ദൈനംദിന ജീവിതത്തിൽ തൊഴിൽപരവും സാമൂഹ്യപരവും കുടുംബപരവുമായി സമൂഹത്തിൽ ഇടപെടുന്ന എല്ലായിടങ്ങളിലും ഇന്ന് പ്രകടമായും അല്ലാതെയും ലിംഗ വിവേചനം നിലനിൽക്കുന്നു. ദൃശ്യവും അദൃശ്യവുമായ ഈ അസമത്വത്തെ തിരിച്ചറിയുക എന്നതാണ് ജെൻഡർ സെൻസിറ്റൈസേഷൻ എന്നത് അർത്ഥമാക്കുന്നത്
ജീവശാസ്ത്രപരമായി ആണോ പെണ്ണോ ആയി ജനിക്കുന്ന ഒരു കുട്ടിയുടെ സ്വഭാവം, മനോഭാവം, പെരുമാറ്റം, പ്രവർത്തനങ്ങൾ, ബന്ധങ്ങൾ എന്നിവ ചുറ്റുമുള്ള സമൂഹം നിർവചിച്ച് അലിഖിത ചട്ടക്കൂടുകളിൽ ഒതുക്കി സ്ത്രീ പുരുഷൻ എന്നീ രണ്ട് ജെൻഡർ രൂപങ്ങൾ വാർത്തെടുക്കുന്നു. ഈ വാർപ്പ് മാതൃകകൾ സ്ത്രീ, പുരുഷൻ എന്നതിൻ്റെ സാമൂഹികവും സാംസ്കാരികവുമായ ബോധ്യങ്ങളെ സൂചിപ്പിക്കുന്നു. ഇത് പൂർണ്ണമായും ആൺകോയ്മയെ അംഗീകരിക്കുന്നതാണ്. ലിംഗഭേദം എങ്ങനെ സാമൂഹികമായി നിർമിക്കപ്പെടുന്നു എന്ന് മനസ്സിലാക്കി കൊണ്ട് അടിമ ബോധ്യങ്ങൾ പേറുന്ന അടയാളങ്ങൾ തിരുത്തുന്ന നിലപാടുകളിലേക്ക് എത്തിച്ചേർന്ന് ജെൻഡർ ന്യൂട്രൽ എന്ന ആശയത്തിലേക്ക് നീങ്ങുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
ആൺ -പെൺ സങ്കൽപ്പങ്ങൾക്ക് അപ്പുറം മനുഷ്യരെ മനസ്സിലാക്കാനും അംഗീകരിക്കാനും സമൂഹം വിമുഖത കാണിക്കുന്നുണ്ട് . ഈ വിഷയത്തിൽ ശരിയായ അറിവില്ലാത്തത് ഇതിനൊരു കാരണമാണ് . തങ്ങളുടെ ജെൻഡർ ഐഡന്റിറ്റി പുലർത്തി ജീവിക്കുന്നതിന് കഷ്ടപ്പെടുന്നവരുടെ ഒപ്പം ആയിരിക്കുകയെന്നതും എല്ലാ മനുഷ്യരെയും തുല്യരായി കാണുന്ന സാമൂഹ്യ വ്യവസ്ഥിതിയുടെ ഭാഗമായി അവരെ മാറ്റുകയെന്നതും ഓരോ മനുഷ്യരുടെയും കടമയാണ്.
ഈ ദിശയിൽ നമ്മുടെ ജെൻഡർ ധാരണകളെ പുതുക്കാനും ഈ രംഗത്തെ ഇടപെടലുകൾ സജീവമാക്കാനും സഹായകരമായ ഒരു സെമിനാർ 2021 നവംബർ 13 ന് വൈകീട്ട് 7.00 മുതൽ ഓൺലൈനിൽ സംഘടിപ്പിക്കുന്നു . സംസ്ഥാന വനിതാ കമ്മീഷൻ അദ്ധ്യക്ഷ അഡ്വ.പി.സതീദേവി സെമിനാർ ഉത്ഘാടനം ചെയ്യുന്നു. ജൻഡർ സെൻസിറ്റൈസേഷൻ എന്ന വിഷയത്തിൽ സൊസൈറ്റി ഫോർ ഇക്കണോമിക്ക് റിസേർച്ച്, ഡൽഹിയിലെ റിസർച്ച് അസ്സോസിയേറ്റായ Dr. ഗായത്രി ബാലുഷ പ്രഭാഷണം നടത്തുന്നു. സെമിനാറിൽ പങ്കെടുക്കുവാനും അഭിപ്രായങ്ങൾ പങ്കുവെക്കുവാനും സാദരം ക്ഷണിക്കുന്നു.
ഫേസ്ബുക്ക് പേജ് ലിങ്ക്-www.facebook.com/kseboa.org
