കെ എസ് ഇ ബി ലിമിറ്റഡിന്റെയും അനര്‍ട്ടിന്റെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് 2018 മേയ് 9, 10 തീയതികളിലായി കെ എസ് ഇ ബി.യുടെ പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയുടെ വാണിജ്യമാതൃക തീരുമാനിക്കുന്നതിനുള്ള ശില്‍പശാല സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കേരള സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. എം എം മണി ശില്‍പശാല ഉദ്ഘാടനം ചെയ്തു.
മൂന്ന് വര്‍ഷത്തിനകം 1000 മെഗാവാട്ട് സൗരവൈദ്യുതി
വൈദ്യുതോത്പാദനത്തില്‍ പുനരുപയോഗ വൈദ്യുതോര്‍ജ്ജം അധികമായി കൂട്ടിച്ചേര്‍ക്കേണ്ടതിന്റെ ആവശ്യകത പരിപാടി ഉദ്ഘാടനം ചെയ്ത മന്ത്രി ശ്രീ എം എം മണി എടുത്തുപറഞ്ഞു. കേരളത്തിലെ വീടുകളുടേയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടേയും മേല്‍ക്കൂരകള്‍,ഡാമുകളുടെ ഉപരിതലം, വാട്ടര്‍ അതോറിറ്റിയുടെ കനാലുകളുടെ പുറം എന്നിവയെല്ലാം ഉപയോഗിച്ചുകൊണ്ട് കെ.എസ്.ഇ.ബി ലിമിറ്റഡും അനര്‍ട്ടും സംയുക്തമായി 1000 മെഗാവാട്ട് സൗരവൈദ്യുതി അടുത്ത 3 വര്‍ഷം കൊണ്ട് കൂട്ടിച്ചേര്‍ക്കുവാനാവശ്യമുള്ള നിര്‍ദ്ദേശങ്ങള്‍ ശില്‍പശാലയില്‍ നിന്നും ഉണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനാവശ്യമായ സാങ്കേതിക സാമ്പത്തിക സഹായങ്ങള്‍ കേന്ദ്ര ഗവണ്മെന്റില്‍ നിന്നും കേന്ദ്ര സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സൗരവൈദ്യുതി മേഖലയില്‍ പുതിയ മാതൃക സൃഷ്ടിക്കും
ശില്‍പ്പശാലക്ക് സ്വാഗതം പറഞ്ഞ കെ.എസ്.ഇ.ബി.എല്‍ ചെയര്‍മാന്‍ & മാനേജിങ്ങ് ഡയറക്ടര്‍ ശ്രീ. എന്‍ എസ്. പിള്ള സൗരോര്‍ജ്ജ വൈദ്യുതിയുടെ വ്യാപനത്തിന് കേരളത്തില്‍ പ്രധാന തടസ്സം ഭൂലഭ്യതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വളരെയധികം ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ക്ക് ശേഷവും 108 മെഗാവാട്ട് സൗര വൈദ്യുതി മാത്രമാണ് നമുക്ക് കൂട്ടിച്ചേര്‍ക്കുവാന്‍ കഴിഞ്ഞിട്ടുള്ളത്. അതില്‍ പകുതിയും സംഭാവന ചെയ്തത് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ്. 30 – 40 ശതമാനം മാത്രമാണ് കെ.എസ്.ഇ.ബി.യുടെ സംഭാവന. സംസ്ഥാന റഗുലേറ്ററി കമ്മീഷനന്റെ റിന്യൂവബിള്‍ പവര്‍ പര്‍ച്ചേസ് ഒബ്ലിഗേഷന്‍ (RPO) അനുസരിക്കണമെങ്കില്‍ നമുക്ക് ഇത്തരത്തില്‍ ഏകദേശം 1000 മെഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജം കൂട്ടിച്ചേര്‍ക്കേണ്ടതായുണ്ട്. അതിനാല്‍ വരുന്ന മൂന്ന് വര്‍ഷക്കാലയളവില്‍ 500 മെഗാവാട്ട് സൗരോര്‍ജ്ജ വൈദ്യുതിക്കാണ് കെ.എസ്.ഇ.ബി മാത്രമായി ലക്ഷ്യമിടുന്നത്. സമ്പൂര്‍ണ്ണ വൈദ്യുതീകരണം, 24 x 7 വൈദ്യുതി, കളക്ഷന്‍ എഫിഷന്‍സി, പ്രസരണ – വിതരണ നഷ്ടം കുറക്കല്‍, എല്‍ ഇ ഡി ബള്‍ബ് വിതരണം എന്നീ കാര്യങ്ങളില്‍ രാജ്യത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനം കാഴ്ചവച്ച നമുക്ക് ഈ മേഖലയിലും പുതിയ മാതൃക സൃഷ്ടിക്കുവാന്‍ ഈ ശില്‍പശാലയില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും സഹായകരമാകുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
സൗരവൈദ്യുതി ഉത്പാദനത്തിനുള്ള വിവിധ മാതൃകകള്‍
മിനിസ്ട്രി ഓഫ് ന്യൂ & റിന്യൂവബിള്‍ എനര്‍ജി ജോയിന്റ് സെക്രട്ടറി ശ്രീ. ഗോപാല്‍കൃഷ്ണ ഗുപ്ത കേന്ദ്രഗവണ്മെന്റിന്റെ പുനരുപയോഗ വൈദ്യുതി പ്രോത്സാഹന പദ്ധതികളെയും അതിന് ലഭ്യമാക്കുന്ന സാമ്പത്തിക സഹായങ്ങളേയും കുറിച്ച് വിശദീകരിച്ചു. 175 ജിഗാവാട്ട് വൈദ്യുതി ഇത്തരത്തില്‍ 2022 ഓടുകൂടി കൂട്ടിച്ചേര്‍ക്കുക എന്നതാണ് ലക്ഷ്യം. അതിന്റെ പ്രാരംഭ ലക്ഷ്യമായ 20 ജിഗാവാട്ട് കൂട്ടിച്ചേര്‍ക്കല്‍ മാര്‍ച്ച് 2018ന് പൂര്‍ത്തിയായി. പുരപ്പുറ വൈദ്യുതിക്കായി ഉടമ നേരിട്ട് മുതല്‍മുടക്കുന്ന നെറ്റ് മീറ്ററിംഗ് മോഡല്‍, ഒരു മൂന്നാം കക്ഷിയുടെ (Renewable Energy Service Company – RESCO) മുതല്‍മുടക്കില്‍ പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് സഹിതം നടപ്പാക്കാവുന്ന റെസ്കോ മോഡല്‍, കര്‍ഷകര്‍ക്കായി സോളാര്‍ പമ്പുകളുടെ പദ്ധതി, ഗ്രാമീണ തെരുവുവിളക്കുകള്‍ക്കുള്ള പദ്ധതി, ഫ്ലോട്ടിംഗ് സോളാര്‍ പ്ലാന്‍റുകള്‍ക്ക് സോളാര്‍ എനര്‍ജി കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (SECI) നടപ്പാക്കുന്ന പദ്ധതി എന്നിവയും അദ്ദേഹം പരിചയപ്പെടുത്തി. സാമ്പത്തിക സഹായം ആവശ്യമെങ്കില്‍, എ ഡി ബി, ലോകബാങ്ക് എന്നിവയുടെ സഹായം ലഭ്യമാക്കാമെന്നും വാഗ്ദാനം ചെയ്തു. ഗാര്‍ഹികാവശ്യത്തിനും കാര്‍ഷികാവശ്യത്തിനുമുള്ള സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് 30 ശതമാനവും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സൗരോര്‍ജ്ജ പദ്ധതികള്‍ക്ക് 25 ശതമാനവും കേന്ദ്രസബ്സിഡി ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. അനര്‍ട്ട് ഡയറക്ടര്‍ ശ്രീ. ആര്‍ ഹരികുമാര്‍ ഉദ്ഘാടന ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് നടന്ന ദ്വിദിന ശില്‍പശാലയില്‍ ഇന്ത്യയിലെ സൗരോര്‍ജ്ജ വൈദ്യുതി മേഖലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രമുഖ വ്യക്തികള്‍ വിഷയങ്ങള്‍ അവതരിപ്പിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തി.