സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കുമെന്ന പ്രസ്താവനയില്‍ വ്യക്തത വരുത്തണം

184

സംസ്ഥാനത്ത് രണ്ട് ഘട്ടങ്ങളിലായി സ്മാര്‍ട്ട് മീറ്റര്‍ നടപ്പിലാക്കുമെന്ന കേരള വൈദ്യുതി വകുപ്പ് മന്ത്രിയുടെ പ്രസ്താവനയില്‍ വ്യക്തത വരുത്തണമെന്ന് കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ (സി.ഐ.ടി.യു)വും കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷനും ആവശ്യപ്പെട്ടു.
തിരുവനന്തപുരം: ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി നടത്തിപ്പിനുള്ള ടോട്ടക്സ് സമീപനം വൈദ്യുതി ബോർഡിന്റെ റവന്യൂ പ്രവർത്തനങ്ങൾ പുറം കരാർ നൽകുന്നതും കേന്ദ്ര സർക്കാർ മുന്നോട്ടു വെക്കുന്ന വിതരണ മേഖലയുടെ വിഭജനം ലക്ഷ്യം വെക്കുന്നതുമാണ്. വൈദ്യുതി നിയമ ഭേദഗതിയിലൂടെ കേന്ദ്രസർക്കാർ മുന്നോട്ടു വെക്കുന്ന സ്വകാര്യവൽക്കരണ സമീപനം നടപ്പാക്കുന്നതിനുള്ള മാർഗ്ഗമായാണ് ഈ നിലയിലുള്ള സ്മാർട്ട് മീറ്റർ വ്യാപനം ഉദ്ദേശിച്ചിരിക്കുന്നത്. ഈ സമീപനം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് വിരുദ്ധമാണ്. കേന്ദ്ര ഏജന്‍സിയായ റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ വഴി സ്മാർട്ട് മീറ്റർ നടപ്പിലാക്കുമെന്നാണ് പറയുന്നത് വൈദ്യുതി മന്ത്രിയുടെ മറുപടിയിലുള്ളത്. എന്നാല്‍ റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷന്‍ സ്മാർട്ട് മീറ്റർ നിർമ്മിക്കുകയോ സ്ഥാപിക്കുകയോ ചെയ്യുന്നില്ല. ടാറ്റ പവര്‍, റിലയന്‍സ് പവര്‍ അടക്കമുള്ള സ്വകാര്യ കമ്പനികൾക്ക് പുറം കരാർ നൽകുന്ന ഏജൻസിയായാണ് REC പ്രവർത്തിക്കുന്നത്. ഈ നടപടി വൈദ്യുത മേഖലയുടെ റവന്യൂ വിഭാഗത്തെ വേര്‍പെടുത്തി സ്വകാര്യ ഏജന്‍സികള്‍ക്ക് കൊടുക്കലാണ്. അതിനാല്‍ യാതൊരു കാരണവശാലും കേന്ദ്രം നിര്‍ദ്ദേശിക്കുന്ന രൂപത്തില്‍ കേരളത്തില്‍ നടപ്പിലാക്കാന്‍ അനുവദിക്കാന്‍ കഴിയുന്നതല്ല. വൈദ്യുതി നിയമം ഭേദഗതിചെയ്ത്, വിതരണം സ്വകാര്യ കമ്പനികളെ ഏല്‍പ്പിക്കുമ്പോള്‍, അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ സൗകര്യം ലഭിക്കുന്നതിന്, അതിവേഗ സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തെ അടിസ്ഥാനപ്പെടുത്തിയാണ്, മുന്‍ചെയര്‍മാന്‍, സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ട്രേഡ് യൂണിയനുകളും ഓഫീസര്‍ സംഘടനകളും അപ്പോള്‍ തന്നെ ആശങ്ക അറിയിച്ചതാണ്. ട്രേഡ് യൂണിയനുകളും ഓഫീസര്‍ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്ന് വൈദ്യുതി മന്ത്രി പറഞ്ഞിരുന്നെങ്കിലും ഒരു ചര്‍ച്ചയും നടന്നിട്ടില്ല. സ്മാര്‍ട്ട് മീറ്റര്‍ പൊതുമേഖലയില്‍ കെ.എസ്.ഇ.ബി തന്നെ നേരിട്ട് നടപ്പാക്കണം. അതിനുള്ള വിഭവശേഷി കെ.എസ്.ഇ.ബിയ്ക്കുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ പദ്ധതി പിന്‍വാതിലിലൂടെ നടപ്പിലാക്കാനുള്ള ഏത് ശ്രമത്തെയും ജീവനക്കാര്‍ എതിര്‍ക്കും. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനവും, വൈദ്യുതി ബോര്‍ഡിന് നേട്ടവുമുണ്ടാക്കാനുതകുന്ന എല്ലാ പരിഷ്‌കരണങ്ങളെയും ഞങ്ങള്‍ സ്വാഗതം ചെയ്യും.
2003-ല്‍ വൈദ്യുതി ബോര്‍ഡുകളെ വിഭജിക്കാനും, സ്വകാര്യവല്‍ക്കരിക്കാനുമുള്ള നിയമഭേദഗതി വന്നപ്പോള്‍, അതിനെ ചെറുത്ത്, സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ പൊതുമേഖലയില്‍ സംരക്ഷിക്കാന്‍ തൊഴിലാളികള്‍ മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. 2006-ല്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ് സര്‍ക്കാരാണ്, വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കി പൊതുമേഖലയില്‍ സംരക്ഷിച്ചത്.
2022-ല്‍, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വൈദ്യുതി നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പണിമുടക്കിയാണ് ജീവനക്കാര്‍ പ്രതിരോധിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍, കേന്ദ്രത്തിന്റെ നയങ്ങള്‍, നടപ്പാക്കാന്‍ ആര് ശ്രമിച്ചാലും, തൊഴിലാളികള്‍ ശക്തിയായി പ്രതിരോധിക്കും.
വൈദ്യുതി ബോര്‍ഡ്, എല്‍.ഡി.എഫ് നയത്തിനനുസരിച്ച് മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍(സി.ഐ.ടി.യു)ഉം ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.