കണ്ണൂരില്‍ ഒരേദിവസം നാല് സബ്സ്റ്റേഷനുകള്‍ നാടിന് സമര്‍പ്പിച്ച് ചരിത്രം കുറിച്ച് കെ.എസ്.ഇ.ബി

295

പദ്ധതികള്‍ അനന്തമായി ഇഴഞ്ഞു നീങ്ങുന്ന രാജ്യത്തെ പൊതു അവസ്ഥയ്ക്ക് അപവാദമായി കേരളസംസ്ഥാന വൈദ്യുതി ബോര്‍ഡ്. ഈ ഇടത് പക്ഷ സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം ആരംഭിച്ച സബ്സ്റ്റേഷനുകള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ രാജ്യത്തിന് സമര്‍പ്പിക്കുന്ന അപൂര്‍ വ നേട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് കേരള ജനത. കണ്ണൂര്‍ ജില്ലയിലെ നാല് സബ്സ്റ്റേഷനുകള്‍ ഒരു ദിവസം തന്നെ ഉദ്ഘാടനം ചെയ്ത് ചരിത്രം തിരുത്തിയെഴുതുന്നതിന് പ്രസരണ മേഖലയ്ക്കായി.
ശ്രീകണ്ഠാപുരം സബ്സ്റ്റേഷന്‍, നെടും പൊയില്‍ സബ്സ്റ്റേഷന്‍ എന്നിവ 110കെ.വി ആയി ശേഷി വര്‍ധിപ്പിക്കല്‍, 33കെവി കേളകം സബ്സ്റ്റേഷന്‍, 110കെവി വലിയവെളിച്ചം സബ്സ്റ്റേഷന്‍ എന്നിവയാണ് 16.1.2020വ്യാഴാഴ്ച ഉദ്ഘാടനം ചെയ്യപ്പെട്ടത്. പ്രൗഢ ഗംഭീര സദസ്സിനെ സാക്ഷി നിര്‍ത്തി വൈദ്യുതി മന്ത്രി എം.എം.മണിയാണ് ഉദ്ഘാടനം നിര്‍ വഹിച്ച് കണ്ണൂര്‍ ജില്ലയിലെ ഉപഭോക്താക്കള്‍ക്കും വ്യാവസായിക മേഖലയ്ക്കും നേട്ടമാകുന്ന പദ്ധതികള്‍ നാടിന് സമര്‍പ്പിച്ചത്.


ജനപ്രതിനിധികളും വൈദ്യുതി ബോര്‍ഡ് ജീവനക്കാരും പരിപാടികള്‍ മിഴിവുറ്റതാക്കാന്‍ കൈകോര്‍ത്തു. ശ്രീകണ്ഠാപുരം സബ്സ്റ്റേഷന്റെ ശേഷി 110കെവി ആയി ഉയര്‍ത്തുന്നതിന്റെ ഉദ്ഘാടന ചടങ്ങ സബ്സ്റ്റേഷന്‍ പരിസരത്ത് ശ്രീ.കെ.സി ജോസഫ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ നടന്നതായിരുന്നു ജില്ലയിലെ ആദ്യ പരിപാടി. മലയോര മേഖലയിലെ വികസനത്തിന് ഗതിവേഗം കൂട്ടുന്ന 33കെവി കേളകം സബ്സ്റ്റേഷന്‍ ഉദ്ഘാടനം ശ്രീ.സണ്ണിജോസഫ് എം.എല്‍.എ യുടെ അധ്യക്ഷതയില്‍ അടുത്തതായി നടന്നു. ജില്ലയിലെ പഴക്കമേറിയ സബ്സ്റ്റേഷനുകളിലൊന്നായ നെടും പൊയില്‍ സബ്സ്റ്റേഷന്‍ ശേഷി ഉയര്‍ത്തിയതിന്റെ ഉദ്ഘാടനചടങ്ങ് അടുത്തുള്ള ബസ് സ്റ്റാന്റില്‍ സ്ജ്ജീകരിച്ച വേദിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റ അധ്യക്ഷതയില്‍ ഉച്ചയ്ക്ക് ശേഷം നടന്നു.

.അവസാനത്തേതായി 110കെ.വി വലിയവെളിച്ചം സബ്സ്റ്റേഷന്‍ അതിന്റെ പരിസരത്ത് മനോഹരമായി സജ്ജീകരിച്ച വേദിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ അധ്യക്ഷതയില്‍ നടക്കുമ്പോള്‍ സമയം ഏറെ വൈകിയെങ്കിലും വന്‍ ജനാവലി ചടങ്ങ് വീക്ഷിക്കാനായി ഒഴുകിയെത്തിയിരുന്നു. വ്യവസായ പാര്‍ക്കിന്റെ ആവശ്യത്തിനായി വ്യവസായ വകുപ്പിന്റെ സാമ്പത്തിക പിന്തുണയോടെ പൂര്‍ത്തീകരിച്ച സബ്സ്റ്റേഷന്റെ ഗുണം തൊഴില്‍ സാധ്യതകള്‍ കൂട്ടുന്നതിനു പുറമേ ചുറ്റുവട്ടമുള്ള പഞ്ചായത്തുകളിലെ ജനങ്ങളുടെ വൈദ്യുതി ആവശ്യകതയും നിറവേറ്റും.


എല്ലാ പരിപാടികളിലും വൈദ്യുതി ബോര്‍ഡ് സ്വതന്ത്ര ഡയറക്ടര്‍ ഡോ.വി.ശിവദാസന്റെ സാന്നിധ്യവും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്ന ഭാഷണവും ഏറെ ഹൃദ്യമായിരുന്നു.ട്രാന്‍സ്മിഷന്‍ &സിസ്റ്റം ഓപറേഷന്‍ ഡയറക്ടര്‍ എന്‍.വേണുഗോപാല്‍ സ്വാഗതഭാഷണം നടത്തി. ട്രാന്‍സ്മിഷന്‍ നോര്‍ത്ത് , കോഴിക്കോട് ചീഫ് എഞ്ചിനീയര്‍ രാജന്‍ ജോസഫ് റിപോര്‍ട്ട് അവതരണം നടത്തി. അതാത് സ്ഥലത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ആശംസകളുമായി പിന്തുണ നല്‍കി.


ഫാനി ചുഴലിക്കാറ്റില്‍ തകര്‍ന്നടീഞ്ഞ ഒഡീഷയിലെ വൈദ്യുതിവിതരണം പുന:സ്ഥാപിച്ച് കെ.എസ്.ഇ.ബിയുടെ അഭിമാനമായ ജില്ലയിലെ വൈദ്യുതി ജീവനക്കാരെ വലിയ വെളിച്ചത്തെ വേദിയില്‍ വെച്ച് വൈദ്യുതി മന്ത്രി ആദരിക്കുകയും ഉപഹാരം സമ്മാനിക്കുകയും ചെയ്തു. സമയബന്ധിതമായി സബ്സ്റ്റേഷന്റേയും ലൈനിന്റേയും നിര്‍മാണം പൂര്‍ത്തിയാക്കിയ കരാറുകാര്‍ക്കും ഉപഹാരം നല്‍കി.


ജനങ്ങള്‍ക്ക് നല്‍കിയ വഗ്ദാനങ്ങള്‍ നിര്‍ വഹിക്കുന്നതില്‍ സര്‍ക്കാരിനുള്ള പ്രതിബദ്ധതയും കേരളത്തിലെ ഏറ്റവും നല്ല പൊതുസേവനം കാഴ്ചവെക്കുന്നതോടൊപ്പം ഇന്ത്യയിലെ തന്നെ മികച്ച വൈദ്യുതി സ്ഥാപനമായി കെ.എസ്.ഇ.ബിയെ മാറ്റാന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളും മന്ത്രി എടുത്തു പറഞ്ഞു. ഇതില്‍ ജീവനക്കാര്‍ നല്‍കുന്ന പിന്തുണയും ജീവനക്കാരുടെ ആവശ്യങ്ങളോട് സര്‍ക്കാര്‍ കൈക്കൊള്ളുന്ന അനുഭാവപൂര്‍ണമായ നടപടികളും സദസ്സിന്റെ മുന്നില്‍ അവതരിപ്പിക്കുകയുണ്ടായി. സംസ്ഥാനത്തിന്റെ വൈദ്യുതി ആവശ്യകത നിറവേറ്റാന്‍ പൂര്‍ത്തിയാക്കിയ പ്രസരണ ഇടനാഴിയുടെ പ്രാധാന്യവും പുതിയ ഉത്പാദന പദ്ധതികളുടെ പുരോഗതിയും സൗര പോലുള്ള പദ്ധതികളുടേയും ഊര്‍ജ്ജ സം രക്ഷണം ലക്ഷ്യമിട്ടുള്ള ഫിലമെന്റ് രഹിത കേരളം പദ്ധതിയുടേയും പ്രത്യേകതകളും കേരളത്തിന്റെ വികസന മുന്നേറ്റത്തെ എങ്ങനെ ശക്തിപ്പെടുത്തുന്നുവെന്നും ജനഹൃദയങ്ങളെ കൈയിലെടുക്കുന്ന സ്വതസിദ്ധമായ ശൈലിയിലൂടെ വൈദ്യുതി മന്ത്രി സം വദിച്ചു.
സംഘാടന മികവ് കൊണ്ട് ഓരോ പരിപാടിയും മിഴിവുറ്റതാക്കാന്‍ കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ അംഗങ്ങള്‍ പിന്നണി പ്രവര്‍ത്തകരായി മുന്നിട്ടു നിന്നു. ഹ്രസ്വമായ കാലയളവില്‍ മറ്റ് തിരക്കുകള്‍ക്കിടയിലും എല്ലാ വിധ ജീവനക്കാരേയും കൂടെ നിര്‍ത്തി പരാതികള്‍ക്കിടയില്ലാതെ സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ ഓഫീസേഴ്സ് അസോസിയേഷന്റെ പങ്ക് ശ്രദ്ധേയമായിരുന്നു.