പൊതുമേഖലയുടെ മരണ വാറണ്ട്

581


കഴിഞ്ഞ ആഗസ്ത് 8ന് ലോക്സഭയില്‍ വൈദ്യുതി നിയമം 2003 ഭേദഗതി ചെയ്യുന്നതിനുള്ള വൈദ്യുതി (ഭേദഗതി) ബില്‍ 2022 അവതരിപ്പിക്കുകയുണ്ടായി. പാര്‍ലമെന്‍റിനകത്തും പുറത്തും ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നതിനെത്തുടര്‍ന്ന് ബില്‍ പാര്‍ലമെന്‍റ് സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു. ബില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ഊര്‍ജ മന്ത്രി ലോക്സഭയില്‍ പറഞ്ഞതനുസരിച്ച് നിയമഭേദഗതിയുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാണ്. 2014ല്‍ ഇത്തരത്തിലൊരു ഭേദഗതി ബില്ല് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുകയും ഊര്‍ജകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കുവിടുകയും സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശുപാര്‍ശയോടെ ക്യാബിനറ്റ് അംഗീകരിച്ച് വീണ്ടും പാര്‍ലമെന്‍റിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ രാജ്യവ്യാപകമായി ഉയര്‍ന്നുവന്ന പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബില്ല് നിയമമാക്കാതെ മരവിപ്പിക്കപ്പെടുകയായിരുന്നു.

2021ല്‍ മറ്റൊരു ഭേദഗതി ബില്ല് മന്ത്രിസഭ അംഗീകരിച്ച് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുന്നതിന് പട്ടികപ്പെടുത്തുകയുണ്ടായി. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന കര്‍ഷക പ്രക്ഷോഭത്തില്‍ പ്രധാന മുദ്രാവാക്യമായി വൈദ്യുതി ഭേദഗതി ബില്ല് പിന്‍വലിക്കുക എന്നത് ഉള്‍പ്പെട്ടത് ആ സാഹചര്യത്തിലാണ്. ഈ പ്രക്ഷോഭത്തിന്‍റെ ഭാഗമായി ഉണ്ടായ ഒത്തുതീര്‍പ്പില്‍ മുഴുവന്‍ തല്‍പ്പരകക്ഷികളുമായും ചര്‍ച്ച നടത്തിമാത്രമേ ബില്ലുമായി മുന്നോട്ടുപോകുകയുള്ളൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പുനല്‍കി. ഈ ഉറപ്പു ലംഘിച്ചുകൊണ്ടുകൂടിയാണ് ഇപ്പോള്‍ ബില്ല് സഭയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും തുല്യ അധികാരങ്ങളുള്ള കണ്‍കറന്‍റ് പട്ടികയില്‍പെട്ട ഒന്നാണ് വൈദ്യുതി. 2003ലെ വൈദ്യുതി നിയമത്തിന്‍റെ ഭാഗമായിത്തന്നെ സംസ്ഥാനങ്ങളുടെ അധികാരങ്ങളില്‍ വലിയ കുറവു വന്നിട്ടുണ്ട്. എന്നാല്‍ ബാക്കി നില്‍ക്കുന്ന പരിമിതമായ അധികാരങ്ങള്‍ കൂടി ഇല്ലാതാക്കുന്നതാണ് ഇപ്പോള്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള ഭേദഗതി. വൈദ്യുതി മേഖലയുടെ ഘടനയും പ്രവര്‍ത്തന നയവുമൊക്കെ പൂര്‍ണമായും കേന്ദ്രീകരിക്കപ്പെടുകയാണ്.

സ്വകാര്യവല്‍ക്കരണത്തിനുള്ള കുറിപ്പടി
ഒരേ പ്രദേശത്ത് ഒന്നിലേറെ വിതരണ ലൈസന്‍സുകള്‍ അനുവദിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ വൈദ്യുതി (ഭേദഗതി) ബില്ല് നടപ്പാക്കുക വഴി വൈദ്യുതി മേഖലയില്‍ സ്വകാര്യമൂലധനത്തിന് തടസ്സമില്ലാതെ ഇടപെടുന്നതിന് സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. സാമ്പത്തിക ഞെരുക്കം നേരിടുന്ന വിതരണ കമ്പനികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുകയും അവയുടെ വിപുലമായ പശ്ചാത്തല സൗകര്യങ്ങള്‍ ചുളുവിലയ്ക്ക് സ്വകാര്യ കോര്‍പ്പറേറ്റുകള്‍ക്ക് ഏല്‍പ്പിച്ചുകൊടുക്കുകയുമാണ് ഭേദഗതികൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സ്വാതന്ത്ര്യാനന്തരം ജനങ്ങളുടെ നികുതിപ്പണവും വൈദ്യുതിമേഖലയിലെ ജീവനക്കാരുടെ കഠിനാധ്വാനവും ഉപയോഗിച്ച് പണിതുയര്‍ത്തിയ, വൈദ്യുതി വിതരണ സ്ഥാപനങ്ങളുടെ ലക്ഷക്കണക്കിന് കോടി രൂപയുടെ സമ്പത്താണ് കൊള്ളയടിക്കപ്പെടുന്നത്. സംസ്ഥാന വൈദ്യുതി ബോര്‍ഡുകള്‍ എന്ന നിലയില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്ന വൈദ്യുതി മേഖലയെ ഉല്‍പ്പാദനം, പ്രസരണം, വിതരണം എന്നിങ്ങനെ വേര്‍പെടുത്തുകയും കമ്പനികളായി മാറ്റുകയും ചെയ്യുകയായിരുന്നു സ്വകാര്യവല്‍ക്കരണ നയത്തിന്‍റെ ആദ്യപടിയായി നടന്നത്. ഡീലൈസന്‍സ് ചെയ്യപ്പെട്ട ഉല്‍പ്പാദന മേഖലയില്‍ സ്വകാര്യമേഖല ഇതിനകംതന്നെ പിടിമുറുക്കിക്കഴിഞ്ഞു. പ്രസരണ രംഗം താരതമ്യേന ലാഭം കുറഞ്ഞതും മുതല്‍മുടക്കേറിയതുമായതിനാല്‍ സ്വകാര്യമേഖലയ്ക്ക് വലിയ ലാഭം നല്‍കുന്നതല്ല, പ്രസരണ നിരക്കുകള്‍ വന്‍തോതില്‍ വര്‍ദ്ധിപ്പിച്ച് സ്വകാര്യമേഖലയെ ആകര്‍ഷകമാക്കാനുള്ള നടപടികളാണ് ഉണ്ടാകുന്നത്. സ്വകാര്യവല്‍ക്കരണ നയത്തിന്‍റെ അടുത്ത ലക്ഷ്യം സംസ്ഥാന വൈദ്യുതി വിതരണ മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് കൈമാറലാണ്. വൈദ്യുതി വികസനത്തിനുള്ള പശ്ചാത്തല സൗകര്യമെന്ന നിലവിട്ട് ലാഭമുണ്ടാക്കാനുള്ള ഒരുല്‍പ്പന്നം മാത്രമായി അതുമാറുകയാണ്. വൈദ്യുതി മേഖലയില്‍ പരിമിതമായെങ്കിലും നിലനില്‍ക്കുന്ന സാമൂഹ്യനീതി സങ്കല്‍പ്പത്തിന്‍റെ മരണവാറണ്ടാണ് പുതിയ ഭേദഗതി.

ഭേദഗതികളുടെ ചരിത്രം
വൈദ്യുതി നിയമഭേദഗതി ഉദ്ദേശിച്ചുകൊണ്ട് കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്കുള്ളില്‍ പുറത്തുവരുന്ന ആറാമത്തെ കരടാണ് ഇപ്പോള്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചിട്ടുള്ളത്. 2013ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി വൈദ്യുതി വിതരണത്തെ രണ്ടായി വിഭജിക്കുന്നതിനാണ് ലക്ഷ്യമിട്ടത്. 2014ല്‍ എന്‍ഡിഎ സര്‍ക്കാര്‍ ഭേദഗതിയുടെ പുതുക്കിയ കരട് അവതരിപ്പിച്ചു. വിതരണമേഖലയുടെ വിഭജനത്തോടൊപ്പം പുതുതായി കടന്നുവരുന്ന സപ്ലൈ കമ്പനികള്‍ക്ക് പൊതുമേഖലാ വിതരണ സ്ഥാപനത്തിന്‍റെ കൈവശമുള്ള വൈദ്യുതി പങ്കുവെക്കാനുള്ള നിര്‍ദ്ദേശംകൂടി ഇതിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തി. ഭേദഗതി പാര്‍ലമെന്‍ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗീകരിക്കുകയും ലോക്സഭയില്‍ സമര്‍പ്പിക്കുകയും ചെയ്തെങ്കിലും ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളുടെ സാഹചര്യത്തില്‍ സര്‍ക്കാരിന് പിന്നോട്ടുപോകേണ്ടി വന്നു. 2018ലാണ് അടുത്ത ഭേദഗതി അവതരിപ്പിക്കപ്പെട്ടത്. വൈദ്യുതി മേഖലയുടെ അധികാരങ്ങള്‍ പൂര്‍ണമായും കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാക്കി ഫെഡറല്‍ ഭരണവ്യവസ്ഥയെ അട്ടിമറിക്കുന്ന സമീപനമാണ് ഇതിലുണ്ടായത്. ക്രോസ് സബ്സിഡി ഇല്ലാതാക്കുന്നതടക്കമുള്ള നിര്‍ദേശങ്ങളും ഉണ്ടായി.

2020 ഏപ്രിലിലും 2021 ഫെബ്രുവരിയിലും വൈദ്യുതി നിയമ ഭേദഗതിക്കുള്ള കരട് ബില്ലുകള്‍ തയ്യാറാക്കുകയും പാര്‍ലമെന്‍റില്‍ ലിസ്റ്റ് ചെയ്യുകയും ചെയ്തു. വൈദ്യുതിത്തൊഴിലാളികളും കര്‍ഷകരുമൊക്കെ നടത്തിയ പ്രക്ഷോഭങ്ങളുടെ ഭാഗമായി ബില്ലുമായി മുന്നോട്ടുപോകാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞില്ല. വൈദ്യുതി നിയമ ഭേദഗതികൂടാതെതന്നെ സ്വകാര്യവല്‍ക്കരണ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളുണ്ടായത് ഈ സാഹചര്യത്തിലാണ്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കാശ്മീര്‍, ചണ്ഡീഗഢ്, പോണ്ടിച്ചേരി തുടങ്ങിയ ഇടങ്ങളിലുമെല്ലാം ഇതിന്‍റെ ഭാഗമായി വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നടപടികളുണ്ടായി.

സ്വകാര്യവല്‍ക്കരണത്തിനെതിരായ പ്രക്ഷോഭങ്ങള്‍
2020 ഒക്ടോബറിലാണ് ഉത്തര്‍പ്രദേശിലെ പൂര്‍വാഞ്ചല്‍ വൈദ്യുതി വിതരണ്‍ നിഗം ലിമിറ്റഡ് സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള നടപടികള്‍ യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാന നഗരമായ ലക്നൗ അടക്കമുള്ള പ്രദേശങ്ങളിലൊക്കെ വൈദ്യുതി വിതരണം നടത്തുന്ന കമ്പനിയായിരുന്നു പൂര്‍വാഞ്ചല്‍ വൈദ്യുതി വിതരണ്‍ നിഗം ലിമിറ്റഡ്. സ്വാഭാവികമായും വൈദ്യുതി തൊഴിലാളികളും ഓഫീസര്‍മാരും പ്രക്ഷോഭത്തിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍ സംഘടനകളുമായി ചര്‍ച്ചകള്‍ക്കു പോലും സര്‍ക്കാര്‍ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ 2020 ഒക്ടോബര്‍ അഞ്ചുമുതല്‍ യു.പി.യിലെ വൈദ്യുതിത്തൊഴിലാളികള്‍ സമരമാരംഭിച്ചു. പണിമുടക്ക് നിരോധിക്കുകയും പണിമുടക്കുണ്ടായാല്‍ ജീവനക്കാരെ അറസ്റ്റുചെയ്ത് ജയിലില്‍ അടയ്ക്കുമെന്നും പട്ടാളത്തെ ഉപയോഗിച്ച് വൈദ്യുതി സംവിധാനം മുന്നോട്ടുകൊണ്ടുപോകുമെന്നും വൈദ്യുതി വകുപ്പുകൂടി കൈകാര്യം ചെയ്തിരുന്ന യു.പി. മുഖ്യമന്ത്രി ആദിത്യനാഥ് പ്രഖ്യാപിച്ചു. എന്നാല്‍ ഇതൊന്നും ജീവനക്കാരുടെ സമരത്തെ ബാധിച്ചില്ല. സമരം രണ്ടാം ദിനം ആയപ്പോഴേക്കും മുഖ്യമന്ത്രിയുടെ വീട്ടില്‍വരെ വൈദ്യുതി ബന്ധം ഇല്ലാതായി. ഒക്ടോബര്‍ 6ന് രാത്രിയോടെ സംഘടനകളുമായി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായി. സ്വകാര്യവല്‍ക്കരണ നടപടി നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ തയ്യാറായതോടെയാണ് സമരം അവസാനിച്ചത്.

2021 മെയ് മാസത്തിലാണ് ഉത്തരാഖണ്ഡ് സംസ്ഥാനസര്‍ക്കാര്‍ വൈദ്യുതി വിതരണ രംഗം സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചത്. മെയ് 22 മുതല്‍ വൈദ്യുതിത്തൊഴിലാളികള്‍ അനിശ്ചിതകാല പ്രക്ഷോഭം ആരംഭിച്ചു. സമരം രണ്ടാം ദിവസത്തേക്ക് കടന്നതോടെ വൈദ്യുതി സംവിധാനമാകെ താറുമാറായി. സര്‍ക്കാരിന് ഗത്യന്തരമില്ലാതെ ചര്‍ച്ചയ്ക്ക് തയ്യാറാകേണ്ടി വന്നു. സ്വകാര്യവല്‍ക്കരണവുമായി മുന്നോട്ടുപോകില്ലെന്ന ഉറപ്പോടെ പ്രക്ഷോഭം അവസാനിച്ചു.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ അഭിയാന്‍ പദ്ധതിയുടെ ഭാഗമായി പൊതുമേഖലാ സ്വകാര്യവല്‍ക്കരണം പ്രധാന അജന്‍ഡയായി അവതരിപ്പിക്കപ്പെട്ടു. ഇതിന്‍റെ തുടര്‍ച്ചയായാണ് കേന്ദ്ര ഭരണ പ്രദേശങ്ങളിലെ വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കാന്‍ തീരുമാനിച്ചത്. 2022 ജനുവരിയോടെ കേന്ദ്രസര്‍ക്കാര്‍ ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. ജമ്മുകാശ്മീരിലും ചണ്ഡീഗഢിലും വൈദ്യുതി വിതരണം സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ടെണ്ടര്‍ നടപടികള്‍ നേരത്തേതന്നെ ആരംഭിച്ചിരുന്നു. പോണ്ടിച്ചേരിയില്‍ ഇതിനുള്ള നടപടികള്‍ക്ക് കണ്‍സള്‍ട്ടന്‍റിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മൂന്നിടത്തും വൈദ്യുതിത്തൊഴിലാളികള്‍ പ്രക്ഷോഭമാരംഭിച്ചത്. എസ്മയും നിരോധനാജ്ഞയുമൊക്കെ ഉപയോഗിച്ച് പ്രക്ഷോഭത്തെ നേരിടാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ തൊഴിലാളികള്‍ ഒറ്റക്കെട്ടായി നിന്നതോടെ സ്വകാര്യവല്‍ക്കരണ നടപടികളില്‍ നിന്നു പുറകോട്ടുപോകാന്‍ അവര്‍ നിര്‍ബന്ധിതരായി.

പൊതുമേഖലാ വൈദ്യുതി വിതരണക്കമ്പനികള്‍ സ്വകാര്യവല്‍ക്കരിക്കുക എന്നത് എളുപ്പമല്ലെന്ന് കേന്ദ്ര സര്‍ക്കാരിന് ബോധ്യമുണ്ട്. എന്നാല്‍ സ്വകാര്യ വൈദ്യുതി ഉത്പാദനക്കമ്പനികള്‍ക്ക് തങ്ങളുത്പാദിപ്പിക്കുന്ന വൈദ്യുതി വലിയ ലാഭം ഉറപ്പുവരുത്തുന്ന നിലയില്‍ വിറ്റഴിക്കുന്നതിന് വൈദ്യുതി വിതരണ മേഖലയുടെ നിയന്ത്രണം കൈപ്പിടിയില്‍ ഒതുക്കേണ്ടത് ആവശ്യവുമാണ്. ഇതിനായി സ്വകാര്യമൂലധന ശക്തികള്‍ ചെലുത്തുന്ന സമ്മര്‍ദമാണ് വൈദ്യുതിവിതരണമേഖലയില്‍ ബഹു ലൈസന്‍സുകള്‍ എന്ന നിലയില്‍ സ്വകാര്യവല്‍ക്കരണം അടിച്ചേല്‍പ്പിക്കുന്നതിനുള്ള ശ്രമത്തിന്‍റെ അടിസ്ഥാനം..

ബഹു ലൈസന്‍സുകള്‍
ക്രോസ് സബ്സിഡി തകര്‍ക്കും

തുടക്കത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ വൈദ്യുതി വിതരണരംഗത്ത് ഒരേ പ്രദേശത്ത് ഒന്നിലേറെ ലൈസന്‍സികള്‍ എന്നതാണ് പുതിയ ഭേദഗതി ബില്ലിലെ പ്രധാന നിര്‍ദ്ദേശം. നിയന്ത്രണങ്ങളില്ലാത്ത ഓപ്പണ്‍ ആക്സസാണ് ഇതിനുള്ള മാര്‍ഗമായി നിര്‍ദ്ദേശിക്കപ്പെട്ടത്. ഓപ്പണ്‍ ആക്സസ് എന്ന തത്ത്വം 2003 ലെ വൈദ്യുതി നിയമത്തില്‍ തന്നെ ഉള്ളതാണ്. ഒരു സ്ഥാപനത്തിന്‍റെ വൈദ്യുതി ശൃംഖലയിലൂടെ മറ്റു സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും വൈദ്യുതി കടത്തിക്കൊണ്ടുപോകുന്നതിന് വഴിയൊരുക്കലാണ് ഓപ്പണ്‍ ആക്സസ്. വിതരണ മേഖലയില്‍ ഒരു മെഗാവാട്ടിലധികം ആവശ്യകതയുള്ള വന്‍കിട ഉപഭോക്താക്കള്‍ക്ക് ഈ തത്ത്വം നിലവില്‍ ബാധകമാക്കിയിട്ടുണ്ട്. വൈദ്യുതി വിതരണ സ്ഥാപനങ്ങളെ (ഡിസ്കോം) ഒഴിവാക്കി വൈദ്യുതി ഉല്‍പ്പാദകരില്‍ നിന്നോ ട്രേഡര്‍മാരില്‍ നിന്നോ വൈദ്യുതി വാങ്ങി വിതരണക്കമ്പനികളുടെ ശൃംഖലയിലൂടെത്തന്നെ കൊണ്ടുവന്ന് ഉപയോഗിക്കാന്‍ അവര്‍ക്കു കഴിയുന്നു. ഈ നില ശക്തിപ്പെടുത്തലാണ് കണ്ടന്‍റും കാര്യേജും വേര്‍പെടുത്തല്‍. സ്വന്തമായി ശൃംഖലയില്ലാതെ തന്നെ വൈദ്യുതി വിതരണം ഏറ്റെടുക്കാന്‍ കമ്പനികള്‍ക്ക് കഴിയുന്നു. നിലവിലുള്ള ശൃംഖലയിലൂടെ തങ്ങളുടെ വൈദ്യുതി കൊണ്ടുപോയി വില്‍ക്കാന്‍ ഓപ്പണ്‍ ആക്സസ് സംവിധാനത്തിലൂടെ ഇത്തരം കമ്പനികള്‍ക്ക് കഴിയുന്നു. ഒരേ പ്രദേശത്തു തന്നെ ഒന്നിലേറെ വിതരണക്കമ്പനികള്‍ എന്നതിനെ രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള സേവനദാതാക്കളെ തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കലായാണ് കേന്ദ്രസര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്. വേര്‍പെടുത്തല്‍ പൂര്‍ത്തിയായാല്‍ വൈദ്യുതി വിതരണം ചെയ്യുന്ന ഒന്നിലേറെ വിതരണക്കാര്‍ ഒരേ പശ്ചാത്തല സംവിധാനം ഉപയോഗിച്ച് വൈദ്യുതി വിതരണം ചെയ്യുന്ന സ്ഥിതി നിലവില്‍വരും. നിലവിലുള്ള സാഹചര്യത്തില്‍ വൈദ്യുതി ഉപഭോക്താക്കള്‍ക്കെല്ലാം ഒരേ നിരക്കിലല്ല വൈദ്യുതി നല്‍കുന്നത്. ചില വിഭാഗങ്ങള്‍ക്ക് ശരാശരിയേക്കാള്‍ കൂടുതല്‍ നിരക്ക് ഈടാക്കുന്നതിനാലാണ് മറ്റുചിലര്‍ക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ കഴിയുന്നത്. ഇങ്ങനെ ക്രോസ് സബ്സിഡി നിലനില്‍ക്കുന്നതാണ് സാധാരണക്കാര്‍ക്കും കൃഷിക്കും ചെറുകിട വ്യവസായത്തിനുമൊക്കെ കുറഞ്ഞ നിരക്ക് ഉറപ്പുവരുത്താനാകുന്നത്. ഈ ശൃംഖലയിലൂടെത്തന്നെ മറ്റു വിതരണ കമ്പനികള്‍ കൂടി വൈദ്യുതി വില്‍ക്കാനെത്തുമ്പോള്‍ കൂടിയ നിരക്ക് കൊടുക്കുന്ന ഉപഭോക്താക്കള്‍ക്ക് വിലകുറച്ച് വൈദ്യുതി നല്‍കാന്‍ ഈ കമ്പനികള്‍ തയ്യാറാകും. ഇങ്ങനെ കൂടിയ നിരക്ക് നല്‍കുന്ന ഉപഭോക്താക്കളെ പൊതുമേഖലാ വിതരണക്കമ്പനികള്‍ക്ക് നഷ്ടപ്പെടുന്നതോടെ കുറഞ്ഞ നിരക്കില്‍ വൈദ്യുതി കിട്ടുന്നവര്‍ക്ക് അങ്ങനെ കൊടുക്കാന്‍ കഴിയാത്ത സ്ഥിതി ഉണ്ടാകും. ക്രോസ് സബ്സിഡി ഇല്ലാതാകും. ഇത് സാധാരണ ഉപഭോക്താക്കളേയും കര്‍ഷകരേയുമാണ് വലിയ തോതില്‍ ബാധിക്കുക.

ലാഭം സ്വകാര്യ മേഖലയ്ക്ക്
ഭാരം സംസ്ഥാന്

വിതരണ സ്ഥാപനത്തിന്
വൈദ്യുതി ഭേദഗതി ബില്‍ 2022 പ്രകാരം വൈദ്യുതി വിതരണത്തിനായി കടന്നുവരുന്ന സ്വകാര്യ വ്യക്തികള്‍ക്ക്/സ്ഥാപനങ്ങള്‍ക്ക് വിതരണ ശൃംഖല സ്ഥാപിക്കുന്ന ബാധ്യതയൊന്നും ഏറ്റെടുക്കേണ്ടതില്ല. നിലവിലുള്ള ശൃംഖല ഉപയോഗിക്കുന്നതിന് ഒരു ചെറിയ ഫീസ് നല്‍കിയാല്‍ മതി. സംസ്ഥാന വൈദ്യുതി ബോര്‍ഡിന്‍റെ വിതരണ ശൃംഖല, സ്വകാര്യ ലൈസന്‍സികള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കേണ്ടിവരും. വൈദ്യുതി വിതരണ ശൃംഖലയുടെ അറ്റകുറ്റപ്പണികള്‍ നടത്തല്‍, തകരുന്നത് പുനഃസ്ഥാപിക്കല്‍ തുടങ്ങിയ എല്ലാ ഉത്തരവാദിത്വവും സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ വഹിക്കണം. സ്വകാര്യ വിതരണ സ്ഥാപനങ്ങള്‍ വൈദ്യുതി വിറ്റ് ലാഭം നേടും. ബ്രേക്ക് ഡൗണ്‍ വന്നാല്‍, സ്വകാര്യ കമ്പനികള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും വൈദ്യുതി ബോര്‍ഡ് ബാധ്യസ്ഥമാകും. സ്വകാര്യ ഉല്‍പ്പാദകര്‍, സ്വകാര്യ വിതരണ കമ്പനികളുമായി ചേര്‍ന്ന് ലാഭം കൂടുതലാക്കാന്‍ ശ്രമിക്കും. നഷ്ടം സംഭവിക്കുന്നത് വൈദ്യുതി ബോര്‍ഡിനാകും.

വൈദ്യുതി വിതരണമേറ്റെടുക്കുന്ന പുതിയ കമ്പനികള്‍ക്ക് സ്വന്തമായി വൈദ്യുതി ശൃംഖല സൃഷ്ടിക്കേണ്ട ആവശ്യമില്ല എന്നത് സ്വകാര്യ കുത്തകകള്‍ക്ക് ഈ രംഗത്തേക്ക് തടസ്സങ്ങളില്ലാതെ കടന്നുവരാന്‍ അവസരം നല്‍കുന്നു. ഇങ്ങനെ കടന്നുവരുന്ന കമ്പനികള്‍ സ്വന്തമായി വൈദ്യുതി ലഭ്യത ഉറപ്പുവരുത്തേണ്ടതുമില്ല എന്നതാണ് ബില്ലിലെ മറ്റൊരു സവിശേഷത. നിലവിലുള്ള വിതരണക്കമ്പനി അവരുടെ വൈദ്യുതി വാങ്ങല്‍ക്കരാര്‍ പുതിയ കമ്പനികളുമായി പങ്കുവെക്കണം എന്നും നിയമഭേദഗതി നിര്‍ദ്ദേശിക്കുന്നു. അങ്ങനെ സ്വന്തമായി ആസ്തിയൊന്നും സൃഷ്ടിക്കേണ്ട എന്നതും വിതരണം ചെയ്യാന്‍ നിലവിലുള്ള വൈദ്യുതിയുടെ വിഹിതം കിട്ടും എന്നതും എപ്പോള്‍വേണമെങ്കിലും കടന്നുവരാനും ഇറങ്ങിപ്പോകാനും സ്വകാര്യക്കമ്പനികള്‍ക്ക് അവസരം നല്‍കുന്നു. ലാഭം ഉണ്ടെങ്കില്‍ നില്‍ക്കാം, അല്ലെങ്കില്‍ പോകാം.

പൊതുമേഖല തകരുന്നു
വൈദ്യുതി ലൈനുകളുടെ നിര്‍മ്മാണം, പരിപാലനം, സാധാരണ ഉപഭോക്താക്കള്‍ക്കും കൃഷിയടക്കമുള്ള ഉത്പാദന മേഖലകള്‍ തുടങ്ങി താരതമ്യേന കുറഞ്ഞ നിരക്ക് നല്‍കുന്ന ഉപഭോക്താക്കള്‍ക്കും വൈദ്യുതി എത്തിക്കുക തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ പൊതുമേഖലാ വിതരണക്കമ്പനിയുടെ ചുമതലയാണ്. ഇങ്ങനെയുണ്ടാകുന്ന നഷ്ടം നികത്താന്‍ വന്‍തോതിലുള്ള സര്‍ക്കാര്‍ സബ്സിഡി കൂടാതെ സാധ്യമാകില്ല. ഇന്നത്തെ സാഹചര്യത്തില്‍ വൈദ്യുതി മേഖലയില്‍ വലിയ തോതില്‍ സബ്സിഡി നല്‍കാന്‍ കഴിയുന്ന സ്ഥിതിയിലല്ല സംസ്ഥാന സര്‍ക്കാരുകളുള്ളത്. കോവിഡ് പ്രതിസന്ധി കൂടിയായപ്പോള്‍ നികുതിവരുമാനം കുറയുകയും സാമൂഹ്യസുരക്ഷാച്ചെലവുകള്‍ വന്‍തോതില്‍ കൂടുകയും ചെയ്തത് സംസ്ഥാന സര്‍ക്കാരുകളെ വലിയ സാമ്പത്തികപ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വൈദ്യുതി സബ്സിഡി വര്‍ദ്ധിപ്പിക്കുക എന്നത് ചിന്തിക്കാനാകില്ല. പൊതുമേഖലാ വൈദ്യുതി സ്ഥാപനങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാകാത്ത സ്ഥിതിയാണ് ഇത് സൃഷ്ടിക്കുക.

ഭേദഗതിയിലെ വ്യവസ്ഥകള്‍ പ്രകാരം നിലവിലുള്ള സ്ഥാപനത്തിന്‍റെ കൈവശമുള്ള വൈദ്യുതി പുതിയകമ്പനികളുമായി പങ്കുവെക്കണം എന്ന വ്യവസ്ഥയും പൊതുമേഖലയെ ഗുരുതരമായി ബാധിക്കും. കുറഞ്ഞ നിരക്കില്‍ ലഭ്യമാകുന്ന വൈദ്യുതിയാണ് ഇങ്ങനെ പുതുതായി കടന്നുവരുന്ന സ്വകാര്യസ്ഥാപനങ്ങള്‍ക്ക് പങ്കുവെക്കേണ്ടിവരുക. പഴയ നിലയങ്ങളില്‍ നിന്നും കുറഞ്ഞ ചെലവില്‍ വൈദ്യുതി കിട്ടുന്നതിന്‍റെ നേട്ടമാണ് വൈദ്യുതി നിരക്കുകള്‍ വന്‍തോതില്‍ വര്‍ദ്ധിക്കാതെ നിലനിര്‍ത്തുന്നതിലെ ഒരു പ്രധാന ഘടകം. എന്നാല്‍ ഈ അനുകൂല സാഹചര്യമാണ് ഭേദഗതി നിയമം ഇല്ലാതാക്കുന്നത്. മല്‍സരത്തില്‍ ഒരേ തലം ഒരുക്കുക എന്ന നിലയില്‍ കൊണ്ടുവരുന്ന ഇത്തരം നിര്‍ദ്ദേശങ്ങളെല്ലാം പൊതുമേഖലയുടെ തകര്‍ച്ചയാണ് ഉറപ്പുവരുത്തുന്നത്.

പുതിയ സാഹചര്യത്തില്‍ പൊതുമേഖലാകമ്പനിയുടെ സാമ്പത്തിക അടിത്തറ ദുര്‍ബലമാകുന്നതോടെ ലൈനുകളുടെ അധുനികവത്കരണവും ശക്തിപ്പെടുത്തലും പരിപാലനവുമെല്ലാം താളംതെറ്റും. വര്‍ദ്ധിക്കുന്ന വൈദ്യുതി തടസ്സങ്ങളും വോള്‍ട്ടേജ് ക്ഷാമവുമെല്ലാം തിരിച്ചുവരുകയും ചെയ്യും. വസ്തുത ഇങ്ങനെയാണെങ്കിലും കടന്നുവരുന്ന പുതിയ കമ്പനികള്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്നതും പൊതുമേഖല നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്നതും ചൂണ്ടിക്കാട്ടി വീണ്ടും സ്വകാര്യവല്‍ക്കരണത്തെ ന്യായീകരിക്കാനാണ് ഭരണാധികാരികള്‍ ശ്രമിക്കുക.

ഉയര്‍ന്ന വരുമാനക്കാരെ മുഴുവന്‍ സ്വകാര്യ വിതരണ കമ്പനിക്കാര്‍ പിടികൂടിയാല്‍ ചെലവേറിയതും കുറഞ്ഞ വരുമാനം ലഭിക്കുന്നതുമായ ഗ്രാമങ്ങളിലെ വൈദ്യുതി വിതരണം കൊണ്ടുമാത്രം സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡുകള്‍ക്ക് സാമ്പത്തിക ഭദ്രത നേടാനാവില്ല. വൈദ്യുതി വാങ്ങാന്‍ സാമ്പത്തിക ഭദ്രത പ്രധാനമാണ്. വൈദ്യുതി ഉല്‍പ്പാദനക്കമ്പനികള്‍ക്കും ട്രേഡര്‍മാര്‍ക്കും നല്‍കാനുള്ള വൈദ്യുതി ചാര്‍ജ് കുടിശ്ശിക കൃത്യമായി ഒടുക്കിയില്ലെങ്കില്‍ അത്തരം സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി നല്‍കാന്‍ ‘നാഷണല്‍ ലോഡ് ഡിസ്പാച്ച് സെന്‍റര്‍’ അനുവദിക്കില്ല. വൈദ്യുതി വാങ്ങാന്‍ പണം കൃത്യമായി അടയ്ക്കാന്‍ കഴിയാതെ വന്നാല്‍ സംസ്ഥാന ബോര്‍ഡുകള്‍ കളിക്കളത്തില്‍ നിന്നുപുറത്താകുമെന്ന് സാരം.

സ്വകാര്യകമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ അവസരമൊരുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം വലിയ ദൂരന്തത്തിലേക്കാണ് രാജ്യത്തെ നയിക്കുക. പൊതുമേഖലയില്‍ വൈദ്യുതി ഉല്‍പ്പാദനം, വിതരണം എന്നീ രംഗങ്ങളില്‍ മികച്ച വിജയം നേടിയ കേരളം പോലുള്ള സംസ്ഥാനങ്ങളുടെ ഭാവി ഇരുളടഞ്ഞതാവും. സാമ്പത്തികമായി തകരുന്ന സംസ്ഥാന യൂട്ടിലിറ്റികളെയും സ്വകാര്യവല്‍ക്കരിക്കുകയല്ലാതെ നിവൃത്തിയില്ലാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെടുക.

ഫെഡറല്‍ സംവിധാനത്തെ
ദുര്‍ബലമാക്കുന്നു

നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ ഭരണഘടനയുടെ കണ്‍കറന്‍റ് പട്ടികയില്‍ ഉള്‍പ്പെട്ട ഒന്നാണ് വൈദ്യുതി മേഖല. ഇത്തരത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിയമനിര്‍മ്മാണ അധികാരമുള്ള ഒരു മേഖലയെ സമഗ്രമായി ബാധിക്കുന്ന ഒരു നിയമനിര്‍മ്മാണത്തിനു മുതിരുമ്പോള്‍ സംസ്ഥാനങ്ങളുടെ ഭരണ നേതൃത്വവുമായി ചര്‍ച്ച ചെയ്യാനും സമവായത്തിലെത്താനും കേന്ദ്രസര്‍ക്കാരിന് ബാധ്യതയുണ്ട്. 2020 ജൂലൈ മാസത്തില്‍ കേന്ദ്ര വൈദ്യുതി സഹമന്ത്രി വിളിച്ചു ചേര്‍ത്ത സംസ്ഥാന വൈദ്യുതി മന്ത്രിമാരുടെ യോഗത്തില്‍ കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ വൈദ്യുതി നിയമഭേദഗതി സംബന്ധിച്ച് അന്ന് അവതരിപ്പിക്കപ്പെട്ട നിര്‍ദ്ദേശങ്ങളില്‍ തങ്ങള്‍ക്കുള്ള വിയോജിപ്പ് വ്യക്തമാക്കുകയുണ്ടായി. ഇക്കാര്യങ്ങള്‍ അതതു സംസ്ഥാനങ്ങളുമായി നേരിട്ടു വന്നു ചര്‍ച്ച ചെയ്തല്ലാതെ നിയമഭേദഗതിയുമായി മുന്നോട്ടുപോകുകയില്ലെന്ന് കേന്ദ്ര മന്ത്രി ആ യോഗത്തില്‍ വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ അന്ന് അവതരിപ്പിക്കപ്പെട്ടതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഭേദഗതി നിര്‍ദ്ദേശമാണ് ഇപ്പോള്‍ പാര്‍ലമെന്‍റിന്‍റെ പരിഗണനയ്ക്കു വരുന്നത്. സംസ്ഥാന ഭരണ നേതൃത്വവുമായി യാതൊരുവിധ ചര്‍ച്ചയും ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിട്ടില്ല.

സംസ്ഥാനങ്ങളോട് ചര്‍ച്ച ചെയ്തില്ല എന്നതിനപ്പുറം അധികാരങ്ങള്‍ കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന സമീപനമാണ് ബില്ല് മുന്നോട്ടുവെക്കുന്നത്. വൈദ്യുതി മേഖലയുടെ നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന നയം അനുസരിച്ചാവണമെന്ന് ഭേദഗതി നിര്‍ദ്ദേശിക്കുന്നു.

സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും അവര്‍ക്കുനിര്‍ദ്ദേശങ്ങള്‍ നല്‍കാനും കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടാകുമെന്ന് നിയമഭേദഗതിയിലുണ്ട്. വൈദ്യുതി നിരക്കുകള്‍ നിശ്ചയിക്കുന്നതടക്കമുള്ള കാര്യങ്ങളിലെല്ലാം കേന്ദ്രനിര്‍ദേശം ബാധകമാകും. സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ കമ്മീഷന്‍റെ ചുമതല മറ്റേതെങ്കിലും സംസ്ഥാനത്തുള്ള കമ്മീഷനില്‍ നിക്ഷിപ്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരമുണ്ടാകുമെന്നും നിയമഭേദഗതി വ്യക്തമാക്കുന്നു. സംസ്ഥാനങ്ങളിലെ അക്ഷയ ഊര്‍ജ വികസനമടക്കമുള്ള കാര്യങ്ങളിലും കേന്ദ്രസര്‍ക്കാരിന്‍റെ നിയന്ത്രണം ഉറപ്പുവരുത്തുന്നതാണ് ഭേദഗതി.

പൊതുവേ വൈദ്യുതി മേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകുമ്പോഴും വൈദ്യുതി വിതരണം തികച്ചും സംസ്ഥാന വിഷയമാണെന്ന സമീപനമാണ് മുന്‍കാലങ്ങളിലെല്ലാം ഉണ്ടായത്. സ്വകാര്യവല്‍ക്കരണ സമ്മര്‍ദങ്ങളുണ്ടായിട്ടുണ്ടെങ്കിലും സംസ്ഥാനസര്‍ക്കാരുകള്‍ക്ക് തീരുമാനിക്കാനുള്ള അവകാശം നിലനിന്നിരുന്നു. എന്നാല്‍ അത്തരം അവകാശങ്ങള്‍പോലും ഇല്ലാതാക്കി വൈദ്യുതിമേഖലയുടെ നിയന്ത്രണം പൂര്‍ണമായും കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാക്കുന്ന സമീപനമാണ് വൈദ്യുതി ഭേദഗതി ബില്ല് 2022 മുന്നോട്ടുവെക്കുന്നത്. മൊത്തത്തില്‍ രാജ്യത്തിന്‍റെ ഫെഡറല്‍ ഭരണസംവിധാനത്തെ തകര്‍ക്കുന്ന നിര്‍ദ്ദേശങ്ങളാണ് ബില്‍ മുന്നോട്ടുവയ്ക്കുന്നത്.

സാധാരണക്കാര്‍ക്ക് വൈദ്യുതി അപ്രാപ്യമാകുന്നു
സ്വകാര്യ വിതരണക്കമ്പനികള്‍ക്ക് എല്ലാവര്‍ക്കും വൈദ്യുതി നല്‍കാനുള്ള ഉത്തരവാദിത്വം ഇല്ലെങ്കിലും ക്രോസ് സബ്സിഡി നിലനിര്‍ത്താന്‍ ഒരു ബാലന്‍സിങ് ഫണ്ട് രൂപീകരിക്കുന്നതിന് ബില്ലില്‍ നിര്‍ദ്ദേശമുണ്ട്. സ്വകാര്യക്കമ്പനികളുടെ വൈദ്യുതി വില്‍പ്പനയും വരുമാനവും ചെലവുമൊക്കെ പരിശോധിച്ചുവേണം ഈ ഫണ്ട് സ്വരൂപിക്കാന്‍ എന്നതുകൊണ്ടുതന്നെ അത് എത്രത്തോളം പ്രായോഗികമാകും എന്നു കണ്ടറിയണം. ക്രോസ് സബ്സിഡി ഇല്ലാതാകുകതന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. കേന്ദ്രസര്‍ക്കാര്‍ ഈയിടെ പുറത്തിറക്കിയ ഇലക്ട്രിസിറ്റി റൂള്‍ നല്‍കുന്ന സൂചന ക്രോസ് സബ്സിഡി പരിമിതപ്പെടുത്തുന്നതാണ്. വൈദ്യുതി യൂട്ടിലിറ്റി, വൈദ്യുതി വാങ്ങുമ്പോള്‍ ഇന്ധന വിലയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവ് വൈദ്യുതി നിരക്കില്‍ കൂട്ടിയെടുക്കുന്നത് റഗുലേറ്ററി കമ്മീഷന്‍ അറിയേണ്ടതില്ല എന്നതടക്കം ഇലക്ട്രിസിറ്റി റൂളില്‍ വരുത്തിയിട്ടുള്ള പല മാറ്റങ്ങളും ഈ രംഗത്തേക്ക് കടന്നുവരുന്ന സ്വകാര്യ സ്ഥാപനങ്ങളുടെ ലാഭതാല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. മൊത്തത്തില്‍ സാധാരണ ഉപഭോക്താക്കളുടെ വൈദ്യുതി നിരക്കുകള്‍ വന്‍തോതില്‍ വര്‍ധിക്കും എന്ന കാര്യം ഉറപ്പാണ്. നഗരപ്രദേശങ്ങളില്‍പ്പോലും റവന്യൂശേഷി കുറഞ്ഞ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി നിഷേധിക്കപ്പെടും. ഗ്രാമപ്രദേശങ്ങളിലെ വൈദ്യുതി വിതരണം പൊതുവേ ചെലവുകൂടിയതാണ്. സ്വാഭാവികമായും സ്വകാര്യ മേഖല ഇത്തരം പ്രദേശങ്ങളിലെ വൈദ്യുതി വിതരണത്തിന് തയ്യാറാകുകയില്ല. പൊതുമേഖലയുടെ തകര്‍ച്ച കൂടി പൂര്‍ത്തിയാകുമ്പോള്‍ ഗ്രാമങ്ങളിലെ വൈദ്യുതിവിതരണവും അവതാളത്തിലാകും.

പൊതുവികസനത്തിനുള്ള പ്രധാന പശ്ചാത്തല സൗകര്യമാണ് എന്ന ബോധ്യത്തോടെ വൈദ്യുതി താങ്ങാവുന്ന നിരക്കില്‍ ലഭിക്കുക എന്നത് പൗരാവകാശമാണെന്ന മുദ്രാവാക്യമുയര്‍ത്തി ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരിക മാത്രമാണ് നമുക്കു മുന്നിലുള്ള വഴി

(ചിന്ത വാരികയിൽ പ്രസിദ്ധീകരിച്ചത്)

www.chintha.in