കെ.എസ്.ഇ.ബി ലിമിറ്റഡ് : 2018 – 22 – താരിഫ് പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍

862

പ്രതീക്ഷിത വരുമാനവും മൊത്ത റവന്യൂ ആവശ്യകതയും കണക്കാക്കുമ്പോള്‍ പ്രതീക്ഷിക്കുന്ന കമ്മി നികത്തുന്നതിനുള്ള താരിഫ് പരിഷ്കരണ നിര്‍ദ്ദേശം കമ്മീഷന് മുമ്പാകെ കെഎസ്ഇബി ലിമിറ്റഡ് സമര്‍പ്പിച്ചിട്ടുണ്ട്. വൈദ്യുതി നിയമം 2003, താരിഫ് നയം 2016, കേരള സ്റ്റേറ്റ് റഗുലേറ്ററി കമ്മീഷന്റെ താരിഫ് നിര്‍ണയത്തിന്റെ വ്യവസ്ഥകള്‍ സംബന്ധിച്ച് സംസ്ഥാന റഗുലേറ്ററി കമ്മീഷന്‍ പുറപ്പെടുവിച്ച ചട്ടം 2018, ക്രോസ് സബ്സിഡി കുറച്ചു കൊണ്ടു വരുന്നതിന് 2012ല്‍ പുറപ്പെടുവിച്ച ചട്ടം, സംസ്ഥാന റഗുലേറ്ററി അപ്പലേറ്റ് ട്രിബ്യൂണല്‍ ഓഫ് ഇലക്ട്രിസിറ്റിയുടെ വിവിധ വിധിന്യായങ്ങള്‍ എന്നിവയാണ് താരിഫ് പരിഷ്കരണ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനം. വൈദ്യുതി നിയമം 2003 പ്രകാരം സപ്ലൈ നല്‍കുന്നതിന് വേണ്ട ചിലവ് (cost of supply) പ്രതിഫലിക്കുന്നതായിരിക്കണം വൈദ്യുതി നിരക്കെന്നും ഓരോ ഉപഭോക്താവിനും അവരുടെ ലോഡ് ഫാക്ടര്‍, പവ്വര്‍ ഫാക്ടര്‍, വോള്‍ട്ടേജ്, മൊത്ത ഉപയോഗം, ഉപഭോഗ സമയം, ഉപഭോഗ ആവശ്യകത എന്നിവയെ അടിസ്ഥാനമാക്കി വ്യത്യസ്ത നിരക്കുകളായിരിക്കണമെന്നും വ്യക്തമാക്കുന്നു. താരിഫ് നയമാകട്ടെ, വൈദ്യുതി നിരക്ക് സബ്സിഡി കിട്ടുന്ന വിഭാഗങ്ങള്‍ക്കും സബ്സിഡി നല്‍കേണ്ടി വരുന്ന ഉപഭോക്താക്കള്‍ക്കും വൈദ്യുതി നൽ‌കേണ്ടി വരുന്ന ചെലവിന്റെ 20% വ്യതിയാനമേ പാടുള്ളൂവെന്നും വൈദ്യുതി നല്‍കേണ്ടി വരുന്ന ചെലവിന്റെ 50% എങ്കിലും കുറഞ്ഞ നിരക്കായി നിശ്ചയിക്കണമെന്നും നിഷ്കര്‍ഷിക്കുന്നു. വൈദ്യുതി സബ്സിഡി കുറച്ചുകൊണ്ടു വരുന്നതിനുള്ള സമയക്രമങ്ങള്‍ നിഷ്കര്‍ഷിച്ചുകൊണ്ട് 2012ൽ 60 മാസത്തേക്ക് പുറപ്പെടുവിച്ച ചട്ടം 20.11.2017 മുതല്‍ 48 മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.
വൈദ്യുതി നിരക്കു നിര്‍ണയം വൈദ്യുതി നല്‍കേണ്ടി വരുന്ന ചെലവിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്നും വൈദ്യുതി നല്‍കുന്നതിനുള്ള ചെലവ് വോള്‍ട്ടേജിന്റെ അടിസ്ഥാനത്തിലാവണമെന്നും 2018 ലെ താരിഫ് ചട്ടങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. 17.04.2017ല്‍ കമ്മിഷന്‍ സ്വമേധയാ നിരക്ക് നിര്‍ണ്ണയം നടത്തിയപ്പോള്‍ വോള്‍ട്ടേജ് അടിസ്ഥാനത്തില്‍ സപ്ലൈ നല്‍കുന്നതിനുള്ള ചെലവ് കണക്കാക്കിയിരുന്നെങ്കിലും സപ്ലൈ നല്‍കുന്നതിനുള്ള ശരാശരി ചെലവിന്റെ അടിസ്ഥാനത്തിലായിരുന്നു വൈദ്യുതി നിരക്ക് പുനര്‍നിര്‍ണയിച്ചത്.

വൈദ്യുതി നിരക്ക് ഏകീകരണ കമ്മിറ്റി ശുപാർശകൾ
നിരക്ക് ഏകീകരണം സംബന്ധിച്ച ശുപാര്‍ശ നല്‍കാന്‍ കേന്ദ്ര സർക്കാർ നിയോഗിച്ച കമ്മിറ്റി 2017 ഒക്ടോബറില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വൈദ്യുതി ക്രയവിക്രയം നടത്തുന്ന സ്ഥാപനങ്ങള്‍ Two part tariff ഘടന നടപ്പാക്കണമെന്നും ഡിമാന്റ് ചാര്‍ജ്, എനര്‍ജി ചാര്‍ജ് എന്നിവ എല്ലാ വിഭാഗം ഉപഭോക്താക്കള്‍ക്കും ഉപഭോഗത്തിന്റെയും ആവശ്യകതയുടെയും അടിസ്ഥാനത്തില്‍ കണക്കാക്കണമെന്നും കമ്മിറ്റി നിർദ്ദേശിച്ചിരുന്നു. കൂടാതെ സ്ഥിര വിലയും (ഫിക്സഡ് ചാർജ്) അസ്ഥിര വിലയും (വേരിയബിൾ ചാർജ്) പ്രത്യേകം നിര്‍ണയിക്കണമെന്നും, മൊത്ത വരുമാന ആവശ്യകത കണക്കാക്കുമ്പോള്‍ ഉണ്ടാകുന്ന സ്ഥിര സ്വഭാവ ചെലവുകള്‍ക്ക് ആനുപാതികമായി സ്ഥിര വിലയും, വൈദ്യുതി വാങ്ങല്‍ ചെലവിന് ആനുപാതികമായി അസ്ഥിര വിലയും കണക്കാക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ. വൈദ്യുതി നിരക്കു ഘടന ലഘൂകരിക്കണമെന്നും ക്രോസ് സബ്സിഡി കുറച്ചു കൊണ്ട് വന്ന് ഏറ്റവും കുറഞ്ഞ നിലയില്‍ എത്തിക്കണമെന്നും ശുപാര്‍ശയുണ്ട്. ഓരോ താരിഫ് കാറ്റഗറിയും തമ്മിലുള്ള ക്രോസ് സബ്സിഡി കുറയ്ക്കാനും ഒരേ താരിഫ് കാറ്റഗറിക്കുള്ളില്‍ ക്രോസ് സബ്സിഡി കൂട്ടാനും സമിതി നിര്‍ദ്ദേശിക്കുന്നു.
ഗാര്‍ഹിക – കാര്‍ഷിക വിഭാഗങ്ങള്‍ക്കു വേണ്ടി ചെലവാക്കുന്നതിന്റെ 80% മുതല്‍ 100% വരെയും വ്യാവസായിക – വാണിജ്യ സ്ഥാപനങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നും 100% മുതല്‍ 120% വരെയും ചിലവ് ഈടാക്കാന്‍ രൂപരേഖ തയ്യാറാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. സ്ഥിര ചെലവിന്റെ 25% മുതൽ 50% വരെ കാര്‍ഷിക – ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും 75% മുതൽ 100% വരെ വ്യാവസായിക – വാണിജ്യ ഉപഭോക്താക്കള്‍ക്കും സ്ഥിരവില നിശ്ചയിക്കണമെന്നും ശുപാര്‍ശയുണ്ട്. നിശ്ചിത താരിഫ് വിഭാഗങ്ങള്‍ക്കുള്ളില്‍ ടെലിസ്കോപ്പിക്ക് താരിഫ് നടപ്പാക്കിയാല്‍ അത് ഉപഭോഗ കാര്യക്ഷമത വര്‍ദ്ധിക്കാനും ഒരേ വിഭാഗത്തിനുള്ളില്‍ കുറഞ്ഞ ഉപഭോഗത്തിന് കുറഞ്ഞ നിരക്കില്‍ വൈദ്യുതി നല്‍കാന്‍ സഹായിക്കുമെന്നും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

കെ എസ് ഇ ബി ലിമിറ്റഡിന്റെ നിർദ്ദേശങ്ങൾ
റഗുലേറ്ററി കമ്മീഷന്‍ 2012-ല്‍ പുറപ്പെടുവിച്ച ക്രോസ് സബ്സിഡി കുറച്ചുകൊണ്ടു വരുന്നതിനുള്ള ചട്ടങ്ങളുടേയും കാര്‍ഷിക, ഗാര്‍ഹിക താരിഫ് ഷോക്ക് ഒഴിവാക്കുന്നതിന്റെയും അടിസ്ഥാനത്തില്‍, പുതിയ താരിഫ് ഘടനയിലേക്ക് ക്രമാനുഗതമായ മാറ്റം ആണ് കെ.എസ്. ഇ.ബി.എല്‍ മുന്നോട്ടു വച്ചിട്ടുള്ളത്.

ശരാശരി വൈദ്യുതി സപ്ലൈ ചെലവ് 2018-19 മുതല്‍ 2021-22 വരെയുള്ള നാല് വർഷത്തേക്ക് 6.25 രൂപ, 6.18 രൂപ, 6.62 രൂപ, 6.62 രൂപ എന്നിങ്ങനെയാണ് കണക്കാക്കിയിട്ടുള്ളത്. അതുപോലെ ഹൈടെന്‍ഷന്‍ (HT) വരെയുള്ള ഊര്‍ജ്ജനഷ്ടം 5.5% ആയും ലോടെന്‍ഷന്‍ വരെയുള്ള ഊര്‍ജനഷ്ടം 7.45% ആയാണ് കണക്കാക്കിയിട്ടുള്ളത്. അങ്ങനെ വരുമ്പോള്‍ ഇ.എച്ച്.ടി.യില്‍ 6.07 രൂപ, എച്ച് റ്റിയില്‍ 6.17 രൂപ, എല്‍.റ്റി.യില്‍ 6.30 രൂപ എന്ന നിലയിലും മൊത്തത്തില്‍ 6.25 രൂപ എന്ന നിലയിലുമാണ് വോള്‍ട്ടേജ് അടിസ്ഥാനത്തില്‍ സപ്ലൈ ചെലവ് കണക്കാക്കുന്നത്.

2018-19ലേക്കും, 2020-21 ലേക്കും കമ്മി കുറയ്ക്കുവാനുള്ള താരിഫ് പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ കെ.എസ്.ഇ.ബി സമര്‍പ്പിച്ചിട്ടുണ്ട്. LT III, LT IX എന്നീ വിഭാഗങ്ങളില്‍ വര്‍ദ്ധനവില്ല. LT ഗാര്‍ഹിക ഉപഭോക്താക്കളുടെയും കോളനി സപ്ലൈയുടെയും വില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. LT IV A മുതല്‍ VI E വരെയുള്ള വിഭാഗങ്ങളില്‍ സ്ഥിരവില വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഉയര്‍ന്ന എനര്‍ജി ചാര്‍ജ് നല്‍കിവന്ന വിഭാഗങ്ങളുടെ എനര്‍ജി ചാര്‍ജില്‍ കുറവ് വരുത്തിയിട്ടുണ്ട്. VI F മുതല്‍ VII A വരെ സ്ഥിരവില സിംഗിള്‍ ഫേസ്, ത്രീ ഫേസ് എന്ന നിലയിലായിരുന്നെങ്കില്‍ ഇപ്പോള്‍ Rs. per kW/month അടിസ്ഥാനത്തില്‍, സ്ഥിരവില Kw അടിസ്ഥാനത്തിലുള്ള വിവിധ സ്ലാബുകളായി 0-5 kW, 5 to 10 kW, 10 to 20 kW, above 20 kW എന്ന നിലയിലാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

വാണിജ്യ മേഖലയില്‍ സ്ലാബ് അടിസ്ഥാനത്തില്‍ സ്ഥിരവില വര്‍ദ്ധന വരുമ്പോള്‍ തന്നെ എനര്‍ജി ചാര്‍ജില്‍ ഗണ്യമായ കുറവാണ് മുന്നോട്ട് വച്ചിട്ടുള്ളത്. തെരുവു വിളക്കുകളുടെ താരിഫ് വര്‍ദ്ധന ശുപാര്‍ശ ചെയ്തിട്ടുണ്ട്.

എച്ച് റ്റി, ഇ എച്ച് റ്റി വിഭാഗങ്ങളില്‍ സ്ഥിര വില വര്‍ദ്ധിപ്പിക്കാനും എനര്‍ജി ചാര്‍ജ് കുറയ്ക്കാനുമുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചിട്ടുണ്ട്. ലൈസന്‍സികളുടെ നിരക്കിലും സ്ഥിരവില വര്‍ദ്ധിപ്പിക്കാനും എനര്‍ജി ചാര്‍ജ് കുറക്കുവാനുമുള്ള നിര്‍ദ്ദേശങ്ങള്‍ ആണ് മുന്നോട്ടു വച്ചിട്ടുള്ളത്.

താരിഫ് വര്‍ദ്ധനവിലൂടെ 2018-19ലേക്ക് 1101.72 കോടി രൂപയും 2020-21ല്‍ 700.44 കോടി രൂപയും അധിക റവന്യൂ ആണ് ബോര്‍ഡ് നിര്‍ദ്ദേശത്തിലൂടെ പ്രതീക്ഷിക്കുന്നത്.

ട്രാന്‍സ്മിഷന്‍ ചാര്‍ജ്, വീലിംഗ് ചാര്‍ജ്, ക്രോസ് സബ്സിഡി ചാര്‍ജ്, ലോ വോള്‍ട്ടേജ് സര്‍ചാര്‍ജ് എന്നിവയിലും വര്‍ദ്ധനവ് ആവശ്യപ്പെട്ടിട്ടുണ്ട്. പവര്‍ഫാക്ടര്‍ ഇന്‍സെന്റീവ് കണക്കാക്കുന്ന പവര്‍ഫാക്ടര്‍ 0.9 ല്‍ നിന്ന് 0.95 ആയി ഉയര്‍ത്തണം. പവർഫാക്ടർ 0.01% വര്‍ദ്ധിച്ചാൽ നൽകേണ്ട ഇൻസെന്റീവ് എനര്‍ജി ചാര്‍ജിന്റെ 0.25% ആയി 2018-19ലും, 0.12% ആയി 2020-21ലും വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കൂടാതെ പവര്‍ഫാക്ടര്‍ കുറയുമ്പോള്‍ ഉള്ള ഡിസ്ഇന്‍സെന്റീവ് എനർജി ചാർജിന്റെ 1.25% ആയി 2018-19ലും 1.5% ആയി 2020-21ലും നിശ്ചയിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.