കഥ
പൂക്കളം ഇടുന്ന തനുവിന്റെയും മനുവിന്റെയും കൂടെ ജിത്തുവും മുറ്റത്തു കുനിഞ്ഞിരുന്നു. വലത് കയ്യിലെ പൊള്ളൽ ഉണങ്ങി വരുന്നേയുള്ളൂ. ഇടത് കൈവിരലുകളാൽ മക്കൾ ഇറുത്തു വെച്ച പൂവിതളുകൾ കളങ്ങളിൽ ചേർത്ത് വെക്കവേ ജിത്തുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. “അച്ചേ എന്തിനാ” എന്ന് തനു ചോദിച്ചു.
വർഷങ്ങൾക്ക് ശേഷമാണു കുട്ടികളുടെ കൂടെ തന്നെ ഇങ്ങനെ നിൽക്കാൻ പറ്റുന്നത്. അനുവിനെ ജീവിതത്തിൽ കൂടെ കൂട്ടുന്നതിനു മുൻപുള്ള യാതനകൾ അയാളുടെ മനസ്സിൽ വന്നു നിറഞ്ഞു. അമ്മ..! ഉമിനീർ നിറഞ്ഞു തൊണ്ട കനത്തു. രാത്രി വൈകി അവസാനത്തെ ലോഡും ലോറിയിൽ കയറ്റി വീടെത്തും വരെയും ഉമ്മറത്തു ചിമ്മിനി വിളക്കും കത്തിച്ചു വഴിയിലോട്ടു നോക്കി തന്നെയും കാത്തിരിക്കുന്ന അമ്മ…!! പയസ്വിനിയുടെയും തേജസ്വിനിയുടെയും ആഴങ്ങളിൽ മുങ്ങി പൊങ്ങുന്ന നേരം വരെയും ഒന്നു മുതൽ നൂറ് വരെ എണ്ണി ശ്വാസം പിടിച്ചു നിന്നത് അമ്മയ്ക്കും അനുവിനും വേണ്ടി മാത്രമായിരുന്നു. പി എസ് സി വഴി ഈ ജോലി കിട്ടുന്ന വരെയും പലവട്ടം പോലീസ് പിടിച്ചെങ്കിലും പൂഴി വാരാൻ അർദ്ധ രാത്രികളിൽ പോയത് അവരെ ഓർത്തു മാത്രം. അനുവിനെ വിളിച്ചു കൊണ്ടു വന്നതിന്റെ കൃത്യം നൂറാം നാൾ പൊടുന്നനെ അമ്മ തന്നെ വിട്ടു പോയി. അമ്മയുടെ ഓർമകളിൽ നിന്നും താത്കാലിക വിടുതൽ നൽകികൊണ്ട് അടുത്ത മാസം തന്നെ നിലമ്പൂർക്ക് ജോലി കിട്ടി പോകേണ്ടിയും വന്നു.
“അച്ഛനെന്താ ആലോചിക്കുന്നേ..?” മനു ചോദിച്ചു. അവനു ചെറിയ സംശയം ഉണ്ട്. “ ശരിക്കും അച്ഛൻ ബൈക്കിൽ നിന്നു വീണതാണോ, അതോ ഷോക്കടിച്ചതാണോ?”
അവന്റെ ചോദ്യത്തിൽ ജിത്തു ഒന്ന് കിടുങ്ങി. അനു അടുത്തുണ്ടോ? ജിത്തു ഇറയത്തോട്ട് നോക്കി. ഇല്ല അവൾ അകത്താണ്.
“മോൻ ഈ വട്ടം പൂർത്തിയാക്കിയേ, എന്നിട്ട് വേണം ഇല മുറിക്കാൻ.” അവന്റെ ചോദ്യത്തെ ജിത്തു തത്കാലം അവഗണിച്ചു.
ഏതായിരുന്നു ആ ശപിക്കപ്പെട്ട നിമിഷം? ജിതേന്ദ്രൻ മനസ്സ് റീവൈൻഡ് ചെയ്തു നോക്കി. ഇത്തവണ പതിവിലും നേരത്തെ മഴ തുടങ്ങി.മെയ് പകുതി മുതൽ ദിവസവും കനത്ത മഴ തന്നെ.സെപ്റ്റംബർ മുതൽ മെയ് വരെ സാധാരണ ഗതിയിൽ ഒരു ലൈൻമാന് തന്റെ നിയന്ത്രണത്തിൽ നിൽക്കുന്ന ജോലി മാത്രമേ ഉണ്ടാവൂ. എന്തിനും സാവകാശം ഉണ്ട്. ഉച്ചക്ക് ശേഷം വെറുതെ ഇരിക്കുമ്പോളൊക്കെ ഹിതേഷ് സബ് പറയും “ നിങ്ങൾ ഈ സമയത്ത് പട്രോളിങ്ങ് നടത്തി എനിക്ക് ലിസ്റ്റ് തന്നാൽ ഞാൻ വർക്ക് ഉണ്ടാക്കും. നമുക്ക് അത് ബാവുക്കാക്ക് കോൺട്രാക്ട് നൽകാം. മഴക്കാലമായാൽ നിങ്ങളുടെ പണി തന്നെയാണ് കുറയുക.” പക്ഷെ അന്നേരം അത് ചെവിക്കൊള്ളാൻ എല്ലാർക്കും മടിയാണ്. മഴ തുടങ്ങിയാൽ പിന്നെ ഇരിക്കാനും നിക്കാനും നേരമില്ല. രാവിലെ എട്ട് മണിക്ക് തുടങ്ങിയാൽ രാത്രി ഏട്ടൊൻപത് മണി വരെ ഒരേ പണി തന്നെ.
അന്നും കനത്ത മഴയായിരുന്നു. തലങ്ങും വിലങ്ങും പോസ്റ്റ് പൊട്ടിയതും മരം വീണതും കമ്പി പൊട്ടിയതുമായ ഒരു നൂറു കൂട്ടം പരാതികൾ. നല്ല കാലാവസ്ഥയിൽ 18 പേര് ധാരാളം എങ്കിൽ ഇപ്പോൾ നൂറു പേരുണ്ടായാലും തീരാത്ത പണി. ബ്രേക്ക് ഡൌൺ വിങ്ങിൽ ആണെങ്കിലും രാവിലെ സൺ റൈസ് മീറ്റിംഗിൽ ഹിതേഷ് സബ് ടൗണിലെ പഴയ തിയേറ്ററിന്റെ ത്രീ ഫേസ് കണക്ഷൻ ഡിസ്മാന്റിൽ ചെയ്യാൻ കൂടി ഏല്പിച്ചിരുന്നു. അയാൾക്ക് അത് പൊളിച്ചു പുതിയ മൾട്ടിപ്ലക്സ് ആക്കണമത്രേ. “എത്ര നാളായി അപേക്ഷ നൽകിയിട്ട്, പറ്റില്ലെങ്കിൽ പറ , ഞാൻ മേലെ പറഞ്ഞോളാം” എന്ന് അദ്ദേഹം ഹിതേഷ് സബിനെ ഭീഷണിപ്പെടുത്തിയത്രേ.
പരാതികൾ ഒക്കെ പരിഹരിച്ചു വൈകുന്നേരം നാലഞ്ച് മണിയാകുമ്പോൾ അവിടെ ചെല്ലാം എന്ന് താനും ബിജുവും കണക്കു കൂട്ടി. എന്നാൽ ഉച്ചയൂണ് കഴിക്കുമ്പോൾ എങ്ങനെയോ ബിജുവിന്റെ നമ്പർ സംഘടിപ്പിച്ച തിയേറ്ററുടമ “ എത്ര നാളായെടോ തന്റെയൊക്കെ പുറകെ നടക്കാൻ തുടങ്ങീട്ട്.. തനിക്ക് ഇപ്പം വരാൻ പറ്റുമോ, നാല് മണി വരെ ഞാൻ കാക്കും അതിനു മുൻപ് വന്നില്ലേൽ എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം.”
പാതി ഊണടക്കം ഇല ബിജു മടക്കി. “മതിയാക്കിക്കോ വാ പോകാം ഇല്ലേൽ ചൊറയാകും”.
അകത്തു നിന്നും അനു വിളിച്ചു “ അല്ല മൂന്നു പേരും മുറ്റം മുഴുവനും പൂവിടുവാണോ?. നിർത്തിക്കേ. ജിത്തേട്ടാ ഇല മുറിക്കുമ്പോ രണ്ടില അധികം വേണട്ടോ “
അതെന്താ രണ്ടെണ്ണം അധികം?. ഓ അവളുടെ ആങ്ങളയും അവന്റെ ഭാര്യയും വരുമെന്ന് പറഞ്ഞത് മറന്നു പോയി. ഇല മുറിക്കാൻ വയലിലോട്ടിറങ്ങി. വല്യച്ഛന്റെ വാഴത്തോട്ടം. കൊടിയില നിറയേയുണ്ട്. പുറകിൽ നിന്നും “അളിയോ” എന്ന് വിളി. ഇവൻ ഇത്ര പെട്ടെന്ന് ഇങ്ങെത്തിയോ. അവൻ പോലീസിൽ കോൺസ്റ്റബിൾ ആണ്.
“അളിയാ മുറിവ് ഉണങ്ങിയാ? അതെയ് , ഇത് ബൈക്കിൽ നിന്നു വീണതല്ല എന്ന് ഏതു പോലീസുകാരനും മനസ്സിലാകും.”
ഇവൻ ഇതെന്തിനുള്ള പുറപ്പാടാണ്. അനു കേൾക്കുമോ. പിന്നെ ഈ ജോലി നമുക്ക് വേണ്ട എന്നൊക്കെ പറഞ്ഞു ബഹളം വെച്ചേക്കും. “എടാ പതുക്കെ… “
“അതെന്താ അളിയാ നിങ്ങൾക്ക് കറന്റ് ഓഫാകീട്ട് ചെയ്താ പോരെ? നിങ്ങടെ ഡിപ്പാർട്മെന്റ് കറന്റ് ഉണ്ടോന്ന് ടെസ്റ്റ് ചെയ്യാനുള്ള ഉപകരണൊന്നും വാങ്ങി തരുന്നില്ലേ. കറന്റ് ഓഫാക്കാണ്ട് ചെയ്താൽ നിങ്ങക്ക് വല്ല മെഡലും കിട്വ?..”
ജിത്തുവിന് മനം പിരട്ടി. തൊണ്ട കനത്തു. കണ്ണിൽ വെള്ളം നിറഞ്ഞു. ഒന്നിനും ഉത്തരം ഇല്ല. ചോദ്യങ്ങൾ എല്ലാം പഴയത് തന്നെ. സേതു സാർ പറയുന്ന അതെ കാര്യങ്ങൾ. “നിങ്ങളുടെ ജീവൻ പണയം വെച്ച് പണിയെടുക്കണോ. ഓഫാക്കി പണിയെടുത്തോണ്ട് ആരേലും കുറ്റം പറഞ്ഞാൽ മറുപടി ഞാൻ പറഞ്ഞോളാം “ അദ്ദേഹം സ്ഥിരം പറയുമായിരുന്നു. ഒരു ഉപകരണത്തിനും ഒരു കുറവുമില്ല. കയ്യിലിട്ട കോട്ടൺ ഗ്ലൗസിനോടും കാലിലിട്ട ഗംബൂട്ടിനോടും എന്തെന്നില്ലാത്ത നന്ദി തോന്നി. ഒരു മിനിറ്റോളം കറന്റ് തന്റെ ശരീരത്തിലൂടെ പോയിട്ടും പിടിച്ചു നിന്നത് അവ ധരിച്ചത് കൊണ്ടാണ്.
ഉച്ചക്ക് സദ്യ കഴിഞ്ഞു വൈകീട്ട് പോകാൻ ഇറങ്ങിയപ്പോൾ വിനു ജിത്തുവിനെ മാറ്റി വിളിച്ചു മനപ്പൂർവം ഇങ്ങനെ പറഞ്ഞു. “അളിയാ, അനൂനെയും പിള്ളാരെയും വഴിയാധാരം ആക്കല്ലേ..തന്നെ വിശ്വസിച്ചു ഇറങ്ങി വന്നവളാ… ”
ജിത്തുവിന് ഉറക്കെ കരയാൻ തോന്നി. പക്ഷെ ശബ്ദം പുറത്തു വരുന്നില്ല. അന്നത്തെ പോലെ തന്നെ.
തിരക്കേറിയ നഗരത്തിന്റെ മധ്യത്തിലാണ് പഴയ തിയേറ്റർ. “രാവിലെ പോയ കറന്റ് ഇപ്പൊ വന്നതേയുള്ളൂ. നിങ്ങളെ കൊണ്ട് ഒന്നും ഒരു കാര്യവുമില്ല. ഇത് പ്രൈവറ്റ് ആക്കിയാലേ രക്ഷപെടൂ” എന്ന് തിയേറ്റർ മുതലാളി ആക്രോശിച്ചു. അഞ്ചു സ്പാൻ അപ്പുറമാണ് ട്രാൻസ്‌ഫോർമർ. അവിടുന്ന് ഫ്യൂസ് ഊരി പോസ്റ്റിൽ കയറാവുന്നതേയുള്ളൂ. ഏർത് റോഡ്, ഷോർട്ടിങ് ക്ലിപ്പ്, നോൺ കോൺടാക്ട് ടെസ്റ്റർ, ഫുൾ ബോഡി സേഫ്റ്റി ബെൽറ്റ് എല്ലാം വണ്ടിയിൽ ഉണ്ട്. ടൗണിൽ ഒരു അര മണിക്കൂർ കറന്റ് പോകും.
വേണ്ട അതൊന്നും വേണ്ട തത്കാലം ശ്രദ്ധിച്ചു ചെയ്യാം. വെറും അഞ്ചു മിനുട്ടെ വേണ്ടൂ.മേലോട്ട് കേറേണ്ട. കയ്യെത്തും ഉയരത്തിൽ നിന്നും ഡബ്ല്യൂപ്പീ(WP) കട്ടാക്കാം.
“ജിത്തൂ, ഓക്കെയാണോ, ഫ്യൂസ് ഊരണോ”. വേണ്ട. ഇത് കൂടി ചെയ്താൽ ഇന്ന് പണി നിർത്തണം. എ ഇ യേ വിളിക്കാം. രാത്രിവണ്ടിക്ക് നാട്ടിൽ പോണം. ലീഡുകൾ കട്ട് ചെയ്യുന്നതിനിടയിൽ ജിത്തു ആലോചിച്ചു. ഓണക്കോടി വാങ്ങണം. പുഴയിലിറങ്ങി നീന്തണം. ന്യൂട്രൽ ലീഡ് കട്ട് ചെയ്യാൻ കൈയെത്തുന്നില്ല.ഒന്നു നീട്ടി ആഞ്ഞപ്പോൾ പുഴയിലോട്ട് മുങ്ങാം കുഴിയിട്ടത് പോലെ. കൈ എവിടെയോ മുട്ടി. വലിച്ചാൽ വരുന്നില്ല. “ബിജുവേട്ടാ ഷോക്കടിച്ചു”. ഉച്ചത്തിൽ വിളിക്കണമെന്നുണ്ട്. പക്ഷെ ശബ്ദം പുറത്തു വരുന്നില്ല. പുഴയുടെ ഇത് വരെ കാണാത്ത ആഴങ്ങളിലേക്ക് മുങ്ങി പോകുന്നത് പോലെ. ശ്വാസകോശം നിറയുന്നു. ജിത്തു എണ്ണാൻ തുടങ്ങി. ഒന്ന്,രണ്ട്, മൂന്നു……! അനു, മനു, കുഞ്ഞു തനു…!! എല്ലാം മനസ്സിൽ ഒന്നൊന്നായി കേറി വന്നു . കണ്ണീർ വീണു പുഴ നനയാൻ തുടങ്ങി. ഇല്ല എണ്ണം നിർത്തില്ല, തൊണ്ണൂറ്റോൻപത്, നൂറ്…!!!
രണ്ട് ദിവസം കഴിഞ്ഞ് തന്നെ കാണാൻ ആശുപത്രിയിൽ എത്തിയ ബിജു പറഞ്ഞാണ് ബാക്കി കഥ ജിതേന്ദ്രൻ അറിഞ്ഞത്. പോസ്റ്റിൽ നിന്നും ഉള്ള മറ്റൊരു ഒ.എച്ച്(OH) ലൈനിൽ തന്റെ കൈ മുട്ടിയതും താൻ അതിൽ കുടുങ്ങി എന്നറിഞ്ഞപ്പോൾ ബിജു ട്രാൻസ്‌ഫോർമറിനടുത്തേക്ക് ഓടി ഫ്യൂസ് ഊരി മാറ്റിയതും. എന്നാൽ ബിജുവിനെ അത്ഭുതപ്പെടുത്തി താൻ തന്നെ താഴേക്ക് ഇറങ്ങി വന്നു എന്നാണ് അദ്ദേഹം പറയുന്നത്. പക്ഷെ ജിത്തുവിന് അതൊന്നും ഓർമയില്ല.
മഴ പൂർണമായും മാറിയിരുന്നു. തെളിഞ്ഞ ആകാശത്തിൽ ചക്രവാളത്തിൽ സൂര്യൻ ചുവന്നു തുടുത്തു നിൽക്കുന്ന കാഴ്ച്ച ജിത്തുവിന്റെ മനസ്സിനെ പ്രത്യാശാഭരിതമാക്കി. സമയമല്ല, സന്തോഷമാണ് വലുതെന്ന് പറയുന്നത് പോലെ.അവൻ ഒരു തീരുമാനം എടുത്തു കഴിഞ്ഞിരുന്നു.വർണ്ണങ്ങൾ വാരി വിതറിയ ആകാശത്തിലേക്ക് നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന അച്ഛനെ കണ്ട് മക്കൾ രണ്ടു പേരും മുറ്റത്തേക്കിറങ്ങി അച്ഛന്റെ ഇരുവശത്തുമായി ചേർന്ന് നിന്നു. വീട്ടിനകത്തു നിന്നും പുറത്തേക്ക് വന്ന അനുശ്രീ ഈ ദൃശ്യം കണ്ട് മൂവരുടെയും മുന്നിലായി വന്നു നിന്നു തന്റെ മൊബൈലിൽ ഒരു സെൽഫി ക്ലിക്ക് ചെയ്തു. ആകാശത്തു നിന്നും അസ്തമയസൂര്യൻ തന്നോട് ഇങ്ങനെ പറഞ്ഞതായി ജിതേന്ദ്രന് തോന്നി . “ഈ പുഞ്ചിരി മായാതിരിക്കട്ടെ” .
























