ഉത്തർപ്രദേശിൽ 5 കർഷകരെ കാർ കയറ്റിക്കൊന്ന് കേന്ദ്രമന്ത്രിയുടെ മകൻ

യുപിയിലെ ലഖിംപൂര്‍ഖേരിയിൽ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കർഷകർക്കുമേൽ വാഹനമോടിച്ചുകയറ്റി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അജയ്കുമാർ മിശ്രയുടെ മകൻ 5 കർഷകരെ കൊലപ്പെടുത്തിയിരിക്കുന്നു. 8 കർഷകരുടെ നില ഗുരുതരമാണ്. ഇവരിൽ പലരും ഐസിയുവിലാണ്. സംസ്ഥാന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും അജയ് മിശ്രയും സംബന്ധിക്കുന്ന പരിപാടി ഈ പ്രദേശത്ത് സംഘടിപ്പിച്ചിരുന്നു. ഈ പരിപാടിയിലേക്ക് വരുന്നതിനായി ഒരുക്കിയ ഹെലിപ്പാഡിന് സമീപത്ത് സമാധാനപരമായി കര്‍ഷകര്‍ പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധ പരിപാടിക്ക് ശേഷം കർഷകർ പിരിഞ്ഞു പോകുന്നതിനിടയിലാണ് കേന്ദ്രമന്ത്രിയുടെ മകന്റെ കാർ കർഷകരുടെ മേലേക്ക് ഇടിച്ചു കയറ്റിയത്. സംഭവത്തെത്തുടർന്ന് മന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങൾക്ക് കർഷകർ തീയിടുകയും സ്ഥലത്ത് നൂറുകണക്കിന് കർഷകരുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം ഉടലെടുക്കുകയും ചെയ്തു. സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി കര്‍ഷകര്‍ കലക്ടറേറ്റുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങളുമെടുത്ത് ലഖിംപൂര്‍ ഖേരിയില്‍ വന്നിരുന്ന് റോഡ് ഉപരോധിക്കുകയും ചെയ്തു. കൂട്ടക്കൊലപാതകം നടത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്‌ക്കെതിരെ യുപി പോലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തു. കൊലപാതകമടക്കം ഗുരുതരമായ 8 വകുപ്പുകളാണ് ആശിഷ് മിശ്രക്കെതിരെ ചുമത്തിയിരിക്കുന്നത്.

കാർഷിക മേഖല കോർപറേറ്റുകൾക്ക് തീറെഴുതാൻ ഉദ്ദേശിച്ചുള്ള കാർഷിക കരി നിയമങ്ങൾക്കെതിരെയും, കർഷകർക്കും പാവപ്പെട്ട ജനങ്ങൾക്കും കിട്ടുന്ന ഇളവുകൾ ഇല്ലാതാക്കുന്ന വൈദ്യുത നിയമഭേദഗതിക്കെതിരെയും ഭാരതത്തിലെ കർഷകർ നടത്തുന്ന കാർഷിക സമരം 10 മാസം പിന്നിടുന്നു. ജനങ്ങൾക്ക് അന്നം നൽകുന്ന കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടാൻ ഉള്ള ശ്രമത്തിൽനിന്ന് കേന്ദ്രസർക്കാർ ഇതുവരെ പിന്മാറിയിട്ടില്ല. രാജ്യത്തിന്റെ എല്ലാ മേഖലകളും സ്വകാര്യവൽക്കരിച്ച് കോർപ്പറേറ്റ് കൊള്ള നടപ്പാക്കുക എന്ന ഉദ്ദേശത്തിലാണ് ആണ് കേന്ദ്ര സർക്കാർ മുന്നോട്ട് പോകുന്നത്. ശക്തമായ പോരാട്ടത്തിന് ആഹ്വാനം നൽകിക്കൊണ്ട് 2021 സെപ്റ്റംബർ 27ന്‌ കർഷകർ ഭാരത് ബന്ദ് നടത്തി. വൈദ്യുത മേഖലയിലെ ജീവനക്കാർ അതിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അന്നേദിവസം ജോലിയിൽ നിന്ന് വിട്ടു നിൽക്കുകയും ചെയ്തിരുന്നു.