വൈദ്യുതി നിയമ ഭേദഗതി പിന്‍വലിപ്പിക്കുക- സംസ്ഥാന സമ്മേളനത്തില്‍ പ്രമേയം

138

ബഹുജന പിന്തുണയോടെ പ്രക്ഷോഭങ്ങള്‍ വളര്‍ത്തുക, വൈദ്യുതി നിയമ ഭേദഗത പിന്‍വലിപ്പിക്കുക എന്നീ ആവശ്യങ്ങളിലുള്ള പ്രമേയം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു. പത്തനംതിട്ടയില്‍ നിന്ന് ബിജുരാജ് കെ.ആര്‍ അവതരിപ്പിച്ച പ്രമേയത്തെ മലപ്പുറത്ത് നിന്ന് ഒലീന പാറക്കാടന്‍ പിന്തുണച്ചു.

ഒലീന പാറക്കാടന്‍ പിന്തുണച്ചു

പ്രമേയം താഴെ കൊടുക്കുന്നു.

ബഹുജന പിന്തുണയോടെ പ്രക്ഷോഭങ്ങള്‍ വളര്‍ത്തുക, വൈദ്യുതി നിയമ ഭേദഗതി പിന്‍വലിപ്പിക്കുക.

വൈദ്യുതി നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ രാജ്യവ്യാപകമായി വലിയ പ്രക്ഷോഭങ്ങള്‍ നടന്നുവരുകയാണ്. ഇതിന്റെ ഭാഗമായി ഓഗസ്റ്റ് പത്തിന് പണിമുടക്കാന്‍ വൈദ്യുതിമേഖലയിലെ തൊഴിലാളി ഓഫീസര്‍ സംഘടനകളുടെ ദേശീയ ഏകോപന സമിതി (NCCOEE) തീരുമാനിച്ചിരുന്നു. നിയമഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചു പാസ്സാക്കാനുള്ള നീക്കത്തിനെതിരായാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാല്‍ പാര്‍ലമെന്റിന്റെ വര്‍ഷകാലസമ്മേളനം ഓഗസ്റ്റ് 13ന് അവസാനിപ്പിക്കുന്ന നിലയില്‍ വെട്ടിച്ചുരുക്കുകയും ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളുടെ അടിസ്ഥാനത്തില്‍ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് മാറ്റിവെക്കുകയും ചെയ്ത സാഹചര്യത്തില്‍ പണിമുടക്കും മാറ്റിവെക്കുകയുണ്ടായി. എന്നാല്‍ ഭേദഗതി ബില്ലിനെതിരായ പ്രചരണപ്രവര്‍ത്തനങ്ങളും പണിമുടക്കൊഴികെയുള്ള മറ്റു പ്രക്ഷോഭങ്ങളും തുടരുക യാണ്. പ്രക്ഷോഭത്തിന് പിന്തുണപ്രഖ്യാപിച്ചുകൊണ്ട് കര്‍ഷകര്‍, തൊഴിലാളികള്‍, യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍, സര്‍ക്കാര്‍ ജീവനക്കാര്‍ തുടങ്ങി ബഹുജനങ്ങളുടെ നല്ല പിന്തുണലഭിക്കുന്നുണ്ട്. വൈദ്യുതി വിതരണത്തിന് ലൈസന്‍സ് ഒഴിവാക്കുന്നതടക്കം വൈദ്യുതി മേഖലയെ ഗുരുതരമായി ബാധിക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തി വൈദ്യുതി നിയമം ഭേദഗതി ചെയ്യാനും ഈ രംഗത്ത് സ്വകാര്യ മൂലധനശക്തികള്‍ക്ക് യഥേഷ്ടം കടന്നുകയറാനും അവസരം നല്‍കുന്ന നയങ്ങള്‍ക്കെതിരായ ശക്തമായ താക്കീതായി ഈ കാമ്പയിനുകള്‍ മാറിയിട്ടുണ്ട്. നിയമഭേദഗതി പിന്‍വലിക്കണമെന്ന് ഏകകണ്ഠമായി ആവശ്യപ്പെട്ടുകൊണ്ട് കേരള നിയമസഭയും ഈ പ്രക്ഷോഭത്തിന് പിന്തുണ നല്‍കി.

സാമൂഹ്യവികസനത്തിന് ഒഴിച്ചുകൂടാനാവാത്ത അടിസ്ഥാന സൗകര്യങ്ങളില്‍ ഒന്നാണ് വൈദ്യുതി. എന്നാല്‍ ഇതിനെ കേവലം ഒരു കച്ചവടച്ചരക്കായി മാത്രം കാണുന്നതും മൂലധനശക്തികളുടെ ലാഭതാല്‍പര്യത്തിനനുസരിച്ച് ഈ മേഖലയെ നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളാണ് മൂന്നു പതിറ്റാണ്ടിലേറെയായി രാജ്യത്ത് നടന്നുവരുന്നത്. നവൗദാരവല്‍ക്കരണ സാമ്പത്തിക നയങ്ങളുടെ തുടര്‍ച്ചയായി വൈദ്യുതി മേഖലയില്‍ നടപ്പാക്കിയ പരിഷ്കരണങ്ങള്‍ക്ക് നിയമപരമായ ചട്ടക്കുടൊരുക്കുന്നതായിരുന്നു 2003ലെ വൈദ്യുതി നിയമം. സംസ്ഥാന വൈദ്യുതി ബോര്‍ഡുകളെ കമ്പനികളാക്കി മാറ്റുന്നതടക്കം വൈദ്യുതി മേഖലയില്‍ കോര്‍പ്പറേറ്റ് താല്‍പര്യം അടിച്ചേല്‍പ്പിക്കുന്ന ഒട്ടേറെ നടപടികള്‍ ഈ നിയമത്തിന്റെ ഭാഗമായി ഉണ്ടായി. വൈദ്യുതി ഉദ്പാദനം ഡീലൈസന്‍സ് ചെയ്തതും ട്രേഡിംഗ് പ്രത്യേക പ്രവര്‍ത്തനമായി വേര്‍തിരിച്ചതുമടക്കം മൂലധനശക്തികള്‍ക്ക് ഈ രംഗത്ത് ആധിപത്യം സ്ഥാപിക്കുന്നതിന് സഹായകമായ നിരവധി വ്യവസ്ഥകള്‍ 2003ലെ വൈദ്യുതി നിയമത്തില്‍ത്തന്നെ ഉള്‍പ്പെട്ടിരുന്നു. ഇത്തരം നയങ്ങള്‍ തിരുത്തുവാനും വൈദ്യുതി മേഖലയില്‍ പൊതുമേഖലാനിക്ഷേപം വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യപ്പെട്ടുകൊണ്ട് നിരവധി പ്രക്ഷോഭങ്ങള്‍ ഈ രംഗത്ത് നടന്നിട്ടുണ്ട്. അത്തരം ആവശ്യങ്ങളോട് മുഖംതിരിക്കുന്ന സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. എന്നാല്‍ ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ പ്രതീക്ഷിച്ച വേഗതയില്‍ ഉദാരവല്‍ക്കരണ പരിഷ്കാരങ്ങള്‍ നടപ്പാക്കാനോ സ്വകാര്യവല്‍ക്കരണ നടപടികള്‍ വ്യാപിപ്പിക്കാനോ കഴിയാത്ത സ്ഥിതി സൃഷ്ടിച്ചു. ഒഡീഷയടക്കം വൈദ്യുതി വിതരണമേഖല സ്വകാര്യവല്‍ക്കരിച്ച സ്ഥലങ്ങളിലെ അനുഭവം ഇത്തരം നടപടികള്‍ വ്യാപിപ്പിക്കുന്നതിന് തടസ്സമാകുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് തുടര്‍ന്നുപോരുന്ന നയങ്ങള്‍ കൂടുതല്‍ ശക്തമായി മുന്നോട്ടുകൊണ്ടുപോകുക എന്ന ലക്ഷ്യത്തോടെ വൈദ്യുതി നിയമം ഭേദഗതിചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

ഇപ്പോഴത്തേതടക്കം 2013 മുതല്‍ അഞ്ചു തവണ വൈദ്യുതി നിയമഭേദഗതിക്കായുള്ള കരടുബില്ലുകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇവയിലെല്ലാം കേന്ദ്രസര്‍ക്കാര്‍ പൊതുവായി സ്വീകരിച്ചിട്ടുള്ള സമീപനം വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിനും സംസ്ഥാനങ്ങളുടെ പരിമിതമായ അധികാരങ്ങള്‍പോലും കേന്ദ്രസര്‍ക്കാരിലേക്ക് കേന്ദ്രീകരിക്കുന്നതുമാണ്. വൈദ്യുതി ഭേദഗതി ബില്ല് 2021ലും ഇതേ സമീപനം തന്നെയാണുള്ളത്. വൈദ്യുതി വിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സ് ആവശ്യമില്ല എന്നതാണ് നിര്‍ദ്ദിഷ്ഠ നിയമഭേദഗതിയിലെ പ്രധാനപ്പെട്ട ഒരു നിര്‍ദ്ദേശം. സംസ്ഥാനസര്‍ക്കാരുകള്‍ക്കോ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനോ യാതൊരു വിധ നിയന്ത്രണവുമില്ലാതെ സ്വകാര്യക്കമ്പനികള്‍ക്ക് ഈ രംഗത്ത് യഥേഷ്ടം കടന്നുവരാനും പ്രവര്‍ത്തിക്കാനും ഭേദഗതിയിലൂടെ സാധിക്കുന്നു. ഇങ്ങിനെ കടന്നുവരുന്ന കമ്പനികള്‍ക്ക് ‍ഉണ്ടാകേണ്ട യോഗ്യതകള്‍പോലും തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. പുതിയ വിതരണ കമ്പനികൾക്ക് വൈദ്യുതി ലൈനുകളുടെ നിർമ്മാണത്തിലോ വിപുലീകരണത്തിലോ പരിപാലനത്തിലോ യാതൊരു ബാദ്ധ്യതയില്ല. നിലവിലുള്ള വൈദ്യുതി ലൈനുകളിലൂടെതന്നെ വൈദ്യുതി കടത്തിക്കൊണ്ടുപോകാനും വില്‍ക്കാനും പുതുതായി കടന്നുവരുന്ന കമ്പനികള്‍ക്കും അവകാശമുണ്ടാകും. നിലവിലുള്ള വൈദ്യുതിസ്ഥാപനത്തിന്റെ കൈവശമുള്ള വൈദ്യുതി നിലയങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങല്‍ക്കരാറുകളില്‍ നിന്നും പുതുതായി കടന്നുവരുന്ന കമ്പനികള്‍ക്ക് വൈദ്യുതി വിഹിതം അനുവദിക്കണമെന്നും നിയമഭേദഗതി അനുശാസിക്കുന്നു. യാതൊരു മുതല്‍മുടക്കുമില്ലാതെ കടന്നുവരാന്‍ കഴിയുന്നതിനാല്‍ ലാഭമിടിഞ്ഞാൽ എളുപ്പത്തില്‍ രക്ഷപ്പെടാനും സ്വകാര്യ കമ്പനികൾക്കവസരം ലഭിക്കുന്നു.

നിയമഭേദഗതിയനുസരിച്ച് വൈദ്യുതി വിതരണ രംഗത്ത് കടന്നു വരുന്ന സ്വകാര്യ കമ്പനികള്‍ക്ക്, എല്ലാവര്‍ക്കും വൈദ്യുതി നല്‍കാനുള്ള ബാദ്ധ്യതയില്ല. വിതരണരംഗം ലാഭകരമായ നഗര പ്രദേശങ്ങളില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കാനും അവിടെത്തന്നെ ഉയര്‍ന്ന വൈദ്യുതി നിരക്ക് നല്‍കുന്ന വാണിജ്യമടക്കമുള്ള മേഖലകളിലെ ഉപഭോക്താക്കളെ അടര്‍ത്തിയെടുക്കാനും സ്വകാര്യ കമ്പനികള്‍ക്ക് അവസരമൊരുക്കുകയാണ് ഭേദഗതി ചെയ്യുന്നത്. ഇങ്ങിനെ ലാഭകരമായ മേഖലകളെല്ലാം സ്വകാര്യ മേഖല കൈക്കലാക്കുന്നു. നഗരങ്ങളിലെ ധനശേഷി കുറഞ്ഞ സാധാരണക്കാര്‍ക്കും ഗ്രാമപ്രദേശങ്ങളിലും വൈദ്യുതി നല്‍കേണ്ട ബാദ്ധ്യത പൊതുമേഖലയുടെ മാത്രം ചുമലിലുമാക്കുന്നു. ലാഭം സ്വകാര്യ മേഖലക്കും നഷ്ടം പൊതുമേഖലക്കുമെന്ന ഈ അവസ്ഥ പൊതുമേഖലയുടെ തകര്‍ച്ചയിലേക്കും അതുവഴി സാധാരണക്കാരന് വൈദ്യുതി നിഷേധിക്കപ്പെടുന്നതിലേക്കുമാണ് നയിക്കുക. ഗാര്‍ഹിക ഉപഭോക്താക്കളുടേയും കാര്‍ഷിക ഉപഭോക്താക്കളുടേയും വൈദ്യുതി നിരക്കുകള്‍ അതിഭീമമായി ഉയരുന്നതിനാണ് നിയമഭേദഗതി കാരണമാകുക. ഇക്കാര്യം മനസ്സിലാക്കിക്കൊണ്ടുകൂടിയാണ് വൈദ്യുതി നിയമ ഭേദഗതി പിന്‍വലിക്കുക എന്നത് കര്‍ഷകസമരത്തിന്റെ മുദ്രാവാക്യമായി ഉയര്‍ത്താന്‍ കര്‍ഷകസംഘടനകള്‍ തീരുമാനിച്ചത്. ഈ സമരത്തിന്റെ ഭാഗമായി നടന്ന ചര്‍ച്ചകളില്‍ വൈദ്യുതി നിയമ ഭേദഗതി പിന്‍വലിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദ്ധാനം ചെയ്തിരുന്നതുമാണ്. എന്നാല്‍ ആ വാഗ്ദ്ധാനം ലംഘിക്കുന്ന സമീപനം കൂടിയാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്.

റവന്യൂ ശേഷിയുള്ള ഉപഭോക്താക്കളെ നഷ്ടപ്പെട്ട് സാമ്പത്തിക തകര്‍ച്ച നേരിടുന്ന സാഹചര്യത്തിലും വൈദ്യുതി ലൈനുകളുടെ നിര്‍മ്മാണവും പരിപാലനവുമൊക്കെ നിലവിലുള്ള പൊതുമേഖലാ വിതരണ ക്കമ്പനികളുടെ മാത്രം ഉത്തരവാദിത്തമായിരിക്കും. എന്നാല്‍ ആ നിലയില്‍ മുതല്‍മുടക്കാന്‍ സ്ഥാപനത്തിന് കഴിയാത്ത സാഹചര്യത്തില്‍ ലൈനുകളുടെ അധുനികവല്കരണവും ശക്തിപ്പെടുത്തലും പരിപാലനവുമെല്ലാം മുടങ്ങുന്ന സ്ഥിതിവരും. വൈദ്യുതി തടസ്സങ്ങള്‍ വര്‍ദ്ധിക്കുന്നതിലേക്കും വോൾട്ടേജ് അടക്കമുള്ള വൈദ്യുതി ഗുണനിലവാരം തകരുന്നതിലേക്കുമാണ് ഇത് നയിക്കുക.

പൊതുവേ വൈദ്യുതി മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകുമ്പോഴും വൈദ്യുതി വിതരണം തികച്ചും സംസ്ഥാന വിഷയമാണെന്ന സമീപനമാണ് മുന്‍കാലങ്ങളിലെല്ലാം ഉണ്ടായത്. സ്വകാര്യവല്‍ക്കരണ സമ്മര്‍ദ്ദങ്ങളുണ്ടായിട്ടുണ്ടെങ്കിലും സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാനുള്ള അവകാശം നിലനിന്നിരുന്നു. എന്നാല്‍ അത്തരം അവകാശങ്ങള്‍പോലും ഇല്ലാതാക്കി വൈദ്യുതിമേഖലയുടെ നിയന്ത്രണം പൂര്‍ണ്ണമായും കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന സമീപനമാണ് വൈദ്യുതി ഭേദഗതി ബില്ല് 2021 മുന്നോട്ടുവെക്കുന്നത്. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടാകുമെന്ന് നിയമഭേദഗതിയിലുണ്ട്. വൈദ്യുതി നിരക്കുകള്‍ നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങളിലെല്ലാം കേന്ദ്രനിര്‍ദ്ദേശം ബാധകമാകും. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ കമ്മീഷന്റെ ചുമതല മറ്റേതെങ്കിലും സംസ്ഥാനത്തുള്ള കമ്മീഷനിൽ നിക്ഷിപ്തമാക്കാൻ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടാകുമെന്നും നിയമഭേദഗതി വ്യക്തമാക്കുന്നു. സംസ്ഥാനങ്ങളിലെ അക്ഷയ ഊര്‍ജ്ജ വികസനമടക്കമുള്ള കാര്യങ്ങളിലും കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം ഉറപ്പുവരുത്തുന്നതാണ് ഭേദഗതി. ഇങ്ങിനെ നിയമഭേദഗതി രാജ്യത്തെ ഫെഡറല്‍ ഭരണ തത്വങ്ങള്‍ തകര്‍ക്കുന്നതാണ്.

ഭരണഘടനയുടെ കണ്‍കറന്റ് പട്ടികയില്‍ ഉള്‍പ്പെട്ട ഒന്നാണ് വൈദ്യുതി മേഖല. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമനിര്‍മ്മാണ അധികാരമുള്ള ഈ മേഖലയെ സമഗ്രമായി ബാധിക്കുന്ന ഒരു നിയമനിര്‍മ്മാണമായിട്ടുപോലും മുതിരുമ്പോള്‍ സംസ്ഥാനങ്ങളുടെ ഭരണ നേതൃത്വവുമായി ചര്‍ച്ച ചെയ്യാനും സമവായത്തിലെത്താനും കേന്ദ്രസര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. 2020 ജൂലൈ മാസത്തില്‍ കേന്ദ്ര വൈദ്യുതി സഹമന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തില്‍ കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ വൈദ്യുതി നിയമഭേദഗതി സംബന്ധിച്ച് അന്ന് അവതരിപ്പിക്കപ്പെട്ട നിര്‍ദ്ദേശങ്ങളില്‍ തങ്ങള്‍ക്കുള്ള വിയോജിപ്പ് വ്യക്തമാക്കുകയുണ്ടായി. ഇക്കാര്യങ്ങള്‍ അതതു സംസ്ഥാനങ്ങളുമായി നേരിട്ടു വന്നു ചര്‍ച്ച ചെയ്തല്ലാതെ നിയമഭേദഗതിയുമായി മുന്നോട്ടുപോകുകയില്ലെന്ന് കേന്ദ്ര മന്ത്രി ആ യോഗത്തില്‍ വ്യക്തമാക്കുകയും ചെയ്തു. 2020ല്‍ മുന്നോട്ടുവെച്ചതിലും ഗുരുതരമായ വ്യവസ്ഥകളുള്ളതാണ് ഇപ്പോഴത്തെ ഭേദഗതി. എന്നാല്‍ ഉദ്യോഗസ്ഥതലത്തില്‍ ഒരു യോഗം ചേര്‍ന്നതൊഴിച്ച് ഇതു സംബന്ധമായി സംസ്ഥാന സര്‍ക്കാരുകളുമായി യാതൊരു വിധ ചര്‍ച്ചകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

വൈദ്യുതി മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്നതും വൈദ്യുതി വികസനം അട്ടിമറിക്കുന്നതുമാണ് വൈദ്യുതി ഭേദഗതി നിയമം. സാധാരണ ഗാര്‍ഹിക ഉപഭോക്താക്കളുടേയും കാര്‍ഷിക മേഖലയുടേയും ചെറുകിട വ്യവസായങ്ങളുടേയുമൊക്കെ വൈദ്യുതിനിരക്കുകള്‍ അതിഭീമമായി ഉയരുന്നതിനാണ് ഇതു വഴിവെക്കുക. എന്നാല്‍ ഇക്കാര്യങ്ങളൊന്നും കേന്ദ്രസര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണനനയങ്ങള്‍ തുടരുന്നതിന് തടസ്സമല്ല. ഓര്‍ഡനന്‍സ് ഫാക്ടറിപോലെ തന്ത്രപ്രധാനമേഖലകള്‍ പോലും സ്വകാര്യവല്‍ക്കരിക്കുന്ന കാര്‍ഷിക തൊഴില്‍ നിയമങ്ങള്‍ കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ക്കനുസരിച്ച് ഭേദഗതി ചെയ്ത കേന്ദ്രസര്‍ക്കാര്‍ ജനകീയ പ്രക്ഷോഭങ്ങളെപ്പോലും അവഗണിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ ബഹുജനപിന്തുണ വിപുലപ്പെടുത്തിയും സമരശേഷി വളര്‍ത്തിയെടുത്തും വൈദ്യുതി നിയമഭേദഗതി പിന്‍വലിക്കുന്നതടക്കം കേന്ദ്രസര്‍ക്കാരിന്റെ നയംമാറ്റം ഉറപ്പുവരുത്തുംവരെ ദീര്‍ഘമായൊരു പ്രക്ഷോഭത്തിന് തയ്യാറാകാന്‍ മുഴുവനാളുകളോടും കെ.എസ്.ഇ.ബി. ഓഫീസേര്‍സ് അസോസിയേഷന്റെ 22–ാം സംസ്ഥാനസമ്മേളനം ആഹ്വാനം ചെയ്യുന്നു.