങളിലെ ചില സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2023 മേയ് 10 ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ കേരള സംസ്ഥാന റെഗുലേറ്ററി കമ്മീഷന്‍ റദ്ദാക്കിയിരിക്കുകയാണ്.
2010-11 മുതലുള്ള വര്‍ഷങ്ങളില്‍ കേരളത്തില്‍ രൂക്ഷമായ വൈദ്യുതി ക്ഷാമം നില നിന്നിരുന്നു. 2011-12 ല്‍ 179 MW‍, 2012-13ല്‍ 316 MW, 2013-14 ല്‍ 98 MW, 2014-15 ല്‍ 166 MW ന്റേയും പീക്ക് ലോഡ് ആവശ്യകത നിറവേറ്റുന്നതിന് വൈദ്യുതി ബോര്‍ഡിന് സാധിച്ചിരുന്നില്ല. ഇതു മൂലം വര്‍ദ്ധിത ആവശ്യകതയുള്ള സമയങ്ങളില്‍ റെഗുലേറ്ററി കമ്മീഷന്റെ അനുവാദത്തോടു കൂടി വൈദ്യുതി ബോര്‍ഡിന് പകലും രാത്രിയിലുമായി പല തരത്തില്‍ ലോഡ് ഷെഡ്ഡിങ്ങ് ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുണ്ട്. ഇക്കാലയളവില്‍ ദക്ഷിണ മേഖലയിലെ‌ പ്രസരണ ശൃംഖലയുടെ സ്ഥിതി ഇതിലും രൂക്ഷമായിരുന്നു. പീക്ക് ലോഡ് ആവശ്യകത നിറവേറ്റുന്നതില്‍ ദക്ഷിണ മേഖലയിലെ‌ പ്രസരണ ഇടനാഴിക്ക് 2011-12 ല്‍ 5411 MW‍, 2012-13ല്‍ 7181 MW, 2013-14 ല്‍ 2967 MW, 2014-15 ല്‍ 2047 MW ന്റേയും ലഭ്യതക്കുറവുണ്ടായിരുന്നു. കേരളത്തിന്റെ ആഭ്യന്തര ഉത്‌പാദനം പരമാവധി വൈദ്യുതി ബോര്‍ഡ് ഉപയോഗിച്ചതു കൊണ്ടു മാത്രമാണ് കടുത്ത രീതിയിലുള്ള വൈദ്യുതി നിയന്ത്രണങ്ങള്‍ ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിക്കാതിരുന്നത്. യൂണിറ്റിന് 10രൂപ മുതല്‍ 15 രൂപ വരെ ഉത്പാദന ചിലവുള്ള കോഴിക്കോട്, ബ്രഹ്മപുരം, കായംകുളം താപനിലയങ്ങളിലെ വൈദ്യുതി പരമാവധി ഉപയോഗിച്ചാണ് ഇക്കാലയളവില്‍ ഈ പ്രതിസന്ധിയെ ഒരു പരിധി വരെ വൈദ്യുതി ബോര്‍ഡ് മറികടന്നത്.
2009ലെ Central Electricity Regulatory Commission (Grant of Connectivity, Long-term Access and Medium-term Open Access in Inter State Transmission and Related Matters) Regulations പ്രകാരം, ട്രാന്‍സ്മിഷന്‍ കോറിഡോര്‍ അനുവദിക്കുന്നതിനുള്ള പ്രാഥമിക മുന്‍ഗണന ദീര്‍ഘകാല കരാറുകള്‍ (LTA) വഴി ഏര്‍പ്പെട്ടിരിക്കുന്ന വൈദ്യുതിക്കാണ്. ഇടക്കാല (MTOA) (STOA) ഹ്രസ്വകാല കരാറുകളിലൂടെയുള്ള വൈദ്യുതിക്ക് പിന്നീടുള്ള മുന്‍ഗണന മാത്രമാണ് ലഭിക്കുക. ചട്ടങ്ങളിലെ ഈ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതു മൂലം, 2013-14 ല്‍ ലഭ്യമായിരുന്ന വൈദ്യുതിയുടെ 16 ശതമാനവും ദക്ഷിണ മേഖലയിലെ‌ പ്രസരണ ഇടനാഴിക്ക് കൈമാറാന്‍ പറ്റാത്ത സ്ഥിതിയുമുണ്ടായിരുന്നു. ഇന്ത്യന്‍ എനര്‍ജി എക്സ്ചേഞ്ചില്‍ (IEX) 2013-14 ല്‍ 55.9 കോടി യൂണിറ്റിന്റേയും, 2014-15 ല്‍ 31 കോടി യൂണിറ്റിന്റേയും നഷ്ടമുണ്ടായതായി CERC കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. പീക്ക് ലോഡ് സമയത്ത് ഇന്ത്യന്‍ എനര്‍ജി എക്സ്ചേഞ്ചില്‍ 2008-09 മുതല്‍ 2014-15 വരെയുള്ള കാലയളവില്‍ ഹ്രസ്വകാല സമയത്തേക്കുള്ള (STOA) ഒരു യൂണിറ്റ് വൈദ്യുതിക്ക് 5.74 രൂപ മുതല്‍ 9.22 രൂപ വരെ വില ഉയര്‍ന്നിട്ടുണ്ട്. ഹ്രസ്വകാല കരാറുകളിലൂടെയുള്ള വൈദ്യുതി വിശ്വസനീയമായി ലഭ്യമാകാത്തതിനാലും, ലാഭകരമല്ലാത്തതിനാലും ദീര്‍ഘകാല കരാറുകളിലൂടെ വൈദ്യുതി ലഭ്യമാക്കുന്നതിന് അടിയന്തിരമായി തീരുമാനമെടുക്കണമെന്ന് റെഗുലേറ്ററി കമ്മീഷന്‍ തന്നെ വൈദ്യുതി ബോര്‍ഡിനോട് വിവിധ ഉത്തരവുകളിലൂടെ ആവശ്യപ്പെട്ടിട്ടുള്ളതാണ്.
ലോഡ് ഷെഡ്ഡിങ്ങ് ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന 2014-15 വരെയുള്ള സമയത്തെ ശരാശരി പീക്ക് ലോഡ് ആവശ്യകതയിലെ വര്‍ദ്ധനവ് 4 ശതമാനവും, ഊര്‍ജ്ജാവശ്യകതയിലെ ശരാശരി വര്‍ദ്ധനവ് 5.25 ശതമാനവുമാണ്. പതിനെട്ടാം പവര്‍ സര്‍വ്വേ പ്രകാരം ഇക്കാലയളവിലെ ശരാശരി പീക്ക് ലോഡ് ആവശ്യകതയില്‍ പ്രതീക്ഷിച്ചിരുന്ന വര്‍ദ്ധനവ് 5.58 ശതമാനവും, ഊര്‍ജ്ജാവശ്യകതയില്‍ പ്രതീക്ഷിച്ചിരുന്ന ശരാശരി വര്‍ദ്ധനവ് 5.59 ശതമാനവുമാണ്. വൈദ്യുതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലായിരുന്നുവെങ്കില്‍ പവര്‍ സര്‍വ്വേ പ്രകാരം പ്രതീക്ഷിച്ചിരുന്ന വര്‍ദ്ധനവും യഥാര്‍ത്ഥ ആവശ്യകതയും തമ്മിലുള്ള വിടവ് ഒട്ടും തന്നെ ഉണ്ടാകുമായിരുന്നില്ല. പീക്ക് ലോഡ് ആവശ്യകതയില്‍ 2016-17 ല്‍ 975 MW ന്റേയും, 2017-18 ല്‍ 1337 MW ന്റേയും വിടവുണ്ടെന്നാണ് പവര്‍ സര്‍വ്വേ പ്രകാരം കണ്ടെത്തിയിരുന്നത്. ഇടക്കാല (MTOA) കരാറിലൂടെയുള്ള 400 MW ന്റെ വൈദ്യുതി 2017 ഫെബ്രുവരി മാസം അവസാനിക്കുന്നതു കൂടി പരിഗണിച്ചുള്ള കണക്കാണിത്. ഭാവി ആവശ്യകത കൃത്യമായി പരിശോധിച്ചാണ് 850 MW വൈദ്യുതിയുടെ ലഭ്യത ദീര്‍ഘകാല കരാറിലൂടെ ഉറപ്പാക്കാനുള്ള തീരുമാനം വൈദ്യുതി ബോര്‍ഡ് കൈക്കൊണ്ടത്. ഈ വൈദ്യുതി ലഭ്യമായതിലൂടെയാണ് കോഴിക്കോട്, ബ്രഹ്മപുരം, കായംകുളം താപനിലയങ്ങളിലേയും, ഹ്രസ്വകാല കരാറിലൂടെയും ലഭ്യമായിരുന്ന വില കൂടിയ വൈദ്യുതി ഒഴിവാക്കാന്‍ വൈദ്യുതി ബോര്‍ഡിന് സാധിച്ചത്. പവര്‍ സര്‍വ്വേ പ്രകാരം പ്രതീക്ഷിച്ചിരുന്ന വൈദ്യുതി ആവശ്യകതയേക്കാള്‍ കുറഞ്ഞ വൈദ്യുതിലഭ്യതക്കാണ് ബോര്‍ഡ് വിവിധ ഉത്പാദകരുമായി കരാറിലേര്‍പ്പെട്ടതെന്നുള്ളതെന്നും ശ്രദ്ധേയമാണ്. വൈദ്യുതി ബോര്‍ഡിന് ലഭ്യമായിക്കൊണ്ടിരുന്ന മറ്റ് പല വൈദ്യുതി സ്രോതസ്സുകളെക്കാള്‍ കുറഞ്ഞ വിലക്കാണ് ഈ വൈദ്യുതി ലഭ്യമായത്. ഇക്കാലയളവില്‍ DBFOO കരാര്‍ പ്രകാരം വിവിധ സംസ്ഥാനങ്ങള്‍ ഏര്‍പ്പെട്ട വൈദ്യുതി വാങ്ങല്‍ കരാറുകളില്‍ ഏറ്റവും കുറഞ്ഞ തുകക്ക് ലഭ്യമായ വൈദ്യുതിയും ഇതാണെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും.
2015-16 വരെയുള്ള കാലയളവില്‍ പവര്‍ സര്‍വ്വേ പ്രകാരം പ്രതീക്ഷിച്ചിരുന്ന വര്‍ദ്ധനവും യഥാര്‍ത്ഥ ആവശ്യകതയും തമ്മിലുള്ള വിടവിന്റെ കാരണം അക്കാലയളവിലേര്‍പ്പെടുത്തിയ വൈദ്യുതി നിയന്ത്രണങ്ങളായിരുന്നുവെങ്കില്‍, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 2018, 2019 ലെ പ്രളയം, 2020 മുതലുള്ള കോവിഡ് സാഹചര്യം എന്നിവ ഈ വിടവ് കൂട്ടാന്‍ കാരണമാക്കിയിട്ടുണ്ട്. 2016-17 മുതല്‍ ആഭ്യന്തര ഉത്പാദനം, കേന്ദ്ര നിലയങ്ങള്‍, ദീര്‍ഘകാല കരാറിലൂടെ ലഭ്യമായ വൈദ്യുതി എന്നിവ പരമാവധി ഉപയോഗിച്ചിട്ടും, ഭൂരിഭാഗം സമയങ്ങളിലും (15 min Time blocks) ഹ്രസ്വ കാല വൈദ്യുതിയെ (UI & STOA) വൈദ്യുതി ബോര്‍ഡിന് ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. ചില സമയങ്ങളില്‍ 100% Time block ലും ഇത്തരത്തിലുള്ള വൈദ്യുതി ലഭ്യമാക്കേണ്ടി വന്നിട്ടുണ്ട്. കേരളത്തിന്റെ വൈദ്യുതി ആവശ്യകതയില്‍ ഒരു ബേസ് ലോഡ് പവര്‍ നല്‍കുന്ന നിലയില്‍ ദീര്‍ഘകാല കരാര്‍ സഹായകരമായിട്ടുണ്ട്. മിക്ക ദിവസങ്ങളിലും ജല വൈദ്യുതിയിലൂടെയുള്ള ആഭ്യന്തര ഉത്പാദനം, UI & STOA എന്നിവയിലുടെയുള്ള വൈദ്യുതി ഉപയോഗിച്ചാണ് പീക്ക് ലോഡ് ആവശ്യകത നിറവേറ്റിയിരുന്നത്.
റഗുലേറ്ററി കമ്മീഷന്‍ തന്നെ അംഗീകരിച്ച് തന്നിരുന്ന മറ്റ് പല ദീര്‍ഘകാല കരാറുകളിലെ വൈദ്യുതിയേക്കാള്‍ വളരെ കുറഞ്ഞ വിലയിലുള്ള വൈദ്യുതിയാണ് DBFOO കരാര്‍ പ്രകാരം ലഭ്യമായിക്കൊണ്ടിരുന്നത്. ഇത് 2016-17 മുതല്‍ സ്ഥിരതയോടെ ലഭ്യമാവുന്നുമുണ്ട്. ഇതില്‍ 465 MW റദ്ദാക്കിയതിലൂടെ 2023-24 ല്‍ 890 MWന്റേയും, 2024-25 ല്‍ 1064 MWന്റേയും,, 2025-26 ല്‍ 1497 MW ന്റേയും ലഭ്യതക്കുറവ് കേരള ഗ്രിഡില്‍ ഉണ്ടാക്കും. ഇത് കേരളത്തിന്റെ വൈദ്യുതി ലഭ്യതയില്‍ ഉണ്ടാക്കാന്‍ പോകുന്ന ആഘാതം ചെറുതല്ല. ലോഡ് ഷെഡ്ഡിങ്ങ് ഉള്‍പ്പടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക മാത്രമാണ് തത്കാലത്തേക്കുള്ള പോംവഴി. ഇപ്പോള്‍ വൈദ്യുതി കമ്പോളത്തില്‍ ദീര്‍ഘകാല കരാറുകളിലൂടെ ലഭ്യമാവുന്ന വൈദ്യുതിയുടെ വില വളരെ ഉയര്‍ന്നതാണ്. ഇക്കഴിഞ്ഞ ജനുവരിയില്‍ പവര്‍ ഫിനാന്‍സ്സ് കോര്‍പ്പറേഷന്റെ ‍ വിവിധ ടെന്‍ഡറുകള്‍ വഴി ലഭ്യമായ വൈദ്യുതിയുടെ വില 4.49 മുതല്‍ 5.41 വരെയാണ്. വൈദ്യുതി നിയന്ത്രണങ്ങള്‍ക്ക് പുറമേ, ഉയര്‍ന്ന വിലയുള്ള ഹ്രസ്വ-ദീര്‍ഘകാല കരാറുകളിലേര്‍പ്പെടുകയാണെങ്കില്‍ ഉപഭോക്താക്കള്‍ക്ക് താരിഫ് വര്‍ദ്ധന വഴി കൂടുതല്‍ ഭാരം അടിച്ചേല്‍പ്പിക്കാന്‍ കൂടിയേ ഈ തീരുമാനം സഹായകരമാകൂ.
ദീര്‍ഘ കാല കരാറുകള്‍ റദ്ദാക്കിയ റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ് സ്ഥാപനത്തിന്റേയും ഉപഭോക്താക്കളുടേയും താത്പര്യം സംരക്ഷിക്കുന്നതല്ലെന്ന് പകല്‍ പോലെ വ്യക്തമാണ്. പ്രതീക്ഷിക്കുന്ന വൈദ്യുതി ആവശ്യകത, കോറിഡോര്‍ അനുവദിക്കുന്നതിനുള്ള മുന്‍ഗണന, അതിന് നിശ്ചയിച്ചിരിക്കുന്ന സമയപരിധി, ഹ്രസ്വകാല സമയത്തേക്കുള്ള വൈദ്യുതിയുടെ ഉയര്‍ന്ന വില, കമ്മീഷന്റെ തുടര്‍ച്ചയായ ഉത്തരവുകള്‍ എന്നിവയുള്‍പ്പടെ വിവിധ വശങ്ങള്‍ കൃത്യമായി പരിശോധിച്ചും പരിഗണിച്ചും വൈദ്യുതി ബോര്‍ഡ് തീരുമാനിച്ച് ഉറപ്പാക്കിയ ദീര്‍ഘകാല കരാറിലൂടെ ലഭ്യമായിക്കൊണ്ടിരുന്ന വൈദ്യുതി നിയമപരമായി തന്നെ തുടര്‍ന്ന് ഉറപ്പാക്കുന്ന നിലയില്‍ ബോര്‍ഡ് തീരുമാനമുണ്ടാവേണ്ടതുണ്ട്. കമ്മീഷന്റെ ദിശാബോധമില്ലാത്ത ഉത്തരവിന്റെ പ്രത്യാഘാതവും ഗൗരവവും മനസ്സിലാക്കി സംസ്ഥാന ഗവണ്‍മെന്റും ഉചിതമായി ഇക്കാര്യത്തില്‍ ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു.