സ്വകാര്യവല്‍ക്കരണം – കോണ്‍ഗ്രസും ബി.ജെ.പിയും ഒക്കച്ചങ്ങായിമാര്‍

332

വൈദ്യുതി മേഖലയെ വെട്ടി മുറിക്കുന്ന കാര്യത്തിലും സ്വകാര്യവല്‍ക്കരണത്തിന്റെ കാര്യത്തിലും അതിന് വേണ്ടി നിയമങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യത്തിലും കോണ്‍ഗ്രസ് ബി.ജെ.പി സര്‍ക്കാരുകള്‍ ഒരേ സമീപനമാണ് സ്വീകരിച്ചിരുന്നത്.

• എന്‍‌റോണിന്റെ നേതൃത്വത്തിലുള്ള ധാബോള്‍ പദ്ധതി - മഹാരാഷ്ട്ര സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ തകര്‍ത്ത , ഇന്ത്യന്‍ ബാങ്കുകളെ കടക്കെണിയില്‍ വീഴ്ത്തിയ ധാബോള്‍ പദ്ധതി 1993ല്‍ നടപ്പാക്കിയത് കോണ്‍ഗ്രസ് ആയിരുന്നു. അന്ന് കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ഭരിച്ചിരുന്നത് കോണ്‍ഗ്രസ്.
• ഒറീസയിലെ സ്വകാര്യവല്‍ക്കരണം - ഇന്ത്യയില്‍ ആദ്യമായി വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരിച്ചത് 1999ല്‍ ഒറീസ്സയിലാണ്. അന്ന് ഒറീസ മുഖ്യ മന്ത്രി കോണ്‍ഗ്രസുകാരനായ ജെ.ബി പട്നായിക്. വൈദ്യുതി നിയമം 2003 വരുന്നതിന് മുമ്പ് സ്വകാര്യവല്‍ക്കരണത്തിന് വേണ്ടി The Orissa Electricity Reform Act, 1995 കൊണ്ടു വന്നതും കോണ്‍ഗ്രസ്.
• ഡല്‍ഹിയിലെ സ്വകാര്യവല്‍ക്കരണം - സ്വകാര്യവല്‍ക്കരണത്തിന് മുന്നോടിയായി Delhi Electricity Reform Act, 2000 അവതരിപ്പിച്ച് നിയമമാക്കിയത് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ ഷീല ദീക്ഷിത്. അതിനെ തുടര്‍ന്ന്, ഡെല്‍ഹി വൈദ്യുതി ബോര്‍ഡിനെ 2002 മെയ് മാസത്തില്‍ സ്വകാര്യവല്‍ക്കരിച്ചതും കോണ്‍ഗ്രസ് തന്നെ. സ്വകാര്യവല്‍ക്കരണത്തെ തുടര്‍ന്ന് കുതിച്ച് ഉയര്‍ന്ന വൈദ്യുതി നിരക്കുകള്‍  ഡല്‍ഹി നിയമസഭയില്‍ കോണ്‍ഗ്രസ് നാമാവശേഷമാക്കുന്നതിലേക്ക് എത്തിച്ചു.
• വൈദ്യുതി നിയമം 2003 - ഇന്ത്യയിലെ വൈദ്യുതി ബോര്‍ഡുകള്‍ വിഭജിക്കാനും സ്വകാര്യവല്‍ക്കരിക്കാനും ഉദ്ദേശിച്ചുള്ള വൈദ്യുതി നിയമം 2003 പാര്‍ലമെന്റില്‍ അവതരിപ്പിച്ച്  പാസാക്കിയത് വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍. അതിനെ പിന്തുണച്ചത് പ്രതിപക്ഷത്ത് ഉണ്ടായിരുന്ന  കോണ്‍ഗ്രസ്.
• സ്വകാര്യ വൈദ്യുതി വിതരണ ഫ്രാഞ്ചൈസികള്‍ - ഇന്ത്യയില്‍ ആദ്യമായി ഒരു നഗരത്തിലെ വൈദ്യുതി വിതരണം സ്വകാര്യ ഫ്രാഞ്ചൈസിയെ ഏല്‍പ്പിച്ചത് 2007ല്‍ മഹാരാഷ്ട്രയിലെ ഭീവണ്ടിയില്‍ ആണ്. അന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി കോണ്‍ഗ്രസുകാരനായ വിലാസ് റാവു ദേശ്മുഖ്. 2011ല്‍ മഹാരാഷ്ട്രയിലെ ഔറംഗബാദും ജല്‍ഗാവും സ്വകാര്യ ഫ്രാഞ്ചൈസിക്ക് നല്‍കിയത് കോണ്‍ഗ്രസ് മുഖ്യ മന്ത്രിയായ പൃഥ്വിരാജ് ചൗഹാന്‍. 2012ല്‍ മധ്യപ്രദേശിലെ നഗരങ്ങളായ ഉജ്ജൈന്‍, സാഗര്‍, ഗ്വാളിയര്‍ എന്നിവ സ്വകാര്യവല്‍ക്കരിച്ചത് ബി.ജെ.പി മുഖ്യ മന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്റെ നേതൃത്വത്തില്‍. 
• സ്വകാര്യവല്‍ക്കരിക്കാന്‍ റെഡിമെയിഡ് ബിഡ് ഡോക്യുമെന്റുകള്‍ - സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണം എളുപ്പത്തില്‍ സ്വകാര്യവല്‍ക്കരിക്കാനാണ് Standard Bidding Document കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയത്. ഇന്ത്യന്‍ നഗരങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിച്ച് ഫ്രാഞ്ചൈസികള്‍ക്ക് കൈമാറാന്‍ Standard Bidding Document 2012 ജൂണില്‍ തയ്യാറാക്കിയത് അന്നത്തെ കേന്ദ്ര ഊര്‍ജ്ജ സഹ മന്ത്രിയും നിലവില്‍ കോണ്‍ഗ്രസിന്റെ ദേശീയ സെക്രട്ടറിയുമായ കെ.സി. വേണു ഗോപാലിന്റെ നേതൃത്വത്തിലായിരുന്നു. 2020 സപ്തംബറില്‍ വിതരണ ലൈസന്‍സികളെ സ്വകാര്യവല്‍ക്കരിക്കാനുള്ള Draft Standard Bidding Documents പുറത്തിറക്കിയത് ബി.ജെ.പി സര്‍ക്കാരും.

വൈദ്യുതി നിയമ ഭേദഗതികള്‍ - 2003ലെ വൈദ്യുതി നിയമം ഭേദഗതി ചെയ്ത് സ്വകാര്യവല്‍ക്കരണം ഊര്‍ജ്ജിതപ്പെടുത്താനുള്ള  ആദ്യ കരട് പുറത്തിറക്കിയത് 2013ല്‍. അന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി കോണ്‍ഗ്രസ് നേതാവായിരുന്ന ജ്യോതിരാധിത്യ സിന്ധ്യ ( പിന്നീട് ഇദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നു. ഇപ്പൊള്‍ ബിജെപി എം.പിയാണ്) ആയിരുന്നു. പിന്നീട് 2014, 2018, 2020, 2021 വര്‍ഷങ്ങളില്‍ വൈദ്യുതി നിയമ ഭേദഗതികളുടെ കരട് പുറത്തിറക്കിയത് ബിജെപി സര്‍ക്കാരുകള്‍ ആയിരുന്നു.

വൈദ്യുതി മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ തൂവല്‍ പക്ഷികളാണ്.