ഫെഡറലിസം ഇന്ത്യയുടെ ആത്മാവ്; അത് തകർക്കരുത് – ടീസ്ത സെതൽവാദ്

328

ഇന്ത്യയുടെ ആത്മാവായ ഫെഡറലിസം തകർക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദ്. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ ഇരുപത്തിരണ്ടാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വെബിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടീസ്ത.
യു എ പി എ പോലുള്ള കരി നിയമങ്ങൾ കേന്ദ്ര സർക്കാരിന്റെ വിമർശകർക്കെതിരെ വ്യാപകമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ ഇടത് പക്ഷ സർക്കാരുകൾ മാത്രമാണ് ഇത്തരം നിയമങ്ങൾക്കെതിരെ നിലപട് എടുത്ത് പോന്നിട്ടുള്ളത് ടീസ്ത അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ജനാധിപത്യത്തെ തകർക്കുന്ന ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ യോജിച്ച മുന്നേറ്റമുണ്ടാകണമെന്നും ടീസ്ത സെൽവത് ആവശ്യപ്പെട്ടു.
തകർക്കപ്പെടുന്ന ജനാധിപത്യം എന്ന വിഷയത്തിൽ നടത്തിയ വെബിനാർ മുൻമന്ത്രി ഡോ.തോമസ് ഐസക്ക് ഉൽഘാടനം ചെയ്തു. ബി ജെ പി നയിക്കുന്ന കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന എല്ലാ നിയമ നിർമ്മാണങ്ങളിലും പൊതുവായി കാണുന്ന പ്രവണത സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുക എന്നതാണെന്ന് ഡോ.തോമസ് ഐസക്ക് അഭിപ്രായപ്പെട്ടു.
സഹകരണ നിയമവും , വൈദ്യുതി നിയമ ഭേദഗതിയുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്.ഫെഡറൽ വ്യവസ്ഥയുടെ ചട്ടക്കൂടിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുന്ന ബദൽ നയങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരുകൾക്കുള്ള അവകാശങ്ങളാണ് ഇങ്ങനെ കേന്ദ്രം കവർന്നെടുക്കുന്നത്. അടിയന്തിരാവസ്ഥ പ്രഖ്യാപനം ഇല്ലാതെ തന്നെ രാജ്യം അടിയന്തിരാവസ്ഥയിലൂടെ കടന്നുപോകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇന്നത്തെ കേന്ദ്ര ഭരണത്തിന് നേതൃത്വം നൽകുന്ന ആർ എസ് എസിന് ജനാധിപത്യത്തിലും ഭരണഘടനയിലും വിശ്വാസമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
നമ്മുടെ പാഠപുസ്തകങ്ങളിൽ മതനിരപേക്ഷതയാണ് അടിസ്ഥാനമാക്കിയിരുന്നത്. എന്നാൽ നാളത്തെ തലമുറ വർഗീയമായി മാത്രം ചിന്തിക്കാൻ പാകത്തിൽ പാഠപുസ്തകങ്ങൾ മാറ്റിയെഴുതാൻ കേന്ദ്ര സർക്കാർ തുനിയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫോൺ ചോർത്തൽ വിഷയത്തിൽ പോലും ഇന്ത്യൻ പാർലമെന്റിൽ ഒരു പ്രസ്താവന നടത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയോ , ആഭ്യന്തര മന്ത്രിയോ തയ്യാറാകുന്നില്ല എന്ന് വെബിനാറിൽ സംസാരിച്ച കൈരളി ടി.വി. മാനേജിംഗ് ഡയറക്ടറും രാജ്യ സഭാംഗവുമായ ജോൺ ബ്രിട്ടാസ് അഭിപ്രായപ്പെട്ടു. തുടർച്ചയായി പാർലമെന്റ് നടപടികൾ തടസപ്പെടുന്നത് ഇക്കാരണത്താലാണെന്ന് ജനങ്ങളെ അറിയിക്കാൻ മുഖ്യധാരാ മാധ്യമങ്ങൾ ശ്രമിക്കുന്നില്ലെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
ഡോ.എം.ജി.സുരേഷ് കുമാർ വെബിനാറിൽ മോഡറേറ്റർ ആയിരുന്നു.

https://fb.watch/7n8QRRJG3_/

https://www.facebook.com/watch/?v=502338701064683