2019 നവംബർ 18ന് ഉദ്ഘാടനം ചെയ്യപ്പെടുന്ന ഇടമൺ- കൊച്ചി പവർ ഹൈവേയുടെ പ്രാധാന്യം നാടൊട്ടുക്കും വിളംബരം ചെയ്ത് വൈദ്യുതി ജീവനക്കാർ പാതയോരങ്ങളിൽ ആവേശത്തോടെ അണിനിരന്നു. കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് നാഴികക്കല്ലാകുന്ന പദ്ധതിയുടെ പൂർത്തീകരണം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് ചരിത്ര സംഭവമാക്കാനൊരുങ്ങുകയാണ് കേരള വൈദ്യുതി രംഗം.

പ്രസരണ മേഖലയ്ക്ക് നട്ടെല്ലാകുന്ന 400 കെ.വി ഊർജ്ജ ഇടനാഴിയുടെ തടസ്സങ്ങൾ നീക്കി ഭൂരിഭാഗം പ്രവൃത്തിയും നടത്താൻ നേതൃത്വം നൽകിയ ഇടത് പക്ഷ ജനാധിപത്യ മുന്നണിസർക്കാരിനും അഭിവാദ്യമർപ്പിച്ചാണ് കേരളത്തിലുടനീളം ജീവനക്കാർ പ്രധാന കേന്ദ്രങ്ങളിൽ പ്രകടനം നടത്തിയത്.

കണ്ണൂർ ജില്ലയിൽ 8 കേന്ദ്രങ്ങളിൽ നവംബർ 15ന് വിളംബര ജാഥയും വിശദീകരണ യോഗങ്ങളും നടത്തി. കണ്ണൂർ നഗരത്തിൽ നടന്ന വിളംബര ജാഥ സി ഐ ടി യു ജില്ലാ ട്രഷറർ അരക്കൻ ബാലൻ ഉദ്ഘാടനം ചെയ്തു.

കൂത്ത്പറമ്പ്, തലശ്ശേരി, ഇരിട്ടി, കമ്പിൽ, പയ്യന്നൂർ, ശ്രീകണ്ഠാപുരം എന്നിവിടങ്ങളിലാണ് മറ്റ് ജാഥകൾ നടന്നത്. ലതീഷ്.പി വി, ജയപ്രകാശൻ പി, ശ്രീലാകുമാരി എ.എൻ, പ്രീജ പി, സൂരജ് ടി.പി, ജഗദീശൻ.സി, ശശി.ടി, രവീന്ദ്രൻ എ.വി, ജയേഷ് ടി.പി, രമേശൻ യു.എം എന്നിവർ വിവിധയിടങ്ങളിലെ പൊതുയോഗങ്ങളിൽ വിശദീകരണം നടത്തി.

നവംബർ 16ന് ജില്ലയിലെ 9 കേന്ദ്രങ്ങളിൽ വിളംബര ജാഥ നടക്കും.

