സമൂഹ മന:സാക്ഷിയെ ഞെട്ടിക്ക്ക്കുന്ന സംഭവങ്ങളാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ കീഴില്‍ യു.പി യില്‍ നടക്കുന്നത്. യുപിയിൽ ദളിത് ജനവിഭാഗങ്ങൾ കടുത്ത പീഡനങ്ങൾക്കാണ് ഇരയാവുന്നത്. സ്ത്രീപീഡനവും കൊലപാതകങ്ങളും നിത്യസംഭവമായി മാറിയിരിക്കുന്നു. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 19 വയസ് മാത്രമുള്ള ദളിത് പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക് കാണുവാനുള്ള അനുവാദം പോലും നൽകാതെ ഇരുട്ടിന്റെ മറവിൽ നിയമവിരുദ്ധമായി മൃതദേഹം ദഹിപ്പിക്കുകയാണ് യുപി പോലീസ് ചെയ്തത്. ഈ ക്രൂരകൃത്യം ചെയ്ത കൂട്ടരെ നിയമത്തിനുമുന്നിൽ കൊണ്ടുവരാതെ സംരക്ഷിക്കുകയാണ് ഉത്തർപ്രദേശ് ഭരണകൂടവും പോലീസും. ക്രിമിനൽ വാഴ്ചയുടെ ഭീതിതവും അപമാനകരവുമായ വിവരങ്ങളാണ് ഓരോ നിമിഷവും ഹത്‌റാസിൽ നിന്നും പുറത്തുവരുന്നത്. ഇതെല്ലാം മറച്ചുവെക്കാനെന്നോണം ദേശീയ നേതാക്കളെയും സാമൂഹ്യപ്രവർത്തകരെയും ഹത്‌റാസിലേക്ക് കടത്തിവിടുന്നില്ല

.
രാജ്യം മുഴുവൻ നടുങ്ങിയ ക്രൂരമായ സംഭവത്തിനൊടുവിൽ വീണ്ടും തുടർച്ചയായി ഭരണകൂടത്തിന്റെ നേതൃത്വത്തിൽ പെൺകുട്ടിയുടെ മൃതദേഹത്തിനോടും കുടുംബത്തോടുമുള്ള ക്രൂരത തുടരുകയാണ്. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തുതന്നെയാണോ ഹത്‌റാസും യുപിയും നിലനിൽക്കുന്നതെന്ന സംശയമുയർത്തുന്ന പ്രവർത്തികൾ ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നു.

രാജ്യമെമ്പാടും നടന്നു കൊണ്ടിരിക്കുന്ന ഇത്തരത്തില്‍ സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കും അവകാശലംഘനങ്ങൾക്കും ഭരണകൂടഭീകരതക്കും എതിരെ പ്രധിഷേധിച്ച് കൊണ്ട് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ അംഗങ്ങളും കുടുംബങ്ങളും പ്രതിഷേധ ജ്വാലയുടെ ഭാഗമായി. സ്വന്തം സ്ഥലങ്ങളില്‍ നിന്ന് ജ്വാല തെളിയിക്കുകയും സാമൂഹ്യമാധ്യമങ്ങളില്‍ പങ്കു വെച്ച് കൊണ്ടുമാണ് ഒക്ടോബര്‍ 6 ന് രാത്രി 7മണിക്ക് പുതുരീതിയില്‍ പ്രതിഷേധമൊരുക്കിയത്.
